വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിക്ക് പുതുജീവന്‍
1467845
Sunday, November 10, 2024 2:39 AM IST
വലിയതുറ: പരാദീനതകളില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിയ്ക്ക് പുതുജീവന്‍ നല്കാന് ആന്റണി രാജു എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനയായി.
20 മുതല്‍ 24 മണിയ്ക്കൂറും ആശുപത്രി പ്രവര്‍ത്തിക്കാനാണ് തീരുമാനം. നിലവിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ കൂടുതലായി രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പും ഒരു ഡോക്ടറെയും ഫാര്മസിസ്റ്റിനെയും നിയമിക്കുമെന്ന് കോര്പറേഷന് അധികൃതരും യോഗത്തില്‍ തീരുമാനം അറിയിച്ചു.
ആംബുലന്‍സ് , ജനറേറ്റര്‍ , എമര്‍ജന്‍സി ബെഡ് , ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും രോഗികള്‍ക്ക് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനും എംഎല്‍എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. യോഗത്തില്‍ ഡിഎംഒ ഡോ.ബിന്ദു മോഹന്‍, ഡപ്യൂട്ടി ഡിഎംഒ ഡോ.ഷീല, കൗണ്‍സിലര്‍മാരായ ഐറിന് ദാസന്, സുധീര്‍ , മിലാനി പെരേര തുടങ്ങിയവര്‍ പങ്കെടുത്തു.