ജബൽപുരിലും അപമാനം
Saturday, April 5, 2025 12:00 AM IST
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരുടെ സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ തയാറായാൽ അന്നു തീരും, ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ.
ന്യൂനപക്ഷ വിദ്വേഷവും ഹിംസയുംകൊണ്ടുമാത്രം നിലനിൽക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കരുത്. മധ്യപ്രദേശിലെ ജബൽപുരിൽ ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും പോലീസിനു മുന്നിലിട്ടു മർദിച്ച സംഘപരിവാറിന്റെ ബലം, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ളത് ബിജെപിയാണെന്ന ധൈര്യമാണ്.
അത്തരമൊരു സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാൻ ഈ ബിജെപി സർക്കാരുകൾ തയാറായാൽ അന്നു തീരും, ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ. അന്നു തീരും, കുറ്റവാളികളുടെ പക്ഷത്തേക്കു കൂറുമാറിയ പോലീസിന്റെ കുറ്റകരമായ നിഷ്ക്രിയത്വം. ജബൽപുരും അതു മാത്രമാണ് ഓർമിപ്പിക്കുന്നത്.
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാർ അഴിഞ്ഞാടുന്പോൾ ജബൽപുരിലും പോലീസ് നോക്കിനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ജബൽപുർ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ പള്ളികളിലേക്കു തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാൾ ഫാ. ഡേവിസ് ജോർജും പ്രൊകുറേറ്റർ ഫാ. ജോർജ് തോമസും പോലീസ് ഉദ്യോഗസ്ഥർക്കു കൺമുന്നിൽ സംഘപരിവാർ ആക്രമണത്തിനിരയായി.
വിദ്യാഭ്യാസ വിചക്ഷണനും മധ്യപ്രദേശിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജബൽപുർ സെന്റ് അലോഷ്യസ് കോളജിന്റെ മുൻ പ്രിൻസിപ്പലുമായ ഫാ. ഡേവിസ് ജോർജ് ബിജെപിക്കാരുൾപ്പെടെ എത്രയോ മനുഷ്യരുടെ ഗുരുസ്ഥാനീയനാണ്. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മൂന്നു ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിനുപോലും ഇതാണു സ്ഥിതിയെങ്കിൽ സഹതപിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത സാമൂഹികവിരുദ്ധർ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നിൽക്കുന്പോൾ ഇടപെടാത്ത ഭരണകൂടങ്ങൾക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന്റെ കൊടിയേന്താനാകുന്നത്?
തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവർത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെല്ലാം പോലീസിനെ നിർത്തിയിരിക്കുന്നത്. ജബൽപുരിലെ പോലീസിനും അതിൽനിന്നു മുക്തിയില്ല. 2017ൽ മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസിനു കരോൾഗാനമാലപിച്ചവരെയും വൈദികരെയും സംഘപരിവാർ ആക്രമിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. കസ്റ്റഡിയിലെടുത്ത വൈദികവിദ്യാർഥികളെയും വൈദികരെയും സംഘപരിവാരങ്ങൾ പോലീസ് സ്റ്റേഷനുള്ളിൽവച്ച് ആക്രമിക്കുകയും പുറത്ത് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു.
വർഗീയ ആൾക്കൂട്ട ആക്രമണത്തിനു കാരണം പതിവുപോലെ മതപരിവർത്തനമെന്ന വ്യാജ ആരോപണമായിരുന്നു. പിന്നീട് എത്രയോ അക്രമങ്ങളാണ് രാജ്യത്ത് നിർഭയം അരങ്ങേറിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ യുസിഎഫ് (യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം) പുറത്തുവിട്ട കണക്കനുസരിച്ച്, 834 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരേ നടത്തിയത്. 2023ൽ ഇത് 734 ആയിരുന്നു. ഏറ്റവുമധികം ആക്രമണങ്ങൾ ഉത്തർപ്രദേശിലാണ്.
ജബൽപുരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ “ബി കെയർഫുൾ” എന്ന മുന്നറിയിപ്പ്, ക്രൈസ്തവർക്കെതിരേ അക്രമം അഴിച്ചുവിടുന്നവർക്കു കൊടുത്തിരുന്നെങ്കിൽ! അന്തർദേശീയ മതസ്വാതന്ത്ര്യ റിപ്പോർട്ടുകൾ ഇന്ത്യയെ തുടർച്ചയായി പ്രതിസ്ഥാനത്തു നിർത്തുന്പോൾ അതിനെ വിദേശരാജ്യങ്ങളുടെ അജൻഡയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിനോടും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ജബൽപുരിനെക്കുറിച്ചു പറയുന്പോഴും സർക്കാർ ഒളിച്ചോടുകയാണ്.
വിമർശനങ്ങളുടെയും മതസ്വാതന്ത്ര്യ റിപ്പോർട്ടുകളുടെയും കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവർ കാൽച്ചുവട്ടിൽ ചിതറിക്കിടക്കുന്ന ചില്ലുകളിലെ മതേതര ഇന്ത്യയെ കാണാൻ വൈകുകയാണല്ലോ.