പാടത്തു വിളയട്ടെ, കാർഷിക അഭിവൃദ്ധി
Monday, December 2, 2024 12:00 AM IST
ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച പണംകൊണ്ട് കാർഷിക അഭിവൃദ്ധി ഫണ്ട് സ്ഥാപിച്ചു. പക്ഷേ, കൃഷി അഭിവൃദ്ധിപ്പെട്ടില്ലെന്നു മാത്രമല്ല, ആ പണം മര്യാദയ്ക്ക് ഉപയോഗിക്കാൻ കോടതിയുടെ ഇടപെടലും വേണ്ടിവന്നിരിക്കുന്നു.
കർഷകരോടും കാർഷികമേഖലയോടുമുള്ള ഈ സർക്കാരിന്റെ കരുതൽ, പ്രസംഗങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങുന്നതാണ് അനുഭവം. കാർഷികോത്പന്നങ്ങളുടെ അപര്യാപ്തമായ വിലയിലും സംഭരണവില യഥാസമയം നൽകാത്തതിലും വന്യജീവി ആക്രമണം നിയന്ത്രിക്കാനാവാത്തതിലുമൊക്കെ അതു പ്രകടമായിരുന്നു. ഇപ്പോൾ, ഭൂമി തരംമാറ്റ ഇനത്തിൽ സർക്കാരിന് ലഭിച്ച 1,500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിടേണ്ടിവന്നതും സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയുടെ പരിണതഫലമാണ്.
1970കളിൽ എട്ടുലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി രണ്ടുലക്ഷം ഹെക്ടറായി ചുരുങ്ങിയെന്നുകൂടി കോടതിക്കു മുന്നറിയിപ്പ് നൽകേണ്ടിവന്നു. ഇപ്പോൾതന്നെ അരിയാഹാരത്തിന് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളിയുടെ സന്പൂർണ പരാശ്രയത്വം അകലെയല്ല. നെൽകൃഷിയുടെ ആസന്നമരണത്തെക്കുറിച്ച് കർഷകർക്കും സംഘടനകൾക്കും മാധ്യമങ്ങൾക്കുമൊപ്പം കോടതിക്കും സർക്കാരിനെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു.
ഭൂമി തരംമാറ്റത്തിലൂടെ സര്‍ക്കാരിന് ഫീസായി കിട്ടിയ 1,510 കോടി രൂപ പൂര്‍ണമായും നെല്‍കൃഷി സംരക്ഷണത്തിനായുള്ള കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയുത്തരവ്. നാല് മാസത്തിനകം 25 ശതമാനം തുകയും ബാക്കി 75 ശതമാനം ഒരു വര്‍ഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം. ഡിസംബര്‍ ഒന്നു മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും കോടതിക്കു കർശന നിലപാട് സ്വീകരിക്കേണ്ടിവന്നു. പണം ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കുന്നത് എന്ന കാര്യം രണ്ടു മാസത്തിനകം തീരുമാനിച്ച് റവന്യുവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.
കാര്‍ഷികാഭിവൃദ്ധി ഫണ്ട് വര്‍ഷംതോറും ഓഡിറ്റ് ചെയ്ത് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കാർഷികമേഖലയോട് എന്തെങ്കിലും ഉത്തരവാദിത്വമോ സാന്പത്തിക അച്ചടക്കമോ ഉള്ള ഒരു സർക്കാരിനും കേൾക്കേണ്ടി വരില്ലാത്ത ഉത്തരവ്! തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദനാണ് ഹര്ജിക്കാരൻ. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് കാര്‍ഷികാഭിവൃദ്ധി ഫണ്ട് വേണമെന്നുണ്ട്. വയലുകളുടെ സംരക്ഷണത്തിനും നികത്തിയ വയലുകൾ കൃഷിയോഗ്യമാക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കണമെന്നാണ് ചട്ടമെങ്കിലും നെല്‍കൃഷി പ്രോത്സാഹനത്തിനായി തുക അനുവദിക്കുന്നില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 18 വരെ ഭൂമി തരംമാറ്റം വഴി ലഭിച്ച 1,510 കോടി രൂപയിൽ കാര്‍ഷികാഭിവൃദ്ധിക്കായി ആറുലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. അതേസമയം, വാഹനങ്ങൾ വാടകയ്ക്കെടുക്കാനും കംപ്യൂട്ടറുകൾ വാങ്ങാനും 35 ലക്ഷം രൂപ ചെലവിട്ടു. ഈ രീതിയിൽ പോയാൽ നെൽകൃഷിക്കോ കർഷകർക്കോ ഒരു പ്രയോജനവും ഉണ്ടാകില്ല. ഫണ്ടിന്റെ ദുരുപയോഗം മാത്രമല്ല, ഭൂമി തരംമാറ്റത്തിലെ അഴിമതിയുടെ ഉത്തരവാദിത്വവും സർക്കാരിനാണ്. സ്വകാര്യ ഏജന്‍സികളും റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരംമാറ്റത്തിന് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ മേയിൽ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യു ഡിവിഷണല്‍ ഓഫീസുകളിൽ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. കേരളത്തിലെ നെൽകൃഷിയെക്കുറിച്ച് എന്തെങ്കിലും ഉത്തരവാദിത്വം അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ തിരുത്തണം. സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്കു യഥാസമയം നൽകേണ്ട സർക്കാർ അതിനു പകരം ആ തുക സിവിൽ സപ്ലൈസ് കോർപറേഷൻ വഴി വായ്പയായി നൽകി കർഷകരെ കടക്കെണിയിലാക്കുന്നത് ഏറെ നാളായി വിവാദമാണ്. ഹൈക്കോടതി അക്കാര്യവും പരാമർശിച്ചു.
നെല്ല്, റബർ, തെങ്ങ്, ഏലം, കുരുമുളക്... എന്തുമാകട്ടെ, കൃഷി ചെയ്യാനല്ല, കർഷകർക്കു സമയം കൂടുതലും വേണ്ടത് അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടാൻ സർക്കാരിൽ സമ്മർദം ചെലുത്തേണ്ടതിനാണ്. സ്വന്തം കർഷകരെ ഇത്ര അവഗണിക്കുന്ന സർക്കാർ ഉത്തരേന്ത്യയിലെ കർഷകരെക്കുറിച്ചു ഖേദിക്കുന്നത് രാഷ്ട്രീയ കാപട്യമാണ്. കർഷക ദ്രോഹത്തിൽ കേന്ദ്രസർക്കാരാണോ കേരളസർക്കാരാണോ മുന്നിൽ എന്നതിലേ തർക്കമുള്ളൂ.
ഹൈക്കോടതി ഇടപെട്ടത് നെൽകൃഷിയുടെ കാര്യത്തിലാണ്. ഇതിലും ദയനീയമാണ് മറ്റു കൃഷികളുടെ സ്ഥിതി. രാജ്യത്തെ കാർഷികമേഖലയ്ക്കു മാതൃകയാകാൻ തക്ക ഒരു നേട്ടവും കേരളത്തിലെ കർഷകർക്കു ബോധ്യപ്പെട്ടിട്ടില്ല. കാർഷിക അഭിവൃദ്ധി ഫണ്ടിൽ കാണേണ്ട 1,510 കോടി രൂപയും വരാനിരിക്കുന്ന കോടികളും ചെലവഴിച്ച് നെൽകൃഷിയിലെങ്കിലും മാറ്റമുണ്ടാക്കിയാൽ അത്രയും നല്ലത്. കാർഷിക അഭിവൃദ്ധി ഫണ്ടുകളിലല്ല, വയലുകളിൽ കാണണം.