രണ്ടു നക്ഷത്രങ്ങൾ കണ്ണടയ്ക്കുന്പോൾ
Monday, April 28, 2025 12:00 AM IST
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ എന്നിവരുടെ വിയോഗം രാജ്യത്തിന്റെ നഷ്ടവും കേരളത്തിന്റെ സ്വകാര്യ ദുഃഖവുമായിരിക്കുന്നു.
മലയാളികളുടെ അഭിമാനമായിരുന്ന രണ്ടു പ്രതിഭകളുടെ വിയോഗം രാജ്യത്തിന്റെ നഷ്ടമായി. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ എന്നിവരാണ് വിട പറഞ്ഞത്.
തമിഴ് വംശജനെങ്കിലും എറണാകുളത്തു ജനിച്ച കസ്തൂരിരംഗൻ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്പിയും പശ്ചിമഘട്ട സംരക്ഷണത്തിനായി തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് വിവാദമായപ്പോൾ അതു പഠിക്കാൻ നിയോഗിച്ച സമിതിയുടെ തലവനുമായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ഡോ. എം.ജി.എസ്. നാരായണൻ കാലിക്കട്ട് സർവകലാശാലാ ചരിത്രവിഭാഗത്തിന്റെ ആദ്യ മേധാവിയായും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കസ്തൂരിരംഗന്റെയും എം.ജി.എസിന്റെയും സംഭാവനകൾ ശാസ്ത്ര, ചരിത്ര, വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തിന് എക്കാലവും അഭിമാനമായിരിക്കും; ആദരാഞ്ജലികൾ!
ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗൻ മൂന്നു പതിറ്റാണ്ടിലേറെ ഐഎസ്ആർഒ(ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷൻ)യുടെ ഭാഗവും 1994 മുതൽ ഒന്‍പതു വർഷം ചെയർമാനുമായിരുന്നു. തമിഴ്നാട് സ്വദേശികളുടെ പുത്രനായി 1940 ഒക്ടോബര്‍ 24ന് എറണാകുളത്താണ് കസ്തൂരിരംഗൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം കേരളത്തിലായിരുന്നെങ്കിലും പിന്നീട് മുംബെയിലേക്ക് മാറി.
അവിടെവച്ച് ഭൗതികശാസ്ത്രത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ നേടി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ഗവേഷകനായാണ് ബഹിരാകാശപഠനരംഗത്ത് തുടക്കമിട്ടത്. ഹൈ എനര്‍ജി അസ്ട്രോണമിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററില്‍ ഫിസിസിസ്റ്റായി ജോലി ആരംഭിച്ചു. 1990ല്‍ അവിടെ ഡയറക്ടറായി.
ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ സാറ്റലൈറ്റുകളായ ഭാസ്കര 1, ഭാസ്കര 2 എന്നീ പരീക്ഷണ ഉപഗ്രഹങ്ങളുടെയും ആദ്യത്തെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ഐആര്‍എസ്-1എയുടെയും പ്രോജകറ്റ് ഡയറക്ടറുമായി. നാലു വാണിജ്യ-വിദേശ ഉപഗ്രഹങ്ങൾ ഉൾപ്പെടെ 29 ദൗത്യങ്ങൾ ഇദ്ദേഹത്തിന്റെ കാലത്ത് വിജയകരമായി പൂർത്തിയാക്കി. അദ്ദേഹം ചെയർമാനായിരിക്കെയാണ് ഇന്ത്യയുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകൾ നടന്നത്. 2003ൽ വിരമിച്ചു; തുടർന്ന് 2009 വരെ രാജ്യസഭാംഗമായിരുന്നു.
വിശ്രമമില്ലാത്ത പരിശ്രമങ്ങളായിരുന്നു കസ്തൂരിരംഗന്റേത്. ആസൂത്രണ കമ്മീഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, ചാൻസലർ, കര്‍ണാടക നോളജ് കമ്മീഷന് ചെയര്മാന് തുടങ്ങിയ നിലകളിലും അദ്ദേഹമുണ്ടായിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസനയ രൂപീകരണത്തിന് മേല്‍നോട്ടം വഹിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ സമിതി മുന്നോട്ടുവച്ച ശിപാർശകൾ വിവാദമായതോടെ അതു വിലയിരുത്തി പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്നും പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിച്ച ഗാഡ്ഗിൽ റിപ്പോർട്ടിനു പകരം, അതു 37 ശതമാനമായി കസ്തൂരിരംഗൻ തിരുത്തുകയായിരുന്നു.
എന്നാൽ, കേരളത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വിവാദമായതോടെയാണ് ഉമ്മൻ വി. ഉമ്മനെ പഠനത്തിനായി നിയോഗിച്ചത്. നിരവധി പുരസ്കാരങ്ങൾക്കു പുറമേ, പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മവിഭൂഷണ്‍(2000) എന്നീ പുരസ്കാരങ്ങള്‍ നല്കി രാജ്യം കസ്തൂരിരംഗനെ ആദരിച്ചു.
ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്നു ഡോ. എം.ജി.എസ്. നാരായണൻ. ചരിത്രനിരീക്ഷണത്തിലും രചനയിലും തന്റേതായ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും പലതും വിവാദമാകുകയും ചെയ്തിരുന്നു. ഭാഷാ-ചരിത്ര പണ്ഡിതനായിരുന്ന ഇളംകുളം കുഞ്ഞൻപിള്ളയുടെ ശിഷ്യത്വത്തിലായിരുന്നു തുടക്കം. പ്രാചീന കേരളചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകുകയും കേട്ടുകേൾവികളെയും കെട്ടുകഥകളെയും നിർഭയം ചോദ്യം ചെയ്യുകയും ചെയ്തു.
പുസ്തകങ്ങളും പ്രബന്ധങ്ങളുമായി ഇരുനൂറിലേറെ രചനകളുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎ ഇംഗ്ലീഷിനു പകരം ചരിത്രപഠനത്തിന് പ്രവേശനം കിട്ടിയതാണ് വഴിത്തിരിവായത്. കേരള സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. ഗുരുവായൂരപ്പൻ കോളജിലും കേരള-കാലിക്കട്ട് സർവകലാശാലകളിലും അധ്യാപകനായിരുന്നു. കാലിക്കട്ടിൽ ചരിത്രവിഭാഗം മേധാവിയായിരിക്കെയാണ് വിരമിച്ചത്. ബ്രിട്ടനിലും റഷ്യയിലും ഉൾപ്പെടെ വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായിരുന്നു. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു.
ഇന്ത്യാ ചരിത്രപരിചയം, ആസ്പെക്റ്റ്സ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള, സാഹിത്യാപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലർ ജാതിയും സെക്കുലർ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകൾ, ചരിത്രകാരന്റെ കേരളദർശനം, കോഴിക്കോട് - ചരിത്രത്തിൽനിന്ന് ചില ഏടുകൾ തുടങ്ങിയ പുസ്തകങ്ങളും പെരുമാൾസ് ഓഫ് കേരള, മലബാർ തുടങ്ങിയ ഗവേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകൾ.
‘പെരുമാൾസ് ഓഫ് കേരള’ ലോകത്തെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങളിലൊന്നാണെന്നു പറഞ്ഞത്, പ്രശസ്ത ഇൻഡോളജിസ്റ്റും ചരിത്രകാരനും ‘ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ’യുടെ രചയിതാവുമായ എ.എൽ. ബാഷാമാണ്. മാർക്സിയൻ ചരിത്രസമീപനങ്ങളെ വിമർശിച്ച അദ്ദേഹം സംഘപരിവാർ അനുകൂലിയായി ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഐസിഎച്ച്ആറിന്റെ അധ്യക്ഷനായിരിക്കെ ചരിത്രരചനയിൽ കൈ കടത്താൻ ശ്രമിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന മുരളീ മനോഹർ ജോഷിയുടെ ആവശ്യത്തെ നിരുപാധികം തള്ളിക്കളയുകയും ചെയ്തു.
കാലാവധി പൂർത്തിയാക്കുന്നതിനു മുന്‍പ് എം.ജി.എസിനെ നീക്കുകയും ചെയ്തു. നിലപാടുകളിലും എഴുത്തിലും അദ്ദേഹത്തെ സ്വാധീനിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. പലർക്കും എം.ജി.എസിനോടു വിയോജിപ്പുണ്ടെങ്കിലും ചരിത്രത്തെ മാനിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെയും മാനിക്കേണ്ടിവരും.