ഭ്രാന്തില്ലെന്ന് ട്രംപ് തെളിയിക്കുമോ?
Tuesday, April 8, 2025 12:00 AM IST
സ്വന്തം പാർട്ടിക്കാരായ റിപ്പബ്ലിക്കന്മാരും മുറുമുറുപ്പ് തുടങ്ങിയതോടെ ട്രംപ് സ്വപ്നം കണ്ട ‘അമേരിക്കയുടെ സുവർണയുഗം’ വ്യാപാരയുദ്ധത്തിന്റെ വെടിയേറ്റു വീഴാതിരിക്കാൻ പണിപ്പെടേണ്ടിവരും.
തനിക്കു വോട്ട് ചെയ്തവരിൽ ഒരു വിഭാഗംപോലും ഭ്രാന്തനെന്നു വിളിക്കുന്നതിലേക്ക് ട്രംപ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. ന്യൂനതകൾ ഉണ്ടായിരുന്നിട്ടും ജനാധിപത്യത്തിന്റെ കാവൽക്കാരായി ഗണിച്ചിരുന്ന അമേരിക്ക, ചരിത്രപരമായ ആ സ്ഥാനത്തിന്റെ വില കെടുത്തിയപ്പോൾപോലും കാണാത്ത പ്രക്ഷോഭമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ശനിയാഴ്ച അരങ്ങേറിയത്.
കാരണം, പ്രതികാരച്ചുങ്ക നയം ആഗോള വ്യാപാരയുദ്ധത്തിനിടയാക്കുകയും ഓഹരി വിപണികൾ ഇടിക്കുകയും മാത്രമല്ല ട്രംപിന് വോട്ടു ചെയ്തവരെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ട്രംപ്-മസ്ക് കൂട്ടുകെട്ടിന്റെ എടുത്തുചാടിയുള്ള സാന്പത്തിക അഴിച്ചുപണികൾ ആഗോള സാന്പത്തിക ക്രമത്തെ മുക്കുന്പോൾ തങ്ങൾക്കു തനിച്ചൊരു വള്ളത്തിൽ കയറി രക്ഷപ്പെടാൻ പറ്റില്ലെന്ന് അമേരിക്ക അനുഭവിച്ചറിയുകയാണ്.
കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും നോട്ട് നിരോധന സമയത്തെ ഇന്ത്യയെ ഓർമിപ്പിക്കുന്ന സാന്പത്തിക അസ്വസ്ഥതയാണ് അമേരിക്കയിൽ. അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നു പറഞ്ഞതൊക്കെത്തന്നെയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ലാഭമില്ലാത്തതെല്ലാം ഒഴിവാക്കുന്ന കച്ചവടമല്ല ജനാധിപത്യമെന്ന തിരിച്ചറിവ് ട്രംപിനും ഇലോൺ മസ്കിനും ഇല്ലാതെപോയി.
വാഷിംഗ്ടൺ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ചലസ് തുടങ്ങി അമേരിക്കയിലെ പ്രമുഖ നഗരങ്ങളുൾപ്പെടെ 50 സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങി. തൊഴിലാളി സംഘടനകളും പൗരാവകാശ സംഘടനകളും എൽജിബിടിക്യു പ്രവർത്തകരുമൊക്കെ ഉൾപ്പെടുന്ന 150ൽപരം സംഘടനകളുടെ ആഹ്വാനമനുസരിച്ചാണ് ‘ഹാൻഡ്സ് ഓഫ്’ പ്രക്ഷോഭം അരങ്ങേറിയത്.
പല തീരുമാനങ്ങളിൽനിന്നും കൈ എടുക്കുക എന്നാവശ്യപ്പെട്ട പ്രകടനങ്ങളിൽ 1,300 നഗരങ്ങളിലായി അഞ്ചു ലക്ഷം പേരെങ്കിലും പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. ‘അമേരിക്കയ്ക്ക് രാജാവ് വേണ്ട’, ‘ട്രംപിന്റെ നയങ്ങൾ സാന്പത്തിക ഭ്രാന്താണ്’, ‘ട്രംപിനും ഭ്രാന്താണ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളിൽ ജനരോഷം പ്രകടമായിരുന്നു. ഹാൻഡ്സ് ഓഫ് കാനഡ, ഹാൻഡ്സ് ഓഫ് ഗ്രീൻലാൻഡ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മുഴങ്ങി.
യുഎസിനു പുറത്ത് ലണ്ടൻ, പാരീസ്, ബെർലിൻ തുടങ്ങി വിവിധ നഗരങ്ങളിലും ട്രംപിനെതിരേ പ്രതിഷേധമുണ്ടായി. പക്ഷേ, നയം മാറ്റില്ലെന്നും ഈ പ്രതിഷേധങ്ങൾ തള്ളിക്കളയുന്നുവെന്നുമുള്ള പ്രതികരണമാണ് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്. ആഗോള ഓഹരിവിപണിയിൽ കോവിഡിനുശേഷമുള്ള ഏറ്റവും തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാരുടെ സ്വത്ത് മൂല്യം ഇടിഞ്ഞു.
അതിൽ പ്രമുഖർ ഫേസ്ബുക്ക്-മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബസോസ് തുടങ്ങിയ അമേരിക്കക്കാരാണ്. ട്രംപിന്റെ ഉറ്റ ചങ്ങാതിയും സർക്കാരിന്റെ ഉപദേശകനുമായ ഇലോൺ മസ്കിനും പണി കിട്ടി. സ്വർണത്തിനും ക്രൂഡ് ഓയിലിനും വിലയിടിഞ്ഞു. ഇന്നുമുതൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്സൈസ് തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ആഗോളവിലയിൽ ഇടിവുള്ളതുകൊണ്ട് ചില്ലറവിലയിൽ ഇതു പ്രതിഫലിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചത്. അതേസമയം, എല്ലാം ശരിയാകുവോളം ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ജനതയോടും നിക്ഷേപകരോടും ട്രംപ് അഭ്യർഥിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. വിപണിയിലെ തകർച്ച താൻ ആസൂത്രണം ചെയ്തതല്ലെന്നും ചിലതൊക്കെ ശരിയാക്കാൻ ചിലപ്പോൾ മരുന്നെടുക്കേണ്ടി വരുമെന്നും നമ്മുടെ രാജ്യം ശക്തമാണെന്നുമാണ് ട്രംപ് ഇപ്പോൾ പറയുന്നത്.
പക്ഷേ, അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ ശരിയാക്കാൻ മറ്റു രാജ്യങ്ങൾക്കു ബാധ്യതയില്ലല്ലോ. ലോകരാജ്യങ്ങൾക്ക് കടുത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്പോൾ അമേരിക്കയ്ക്ക് 60,000 കോടി ഡോളർ പ്രതിവർഷ അധിക വരുമാനം നികുതിയിനത്തിൽ ലഭിച്ചേക്കാമെന്നാണ് കണക്കുകൂട്ടൽ. പക്ഷേ, ഇറക്കുമതി വസ്തുക്കൾക്കെല്ലാം വില വർധിക്കുന്നതോടെ അമേരിക്കൻ പൗരന്റെ ശരാശരി ചെലവ് പ്രതിവർഷം 1800 ഡോളർ വർധിക്കും.
അംഗങ്ങളുടെ എണ്ണമനുസരിച്ച് കുടുംബങ്ങളുടെ ജീവിതച്ചെലവ് ഉയരും. ഇതോടൊപ്പം, മറ്റു രാജ്യങ്ങളുടെ തന്ത്രങ്ങൾ പ്രവചനാതീതമാകുന്പോൾ തിരിച്ചടി കൂടുതൽ രൂക്ഷമാകുകയും ചെയ്യും. പല രാജ്യങ്ങളും തിരിച്ചും ചുങ്കം ചുമത്തിയതോടെ വ്യാപാരയുദ്ധം തുടങ്ങി. ഏറ്റവും പുതിയ പ്രഹരം ചൈനയുടേതാണ്. ഗാഡോലിനിയം ഉൾപ്പെടെ ഏഴ് അപൂർവ ധാതുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പുറമേ പുതിയതായി 34 ശതമാനം തീരുവയും അവർ ചുമത്തി.
പകരച്ചുങ്കമെന്ന പേരിൽ മറ്റു രാജ്യങ്ങളുടെ ചെലവിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്ന അമേരിക്കയ്ക്ക് തങ്ങളോട് ഇടപെടാൻ ഭീഷണിയും സമ്മർദവും ശരിയായ മാർഗമായിരിക്കില്ലെന്നും ചൈന മുന്നറിയിപ്പും നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാര്മറും ഇന്നലെ ശക്തമായ നിലപാടെടുത്തു. പകരച്ചുങ്കം വ്യാപാര യുദ്ധത്തിലേക്കു കടന്നതോടെ ആഗോളവത്കരണം അവസാനിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാവർക്കുമില്ലെങ്കിൽ ആർക്കും വേണ്ട എന്ന സൂചനയാണത്. അമേരിക്ക ഒന്നാമത്, എന്ന കടുത്ത ദേശീയവാദത്തിനാണ് തിരിച്ചടി. പകരച്ചുങ്കം, പലസ്തീൻ വിഷയം, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന വായാടിത്തങ്ങൾ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഏകപക്ഷീയ പ്രഖ്യാപനങ്ങൾ, പരിസ്ഥിതി ഉടന്പടികളിൽനിന്നു പിൻവാങ്ങൽ, വിദേശരാജ്യങ്ങൾക്കുള്ള അമേരിക്കൻ സഹായങ്ങൾ റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം യൂറോപ്പ് ഉൾപ്പെടെ അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളെയെല്ലാം ട്രംപ് അകറ്റിക്കഴിഞ്ഞു.
ഇതിനു പുറമേയാണ് അമേരിക്കയിലെ നിക്ഷേപകരും ഉപഭോക്താക്കളും പ്രതിപക്ഷവും തെരുവിലിറങ്ങിയത്. ഇതിനിടെ, കനത്ത വ്യാപാര നഷ്ടം നേരിട്ട ഇലോൺ മസ്ക് സമയപരിമിതിമൂലം മേയ് അവസാനത്തോടെ സർക്കാരിൽനിന്നു രാജി വയ്ക്കുകയാണെന്നും സൂചന നൽകി.
സ്വന്തം പാർട്ടിക്കാരായ റിപ്പബ്ലിക്കന്മാരും മുറുമുറുപ്പ് തുടങ്ങിയതോടെ ട്രംപ് സ്വപ്നം കണ്ട ‘അമേരിക്കയുടെ സുവർണയുഗം’ വ്യാപാരയുദ്ധത്തിന്റെ വെടിയേറ്റു വീഴാതിരിക്കാൻ പണിപ്പെടേണ്ടിവരും. ഭ്രാന്തില്ലെന്ന് ട്രംപ് തെളിയിക്കുമോയെന്നു ലോകം കാത്തിരിക്കുന്നു.