ക്രിസ്തുവിനെ പരിഭാഷപ്പെടുത്തിയ ഫ്രാൻസിസ്
Tuesday, April 22, 2025 12:00 AM IST
വാൾ അതിന്റെ ഉറയിലിടാൻ ലോകത്തെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്ന ഒരാൾ ഇനിയില്ല. സ്വർഗം വരവേൽക്കട്ടെ. പക്ഷേ, വിവരാണാതീതമായ ഒരു ശൂന്യത ഭൂമിയെ വലയം ചെയ്തിരിക്കുന്നു.
യുദ്ധമോ കലാപമോ പരിസ്ഥിതിനാശമോ അക്രമാസക്തമായ കന്പോളമത്സരമോ എന്തുമാകട്ടെ, വാൾ അതിന്റെ ഉറയിലിടാൻ ലോകത്തെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്ന ഒരാൾ ഇനിയില്ല. ജെമെല്ലി ആശുപത്രിയിൽ തന്നെ ശുശ്രൂഷിച്ചവരോടു നന്ദി പറഞ്ഞ്, റെജീന ചേലി ജയിലിലെ തടവുകാരെ ആശ്വസിപ്പിച്ച്, സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒടുവിലത്തെ സന്ദർശനം നടത്തി, ലോകത്തിന് ഉയിർപ്പുതിരുനാളിന്റെ ആശംസകൾ നൽകി ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. സ്വർഗം വരവേൽക്കട്ടെ. പക്ഷേ, വിവരണാതീതമായ ഒരു ശൂന്യത ഭൂമിയെ വലയം ചെയ്തിരിക്കുന്നു.
കയറിക്കിടക്കാൻ വീടില്ലാത്തൊരു വൃദ്ധൻ തെരുവിൽ കിടന്നു തണുത്തു വിറച്ചു മരിക്കുന്പോൾ, അതല്ലാതെ ഓഹരിവിപണിയിൽ രണ്ടു പോയിന്റുകൾ ഇടിഞ്ഞതു വാർത്തയാകുന്നത് എങ്ങനെയെന്ന ചോദ്യത്തിലൂടെ ക്രിസ്തുവിനെ പരിഭാഷപ്പെടുത്തിയ ഒരാൾ തന്റെ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു. ഭൂമി നമുക്ക് കടമായി ലഭിച്ചതാണെന്നും ഭാവിതലമുറകളെ തിരിച്ചേൽപ്പിക്കേണ്ടതാണെന്നും പരിസ്ഥിതിയെ നോക്കി മനുഷ്യനോടു പറഞ്ഞ, നിർമിതബുദ്ധിയെ സ്വാഗതം ചെയ്യുകയും അതിനെ യുദ്ധത്തിനിറക്കിയവരെ വിചാരണ ചെയ്യുകയും ചെയ്ത, രാഷ്ട്രീയ-മത അപചയങ്ങളെയും സന്പന്ന-ദരിദ്ര അന്തരങ്ങളെയും യുദ്ധങ്ങളെയും കലാപങ്ങളെയും കുടിയേറ്റങ്ങളെയും മനുഷ്യത്വംകൊണ്ട് അളക്കാൻ ശ്രമിച്ച ഹൃദയം നിലച്ചു. 12 വർഷം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞു. മത-രാഷ്ട്രീയ-വർണ-ദേശ ഭേദമില്ലാത്ത അനുശോചനപ്രവാഹങ്ങളുടെ തീരത്ത് ദീപികയും ദുഃഖത്തോടെ ഒരു തിരി തെളിക്കുന്നു.
വിഷാദമുറഞ്ഞ ശീതക്കാറ്റ്, അടക്കപ്പിടിച്ചൊരു ചരമഗീതംപോലെ റോമിനെ പൊതിഞ്ഞിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രം ഒടുവിലത്തെ അധ്യായവും എഴുതിക്കഴിഞ്ഞു. 1936 ഡിസംബർ 17ന് ജനിച്ച ഹോർഹെ മരിയോ ബെർഗോളിയോ ആണ് ഫ്രാൻസിസ് എന്ന പേരിൽ 2013 മാർച്ച് 13ന് 266-ാമതു മാർപാപ്പയായത്. അക്കൊല്ലം ഫെബ്രുവരിയിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തിരുന്നു. രണ്ടാം ക്രിസ്തുവെന്നു വിശേഷിപ്പിക്കപ്പെട്ട അസീസിയിലെ വിശുദ്ധ ഫ്രാൻസിന്റെ പേര് ആദ്യമായി സ്വീകരിച്ച മാർപാപ്പ, അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരീസിലെ രൂപതയിൽനിന്നാണ് വത്തിക്കാനിലെത്തിയത്.
1958ൽ ഈശോസഭാ സെമിനാരിയിൽ ചേർന്ന ബെർഗോളിയോ 1969ൽ വൈദികനും 1992ൽ മെത്രാനും 2001ൽ കർദിനാളുമായി. സെമിനാരിയിൽ എത്തുന്പോൾ അദ്ദേഹം രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദക്കാരനായിരുന്നു. പിന്നീട് സാഹിത്യവും തത്വശാസ്ത്രവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 59 രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം 2017ൽ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലുമെത്തിയിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കഴിഞ്ഞാൽ ഏറ്റവുമധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപാപ്പയാണ്. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ഇന്ത്യ അദ്ദേഹത്തെ സ്വീകരിക്കാന് തയാറെടുത്തപ്പോഴേക്കും വൈകിപ്പോയി. രാഷ്ട്രീയ താത്പര്യങ്ങൾ വരുത്തിയ ചരിത്രപരമായ നഷ്ടം!
ചാക്രികലേഖനങ്ങളിലും പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ആധുനികലോകത്തിനുള്ള സഭയുടെ നിലപാടുകൾ മാർപാപ്പ രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച അവന് നമ്മെ സ്നേഹിച്ചു (ഡിലെക്സിത് നോസ്) ആയിരുന്നു ഒടുവിലത്തെ ചാക്രികലേഖനം. 2013ൽ പ്രത്യാശയുടെ വാതിൽ (ലുമെൻ ഫിദെയി), 2015ൽ അങ്ങേയ്ക്കു സ്തുതി (ലൗദാത്തോ സി), 2020ൽ എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും പുതിയതും ആത്മകഥാംശമുള്ളതുമായ "ഹോപ്'എന്ന പുസ്തകം 80 രാജ്യങ്ങളിലായി പുറത്തിറങ്ങിയത്.
നാസ്തികരും ശ്രദ്ധയോടെ ശ്രവിച്ച വാക്കുകളായിരുന്നു മാർപാപ്പയുടേത്. മതത്തിലും രാഷ്ട്രീയത്തിലും പരിസ്ഥിതിയിലുമൊക്കെ ആവശ്യമായ തിരുത്തലുകളെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കേൾവിക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കു മുകളിൽ ക്രിസ്തുവിന്റെ വചനങ്ങളെയും വിശ്വസാഹോദര്യത്തെയും പ്രതിഷ്ഠിച്ച്, പാവങ്ങളുടെയും പരിത്യക്തരുടെയും പക്ഷത്ത് അദ്ദേഹം ഉറച്ചുനിന്നു. 2024 ജൂണിൽ ചക്രക്കസേരയിലിരുന്നാണ് ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയുടെ വേദിയിലേക്ക് ഫ്രാൻസിസ് മാർപാപ്പയെത്തിയത്.
യുദ്ധങ്ങൾക്കുപോലും നിർമിതബുദ്ധിയെ ഉപയോഗിക്കാനുള്ള തയാറെടുപ്പുകളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു: “സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരിൽനിന്ന് എടുത്തുമാറ്റി യന്ത്രങ്ങൾക്കു കൊടുക്കുന്നത്, പ്രതീക്ഷയില്ലാത്ത ഭാവിയിലേക്കുള്ള മനുഷ്യവംശത്തിന്റെ യാത്രയായിരിക്കും.’’ ജൂലൈയിലാണ്, ജനാധിപത്യമെന്നാൽ വശീകരണത്തിന്റെ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്. “ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം ക്ഷീണാവസ്ഥയിലാണ്. ജനാധിപത്യത്തിൽനിന്നു തങ്ങൾ പുറംതള്ളപ്പെട്ടെന്നു കരുതുന്ന പാവങ്ങളും ദുർബലരും സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ്.’’
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യയിലേക്കു നടത്തിയ അപ്പസ്തോലിക സന്ദർശനത്തിൽ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറിനൊപ്പമിരുന്നു പറഞ്ഞത്, നമുക്കു പരിഹരിക്കാനുള്ള രണ്ടു കാര്യങ്ങൾ മനുഷ്യത്വമില്ലായ്മയും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ്. നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽ മാത്രം കുടിയേറ്റക്കാരെ ബലം പ്രയോഗിച്ചു നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും പറഞ്ഞുകൊണ്ട്, അമേരിക്കയിലെ ബിഷപ്പുമാർക്ക് മാർപാപ്പ കത്തയച്ചിരുന്നു. കത്തോലിക്കാ സഭയിലെ തെറ്റായ പ്രവണതകൾക്കെതിരേയും അദ്ദേഹം കർശന നിലപാടുകൾ സ്വീകരിച്ചു. സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇതെല്ലാം വിധിക്കാൻ താൻ ആരാണെന്ന അദ്ദേഹത്തിന്റെ മറുചോദ്യം ഏറെ വിവാദമായി. പക്ഷേ, കുറെപ്പേരെങ്കിലും കൈയിലിരുന്ന കല്ലുകൾ താഴെയിട്ടു.
കത്തോലിക്കാ സഭയുടെ തലവനും റോമിലെ ബിഷപ്പും വത്തിക്കാൻ സിറ്റിയെന്ന രാഷ്ട്രത്തിന്റെ പരമാധികാരിയുമാണ് മാർപാപ്പ. പക്ഷേ, ചിരിച്ചും ആശ്ലേഷിച്ചും എല്ലാവർക്കുമൊപ്പം അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നെത്തിയവരും അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മോടു പറഞ്ഞു. അതൊക്കെ ചരിത്രമായി. ദീർഘമായ പൊതുദർശനവും അന്തിമോപചാരങ്ങളും ഒഴിവാക്കി റോമിലെ പരി. കന്യകമറിയത്തിന്റെ വലിയപള്ളിയിൽ ഒരു സാധാരണ തടിപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്നുകൂടി താത്പര്യപ്പെട്ട മാർപാപ്പ, ലാളിത്യത്തെ മരണത്തിലേക്കും ചേർത്തുവച്ചു.
അദ്ദേഹത്തിന്റെ ആശയങ്ങളോട് ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, തമസ്കരിക്കാനാകില്ല. 2017ലെ ക്രിസ്മസിനു വത്തിക്കാനിലെ പാതിരാക്കുർബാനയിൽ പറഞ്ഞ സന്ദേശം ഇങ്ങനെയായിരുന്നു: “ഇന്നു രാത്രി നാം പ്രഖ്യാപിക്കുന്ന വിശ്വാസം, അവന്റെ സാന്നിധ്യമില്ലെന്ന് നാം കരുതുന്ന എല്ലാ സാഹചര്യങ്ങളിലും ആ ദൈവസാന്നിധ്യം കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു... നമ്മുടെ നഗരങ്ങളിലൂടെയും അയൽപക്കങ്ങളിലൂടെയും നടക്കുന്ന, നമ്മുടെ ബസുകളിൽ സഞ്ചരിക്കുന്ന, വാതിലിൽ മുട്ടുന്ന, സ്വാഗതം ചെയ്യപ്പെടാത്ത, പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത സന്ദർശകനിലും അവൻ ഉണ്ട്.”
അതേ; ജീവിതത്തിലും രാഷ്ട്രീയത്തിലും വിശ്വാസത്തിലും പ്രകൃതിയിലും നാം കാണാൻ മറന്നുപോയതിനെയൊക്കെ ഓർമിപ്പിച്ച ഒരാൾ വിടപറഞ്ഞിരിക്കുന്നു. മാർപാപ്പയായിരുന്നു; ഫ്രാൻസിസ് എന്നായിരുന്നു പേര്. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും കരുണയുടെയും രേഖകളിലെല്ലാം കൈയൊപ്പ് ചാർത്തിയിട്ടാണ് അദ്ദേഹം നടന്നത്; ഭൂമിയിലെ ന്യായാന്യായങ്ങളുടെ ഋതുഭേദങ്ങളിൽനിന്നു ദൈവത്തിന്റെ നിത്യവസന്തത്തിലേക്ക്!