ഈ ‘ബ്രദർഹുഡ്’ ഇന്ത്യയിൽ വേണ്ട
Thursday, April 24, 2025 12:00 AM IST
മതം നോക്കി നിസഹായരായ മനുഷ്യരെ ആക്രമിക്കുന്നവർ ഏതു മതത്തിന്റെ മേലങ്കിയണിഞ്ഞാലും അവരെ വെറുതേ വിടരുത്.
ഇസ്ലാമിക തീവ്രവാദികളുടെ കാഷ്മീർ ഭീകരാക്രമണത്തിൽ ലോകം വിറങ്ങലിച്ചുപോയി; പക്ഷേ, ഈ രാജ്യം ഭയന്നുവിറച്ചു നിൽക്കുകയല്ല. ഇതിനു പിന്നിലുള്ളവരെ വെറുതേ വിടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഈ രാജ്യത്തിന്റെ വികാരം മാത്രമല്ല, മതതീവ്രവാദികൾക്കു സമാധാനത്തിന്റെ ഭാഷ മനസിലാകില്ലെന്ന പാഠമുൾക്കൊള്ളുന്ന വിവേകവുമാണ്. മതം നോക്കി നിസഹായരായ മനുഷ്യരെ ആക്രമിക്കുന്നവർ ഏതു മതത്തിന്റെ മേലങ്കിയണിഞ്ഞാലും അവരെ വെറുതേ വിടരുത്.
ജമ്മു കാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരണിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന ഭീകരാക്രമണത്തിൽ മലയാളിയടക്കം കൊല്ലപ്പെട്ടത് 26 പേരാണ്. ഇതു രാജ്യം കണ്ട ഏറ്റവും നീചമായ ആക്രമണമായത്, മതമേതെന്നു ചോദിച്ചിട്ടാണ് കൊലയാളികൾ വെടിയുതിർത്തത് എന്നതിനാലാണ്. തങ്ങളുടെ മതത്തിൽ പെടാത്തവരെല്ലാം കൊല്ലപ്പെടണമെന്ന ഭീകരവാദ ആശയം! പരിഷ്കൃതലോകത്തിനു വച്ചുപൊറുപ്പിക്കാൻ നിവൃത്തിയില്ലാത്ത ഈ പൈശാചികതയെ അടിച്ചമർത്തുകതന്നെ വേണം. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ഉൾപ്പെടെ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടവരിലേറെയും. രണ്ടു വിദേശികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു.
കർണാടകയിൽനിന്നുള്ള മഞ്ജുനാഥ് റാവുവിനെ വെടിവച്ചു കൊന്നവരോട് ഭാര്യ പവിത്ര, തന്നെയും കൊല്ലാൻ പറഞ്ഞപ്പോൾ “നിന്നെ കൊല്ലുന്നില്ല, നീ പോയി മോദിയോടു പറയൂ” എന്നാണ് ഭീകരൻ ആക്രോശിച്ചത്. ചിലരോട് മതമേതെന്നു ചോദിച്ചശേഷം ഉറപ്പാക്കാൻ വസ്ത്രമഴിച്ചു പരിശോധിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു യുവാവിനെ കൊന്ന ഭീകരൻ ഭാര്യയോടു പറഞ്ഞത്, മുസ്ലിം അല്ലാത്തതിനാലാണ് കൊന്നത് എന്നായിരുന്നു. ഓരോ വെടിവയ്പിലും മുഴങ്ങിയത് മതഭ്രാന്ത്! കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി അംഗീകരിച്ചതും മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനത്തോടെ കഴിഞ്ഞ വർഷം പാർലമെന്റ് തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയതും മുൻപെന്നത്തേക്കാളും ധൈര്യത്തോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ കാഷ്മീരിൽ എത്തിത്തുടങ്ങിയതുമൊക്കെ പാക്കിസ്ഥാനെയും തീവ്രവാദികളെയും അവരുടെ ആഭ്യന്തര അനുകൂലികളെയും തെല്ലൊന്നുമല്ല വിറളി പിടിപ്പിച്ചിട്ടുള്ളത്.
അവർ അടങ്ങിയിരിക്കില്ല. സൈന്യം എത്ര സുരക്ഷയൊരുക്കിയാലും ഒളിപ്പോരുകാരായ ഭീകരർക്ക് ഏതു പൈൻകാടുകളിൽനിന്നും നിസഹായർക്കു നേരേ കുതിച്ചെത്താനാകും. ആ ഭീരുക്കളുടെ മടകൾ തകർക്കാൻ ഈ ജനാധിപത്യ-മതേതര രാജ്യത്തിനുള്ള അവകാശം പ്രധാനമന്ത്രിയുടെ വാക്കുകളിലുണ്ട്. ഹീനമായ ഈ പ്രവൃത്തിക്കു പിന്നിലുള്ളവരെ വെറുതേ വിടില്ലെന്നും ഭീകരതയ്ക്കെതിരേ പോരാടാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം ഉറച്ചതാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത്.
പാക്കിസ്ഥാനിൽനിന്നു പരിശീലനം നേടിയ ഭീകരരും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അതു തെറ്റാനിടയില്ല. കാരണം, പാക്കിസ്ഥാനിൽ തീവ്രവാദ സംഘടനകൾ മാത്രമല്ല സർക്കാരും സൈന്യവുമൊക്കെ മതാതിഷ്ഠിതമായ ഒരേ ആശയം പങ്കുവയ്ക്കുന്നവരാണ്. അവരുടെ ദാരിദ്ര്യം ഉൾപ്പെടെ സകല പിന്നാക്കാവസ്ഥയുടെയും വേരുകൾ മതമൗലികവാദത്തിലാണ്. പാക്കിസ്ഥാൻ ആർമി ചീഫ്, ജനറൽ അസിം മുനീർ ഏപ്രിൽ 17ന് ഇസ്ലാമബാദിലെ ഒരു കൺവൻഷനിൽ പറഞ്ഞതും മൗലികവാദത്തിന്റെ വിഭജനഭാഷയാണ്.
മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ പ്രകടമായ വ്യത്യാസമുള്ളതുകൊണ്ടാണ് വിഭജനത്തിലൂടെ പാക്കിസ്ഥാന് എന്ന ഇസ്ലാമിക് റിപ്പബ്ലിക് രൂപീകരിച്ചതെന്നും ആ അടിസ്ഥാനപരമായ കാരണം നമ്മുടെ കുട്ടികളോടു പറഞ്ഞുകൊടുക്കണമെന്നുമാണ് അയാൾ പ്രസംഗിച്ചത്. രാജ്യമുണ്ടായി 77 വർഷം കഴിഞ്ഞിട്ടും ഭരിക്കുന്നവരിലും സൈനികമേധാവികളിലും കോടതികളിലുംപോലും ഉറക്കമിളയ്ക്കുന്ന ഈ തീവ്രവാദ വ്യാപാരികൾ വരുംതലമുറകളിലേക്കും വിഷം കുത്തിവയ്ക്കുകയാണ്.
ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക തീവ്രവാദത്തെ ആരും പൊതിഞ്ഞുപിടിക്കരുത്. ഇസ്ലാമികരാജ്യങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കുന്നവർ മറ്റു ജനാധിപത്യരാജ്യങ്ങളിൽ ഇരവേഷത്തിലാണ്. കാഷ്മീരിൽ പണ്ഡിറ്റുകളെ തല്ലിയോടിച്ച് തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാക്കിയവർ ഈ മതേതര രാജ്യത്ത് ഇസ്ലാമിക ഭരണത്തിനു ശ്രമിക്കുന്നത് മുന്നറിയിപ്പാണ്. തീവ്രവാദത്തെ നേരിടണമെങ്കിൽ ആദ്യം അതിനെ തിരിച്ചറിയണം. ഏതു മതത്തിലും വർഗീയവാദികളല്ലാതെ വർഗീയതയെ തീറ്റിപ്പോറ്റില്ല എന്നതുപോലെ, ഭീകരരല്ലാതെ മറ്റാരും പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരരെ പിന്തുണയ്ക്കില്ല.
ലഷ്കർ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, പീപ്പിള്സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്, ദ റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ പേരുകളിലാണ് ഈ മതഭ്രാന്തന്മാർ കാഷ്മീരിൽ പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലിൽ 1200 മനുഷ്യരെ ഭീകരാക്രമണത്തിൽ കൊന്നൊടുക്കിയ ഹമാസും ഈ നാണയത്തിന്റെ മറുപുറം മാത്രമാണ്. ഗാസയുടെ മോചനമല്ല, ക്രൈസ്തവ-യഹൂദ സാന്നിധ്യമില്ലാത്ത ലോകമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർതന്നെ പറഞ്ഞു. ഇവർ തനിച്ചല്ല, ലോകമെങ്ങും വിവിധ പേരുകളിൽ തീവ്രവാദികൾ ഒരേ ലക്ഷ്യത്തിനായി പൊരുതുകയാണ്. എല്ലാം ഇസ്ലാമിക സ്റ്റേറ്റിനുവേണ്ടിയുള്ള മുസ്ലിം ബ്രദർഹുഡ് തന്നെ. ഈ ‘ഭീകര സാഹോദര്യ’ത്തെ തളയ്ക്കാൻ ഇന്ത്യക്കാരായ നാം ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ സിഖുകാരെന്നോ ജൈനരെന്നോ പാഴ്സിയെന്നോ വേർതിരിവില്ലാതെ കൈ കോർക്കണം. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ‘വെറുതേ വിടരുത്.’