വണ്ണപ്പുറത്തെ ഭരണകൂട ഭീകരത
Friday, April 25, 2025 12:00 AM IST
ഇടുക്കിയിലെ വണ്ണപ്പുറത്ത് വനംവകുപ്പ് നടത്തുന്നത് കടന്നാക്രമണമാണ്. സർക്കാർ എവിടെയാണ്?
ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ 4005 ഏക്കർ ജനവാസഭൂമിയത്രയും വനഭൂമിയാണെന്ന് ഒരു വില്ലേജ് ഓഫീസർ വനംവകുപ്പിനു റിപ്പോർട്ട് കൊടുത്തിരിക്കുന്നു. തൊമ്മൻകുത്തിൽ കുരിശ് തകർത്ത് നുഴഞ്ഞുകയറിയ വനംവകുപ്പ്, പ്രദേശത്താകെ അഴിഞ്ഞാടുകയാണ്. അതിനെ സഹായിക്കാൻ റവന്യു വകുപ്പും കൂടെ കൂടിയിരിക്കുന്നു. സത്യത്തിൽ ഇവിടെയൊരു സർക്കാർ ഉണ്ടോ? പട്ടയമോ കൈവശാവകാശമോ ഉള്ള ഭൂമിയിലെ മനുഷ്യരാണ് ഇങ്ങനെ ആധിപിടിച്ചു നടക്കുന്നത്. എന്തെങ്കിലുമൊന്ന് വായ തുറന്നു പറയൂ.
കേരളത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കുടിയേറ്റ കർഷകരെ കൊല്ലാക്കൊല ചെയ്യുകയാണ്. വണ്ണപ്പുറത്ത്, പട്ടയം ഉള്ളതുൾപ്പെടെ 4005 ഏക്കർ വനഭൂമിയാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അതീവ ഗുരുതരമാണ്. തൊമ്മൻകുത്തിൽ രണ്ടാഴ്ച മുന്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ തകർത്ത കുരിശ് സ്ഥാപിച്ചിരുന്ന സ്ഥലമടക്കമുള്ള കൈവശാവകാശ-പട്ടയ ഭൂമിയൊക്കെ ഇതിലുണ്ട്.
വനം-റവന്യു സംയുക്ത പരിശോധനയിൽ ഉൾപ്പെടാത്ത തൊടുപുഴ റിസർവിലെ ഭൂമിയാണെന്നാണ്, ആടിനെ പട്ടിയാക്കാൻ വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് പറയുന്ന തൊടുപുഴ റിസർവിന്റെ കാര്യം ആദ്യമെടുക്കാം. ഇതു വിജ്ഞാപനം ചെയ്തത് 1902ലാണ്. ഇതേ ഭൂമിയിലാണ് പിന്നീട് സർക്കാർ വിവിധ പദ്ധതികളിലായി ജനങ്ങളെ കുടിയേറാൻ അനുവദിച്ചത്. 1977 ജനുവരി ഒന്നിനു മുന്പ് വനഭൂമിയിൽ കുടിയേറിയവർക്ക് പട്ടയം നൽകുമെന്ന നിയമവും വന്നു. ഈ യാഥാർഥ്യങ്ങൾ നിലനിൽക്കെയാണ്, 123 വർഷം പഴക്കമുള്ള 1902ലെ പഴയ വിജ്ഞാപം പൊടിതട്ടിയെടുത്ത് വനംവകുപ്പ് തെറ്റിദ്ധരിപ്പിക്കുന്നത്.
സംയുക്ത പരിശോധനയുടെ കാര്യമെടുത്താൽ അടുത്ത നാടകവും പൊളിയും. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ 2016 ജനുവരി ഒന്നിന് ചേർന്ന ഉന്നതതല യോഗത്തിന്റെ മിനിറ്റ്സിൽ ഇടുക്കി, തൊടുപുഴ താലൂക്ക് പരിധിയിലുള്ള ഏതാനും വില്ലേജുകളിൽ 1977 ജനുവരി ഒന്നിനു മുന്പുള്ള ചില കൈവശങ്ങൾ റവന്യു-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിൽനിന്ന് ഒഴിവായിപ്പോയതായി പറയുന്നുണ്ട്. അതുകൊണ്ട്, ഇവിടെ സംയുക്ത പരിശോധന നടത്താൻ ആ യോഗത്തിൽതന്നെ തീരുമാനമെടുക്കുകയും ചെയ്തു. മാസങ്ങൾക്കകം പിണറായി സർക്കാർ അധികാരത്തിലെത്തി. പിന്നീട് പരിശോധന നടന്നില്ല.
അതുകൊണ്ടാണ് റവന്യു വകുപ്പിന്റെ ബിടിആറിൽ (ബേസിക് ടാക്സ് രജിസ്റ്റർ) ഇപ്പോഴും ഈ പ്രദേശമൊന്നാകെ വനഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ചതിനാൽ റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന 2025 ഏപ്രിലിൽ തുടങ്ങാൻ റവന്യു, വനം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് മാർച്ച് 25ന് ഈ സർക്കാർ ഉത്തരവിറക്കിയിട്ടുമുണ്ട്. ആ സംയുക്ത പരിശോധന നടത്താനിരിക്കെയാണ് വനംവകുപ്പ് കുരിശ് തകർത്തതും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനിൽനിന്ന് ഇപ്പോൾ പ്രസക്തമല്ലാത്ത 1902ലെ രേഖകളുടെ മറവിൽ റിപ്പോർട്ട് ഒപ്പിച്ചെടുത്തതും.
വനം-റവന്യു വകുപ്പുകൾ കാളിയാർ റേഞ്ച് ഓഫീസിലെ ലഭ്യമായ സംയുക്ത പരിശോധനാ പട്ടികയ്ക്ക് അംഗീകാരം നൽകിയത് 1983 ഒക്ടോബർ 31നാണ്. ഇതിന് 50 വർഷം മുന്പ് (1930നു മുന്പ്) തയാറാക്കിയ വില്ലേജ് രേഖകൾ പ്രകാരമാണ് ഇപ്പോൾ 4005 ഏക്കർ ഭൂമി വനമാണെന്ന റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സംയുക്ത പരിശോധനയിലെ അപാകതകൾ പരിഹരിച്ച് അർഹരായവർക്കെല്ലാം പട്ടയം നൽകണമെന്ന് ഇന്നലെ കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം കുരിശ് തകർത്തത്, കാളിയാർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ്. പക്ഷേ, ഇതു പഴയ പദ്ധതിയുടെ ഭാഗമാണ്. 2023 ഓഗസ്റ്റിൽ ഇതേ ഓഫീസിൽനിന്നു കർഷകർക്കു കുടിയിറക്കു നോട്ടീസ് അയച്ചിരുന്നു. ഇവിടത്തെ വനം ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാതെ മരം മുറിച്ചു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്ന ജനങ്ങളുടെ ആരോപണം കഴിഞ്ഞദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വനമാണെന്നു പറഞ്ഞ് തൊഴിലുറപ്പ് പദ്ധതികൾക്കുപോലും വിലക്കേർപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം. ഇതൊക്കെ ചേർത്തുവായിക്കേണ്ടതാണ്. ജണ്ടയ്ക്കു പുറത്തുള്ള കൈവശഭൂമിക്കു പട്ടയം നൽകാൻ വ്യവസ്ഥയുണ്ടായിരിക്കെ വളഞ്ഞ വഴിയിലൂടെ ജനത്തെ ആട്ടിപ്പായിക്കാനുള്ള ഏതാനും ഉദ്യോഗസ്ഥരുടെ ശ്രമമൊന്നും നടക്കാൻ പോകുന്നില്ല. ആറര പതിറ്റാണ്ടായി ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ വനഭൂമിയാണെന്ന കള്ളറിപ്പോർട്ട് ഏതു വിവരദോഷി നൽകിയാലും ജനങ്ങളെ ഒഴിപ്പിക്കാനാവില്ലെന്ന് സർക്കാരിനുമറിയാം. എന്നിട്ടും എന്തിനാണ് പ്രശ്നം വഷളാകുവോളം പ്രതികരിക്കാതിരിക്കുന്നതെന്നു മനസിലാകുന്നില്ല.
വനം-റവന്യു ഉദ്യോഗസ്ഥരെപ്പോലെ ജോലി ചെയ്താലും ഇല്ലെങ്കിലും വരുമാനമുറപ്പിക്കുന്ന വ്യവസ്ഥകളൊന്നും കർഷകരുടെ ജീവിതത്തിലില്ല. അവരുടെ അധ്വാനിക്കേണ്ട സമയം വന്യജീവി പ്രതിരോധത്തിനും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം ചെറുക്കാനും നിയമവ്യവഹാരങ്ങൾക്കുമായി ചെലവഴിക്കേണ്ടി വരരുത്. ഇവിടെയൊരു സർക്കാർ ഉണ്ടെന്നു ജനങ്ങൾക്ക് തോന്നണമെങ്കിൽ അവരുടെ നീറുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം. അതില്ലാതെ വരുന്പോഴാണ് കോടികൾ മുടക്കി വർഷാവർഷം പ്രതിച്ഛായ മാമാങ്കം നടത്തേണ്ടിവരുന്നത്.