താങ്ങുവടികളായി വായ്പയും നികുതിയും
Saturday, February 8, 2025 12:00 AM IST
ബജറ്റിൽ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയൊക്കെ കൈയിൽ ഇരുന്നിട്ടാണോ പെൻഷൻപോലും കൊടുക്കാതിരുന്നതെന്ന സമൂഹമാധ്യമങ്ങളിലെ ചോദ്യത്തിന്, താത്വിക അവലോകനമല്ല, ലളിതമായ മറുപടിയാണു വേണ്ടത്.
സാന്പത്തിക പ്രതിസന്ധിയെ അതിജീവിച്ച കേരളം അതിവേഗ വളർച്ചയുടെ പാതയിലാണെന്നും ടേക്ക് ഓഫിനു തയാറാണെന്നും ധനമന്ത്രി പറഞ്ഞതു നന്നായി. അല്ലെങ്കിൽ അതു ജനം അറിയില്ലായിരുന്നു. പക്ഷേ, സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ മറച്ചുവയ്ക്കാതെ തുറന്നു പറഞ്ഞെന്ന വെളിപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു.
കാരണം, പെൻഷൻ മുടങ്ങിയതോടെ പിച്ചച്ചട്ടിയെടുത്തവർക്കെല്ലാം അത് അറിയാമായിരുന്നു. ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രസംഗത്തെക്കുറിച്ചാണു പറഞ്ഞത്. ഇനിയിപ്പോൾ പ്രവൃത്തിയെക്കുറിച്ചാണെങ്കിൽ ക്ഷേമപെൻഷൻ നയാപൈസ കൂട്ടിയിട്ടില്ല. മാസം 2500 എന്നത് പ്രകടനപത്രികയിലെ വാഗ്ദാനമായിത്തന്നെ നിൽക്കുമെന്നുറപ്പ്. റബർ കർഷകർക്കുള്ളതും വാഗ്ദാനത്തിലൊതുങ്ങി.
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുഗഡു ക്ഷാമബത്ത നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരുടെയും സാധാരണക്കാരുടെയുമൊക്കെ നെഞ്ചിൽ ആധിയാണ്. വരുമാനവർധനയ്ക്ക് മന്ത്രിയുടെ കൈ നീളുന്നത് തങ്ങൾക്കുനേരെയാണെന്ന് അവർക്കറിയാം. ഏതായാലും, രണ്ടാം പിണറായി സർക്കാർ അവസാനത്തെ സന്പൂർണ ബജറ്റ് അവതരിപ്പിച്ചു. ഇനിയൊരു ബജറ്റ് അവതരിപ്പിക്കാൻ വരുമോ ഇല്ലയോ എന്ന് ജനവും തമ്മിലടിക്കുന്ന പ്രതിപക്ഷവും തീരുമാനിക്കട്ടെ.
കിഫ്ബിക്കു വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. ടോൾ പിരിക്കുമെന്നു നേരിട്ടു പറയാനുള്ള പേടിയായിരിക്കാം ഈ "ആവിഷ്കാര’ത്തിനു പിന്നിൽ. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ 750 കോടിയുടെ പദ്ധതിയുണ്ട്. വിഴിഞ്ഞം തുറമുഖത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കുമെന്നും അറിയിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു.
വന്യമൃഗശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി 50 കോടി രൂപകൂടി അധികമുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. പാമ്പ് വിഷബാധ ജീവഹാനിരഹിത പദ്ധതിക്ക് 25 കോടി നീക്കിവച്ചത് കൗതുകമായിട്ടുണ്ട്! വിദ്യാഭ്യാസ മേഖലയുടെ തുടർകുതിപ്പിനായി 2391.13 കോടി രൂപയുണ്ട്. പക്ഷേ, ഉച്ചഭക്ഷണം കൊടുത്ത പ്രധാനാധ്യാപകരുടെ പണം കൊടുക്കുമോയെന്നറിയില്ല.
പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് 3200 കോടിയും ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടിയും മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടിയും വകയിരുത്തി. വിശദാംശങ്ങൾ വരുന്നതേയുള്ളൂ. വികസിച്ചാലും ഇല്ലെങ്കിലും വഴിപാടുപോലെ കെഎസ്ആർടിസി വികസനത്തിനു 178.98 കോടിയും പുതിയ ബസ് വാങ്ങാൻ 107 കോടിയുമുണ്ട്.
ആരോഗ്യമേഖലയ്ക്ക് 10,431 കോടി, കാരുണ്യ പദ്ധതിക്ക് 700 കോടി, ലൈഫ് മിഷൻ വീടുകൾക്ക് 1160 കോടി, കുടുംബശ്രീക്ക് 270 കോടി, കൈത്തറിക്ക് 56.8 കോടി, ഖാദിക്ക് 15.7 കോടി എന്നിങ്ങനെയും അനുവദിച്ചു. പദ്ധതികൾ ഇനിയുമുണ്ട്. ഇത്രയൊക്കെ കൈയിൽ ഇരുന്നിട്ടാണോ പെൻഷൻപോലും കൊടുക്കാതിരുന്നതെന്ന സമൂഹമാധ്യമങ്ങളിലെ ചോദ്യത്തിന്, സാന്പത്തിക വിദഗ്ധരുടെ നിരീക്ഷണത്തേക്കാൾ കാന്പുണ്ട്.
ധനമന്ത്രീ, താത്വിക അവലോകനമല്ല, ലളിതമായ മറുപടിയാണു വേണ്ടത്. വരാനിരിക്കുന്ന പദ്ധതികളുടെ കാര്യം അവിടെ നിൽക്കട്ടെ; 50 ശതമാനം അധിക ഭൂനികുതി ഉൾപ്പെടെ വർധിപ്പിച്ചതിന്റെ പിരിവ് ജനം ഉടനെ കൊടുത്തുതുടങ്ങണം. ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടു ഗഡു അനുവദിക്കുന്നതോടെ ശന്പളം വർധിക്കും. പെൻഷൻ കുടിശികയുടെ അവസാനഗഡുവും ഉടനെ കൊടുക്കും.
അതിനു മാത്രം 2,500 കോടിയുടെ അധികബാധ്യതയുണ്ട്. എല്ലാവരും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ശ്രമിക്കുന്പോൾ ഇവിടെ നികുതി വർധിപ്പിച്ചു. കോടതി ഫീസുകൾ പരിഷ്കരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനർഥം വർധിപ്പിക്കുമെന്നേയുള്ളൂ. ബാക്കി വികസന പ്രഖ്യാപനങ്ങളെ ബജറ്റായി കാണണോ ആഗ്രഹങ്ങളുടെ പട്ടികയായി കാണണോ എന്നത് താമസിയാതെ മനസിലാകും.
മുൻ ബജറ്റുകളുടെ അനുഭവം അങ്ങനെയാണ്. നവകേരള നിര്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്കുന്ന ക്രിയാത്മക ഇടപെടലാണ് പൊതുബജറ്റെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നവകേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടികൂടി അനുവദിച്ചിട്ടുമുണ്ട്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ, നവകേരള സദസും അതിനിടെ നടത്തിയ "രക്ഷാപ്രവർത്തന’വുമൊക്കെ ഓർമിപ്പിക്കാതിരിക്കുന്നതായിരുന്നു നല്ലത്.
സംസ്ഥാനത്തെ തകർക്കുന്നവിധം പെരുകിയ കടവും പലിശയും കുറയ്ക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ, തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരങ്ങൾ, കാർഷിക മേഖലയെ കൈപിടിച്ചുയർത്താനുള്ള പ്രായോഗിക നടപടികൾ, നെല്ലുസംഭരണത്തിന്റെ പണം യഥാസമയം കൊടുക്കാനുള്ള നീക്കം, റബർ വിലയിടിവ്, വന്യജീവിശല്യത്തിനു ശാശ്വതപരിഹാരം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ ബജറ്റ് കുറിപ്പടികൾകൊണ്ടു പരിഹരിക്കാനാവാത്തവിധം രൂക്ഷമായി.
കേന്ദ്രസർക്കാർ പക്ഷപാതരഹിതമായി നമ്മെ സഹായിക്കില്ലെന്ന് ഏതാണ്ട് ബോധ്യമായ സ്ഥിതിക്ക് കടമെടുപ്പ്, നികുതി വർധന എന്നീ രണ്ടു താങ്ങുവടികളിൽ കുത്തി എത്രനാൾ നമുക്ക് മുന്നോട്ടു പോകാനാകും? ദീർഘവീക്ഷണമല്ല, അതിജീവനമാണ് ഈ ബജറ്റിലുള്ളത്. ഒന്പതു വർഷം മുന്പ് ആദ്യ അവസരത്തിൽതന്നെ ഈ സർക്കാർ അത്തരമൊരു ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ഫലം കണ്ടു തുടങ്ങിയേനെ. അടുത്ത സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് ആരാണെങ്കിലും അതോർത്തിരുന്നെങ്കിൽ!