മോർച്ചറിയിലുള്ളതു സംസ്കരിക്കുക
Sunday, April 20, 2025 12:00 AM IST
ക്രിസ്തുവാണ് ഉയിർത്തെഴുന്നേറ്റത്, നോന്പുകാലത്ത് മോർച്ചറിയിൽ വച്ചിരുന്ന തിന്മകളല്ല.
ക്രിസ്തുവാണ് ഉയിർത്തെഴുന്നേറ്റത്, നോന്പുകാലത്ത് മോർച്ചറിയിൽ വച്ചിരുന്ന തിന്മകളല്ല. ഇന്ന് ആഘോഷത്തിന്റെ പകലൊടുങ്ങുന്നത് പുനരുജ്ജീവിപ്പിച്ച വൈറസുകൾക്കു സ്വീകരണമൊരുക്കിയല്ല, സംസ്കരിച്ചുകൊണ്ടാകണം. അവ തന്നുകൊണ്ടിരുന്ന തൃപ്തികൾക്കു പകരമാകാൻ ഉയിർപ്പുതിരുനാളിന്റെ ആനന്ദത്തിനു കഴിയട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യരെ ആണിപ്പഴുതുകൾ കാണിച്ചത്, ഓർമകളുണ്ടായിരിക്കണമെന്നു പറയാനാണ്.
ഉപയോഗിക്കാനാകാതെപോയ കുറെ സുഗന്ധദ്രവ്യങ്ങളുടെ പൊതികളുമായി നിൽക്കുന്ന സ്ത്രീകളാണ് ഉയിർപ്പ് ഞായറാഴ്ചയിലെ ആദ്യ കാഴ്ച. അവരാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റ വിവരം ആദ്യമായറിഞ്ഞത്. അവർ പറഞ്ഞത് ചിലരൊക്കെ വിശ്വസിച്ചു, ചിലർ ചിരിച്ചുതള്ളി. ക്രിസ്തു ഉയിർത്തെഴുന്നേറ്റ സംഭവം ക്രിസ്തുവിനെത്തന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നവരുടെ വിവരണമാണ് ഏറ്റവും കൗതുകകരം.
ജറൂസലെമിൽനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള എമ്മാവൂസിലേക്കുള്ള യാത്രയിലായിരുന്നു രണ്ടു പേർ. നടക്കുന്നതിനിടെ വെള്ളിയാഴ്ചത്തെ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു. അപ്പോഴാണ് അപരിചിതനെന്നു തോന്നിക്കുന്ന ഒരാൾ അവർക്കൊപ്പം കൂടിയത്. എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അയാൾ ചോദിച്ചു. അവർ മറുപടിയായി ചോദിച്ചത്, ഈ ദിവസങ്ങളില്‍ ജറൂസലെമില്‍ നടന്നതൊന്നും അറിയാത്ത ആളാണോ നീ എന്നാണ്. പിന്നെ കഥ പറഞ്ഞു.
പുരോഹിതപ്രമുഖന്മാരും നേതാക്കളും ക്രിസ്തുവിനെ മരണവിധിക്ക് ഏല്‍പ്പിച്ചുകൊടുക്കുകയും ക്രൂശിക്കുകയും ചെയ്തു. ഇസ്രയേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാം കഴിഞ്ഞിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഇന്നു രാവിലെ കല്ലറയിൽ പോയെങ്കിലും അവന്റെ ശരീരം അവിടെ കണ്ടില്ല. തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന് ജീവിച്ചിരിക്കുന്നുവെന്നുമാണ് സ്ത്രീകൾ പറഞ്ഞത്.
അപ്പോള്‍ അവന് അവരോടു പറഞ്ഞു: “ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കുമെന്ന് അറിയില്ലായിരുന്നോ?” എന്നിട്ട് അവൻ വിശുദ്ധലിഖിതങ്ങൾ വിവരിച്ചുകൊടുത്തു. അവരുടെ നിർബന്ധത്തിനു വഴങ്ങി ആ രാത്രിയിൽ അവരോടൊപ്പം കഴിയാൻ സമ്മതിച്ച അപരിചിതൻ അത്താഴത്തിനിരുന്നപ്പോള്‍ അപ്പം എടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്കു കൊടുത്തു. ആ നിമിഷം അവര്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. പക്ഷെ, അവന് അപ്രത്യക്ഷനായി.
ആ നിമിഷം, ഉയിർത്തെഴുന്നേറ്റ ക്രിസ്തു അവരിൽ ഒരു യാഥാർഥ്യമായി. അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച് അവന് വിശുദ്ധലിഖിതം വിശദീകരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? കാര്യങ്ങൾ മാറിമറിഞ്ഞു. ക്ഷീണിതരും ദുഃഖിതരുമായിരുന്ന അവര്‍ ആ രാത്രിയിൽതന്നെ എഴുന്നേറ്റ് ജറൂസലെമിലേക്കു തിരിച്ചുപോയി കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു: “കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു.” അവരുടെ ജീവിതം അവിടെ പുതുക്കപ്പെട്ടു.
ഇന്ന് ഉയിർപ്പുതിരുന്നാളിനുശേഷം പള്ളിയിൽനിന്നിറങ്ങിയവരുടെ ഹൃദയം, ക്രിസ്തുവിന്റെ സാന്നിധ്യംകൊണ്ട് ജ്വലിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഈ ദിവസത്തിന്റെ പ്രസക്തി. ആംഗ്ലിക്കൻ ബിഷപ്പും ബൈബിൾ പണ്ഡിതനുമായ എൻ.ടി. റൈറ്റ് പറയുന്നതുപോലെ, ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിലൂടെ ദൈവം ഭൂമിയിൽത്തന്നെ സ്വർഗത്തിന്റെ ഒരു കോളനി തുടങ്ങിയിരിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞത്, “നമ്മൾ, ഉത്ഥാനത്തിന്റെ ജനതയാണ്, ഹാലേലുയ ആണ് നമ്മുടെ പാട്ട്” എന്നാണ്.
ആണിപ്പഴുതുകൾ കാണിച്ചും അപ്പം വാഴ്ത്തിക്കൊടുത്തുമൊക്കെ ക്രിസ്തു ഓർമിപ്പിച്ചത്, നിങ്ങൾ ഇനിമേൽ ഉത്ഥാനത്തിന്റെ ജനതയാണ് എന്നാണ്. ഓർമകളുണ്ടായിരിക്കണം, ക്രിസ്തുവാണ് ഉയിർത്തെഴുന്നേറ്റത്, നോന്പുകാലത്ത് മോർച്ചറിയിൽ വച്ചിരുന്ന തിന്മകളല്ല. ഒപ്പമുള്ളവർ തിരിച്ചറിയട്ടെ, പഴയ കല്ലറയിൽ നമ്മെ കാണുന്നില്ലെന്ന്. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകൾ!