രവി ഇരന്നുവാങ്ങിയത് കേന്ദ്രത്തിനുമുള്ളത്
Wednesday, April 9, 2025 12:00 AM IST
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്ക് സുപ്രീംകോടതിയിൽനിന്നു ലഭിച്ചതു പ്രഹരമാണെങ്കിൽ അത് അദ്ദേഹം ചോദിച്ചു വാങ്ങിയതും കേന്ദ്രസർക്കാരിനും അവകാശപ്പെട്ടതുമാണ്.
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി നൽകുന്ന സന്ദേശം രവിക്കു മാത്രമല്ല, സമാനസ്വഭാവമുള്ള ഗവർണർമാർക്കും ആത്യന്തികമായി കേന്ദ്രസർക്കാരിനുമുള്ളതാണ്.
രാഷ്ട്രീയക്കാരനാണെങ്കിലും ഭരണഘടനാപദവിയിൽ ആയിരിക്കുന്പോൾ പാലിക്കേണ്ട അന്തസിനെ ഈ വിധി ഓർമിപ്പിക്കുന്നു. ഇതൊരു പ്രഹരമാണെങ്കിൽ അതു രവി ഇരന്നുവാങ്ങിയതാണ്; കേന്ദ്രത്തിനും അവകാശപ്പട്ടത്. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നതു വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം.
നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്നു സാധ്യതകളേ ഉള്ളൂ. ഒന്ന്-അനുമതി നൽകുക, രണ്ട്-അനുമതി നിഷേധിക്കുക, മൂന്ന്-ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. എന്നാൽ ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണ്.
തിരിച്ചയച്ച ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അതിൽ ഒപ്പിടാനല്ലാതെ രാഷ്ട്രപതിക്ക് അയയ്ക്കാൻ കഴിയില്ല. അതുകൊണ്ട്, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. ഭരണഘടനയുടെ 200-ാം അനുഛേദപ്രകാരം ഗവർണർക്കു വീറ്റോ അധികാരവുമില്ല.
ജസ്റ്റീസ് ജെ.ബി. പർദീവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പരമാവധി മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ദീർഘകാലമായി തുടരുന്ന തർക്കത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ജനുവരിയിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പും ഗവർണർ അവഗണിക്കുകയായിരുന്നു.
അടുത്ത വാദം കേൾക്കുന്നതിനു മുന്‍പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോടതി പരിഹരിക്കുമെന്ന മുന്നറിയിപ്പും ഗവർണർ ചെവിക്കൊണ്ടില്ല. ഇന്നലെ സുപ്രീംകോടതി തീരുമാനമെടുത്തു.
സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ആര്.എന്‍. രവി പിടിച്ചുവച്ചിരുന്നത്.
അതിനു മുന്‍പും അദ്ദേഹം ബില്ലുകൾ പിടിച്ചുവച്ചിരുന്നു. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള കമ്മിറ്റികളില്‍ യുജിസി പ്രതിനിധികൂടി വേണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. മദ്രാസ്, ഭാരതിയാര്‍ തമിഴ്നാട് ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍വകലാശാലകള്‍ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനായി ഗവര്‍ണര്‍ സമിതി രൂപവത്കരിക്കുകയും ചെയ്തു. നിയമസഭയ്ക്കുമേൽ കടന്നുകയറ്റം നടത്താമെന്നുള്ള ഗവർണറുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടിയേറ്റത്.
2021 മുതൽ സംസ്ഥാനഭരണത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയായിരുന്നു രവി. മൂന്നു കൊല്ലമായി നിങ്ങൾ എന്തെടുക്കുകയാണെന്ന് 2023 നവംബറിൽ സുപ്രീംകോടതി ഗവർണറോടു ചോദിച്ചതാണ്. എന്നിട്ടും നിർത്താൻ വിസമ്മതിച്ച രവിയുടെ രാഷ്ട്രീയക്കളിക്കാണ് സുപ്രീംകോടതി ഇന്നലെ അന്ത്യം കുറിച്ചത്.
ബില്ലുകളിലൂടെ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന തീരുമാനം ശരിയോ തെറ്റോ എന്നതല്ല, അത് അംഗീകരിക്കുന്നതിൽ ഗവർണർക്കുള്ള പരിമിതികളാണ് ഇവിടെ വിഷയം. അതായത്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലിൽ കൈവയ്ക്കാൻ കേന്ദ്രസർക്കാരിന്റെ നോമിനിയായ ഗവർണർക്ക് അധികാരമില്ല.
ബില്ലിൽ അപാകത തോന്നിയാൽ രാഷ്ട്രപതിക്ക് അയയ്ക്കുകയോ അല്ലെങ്കിൽ നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യുന്ന കേവലം നടപടിക്രമങ്ങളേ ഗവർണർ ചെയ്യേണ്ടതുള്ളൂ. ഭരണഘടന ജനാധിപത്യത്തിനു നൽകുന്ന മേൽക്കൈയാണിത്. തമിഴ്നാടിനു പുറമേ, കേരളവും പഞ്ചാബും പശ്ചിമബംഗാളുമൊക്കെ ഇതേ പ്രതിസന്ധിയിലൂടെ കടന്നുപോയതാണ്.
സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന ആരോപണത്തിന്റെ പട്ടികയിലേക്കാണ് ഇപ്പോൾ ഗവർണർ എന്ന ഭരണഘടനാ സ്ഥാനവും ഉൾപ്പെട്ടിരിക്കുന്നത്.
ഇതൊക്കെ സ്വതന്ത്രമാകുകയും ജനങ്ങൾക്ക് അതു ബോധ്യമാകുകയും ചെയ്യുവോളം ജനാധിപത്യം അധികാരരാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചയായി തുടരും. അതൊഴിവാക്കാൻ, സുപ്രീംകോടതി രവിയോടു പറഞ്ഞത് കേന്ദ്രസർക്കാരും കേൾക്കണം.