മാധ്യമസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വ ശോഭയും
Saturday, November 9, 2024 12:00 AM IST
മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തിന്റെ പുതുയുഗം തുറക്കാനുള്ള കോടതിയുടെ ആഹ്വാനം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരറിയാനും
ഒപ്പം, നിർഭയ മാധ്യമപ്രവർത്തനത്തിനും വിളംബരമാകട്ടെ.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ ഭരണഘടനാദത്തമായ അവകാശം നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറഞ്ഞിരിക്കുന്നു. സ്വയം നിയന്ത്രിച്ചുകൊള്ളാൻ മാധ്യമങ്ങളോടും പറഞ്ഞിരിക്കുന്നു. ഒരുവശത്ത് അഭിപ്രായസ്വാതന്ത്ര്യത്തോട്, ഏകാധിപത്യ പ്രവണതയുള്ള അധികാരികൾക്കും സങ്കുചിത താത്പര്യങ്ങളുള്ള സംഘടിത സംവിധാനങ്ങൾക്കും പിന്തിരിപ്പൻ ചിന്താഗതിയുള്ള വ്യക്തികൾക്കുമുള്ള അസഹിഷ്ണുത തീവ്രവും ഹിംസാത്മകവുമായിരിക്കുന്നു.
മറുവശത്ത്, മാധ്യമങ്ങളിൽ മത്സരോന്മുഖ നിലവാരത്തകർച്ചയും പക്ഷപാതപരമായ ചർച്ചകളും കുറ്റാരോപിതരോടുള്ള മുൻവിധികളും പ്രത്യക്ഷപ്പെടുകയും അത് അവകാശമായി തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഈ വിധി രാജ്യത്തെ ഒന്നാകെ അഭിസംബോധന ചെയ്യുന്നതാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം, ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യമാകയാൽ ഈ വിധി മാധ്യമങ്ങൾക്കുവേണ്ടി മാത്രമല്ലെന്ന് മാധ്യമങ്ങളും ഭരണകൂടവും പൊതുജനവും തിരിച്ചറിയണം.
ക്രിമിനല്‍ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ ഡിജോ കാപ്പൻ നൽകിയ ഹർജി, ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കു പിന്നാലെ 2016ൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി, കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ‘പബ്ലിക് ഐ’ ട്രസ്റ്റ് സമർപ്പിച്ച ഹര്‍ജി എന്നിവയിലാണ് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറഞ്ഞത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ ലോകപട്ടികയിൽ ഈ രാജ്യം തുടർച്ചയായി തലകുനിച്ചു നിൽക്കുന്പോഴാണ് ഈ കോടതിവിധി.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പുറത്തിറക്കിയ ലോക മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടിൽ നാം 180ൽ 159-ാമതായിരുന്നു. അപമാനഭാരത്തിന്റെ ഈ നമ്രശിരസ് ഒരു കോടതിവിധികൊണ്ട് ഭയരഹിതമായ സ്വാതന്ത്ര്യത്തിലേക്ക് ഉയരുമോയെന്ന് ഉറപ്പില്ല. പക്ഷേ, അതിനുള്ള അവസരം നൽകിയിരിക്കുന്നു. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സല്‍കീര്‍ത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തില്‍ മാത്രമേ മാധ്യമങ്ങളുടെ ഭരണഘടനാദത്തമായ അവകാശം നിയന്ത്രിക്കാനാകൂ.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൽ മാധ്യമസ്വാതന്ത്ര്യവുമുണ്ട്. 19(2)ൽ യുക്തിസഹമായ നിയന്ത്രണവുമുണ്ട്. മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മറ്റ് മൗലികാവകാശങ്ങളും അന്തർലീനമായ മൂല്യങ്ങളുമൊക്കെ ആവശ്യമായ നിയന്ത്രണം മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്നുണ്ട്. അതിലേറെ നിയന്ത്രണം സാധ്യമല്ലെന്ന് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, മാധ്യമസ്വാതന്ത്ര്യം അതിർത്തികളില്ലാത്തതല്ലെന്നും കോടതി ഓർമിപ്പിച്ചു. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്പോൾ, പ്രതിയാക്കപ്പെട്ടവര്‍ കുറ്റക്കാരെന്നോ നിരപരാധിയെന്നോ ഉള്ള നിലയില്‍ പ്രഖ്യാപിച്ചാൽ അത്തരം റിപ്പോര്‍ട്ടിംഗിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടാകില്ല. കുറ്റക്കാരെന്നോ നിരപരാധിയെന്നോ വിധിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്.
ഏതെങ്കിലും വ്യക്തിയുടെ ഭരണഘടന പ്രകാരമുള്ള അന്തസും സത്കീർത്തിയും മാധ്യമങ്ങൾ മൂലം നിഷേധിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു. അധികാരത്തിന് വിമർശനത്തെ അടിച്ചമർത്താനുള്ള പ്രവണതയുള്ളതുകൊണ്ടാണ് ജനാധിപത്യത്തിൽപോലും അഭിപ്രായസ്വാതന്ത്ര്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തേണ്ടിവരുന്നത്. നമ്മുടെ ഭരണഘടനയിലും അതില്ലായിരുന്നെങ്കിൽ വ്യാഴാഴ്ചത്തെ വിധി പുറപ്പെടുവിക്കാൻ ഹൈക്കോടതിക്കു കഴിയുമായിരുന്നില്ല.
അമേരിക്കൻ മാധ്യമപ്രവർത്തകനായ വാൾട്ടർ ക്രോൺകൈറ്റ് പറയുന്നത്, മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമല്ല, ജനാധിപത്യംതന്നെയാണ് എന്നാണ്. അധികാരസ്രോതസിൽനിന്നു മാധ്യമസ്വാതന്ത്ര്യനിഷേധം തനിച്ചല്ല വരുന്നത്. പ്രതിപക്ഷം, വിമർശിക്കുന്ന വ്യക്തികൾ, പ്രസ്ഥാനങ്ങൾ, പുസ്തകങ്ങൾ, പ്രസംഗങ്ങൾ എന്നിവയ്ക്കൊപ്പം അതു മാധ്യമങ്ങളെയും അടിച്ചമർത്തുന്നു എന്നേയുള്ളൂ.
മാധ്യമങ്ങളെ മാത്രമായി ഒരു ഏകാധിപതിയും വേട്ടയാടാറില്ല. അത്തരം ആപത്തുകൾ തിരിച്ചറിയുന്നതുകൊണ്ടാവാം, അഭിപ്രായസ്വാതന്ത്ര്യവും അതിരുകടന്ന മാധ്യമവിചാരണകളും നേർക്കുനേർ വരുന്പോൾപോലും കോടതി അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ മുതിരാത്തത്. മാധ്യമസ്വാതന്ത്ര്യത്തിനു നിയന്ത്രണമേർപ്പെടുത്തുകയോ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയോ വേണമെന്ന ആവശ്യം ഉയർന്നതുതന്നെ കുറ്റാരോപിതരെ കുറ്റക്കാരായിത്തന്നെ കണക്കാക്കാൻ സമൂഹത്തെ ഒരുക്കുന്ന റിപ്പോർട്ടുകളും ചാനൽ ചർച്ചകളും വ്യാപകമായതോടെയാണ്.
പകലന്തിയോളമുള്ള ആ മസ്തിഷ്കപ്രക്ഷാളനങ്ങൾ, കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടവരെപ്പോലും നിരപരാധിയെന്ന് അംഗീകരിക്കാനാവാത്ത രോഗാതുരമായ പൊതുബോധസൃഷ്ടിക്കു കേരളത്തിൽ വഴിതെളിച്ചു. ലൈംഗികതയുടെ ഉള്ളടക്കമുള്ള കേസുകൾ ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്ത രീതിയും കുറ്റാരോപിതരോട് പകയുള്ളവരെ ഇരുത്തി ചാനൽ ചർച്ചകളിൽ നടത്തിയ വ്യക്തിഹത്യകളുമൊക്കെ മലയാള മാധ്യമചരിത്രത്തിലെ തീരാക്കളങ്കമാണ്.
മാധ്യമ ധാർമികതയുടെ എബിസിഡി പോലുമറിയാത്ത അവരിൽ ചിലർ പുത്തൻ അവതാരമെടുത്തിട്ടുണ്ടെങ്കിലും വേട്ടയാടൽ അവസാനിപ്പിക്കുമോയെന്നറിയില്ല. മറ്റൊന്നുള്ളത്, എഡിറ്റിംഗ് ഇല്ലാത്ത സമൂഹമാധ്യമ വൈകൃതങ്ങളും അവയോടനുബന്ധിച്ചുള്ള പ്രതികരണങ്ങളുമാണ്. വിവരസാങ്കേതികവിദ്യയുടെ ഈ ദുരുപയോഗക്കാർ അഭിപ്രായസ്വാതന്ത്ര്യത്തെ മലിനമായൊരു സംസ്കാരത്തിനുള്ള അനുമതിപത്രമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം ഇവയും സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഹൈക്കോടതി വിധിയിൽ അടങ്ങിയിട്ടുണ്ടെന്ന് ആരെങ്കിലുമൊക്കെ അവരോടു പറഞ്ഞുകൊടുക്കണം.
എല്ലാ മനുഷ്യരുടെയും അവകാശങ്ങൾക്ക് അവനവന്റേതിന് എന്നതുപോലെ വില കൽപ്പിക്കുകയാണ് പ്രധാനം. പക്വതയില്ലാത്ത മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും സഹപ്രവർത്തകരും മുൻകൈയെടുക്കണം. നാം മുറിവേൽപ്പിക്കുന്നവർ നമ്മുടെ വീട്ടിലുള്ളവരായിരുന്നെങ്കിൽ എന്ന് ആലോചിക്കുന്നത് അതിവേഗമുള്ള തിരുത്തലിനു പ്രേരണ നൽകും. വിവരസാങ്കേതികവിദ്യയുടെ കാലത്ത് അഭിപ്രായസ്വാതന്ത്ര്യം ഏതുവിധമാകണം എന്നത് പാഠ്യപദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്തണം.
സ്ഥിരമായി അക്രമോത്സുകവും അശ്ലീലാധിഷ്ഠിതവുമായി പ്രതികരിക്കുന്നവരെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതെ കുറ്റവാളികളായി കണക്കാക്കി സൈബർ സെല്ലുകൾ കൈകാര്യം ചെയ്യണം. എല്ലാറ്റിലുമുപരി ആത്മനിയന്ത്രണമില്ലായ്മയും തൊഴിൽ ദുർവിനിയോഗവും സൃഷ്ടിക്കുന്ന വിള്ളലുകളിലൂടെ കടന്നുകയറാൻ കാത്തിരിക്കുന്ന അധികാരത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ജാഗ്രതയും മാധ്യമപ്രവർത്തകർക്കു വേണം.
അതേക്കുറിച്ച് കോടതിക്കുള്ള ബോധ്യങ്ങൾ ഈ വിധിയിൽ പരോക്ഷമായെങ്കിലും നിഴലിക്കുന്നുണ്ട്. ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തിന്റെ പുതുയുഗം തുറക്കാനുള്ള കോടതിയുടെ ആഹ്വാനം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരറിയാനും ഒപ്പം, നിർഭയ മാധ്യമപ്രവർത്തനത്തിനും വിളംബരമാകട്ടെ.