മുർഷിദാബാദിന് ദൂരെയല്ല അഹമ്മദാബാദ്!
Wednesday, April 23, 2025 12:00 AM IST
സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ കഴിയേണ്ടി വരുന്നവരുടെ നിലവിളികൾക്ക് മുർഷിദാബാദിൽ ആണെങ്കിലും മണിപ്പുരിലാണെങ്കിലും അഹമ്മദാബാദിലാണെങ്കിലും ഒരേ സ്വരമാണ്. ആളെണ്ണത്തിൽ കൂടുതലുള്ള ഭൂരിപക്ഷത്തിന്റെ വക്താക്കളാണ് തങ്ങളെന്ന അവകാശ
വാദവും അഹങ്കാരവുമാണ് അക്രമികളുടെ പിൻബലം.
നമ്മുടെ ഭരണഘടനയിൽ എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്? പൊതുസമൂഹത്തിൽ പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്. തീവ്രവർഗീയവാദികൾ ന്യൂനപക്ഷങ്ങൾക്കെതിരേ ഭൂരിപക്ഷവിഭാഗത്തെ തിരിക്കാനും ഇതേ ചോദ്യം ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നു.
ഒരു ഭൂരിപക്ഷ സമൂഹത്തിൽ ഭരണപരമായും അല്ലാതെയും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടാനും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടാനും സാധ്യതയുണ്ട്. അതിനുള്ള ചെറിയ സാധ്യതപോലും കർശനമായി തടയപ്പെടേണ്ടതാണെന്നുള്ള നമ്മുടെ ഭരണഘടനാശില്പികളുടെ ദീർഘവീക്ഷണത്തിന്റെയും സമത്വചിന്തയുടെയും പ്രതിഫലനമാണ് ഭരണഘടനയിലെ ന്യൂനപക്ഷ സംരക്ഷണ കവചം.
ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എല്ലാ മനുഷ്യരെയും തുല്യരായി കാണണമെന്നും പൗരൻ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള മഹത്തായ വീക്ഷണമാണ് നമ്മുടെ ഭരണഘടനയുടെ ഈടും കരുത്തും. എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും കൈനീട്ടി സ്വീകരിച്ച ചരിത്രവും മഹത്വവുമാണ് ഇന്ത്യൻ ഹൈന്ദവ സംസ്കാരത്തിന്റെ മുഖമുദ്ര.
അതുകൊണ്ടുതന്നെ എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന സമുദ്രംപോലെ ആ സംസ്കാരം നൂറ്റാണ്ടുകളെ അതിജീവിച്ചു മുന്നോട്ടു നീങ്ങുന്നു. എന്നാൽ, അസഹിഷ്ണുത അടവച്ചു വിരിയിച്ച വർഗീയവാദികൾ ഒളിഞ്ഞും തെളിഞ്ഞും ഈ സമുദ്രത്തിൽ വിഷം കലർത്താൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. സമീപകാലത്തായി അധികാര രാഷ്ട്രീയത്തിന്റെ തണലും വോട്ടുബാങ്ക് പ്രീണനത്തിന്റെ ദുഷിപ്പുകളും ഇത്തരം വർഗീയവാദികൾക്കു കൂടുതൽ ധൈര്യവും അവസരങ്ങളും തുറന്നിരിക്കുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം.
കടന്നുപോയ ഈസ്റ്റർ ദിനവും ഇത്തരമൊരു ലജ്ജാകരമായ കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിൽ ഉയിർപ്പു തിരുനാൾ പ്രാർഥന നടന്നുകൊണ്ടിരിക്കേ യാതൊരു പ്രകോപനവും കൂടാതെ ബജ്രംഗ് ദൾ മേലാപ്പ് അണിഞ്ഞ ഒരുപറ്റം അക്രമികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി. "ജയ് ശ്രീറാം’ മുദ്രാവാക്യം വിളിയുമായി പ്രാർഥന തടസപ്പെടുത്തി.
തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി. മറ്റേതെങ്കിലും മതത്തിന്റെ ആരാധനാസ്ഥലത്താണ് ഇങ്ങനെയൊരു അതിക്രമം നടക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും? അക്രമികളുടെ ശരീരഭാഷയും പെരുമാറ്റരീതികളും, അവർക്ക് ഹൈന്ദവരുടെ പുണ്യപുരുഷനായ ശ്രീരാമന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് അടിവരയിടുന്നു.
ഇങ്ങനെയുള്ള പല സംഭവങ്ങളിലും അധികാരികളുടെ നിസംഗതയാണ് വർഗീയവാദികളുടെ വളവും വെള്ളവും. പ്രതിഷേധം കനക്കുന്പോൾ പേരിനൊരു എഫ്ഐആർ ഇട്ട് പ്രശ്നം തീർക്കും. ആളെണ്ണത്തിൽ കൂടുതലുള്ള ഭൂരിപക്ഷത്തിന്റെ വക്താക്കളാണ് തങ്ങളെന്ന അവകാശവാദവും അഹങ്കാരവുമാണ് ഇവരുടെ പിൻബലം.
ഭൂരിപക്ഷത്തിന്റെ ഗർവ് തലയ്ക്കു പിടിച്ചവർ അവിടെയുള്ള ന്യൂനപക്ഷത്തെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യാമെന്നതിന്റെ മറ്റൊരു ചിത്രമാണ് പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ഈ ദിവസങ്ങളിൽ കാണുന്നത്. ഇരയിലും വേട്ടക്കാരിലും മാറ്റമുണ്ടെന്നേയുള്ളൂ, വിഷയം സമാനംതന്നെ.
അവിടെ ന്യൂനപക്ഷമായ ഹൈന്ദവ സഹോദരങ്ങൾക്കാണ് ആ നാട്ടിലെ ഭൂരിപക്ഷ വർഗീയതയുടെ ഇരകളായി വീടും സ്വത്തുവകകളും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. പലർക്കും ജീവൻ നഷ്ടപ്പെട്ടു, വീടുകൾ ചാന്പലായി, സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. മറ്റിടങ്ങളിൽ ന്യൂനപക്ഷ പീഡനത്തിന്റെ ഇരവാദം മുഴക്കി മോങ്ങുന്നവർ അവർക്കു മേൽക്കൈയുള്ള നാട്ടിൽ മറ്റുള്ളവരോടു സഹിഷ്ണുത കാണിക്കാൻ ഒട്ടും തയാറായില്ല എന്നതാണ് വിചിത്രം.
അയൽരാജ്യമായ ബംഗ്ലാദേശിൽ കാണുന്നതിന്റെ മറ്റൊരു പതിപ്പ്. മുർഷിദാബാദിലെ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്കെതിരേ ബജ്രംഗ് ദൾ അടക്കം രോഷം കൊള്ളുകയും വിലപിക്കുകയും ചെയ്യുന്നുണ്ട്.
മുർഷിദാബാദിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിടുന്ന അതേ വേദനയും ഭീഷണിയുമാണ് രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾ അതിക്രമങ്ങൾക്ക് ഇരകളാകുന്പോഴും അനുഭവിക്കുന്നതെന്നത് ബജ്രംഗ് ദളിനെപ്പോലുള്ള സംഘടനകൾ ഇനിയെങ്കിലും ഓർക്കണം. സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ കഴിയേണ്ടി വരുന്നവരുടെ നിലവിളികൾക്ക് മുർഷിദാബാദിൽ ആണെങ്കിലും മണിപ്പുരിൽ ആണെങ്കിലും അഹമ്മദാബാദിൽ ആണെങ്കിലും ഒരേ സ്വരമാണ്.
ഇനി പറയാനുള്ളത് അധികാരികളോടാണ്. ഏതു വിഭാഗത്തിൽപ്പെട്ടവരായാലും വർഗീയവാദികളും തീവ്രവാദികളുമൊക്കെ കുപ്പിയിൽ അടയ്ക്കപ്പെട്ട കൊടുംഭൂതങ്ങളാണ്. താത്കാലിക നേട്ടങ്ങൾക്കായി അവരെ കുപ്പി തുറന്നു വിടുന്നവരും അഴിഞ്ഞാടാൻ അനുവദിക്കുന്നവരും ഒടുവിൽ അതിന്റെതന്നെ ഇരകളായി മാറും.
ആഗോള ഭീകരൻ ഉസാമ ബിൻ ലാദന്റെ അടക്ക ചരിത്രം ഇതാണ് ലോകത്തെ പഠിപ്പിക്കുന്നത്. ക്രമസമാധാനത്തെ തെരുവിൽ എറിയുന്ന ഇത്തരം ക്രിമിനലുകളെ കാവിക്കൊടിയെന്നോ കറുത്ത കൊടിയെന്നോ നോക്കാതെ നിലയ്ക്കു നിർത്താൻ അധികാരികൾ തയാറാകണം. അന്തസുള്ള ഒരു ഭരണഘടന നമുക്ക് ഉണ്ടെന്നതുകൊണ്ടു മാത്രമായില്ല, ആ അന്തസ് കാക്കുന്ന കാവൽക്കാരും ഉണ്ടാകണം.