സബർമതീ തീരത്തെ പ്രീണനപ്പടവുകൾ
Saturday, April 12, 2025 12:00 AM IST
കോൺഗ്രസിന്റെ ലക്ഷ്യം മതേതര ഇന്ത്യയാണെങ്കിൽ പ്രമേയങ്ങളിൽ ഒരു മതത്തിന്റെയും
മദപ്പാടുണ്ടാകരുത്.
പാർട്ടിയെയും രാജ്യത്തെയും നന്നാക്കാൻ ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് നടത്തിയ ദ്വിദിന എഐസിസി സമ്മേളനം തീരുമാനിച്ചു. പാർട്ടിയിലോ രാജ്യത്തോ അതിന്റെ മാറ്റമുണ്ടാകുമോയെന്നത് പാർട്ടിക്കാർക്കും ഇതര പൗരന്മാർക്കും താത്പര്യമുള്ള കാര്യവുമാണ്. കാരണം, സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ മുറിപ്പാടുകളും ദേശീയോദ്ഗ്രഥന പാരന്പര്യവുമുള്ള ഈ പാർട്ടിയെ രാജ്യത്തിനാവശ്യമുണ്ടെന്നു കരുതുന്ന ജനാധിപത്യ-മതേതര വിശ്വാസികൾ ഏറെയുണ്ട്.
പക്ഷേ, സബർമതീ തീരത്തെ പ്രസംഗങ്ങളല്ല, കൃത്യമായി പറഞ്ഞാൽ, ബിജെപിയുടെ കുതിച്ചുചാട്ടവും കോൺഗ്രസിന്റെ തകർച്ചയും ഈ രാജ്യത്തുണ്ടാക്കിയ വലിയ രാഷ്ട്രീയ മാറ്റങ്ങളോട് പാർട്ടിക്കുള്ള കാലാനുസൃതവും പ്രായോഗികവും സത്യസന്ധവുമായ നിലപാടുകളാണ്, അതു മാത്രമാണ് ജനങ്ങൾക്കു താത്പര്യം. കോൺഗ്രസിന്റെ ലക്ഷ്യം മതേതര ഇന്ത്യയാണെങ്കിൽ പ്രമേയങ്ങളിൽ ഒരു മതത്തിന്റെയും മദപ്പാടുണ്ടാകരുത്.
കോൺഗ്രസ് അധികാരത്തിൽനിന്നു നിഷ്കാസിതമായിട്ട് മൂന്നു പതിറ്റാണ്ടു തികയുന്നതും അത്രയും കാലമായി ബിജെപി ഭരിക്കുന്നതുമായ ഗുജറാത്തിന്റെ തലസ്ഥാനത്തായിരുന്നു എഐസിസി സമ്മേളനം. ബിജെപിയെ കൂടുതൽ കരുത്തോടെ നേരിടേണ്ടതും അതിനായി പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതും എങ്ങനെയെന്നതായിരുന്നു പ്രധാന വിഷയങ്ങൾ. പാർട്ടിയുടെ യഥാർഥ പ്രതിസന്ധി ഈ രണ്ടു കാര്യങ്ങളിലുണ്ട്. രാജ്യത്ത് ജനാധിപത്യം പതിയെപ്പതിയെ അവസാനിക്കുകയാണെന്നും ജനാധിപത്യത്തെ നശിപ്പിക്കാനും പ്രതിപക്ഷത്തെ പരാജയപ്പെടുത്താനും കഴിയുന്ന അനുയോജ്യമായൊരു പ്രക്രിയ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇതിനെതിരേയുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വെറുപ്പിന്റെ അഗാധതയിലേക്കു രാജ്യത്തെ തള്ളിവിടുന്ന വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരേ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്നായിരുന്നു രാഷ്ട്രീയ പ്രമേയം; ഇതിനാണ് പാർട്ടിയെ ശക്തിപ്പെടുത്തുന്നത്.
പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ വിശ്രമിക്കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ വിരമിക്കുകയും ചെയ്യണമെന്നാണ് ഖാര്‍ഗെ മുന്നറിയിപ്പു നല്‍കിയത്. പക്ഷേ, ഈ പാർട്ടിയുടെയും പോഷകസംഘടനകളിലെയും വാർഡ് തലം മുതലുള്ള മിക്ക ഭാരവാഹികളെയും പ്രവർത്തകർ തെരഞ്ഞെടുത്തതല്ല; ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി പ്രതിഷ്ഠിക്കപ്പെട്ടവരോ നേതാക്കളുടെ നോമിനികളോ ആണ് എന്നതാണ് കൗതുകകരമായ കാര്യം.
ആ വിധത്തിൽ പാർട്ടിയെ ദുർബലമാക്കിയത് എഐസിസി തന്നെയാണ്. അതാണിപ്പോൾ തിരുത്തുന്നത്. ഡിസിസികളെ എഐസിസിയുടെ കര്‍ശന മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കണമെന്നും പുതിയ ജില്ലാ പ്രസിഡന്റുമാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തി കീഴ് ഘടകങ്ങൾ രൂപീകരിക്കണമെന്നും നിർദേശിച്ചു. കൊള്ളാം; സിബിഐയോ ഇഡിയോ ഒന്നും ഇടപെടില്ലാത്ത സംഘടനാ തെരഞ്ഞെടുപ്പെങ്കിലും പൂർത്തിയാക്കാനായാൽ പാർട്ടിക്കത് വലിയൊരു നേട്ടമാകും.
ജാതി സെൻസസ്, ഒബിസി സംവരണം, ദളിത്-ആദിവാസി ശക്തീകരണം, ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തൽ, ഭരണഘടനാ സംരക്ഷണം, വോട്ട് തിരിമറി തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ഇതൊക്കെ ബിജെപി ഭരണം തുടങ്ങിയതു മുതൽ കോൺഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങളാണ്. പലതും അധികാരം ലഭിച്ചാൽ മാത്രം പരിഹരിക്കാവുന്ന കാര്യങ്ങളുമാണ്. ബിജെപിക്കെതിരേ സമ്മേളനം ചർച്ച ചെയ്ത സുപ്രധാന വിഷയം ന്യൂനപക്ഷവിരുദ്ധതയാണ്. ഇവിടെ ചിലതു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ന്യൂനപക്ഷത്തെ എല്ലാ വിഭാഗങ്ങളെയും ഹൈന്ദവ ഭൂരിപക്ഷത്തെയും അണിനിരത്തിയല്ലാതെ ഒരു മതേതര-ന്യൂനപക്ഷ സംരക്ഷണ പോരാട്ടവും സാധ്യമല്ലെന്ന അടിസ്ഥാനതത്വം കോൺഗ്രസ് കണക്കിലെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാവാം, ന്യൂനപക്ഷ സംരക്ഷണത്തെ വഖഫുമായി കൂട്ടിക്കെട്ടിയത്.
വഖഫിലെ ചില വകുപ്പുകൾ ഇതര പൗരന്മാരുടെ സമാധാനജീവിതത്തിനു ഭംഗം വരുത്തുന്നതാണെന്നും മുനന്പത്ത് ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ആ വകുപ്പുകളുടെ ഇരകളായി ഇന്ത്യയിലുണ്ടെന്നും കോൺഗ്രസ് അംഗീകരിക്കില്ല. ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും ക്രൈസ്തവരിലെയും വലിയൊരു വിഭാഗം ഉന്നയിക്കുന്ന 1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം പോലെയുള്ള വകുപ്പുകളെക്കുറിച്ച് പാർലമെന്റിലെന്നപോലെ എഐസിസിയിലും കോൺഗ്രസ് ഒരക്ഷരം ഉരിയാടിയിയില്ല. വഖഫ് അടിമുടി പരിപാവനമാണെന്നും ഒരു വകുപ്പുപോലും എതിർക്കപ്പെടേണ്ടതില്ലെന്നും ‘ഇന്ത്യ’ മുന്നണി വാദിക്കുന്പോൾ ബിജെപി അതിന്റെ ലക്ഷ്യത്തിലേക്ക് അനായാസ പ്രയാണം നടത്തുകയാണ്.
വഖഫ് നിയമത്തിലെ കൈയേറ്റ വകുപ്പുകളെക്കുറിച്ച്, തെരുവിലിറക്കിയ മനുഷ്യർ ചോദ്യം ചോദിക്കുന്പോൾ, അടുത്ത ലക്ഷ്യം ക്രൈസ്തവരുടെ ഭൂമിയാണെന്നല്ല പറയേണ്ടത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കാത്ത രാഷ്ട്രീയ പ്രമേയങ്ങൾ മതേതര ഇന്ത്യ സംശയത്തോടെ വീക്ഷിക്കുകയാണെന്ന് ഹൈക്കമാൻഡിനോടു പറഞ്ഞു മനസിലാക്കാൻ ആരുമില്ലെന്നത് കോൺഗ്രസിന്റെ ദൗർബല്യമാണ്. ആഗോള ഇസ്ലാമിക തീവ്രവാദം കൂടുതൽ രാജ്യങ്ങളിലേക്കു നുഴഞ്ഞുകയറുന്നതും സമാധാനത്തിനു ഭീഷണിയാകുന്നതും ലോകക്രമത്തെ മാറ്റിമറിക്കുന്നതും കോൺഗ്രസ് പാഠമാക്കുന്നില്ല. വർഗീയതയെ തൊട്ടാൽ മതത്തിനു പൊള്ളുമെന്ന ഭയത്തിലാവാം കോൺഗ്രസ്.
വഖഫ് വിഷയത്തിൽ കോൺഗ്രസ് അഭിസംബോധന ചെയ്തത് മുസ്ലിം സമുദായത്തിലെ മതമൗലികവാദികളോടു മാത്രമാണ്. ആ മതത്തിലെ മറ്റുള്ളവരെയും ഇതര മതസ്ഥരായ പൗരന്മാരെയും അതു ബിജെപി ബോധ്യപ്പെടുത്തുമെന്ന സാമാന്യബോധംപോലും ഈ രാഷ്ട്രീയ പാർട്ടിക്ക് ഇല്ലാതെപോയി. ന്യൂനപക്ഷങ്ങളുടെ ചെലവിൽ അതിലെ മതമൗലികവാദികൾക്കു കോൺഗ്രസ് ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കുകയാണ്. ഇതാണോ വർഗീയവിരുദ്ധത? ഇതാണോ ന്യൂനപക്ഷ സംരക്ഷണം? ഇതിനാണോ ഗാന്ധിജിയെയും പട്ടേലിനെയും നെഹ്റുവിനെയും കൂട്ടുപിടിക്കുന്നത്? ചോദ്യങ്ങൾ സബർമതിയുടെ പടവുകളിൽ ഇരിപ്പാണ്.