മെസി വരട്ടെ, മാറ്റമുണ്ടാകട്ടെ
Friday, November 22, 2024 12:00 AM IST
മെസി വരട്ടെ; സ്വന്തം നാട്ടിൽ കായികരംഗത്തിന്റെ കുതികാൽ വെട്ടിയ അധികാരികൾക്കു ലോകവീക്ഷണമുണ്ടാകട്ടെ.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനം കായികപ്രേമികൾക്ക് ആവേശകരമാണ്. പക്ഷേ, കായികതാരങ്ങളുടെ കാര്യം അങ്ങനെയല്ല, അവർക്ക് ആവേശത്തിന് ഇപ്പോഴും കുറവൊന്നുമില്ല; അവയെ നേട്ടങ്ങളാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നേയുള്ളൂ.
മെസിയെ നാട്ടിലെത്തിക്കാൻ വിയർപ്പൊഴുക്കിയെന്നും അതിനായി 100 കോടി മുടക്കുമെന്നും അവകാശപ്പെടുന്നവർ, നമ്മുടെ കായികപ്രതിഭകൾക്കു നല്ലൊരു സ്റ്റേഡിയമോ സ്പോർട്സ് ഹോസ്റ്റലുകളിൽ നല്ല ഭക്ഷണമോപോലും കൊടുക്കാത്തവരാണ്. മെസി വരട്ടെ, ഇവിടെയൊരു സർക്കാരും കായികവകുപ്പും ഉണ്ടെന്നെങ്കിലും രാജ്യമറിയട്ടെ.
മെസി ഉൾപ്പെടെയുള്ള അർജന്റൈൻ ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദമത്സരത്തിനെത്തുമെന്നറിയിച്ചത് കായികമന്ത്രി വി. അബ്ദുറഹ്മാനാണ്. 2025 ഒക്ടോബറിൽ അർജന്റീന രണ്ടു പ്രദർശന മത്സരങ്ങൾ കളിക്കുമെന്നും കൊച്ചിയാണ് പ്രഥമ പരിഗണനയിലുള്ളതെന്നുമാണ് അറിയുന്നത്. ജപ്പാനോ ഖത്തറോ ആയിരിക്കാം അർജന്റീനയെ നേരിടുന്നത്.
താമസിയാതെ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കേരള കായികരംഗത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്പോർട്സ് ഇക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണത്രേ അർജന്റൈൻ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മെസിയെത്തിയാൽ തീരുന്നതാണോ കായികകേരളത്തിന്റെ തളർവാതം എന്ന ചോദ്യത്തിന് ഉത്തരമില്ല. മെസിയെ വരുത്തുന്നതിന്റെ ചെലവ് 100 കോടിക്കു മുകളിലായാലും ടിക്കറ്റിലും സ്പോൺസർഷിപ്പിലും പരസ്യത്തിലുമൊക്കെയായി അതിലേറെ തിരിച്ചുകിട്ടുമെന്നതിൽ സംശയമില്ല. മിച്ചമെന്തെങ്കിലുമുണ്ടെങ്കിൽ നമ്മുടെ കായികരംഗത്ത് ചെലവഴിക്കാൻ സർക്കാരിനു സത്ബുദ്ധിയുണ്ടാകണം. അല്ലെങ്കിൽ ഇതൊരു മെഗാഷോയിലൊതുങ്ങും.
മെസി എത്തുന്പോൾ എന്താണ് ഇവിടത്തെ കായികരംഗത്തിന്റെ അവസ്ഥ? കായികതാരങ്ങളുടെ കണ്ണീർ വീഴാത്ത കളിക്കളങ്ങളോ പരിശീലനകേന്ദ്രങ്ങളോ, നേരേചൊവ്വേ ഭക്ഷണമെങ്കിലും കൊടുക്കുന്ന സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളോ നമുക്കില്ല. ഹോസ്റ്റൽ ജീവനക്കാർക്കും പരിശീലകർക്കും ശന്പളം കിട്ടിയിട്ടു നാലു മാസമായി. ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നവർ കടം കയറിയതിനാൽ പിൻവാങ്ങി.
ചിലയിടങ്ങളിൽ പാചകവാതക വിതരണവും നിലച്ചു. ഏറെ അവകാശവാദങ്ങളുമായി കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് രാജ്യാന്തര കായിക ഉച്ചകോടി നടത്തിയിരുന്നു. അതോടെ, അടിസ്ഥാന ആവശ്യങ്ങൾക്കും പണമില്ലാതായി. ദേശീയ മത്സരങ്ങൾക്ക് ടീമുകളെ അയച്ചതിന്റെ പണം കായിക അസോസിയേഷനുകൾക്കു ലഭിച്ചിട്ടില്ല. വർഷംതോറും നൽകുന്ന സ്പോർട്സ് കിറ്റുകളും പൂർണമായി കൊടുക്കാനായിട്ടില്ല.
കാടുപിടിച്ചും പൊട്ടിത്തകർന്നും കിടക്കുന്ന സ്റ്റേഡിയങ്ങളാണ് എല്ലാ ജില്ലകളിലുമുള്ളത്. ഫുട്ബോളിനോടും ബാസ്കറ്റ് ബോളിനോടും വോളിബോളിനോടും കന്പമുള്ള കുട്ടികൾ കൈയിൽനിന്നു പണം മുടക്കി സ്വകാര്യ ടർഫുകളിലാണ് കളിക്കുന്നത്.
നിലവില്‍ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കല്ലാതെ എല്‍പി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു കായികാധ്യാപകർ പോലുമില്ല. എങ്ങനെ വളരും നമ്മുടെ കായികരംഗം? ദേശീയ-അന്തർദേശീയ തലങ്ങളിൽ ജേതാക്കളാകുന്ന കായികതാരങ്ങളെ സ്വീകരിക്കുന്നതിനോ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നതിനോപോലും സമയമില്ലാത്തവരാണ് കായികരംഗം കൈകാര്യം ചെയ്യുന്നത്.
അവർക്ക് അർഹതപ്പെട്ട ഒരു ജോലി ലഭിക്കാൻ എത്രയെത്ര സമരങ്ങളാണ് നടത്തേണ്ടിവന്നത്. കേരളത്തിൽ കബഡി വളരാത്തതിന്റെ പ്രധാന കാരണം അസോസിയേഷനുകളുടെ തമ്മിലടിയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണെന്ന് മുന്‍ പ്രോ കബഡി താരവും മലയാളിയുമായ ഷബീര്‍ ബാപ്പു ഷറഫുദ്ദീന് അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിൽ പ്രതീക്ഷയില്ലാതായ ഷബീർ കർണാടകത്തിലെത്തി ടീമിന്റെ നായകനായി.
ഇപ്പോൾ ബംഗളൂരു എസ്ബിഐ ജീവനക്കാരനാണ്. ഇത്തരമൊരു കേരളത്തിലാണു ജനിച്ചിരുന്നതെങ്കിൽ മെസിയുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് കായികമന്ത്രി സങ്കൽപ്പിച്ചു നോക്കണം. മെസി തന്റെ ബാല്യകാലത്തെ അനാരോഗ്യത്തെ അതിജീവിച്ചത് വൻതുക മുടക്കി ചികിത്സിക്കാൻ ആളുണ്ടായിരുന്നതുകൊണ്ടാണ്.
അതുകൊണ്ടാണ് 16-ാമത്തെ വയസിൽ ഔദ്യോഗിക മത്സരത്തിനിറങ്ങാനും 17-ാം വയസിൽ ബാഴ്സലോണയ്ക്കുവേണ്ടി ലീഗ് മത്സരത്തിനിറങ്ങാനും 22-ാം വയസിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറും ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയറുമാകാൻ കഴിഞ്ഞത്. അതുകൊണ്ടാണ്, മെസി ഈ തലമുറയിലെ മികച്ച കളിക്കാരനായത്. അതുകൊണ്ടാണ്, ഇതിഹാസതാരം കേരളത്തിൽ ഒന്നു വന്നിരുന്നെങ്കിലെന്ന് കായികപ്രേമികൾ ആഗ്രഹിക്കുന്നതും സർക്കാർ അതിനായി പരിശ്രമിച്ചതും.
പക്ഷേ, മെസിയെ കേരളത്തിലെത്തിക്കുന്പോൾ കുറ്റബോധത്തോടെയല്ലാതെ സ്വന്തം കായികപ്രതിഭകളുടെ മുഖത്തു നോക്കാൻ ഈ സർക്കാരിനു കഴിയുമോ? അതേ, മെസി വരട്ടെ; സ്വന്തം നാട്ടിൽ കായികരംഗത്തിന്റെ കുതികാൽ വെട്ടിയ അധികാരികൾക്കു ലോകവീക്ഷണമുണ്ടാകട്ടെ.