വിഷയം മാറ്റരുത്
Tuesday, April 29, 2025 12:00 AM IST
കാഷ്മീരിൽ സുരക്ഷാവീഴ്ചയുണ്ടെന്നു പറഞ്ഞ് ആരും വിഷയം മാറ്റരുത്; ശ്രദ്ധ ഭീകരവിരുദ്ധതയിൽ തന്നെ നിലനിർത്തണം.
അക്രമി വാതിൽക്കൽ നിൽക്കുന്പോഴല്ല, ഗേറ്റ് കൃത്യമായി പൂട്ടിയില്ലെന്നു പറഞ്ഞ് കാവൽക്കാരനെ പഴിക്കേണ്ടത്. ആദ്യം അക്രമിയെ തുരത്തുകയും പിന്നീട് ഗേറ്റിനെക്കുറിച്ച് കാവൽക്കാരനോടു ചോദിക്കുകയുമാകാം. കാഷ്മീരിലെ സുരക്ഷാവീഴ്ച ഒരു സംശയമാണ്.
പക്ഷേ, 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണം സംശയമില്ലാത്ത യാഥാർഥ്യമാണ്. ആരും വിഷയം മാറ്റരുത്; ശ്രദ്ധ ഭീകരവിരുദ്ധതയിൽതന്നെ നിലനിർത്തണം. ഇപ്പോഴിതു പറയാൻ കാരണം, ചില രാഷ്ട്രീയ പ്രവർത്തകരും ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില സ്ഥിരം സാന്നിധ്യങ്ങളുമൊക്കെ കാഷ്മീരിലെ ഭീകരാക്രമണത്തേക്കാൾ പ്രാധാന്യം സുരക്ഷാവീഴ്ചയ്ക്കു കൊടുക്കുന്നതാണ്.
എല്ലാവരുടെയും ലക്ഷ്യം ദുരുദ്ദേശ്യപരമായിരിക്കില്ല. പക്ഷേ, ചിലരുടേത് അത്ര നിഷ്കളങ്കമല്ലെന്നു തോന്നിപ്പിക്കുന്നത്ര ആവേശത്തിലും വളച്ചുകെട്ടിയുമാണ്. വിമർശനമാണെങ്കിലും അഭിപ്രായസ്വാതന്ത്ര്യമാണെങ്കിലും പ്രതിസന്ധിയുടെ കാലത്ത് വകതിരിവ് കാണിക്കണം.
സൈന്യം എത്ര സുരക്ഷയൊരുക്കിയാൽ പോലും ഒളിപ്പോരുകാരായ ഭീകരർക്ക് ഏതു പൈൻകാടുകളിൽനിന്നും നിസഹായർക്കു നേരേ കുതിച്ചെത്താനാകുമെന്ന് കഴിഞ്ഞ 24ന് “ഈ ‘ബ്രദർഹുഡ്’ ഇന്ത്യയിൽ വേണ്ട” എന്ന തലക്കെട്ടിൽ ദീപിക എഴുതിയ മുഖപ്രസംഗത്തിലും ചൂണ്ടിക്കാണിച്ചിരുന്നു. പാക്കിസ്ഥാനെന്ന അയൽരാജ്യം അതിന്റെ മതിവരാത്ത മതഭ്രാന്തിൽ പൂണ്ടുകിടന്ന് ഇന്ത്യക്കു നേരേ മുന്പും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
അവയും സുരക്ഷാവീഴ്ചകളാണെന്നു വേണമെങ്കിൽ പറയാം. 1965ൽ ലാൽ ബഹദൂർ ശാസ്ത്രിയും 1971ൽ ഇന്ദിരാഗാന്ധിയും 1999ൽ അടൽ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രിമാരെന്ന നിലയിൽ പാക്കിസ്ഥാനു ചുട്ട മറുപടി കൊടുത്തിട്ടുണ്ട്. 71ൽ ഇന്ദിരാഗാന്ധി ഒരു പടികൂടി കടന്ന് പാക്കിസ്ഥാനെ ചിതറിച്ച് ബംഗ്ലാദേശിനെ സൃഷ്ടിക്കുകയും ചെയ്തു.
ആ പാഠങ്ങളൊന്നും പാക്കിസ്ഥാൻ കാണാത്തത്, മതാന്ധത മൂലമാണ്. അൽ-ക്വയ്ദ 2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ നടത്തിയ ഭീകരാക്രമണവും ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ തീവ്രവാദ ആക്രമണവുമൊക്കെ ഒരു പരിധിവരെ സുരക്ഷാ വീഴ്ച തന്നെയാണ്. പക്ഷേ, അതിലൊക്കെ തകരുകയല്ല, പിഴവുകൾ തിരുത്തി കരുത്താർജിക്കുകയാണു വേണ്ടത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അക്കാര്യത്തിലല്ല ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു പിന്നെ ആവശ്യപ്പെടാമെന്നുമാണ് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്. പാർട്ടിയിലൂടെയല്ലാതെ ഒരു നേതാവ് വ്യക്തിപരമായി അത്തരമൊരു അഭിപ്രായം പറയുന്നതിന്റെ രാഷ്ട്രീയ താൻപോരിമ ചോദ്യം ചെയ്യപ്പെടാമെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്.
ബിജെപിയെ അല്ല പാക്കിസ്ഥാനെയാണ് ഇപ്പോൾ പാഠം പഠിപ്പിക്കേണ്ടത്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണ സമയത്ത്, നരേന്ദ്ര മോദി കോൺഗ്രസ് സർക്കാരിനെ സുരക്ഷാവീഴ്ചയുടെ കാര്യത്തിൽ വിമർശിച്ചെന്നതും ന്യായീകരണമല്ല. അത്തരം തെറ്റായ മാതൃകകളെ കോൺഗ്രസ് പിന്തുടരേണ്ടതില്ല. സുരക്ഷാവീഴ്ചയെക്കുറിച്ച് പക്വതയോടെ പരാമർശിച്ച കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം സർക്കാരിനു പൂർണ പിന്തുണയാണു വാഗ്ദാനം ചെയ്തിട്ടുള്ളത്.
വിവേചനാധികാരത്തോടെയും മറ്റു ദുരുദ്ദേശ്യങ്ങളില്ലാതെയും ഭരണകക്ഷി ഉത്തരവാദിത്വം നിർവഹിക്കുമെന്ന മുൻവിധിയിലാണ് ആ നിരുപാധിക പിന്തുണ. ഇംഗ്ലീഷ് എഴുത്തുകാരൻ ജി.കെ. ചെസ്റ്റർട്ടൺ പറയുന്നത്, “ഒരു യഥാർഥ സൈനികൻ യുദ്ധം ചെയ്യുന്നത് അയാളുടെ മുന്നിലുള്ളതിനെ വെറുക്കുന്നതുകൊണ്ടല്ല, പിന്നിലുള്ളതിനെ സ്നേഹിക്കുന്നതുകൊണ്ടാണ്” എന്നാണ്.
മുന്നിലുള്ള പാക്കിസ്ഥാനെന്ന ശത്രുവിനെ ശിക്ഷിക്കുന്പോൾ പിന്നിലുള്ള ഒറ്റുകാരല്ലാത്ത പൗരരിൽ ഒരാൾക്കും താൻ ശിക്ഷിക്കപ്പെടുകയാണെന്നോ സംശയിക്കപ്പെടുകയാണെന്നോ തോന്നരുത്. തകർക്കപ്പെടുന്ന വീടുകളിൽ നിരപരാധികളുടേത് ഉണ്ടാകരുത്.
ഇതുകൂടി പറയാതെ വയ്യ; തീവ്രവാദത്തിനു മതമില്ലെന്ന് നാം ആവർത്തിക്കുന്പോഴും തങ്ങൾക്കു മതമുണ്ടെന്ന് അതിലുമുച്ചത്തിൽ തീവ്രവാദികൾ ആക്രോശിക്കുന്നതാണ് കാഷ്മീരിൽ ഉൾപ്പെടെ ലോകമെങ്ങും കാണുന്നത്. എല്ലായിടത്തും അവർ ചോദിക്കുന്നതും പറയുന്നതും മതം മാത്രമാണ്. കണ്ണടച്ച് ഇരുട്ടാക്കിയുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങൾ പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണെന്നു മറക്കരുത്.
കാഷ്മീരിൽ തീവ്രവാദികളും ഒറ്റുകാരുമില്ലായിരുന്നെങ്കിൽ ഒരു പൈൻകാടിനും പാക്കിസ്ഥാനെ പിന്നിലൊളിപ്പിക്കാനാകുമായിരുന്നില്ല. ആ യാഥാർഥ്യത്തെയും എല്ലാ കാഷ്മീരികളും അങ്ങനെയല്ലെന്ന യാഥാർഥ്യത്തെയും ഒരുപോലെ അഭിസംബോധന ചെയ്യേണ്ടിവരുന്ന സാഹചര്യം സങ്കീർണമാണ്. ആ സങ്കീർണതകളെ ബുദ്ധിപൂർവം നേരിട്ടാണ് തുടക്കംമുതൽ ഓരോ യുദ്ധത്തിലും മതരാഷ്ട്രമായ പാക്കിസ്ഥാനെ ഇന്ത്യ മുട്ടിലിഴയിച്ചത്. ഈ മതേതര-ജനാധിപത്യ രാജ്യത്തിന് ഇനിയുമതു സാധ്യമാണ്.
ക്രൗഞ്ച പക്ഷികളിലൊന്നിനെ വീഴ്ത്തി ഇണയെ കരയിച്ച വേടനോട് അരുത് കാട്ടാളാ എന്നു പറഞ്ഞ ഇതിഹാസഭൂമിയാണിത്. പഹൽഗാമിൽ മതവേട്ടക്കാർ വീഴ്ത്തിയവർക്കടുത്ത് വിറങ്ങലിച്ചിരുന്ന ഇണകളുടെ നൊന്പരം നമ്മുടെ നെഞ്ചിലുണ്ട്. അതിനിടെ പരിധിക്കപ്പുറം വിഷയം മാറ്റുന്നവരുടെ രാഷ്ട്രീയം മറ്റൊരമ്പായി മാറുന്നു.