ഇന്ധനം: വരുമാനമാർഗവും അധികാരമാർഗവും
Thursday, April 10, 2025 12:00 AM IST
ലോകത്ത് ഏതെങ്കിലും ഒരു വസ്തുവിന്റെ വില കൂടുകയോ കുറയുകയോ ചെയ്താൽ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുമെങ്കിൽ അത് ഇന്ധനവിലയാണ്. അതുകൊണ്ടാണ്, പാചകവാതകത്തിന് 50 രൂപ വർധിപ്പിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ രണ്ടു രൂപ വർധിപ്പിച്ചതും രോഷത്തിനപ്പുറം ഒരുതരം നിരാശയോടെ രാജ്യം ചർച്ച ചെയ്യുന്നത്.
നിരാശയ്ക്കു കാരണം, ആരൊക്കെ അരുതെന്നു പറഞ്ഞാലും അതിനെ ജനാധിപത്യത്തിന്റെ ഭാഗമായി പരിഗണിച്ച് സർക്കാർ ഇന്ധനവില കുറയ്ക്കില്ല എന്ന അനുഭവമാണ്. എങ്കിലും, ഇതു കണ്ടില്ലെന്നു നടിക്കാൻ പ്രതിബദ്ധതയുള്ളവർക്കു കഴിയില്ല. വിശപ്പിന്റെ കാര്യമായതുകൊണ്ട്, പാചകവാതകവിലയെങ്കിലും വർധിപ്പിക്കാതിരുന്നെങ്കിൽ!
പാചകവാതക വില 50 രൂപ വർധിപ്പിച്ചത് പ്രധാൻമന്ത്രി ഉജ്വൽ യോജനയുടെ കീഴിലുള്ള ഉപയോക്താക്കൾ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഉജ്വലുകാർ 500 രൂപയിൽനിന്ന് 550 രൂപയും പദ്ധതിക്കു പുറത്തുള്ളവർ 803 രൂപയിൽനിന്ന് 853 രൂപയും സിലിണ്ടറൊന്നിനു നൽകണം.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ എണ്ണക്കന്പനികൾ സർക്കാരിലേക്ക് അടയ്ക്കേണ്ടതായതിനാൽ ജനങ്ങളെ നേരിട്ടു ബാധിക്കില്ല. ജനങ്ങൾക്കു കൊടുക്കാമായിരുന്ന കിഴിവ്, നികുതി കൂട്ടി സർക്കാർ കൈപ്പറ്റിയെന്നർഥം. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയുമായി ഉയർന്നു. ഇനി കന്പനികളിലേക്കു വന്നാൽ, സർക്കാർ ഈടാക്കുന്ന അമിതമായ നികുതിയും എണ്ണക്കന്പനികളുടെ മുന്തിയ ശന്പളവും ആനുകൂല്യങ്ങളും മറ്റ് ആർഭാടങ്ങളുമൊക്കെ കഴിഞ്ഞിട്ടും എണ്ണക്കന്പനികളുടെ അറ്റാദായം ഉയർന്ന നിലയിലാണ്.
അസംസ്കൃത എണ്ണയ്ക്ക് ഇതിലും വിലയുണ്ടായിരുന്ന 2023-24 വർഷത്തിൽ മൂന്നു പൊതുമേഖലാ എണ്ണക്കന്പനികളുടെ ആകെ ലാഭം 81,000 കോടിയായിരുന്നു. കഴിഞ്ഞവർഷം എൽപിജിക്ക് ആഗോളതലത്തിൽ വില വർധിച്ചിട്ടും ഇവിടെ കൂട്ടാതിരുന്നതിനാൽ കന്പനികൾക്കുണ്ടായ നഷ്ടം നികത്താനാണ് ഇപ്പോൾ 50 രൂപ വർധിപ്പിച്ചതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. വില രണ്ടാഴ്ച കൂടുന്പോൾ കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇളവുകളുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് കൈമാറുമെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇതുവരെയുള്ള അനുഭവം വച്ചാണെങ്കിൽ അതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല.
ആഗോളവില കുറയുന്പോൾ ഇവിടെ അതിന്റെ ഗുണം ലഭിക്കാത്ത സ്ഥിതിവിശേഷം ഏതാനും വർഷങ്ങളായി ഇന്ത്യക്കാർക്കു ശീലമായതാണ്. ഇപ്പോൾ സർക്കാർ പഠിപ്പിക്കുന്നത്, ആഗോളവില കുറഞ്ഞാലും ഇവിടെ വില കൂട്ടിയാൽ എങ്ങനെ സഹിക്കാമെന്നാണ്. ആഗോള ഇന്ധനവില 20 ശതമാനത്തോളം കുറഞ്ഞപ്പോഴാണ് ഇപ്പോൾ ഇന്ധനവില വർധിപ്പിച്ചത്. 2024 ഏപ്രിലിൽ ബാരലിന് 86 രൂപയായിരുന്നതാണ് ഇപ്പോൾ 65നും താഴെയായത്.
2022 മേയില്‍ അസംസ്കൃത എണ്ണയ്ക്ക് 116 ഡോളറുണ്ടായിരുന്ന സമയത്ത് ഇവിടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 96.72, 89.62 രൂപ ആയിരുന്നു. ഇപ്പോള്‍ ക്രൂഡ് വില 65 ഡോളറിലെത്തിയപ്പോള്‍ പെട്രോള്‍ വില 100 രൂപയ്ക്കും മുകളിൽ. പ്രതിഷേധം, പ്രതിപക്ഷത്തിന്റെ പ്രസ്താവനകളിലും മാധ്യമങ്ങളിലും ഒതുങ്ങി. കൊള്ളയടിക്കൽ, വഞ്ചന എന്നിവ മോദിസർക്കാരിന്റെ പര്യായമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു; തീർന്നു.
ആഗോളവിലയ്ക്കനുസരിച്ച് ആഭ്യന്തരവിലയും ക്രമീകരിക്കാൻ എണ്ണക്കന്പനികൾക്ക് സർക്കാർ അധികാരം കൊടുത്തത് സർക്കാരിനുണ്ടാകുന്ന ബാധ്യത ഒഴിവാക്കാനാണ്. അതിനു തുടക്കമിട്ടത് കോൺഗ്രസാണ്. പക്ഷേ, ആ തീരുമാനം ജനത്തിനു ബാധ്യതയാകുന്നതാണ് ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യം കണ്ടത്. യുപിഎ സർക്കാർ നൽകിയിരുന്ന സബ്സിഡിയും ആരുമറിയാതെ നിർത്തി. നാമമാത്രമായിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് തലേന്നല്ലാതെ ഇപ്പോൾ ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാറില്ല.
പെട്രോൾ വില വർധിപ്പിക്കുന്നത് മഹാപരാധമല്ലെന്നു വേണമെങ്കിൽ സർക്കാരിനു ന്യായീകരിക്കാം. കാരണം, ആ വരുമാനം അഴിമതിയില്ലാതെ ഉപയോഗിച്ചാൽ രാജ്യവികസനത്തിന് ഉതകും.
അപ്പോൾ ഒരു ചോദ്യം ബാക്കിയുണ്ട്; യുപിഎ സർക്കാരിന്റെ കാലത്തെ ചെറിയ ഇന്ധനവില വർധനപോലും ജനദ്രോഹമാണെന്നു പറഞ്ഞത് വഞ്ചനയായിരുന്നോ? ആണെങ്കിൽ കുറ്റസമ്മതം നടത്തുകയോ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയോ ചെയ്യേണ്ടതല്ലേ?