ലോകാദരത്തിൽ ഒരു സംസ്കാരം
Saturday, April 26, 2025 12:00 AM IST
ഇന്നിതാ, വത്തിക്കാൻ ലോക തലസ്ഥാനം! ലോക പാർലമെന്റിലെന്നപോലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില് ലോകനേതാക്കൾ നിരന്നിരിക്കുന്നു. യുദ്ധപ്രമേയങ്ങളോ ഉപരോധങ്ങളോ വെല്ലുവിളികളോ ഇല്ല. സ്നേഹോപചാരങ്ങൾക്കു മധ്യേ ഫ്രാൻസിസ് മാർപാപ്പ യാത്രയാകുന്നു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ എത്തിയവരിൽ പലരും മടങ്ങിപ്പോയിട്ടില്ല. രാവിലെ ഒരാളെ യാത്രയയ്ക്കാനുണ്ട്. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരമാണ്.
170 രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളും കത്തോലിക്കാസഭയുടെ ആത്മീയനേതാക്കളും പതിനായിരക്കണക്കിനു സാധാരണക്കാരുമൊക്കെ പങ്കെടുക്കുന്ന സംസ്കാരച്ചടങ്ങ്. ഏഴു ദിവസം മുന്പ്, ഈസ്റ്റർ ഞായറാഴ്ച പാപ്പാ ജനങ്ങളെ ആശീർവദിച്ചും അഭിവാദ്യം ചെയ്തും കടന്നുപോയ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് അന്ത്യയാത്ര തുടങ്ങും. പരി. കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ കബറടക്കം. വലിയ ഇടയാ, സാന്താ മാർത്തായിലെ മുറിയിലിരുന്ന് 2022 ജൂൺ 29ന് എഴുതിയ മരണപത്രത്തിലെ ആഗ്രഹം പോലെ പരിശുദ്ധ അമ്മയുടെ സവിധത്തിൽ ഉറങ്ങൂ, സമാധാനത്തിൽ വിശ്രമിക്കൂ!
ഇന്നിതാ, വത്തിക്കാൻ ലോക തലസ്ഥാനം! ലോക പാർലമെന്റിലെന്നപോലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ലോകനേതാക്കൾ നിരന്നിരിക്കുന്നു. യുദ്ധപ്രമേയങ്ങളോ ഉപരോധങ്ങളോ വെല്ലുവിളികളോ ഇല്ല. പള്ളിമണികൾക്കും പ്രാർഥനകൾക്കും സ്നേഹോപചാരങ്ങൾക്കും മധ്യേ ഫ്രാൻസിസ് മാർപാപ്പ യാത്രയാകുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി, വിവിധ മതനേതാക്കൾ, ലോകമെങ്ങുംനിന്നുള്ള കത്തോലിക്കാസഭാ നേതാക്കൾ, പതിനായിരക്കണക്കിനു വിദേശ പൗരന്മാർ... എത്താവുന്നവരെല്ലാം ഇന്നു വത്തിക്കാനിലാണ്.
സമാനതകളില്ലാത്ത സംസ്കാരച്ചടങ്ങ് രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന്) തുടങ്ങും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം മരണപത്രത്തിലെ താത്പര്യ പ്രകാരം മാർപാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്നു പാട്രിയാര്ക്കല് ബസിലിക്കയായ എസ്ക്വിലീന് കുന്നിലെ വലിയപള്ളിയിലേക്കു സംവഹിക്കും. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കും. അന്പതോളം പേർ മാത്രമേ പള്ളിയകത്തെ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ. നിലത്തൊരുക്കിയ കബറിടത്തിൽ അലങ്കാരങ്ങളില്ലാതെ ഫ്രാൻസിസ് എന്നു മാത്രം എഴുതിയിരിക്കും.
കബറിടത്തിൽ സ്മാരക ലിഖിതങ്ങളൊന്നുമില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ മനുഷ്യഹൃദയങ്ങളിൽ എഴുതിയ സന്ദേശങ്ങൾ ലോകം വായിച്ചുകൊണ്ടേയിരിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞതുപോലെ “പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും മറക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഒരു മാർപാപ്പയായിരുന്നു അദ്ദേഹം. യുദ്ധം, ക്ഷാമം, പീഡനം, ദാരിദ്ര്യം എന്നിവ നേരിടുന്ന ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ കണ്ടുമുട്ടിയ ഫ്രാൻസിസ് മാർപാപ്പ മനുഷ്യ ദൗർബല്യത്തിന്റെ യാഥാർഥ്യങ്ങളെ അടുത്തറിഞ്ഞു. എന്നിട്ടും മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള വിശ്വാസാധിഷ്ഠിതമായ പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല”. പാപ്പായുടെ ഒടുവിലത്തെ സന്ദേശത്തിലും ലോകത്തിന്റെ നീറുന്ന പ്രശ്നമായ ഇസ്രയേൽ-ഹമാസ് യുദ്ധമുണ്ടായിരുന്നു. ഗാസയിൽ വെടിനിർത്തണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ പാപ്പാ അഭ്യർഥിച്ചു. എന്നിട്ടും ഇരു പക്ഷത്തുനിന്നും ചിലരെങ്കിലും അദ്ദേഹത്തെ അവമതിച്ചു.
തൊട്ടടുത്തദിവസം മാർപാപ്പയുടെ വേർപാടിൽ ലോകം വിതുന്പുന്പോൾ ഇസ്രയേൽ എക്സിൽ കുറിച്ച അനുശോചന സന്ദേശം പിന്നീട് പിൻവലിച്ചു. മാർപാപ്പ യുദ്ധത്തെ തള്ളിപ്പറഞ്ഞതാവാം കാരണം. അതുപോലെ, കുടിയേറ്റക്കാരോടും അഭയാർഥികളോടും കരുണയുള്ളവരായിരിക്കണമെന്ന് ലോകത്തെ ഓർമിപ്പിച്ച മാർപാപ്പയുടെ വിയോഗത്തിൽ അതേ വിഭാഗത്തിൽ പെട്ടവരിലെ വളരെ ചെറിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നിന്ദിച്ചു. പക്ഷേ, ഇതൊന്നും പ്രതീക്ഷ കൈവെടിയാനുള്ള കാരണമല്ലെന്ന് മാർപാപ്പയുടെ ജീവിതവും മരണവും ഓർമിപ്പിക്കുന്നു. പാപ്പായുടെ വാക്കുകളിൽ പറഞ്ഞാൽ, “ദൈവത്താൽ നയിക്കപ്പെട്ടാൽ നാം ഒരിക്കലും നിരാശരാകുകയോ വഴിതെറ്റുകയോ ചെയ്യില്ല”.
ഹിംസയിൽ അഭയം പ്രാപിച്ചവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമല്ല, അതിനെതിരേ അവസാനനിമിഷവും പൊരുതിയ ഫ്രാൻസിസ് മാർപാപ്പയെ പോലെയുള്ളവരിലൂടെയാണ് ഈ കാലവും നിർവചിക്കപ്പെടേണ്ടത്. വത്തിക്കാനിൽ മ്ലാനവദനരായി നിൽക്കുന്നത് കത്തോലിക്കരോ ക്രൈസ്തവരോ മാത്രമല്ല. മുസ്ലിം, ഹിന്ദു, യഹൂദർ, കമ്യൂണിസ്റ്റ്, നിരീശ്വരവാദികൾ... എല്ലാവരുമുണ്ട്. തങ്ങളോടു ക്രിസ്തുവിനെപ്പോലെ പെരുമാറിയ ഒരാളെയാണ് അവർ ബഹുമാനിക്കുന്നത്. അതിനർഥം, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബെർട്ട മെറ്റ്സോള പറഞ്ഞതുപോലെ, “സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കരുണയുടെയും തുല്യതയുടെയും സാമൂഹികനീതിയുടെയും പേരിൽ ഈ ജനകീയ മാർപാപ്പ ഓർമിക്കപ്പെടും”.
എങ്കിൽ, ദൈവം ലോകത്തിനെഴുതിയ ചാക്രികലേഖനമാണ് ഫ്രാൻസിസ് മാർപാപ്പ. ഇന്നതു മാനവഹൃദയങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു.