രഹസ്യ രാഷ്ട്രീയത്തിന്റെ പരസ്യ പ്രചാരണങ്ങൾ
Monday, November 25, 2024 12:00 AM IST
തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ആരവങ്ങളിൽ പ്രചാരണസമയത്തെ ദുഷിപ്പുകൾ മറക്കരുത്. ജനാധിപത്യത്തെ രാഷ്ട്രീയ പാർട്ടികൾക്കു ഭരമേൽപ്പിച്ച് സ്വസ്ഥമായിരിക്കാൻ ജനത്തിനാകില്ലെന്ന പാഠം ഈ തെരഞ്ഞെടുപ്പിലുണ്ട്.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വലിയ രാഷ്ട്രീയ മാറ്റങ്ങളെയൊന്നും പ്രതിഫലിപ്പിക്കുന്നില്ല. ഒരു പാർട്ടിക്കും അമിതാഹ്ലാദത്തിനോ കടുത്ത നിരാശയ്ക്കോ വക നൽകാതെയാണ് ജനം വോട്ടു ചെയ്തത്. പക്ഷേ, രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ച തന്ത്രങ്ങൾ രാജ്യത്തിനു ഗുണകരമല്ലെന്നും ജനാധിപത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നതല്ലെന്നും അടിവരയിട്ടു പറയേണ്ടതുണ്ട്.
ജനകീയവിഷയങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് കേരളത്തിൽപോലും മതം ദുരുപയോഗിക്കപ്പെടുന്നതും അടിസ്ഥാനവിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വിവാദങ്ങളെ ആശ്രയിക്കുന്നതും രാജ്യം കണ്ടു. പാർട്ടികളുടെ വഴിപിഴച്ച പരീക്ഷണങ്ങൾക്ക് ജനം അത്രകണ്ടു വഴങ്ങിയിട്ടില്ലെങ്കിലും ആപത്കരമായ സ്ഥിതിവിശേഷമാണിത്. ജനാധിപത്യത്തെ രാഷ്ട്രീയ പാർട്ടികൾക്കു ഭരമേൽപ്പിച്ച് സ്വസ്ഥമായിരിക്കാൻ ജനത്തിനാകില്ലെന്ന പാഠം ഈ തെരഞ്ഞെടുപ്പിലുണ്ട്.
മഹാരാഷ്ട്രയിൽ കരുത്ത് വർധിപ്പിച്ചുകൊണ്ടാണ് ബിജെപി ഭരണം നിലനിർത്തിയത്. ജാർഖണ്ഡിൽ ഹേമന്ത് സോറനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ഇന്ത്യാ സഖ്യത്തിനായി. കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസും ചേലക്കര നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മും സീറ്റുകൾ നിലനിർത്തി. മഹാരാഷ്ട്രിയിൽ ശക്തമായിരുന്ന ശിവസേനയെയും എൻസിപിയെയും പിളർത്തി അവരുടെ വോട്ടുകളെ ഛിന്നഭിന്നമാക്കിയ ബിജെപി സീറ്റുകൾ വാരിക്കൂട്ടി കളി ജയിച്ചു.
ശിവസേനയുടെയും എൻസിപിയുടെയും വിമത നേതാക്കളായ ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഇപ്പോൾ പൂർണമായും ബിജെപിയുടെ അധീനതയിലായി. ജനങ്ങൾക്കു കൂടുതൽ ക്ഷേമമോ മികച്ച ഭരണമോ വാഗ്ദാനം ചെയ്യുന്നതിലും എളുപ്പത്തിൽ രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ അധികാരത്തിലെത്താമെന്ന പരീക്ഷണത്തിൽ എല്ലാ പാർട്ടികളുമുണ്ടെങ്കിലും ബിജെപിയോളം വിജയിച്ചവരില്ല.
ജാർഖണ്ഡിലെ പ്രചാരണത്തിലും ബിജെപി മതധ്രുവീകരണത്തിനുള്ള ശ്രമം നടത്തി. സംസ്ഥാനത്തെ 28 ശതമാനം ആദിവാസികൾക്കിടയിൽ കാര്യമായ സ്വാധീനമില്ലാത്ത ബിജെപി മുസ്ലിംകളെയും കോൺഗ്രസിനെയും ആദിവാസികൾക്കു ദ്രോഹമുണ്ടാക്കുന്നവരായി ചിത്രീകരിക്കാൻ ശ്രമിച്ചു. നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡുകാരുടെ തൊഴിലും ആദിവാസികളുടെ സംവരണാനുകൂല്യവും തട്ടിയെടുക്കുമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ പെണ്മക്കളെ വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി കൈവശപ്പെടുത്തുകയാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡിന്റെ സംസ്കാരം, തൊഴില്‍, ഭൂമി, പെണ്മക്കള് എന്നിവയൊന്നും സുരക്ഷിതമായിരിക്കില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.
പക്ഷേ, 28 ഗോത്ര വർഗ സംവരണ മണ്ഡലങ്ങളിൽ ഒരിടത്തു മാത്രമാണ് ബിജെപിക്കു വിജയിക്കാനായത്. 2019ൽ രണ്ടു സീറ്റിലാണ് ബിജെപി വിജയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപിക്ക് എതിരേ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത മുസ്ലിം പണ്ഡിതൻ സജ്ജാദ് നോമാനി എന്നിവരുടേത് ഉൾപ്പെടെ വിദ്വേഷ പരാമർശങ്ങളുടെ 15 റിപ്പോർട്ടുകളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ കേന്ദ്ര കമ്മീഷന് അയച്ചിട്ടുള്ളത്.
കേരളത്തിലും ജനക്ഷേമത്തിലൂന്നിയ പ്രചാരണമല്ല നടന്നത്. പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ കള്ളപ്പണം പിടിക്കാൻ റെയ്ഡ് നടത്തിയതും ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഒരാഴ്ചയെങ്കിലും വിവാദം കൊഴുപ്പിച്ചതുമൊക്കെ സിപിഎമ്മാണ്. കോൺഗ്രസിൽനിന്നെത്തിയ പി. സരിനെ സ്ഥാനാർഥിയാക്കിയ സിപിഎം ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ അവഹേളിച്ചു. മുസ്ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങളുടെ പത്രങ്ങളിൽ കൊടുത്ത പരസ്യത്തിൽ സന്ദീപിന്റെ ആർഎസ്എസ് വേഷത്തിലുള്ള ഫോട്ടോകളും വർഗീയ സൂചനകളും ഉൾപ്പെടുത്തി.
സന്ദീപ് സിപിഎമ്മിലേക്കു വരുമെന്നു കരുതി പുകഴ്ത്തിയ സിപിഎമ്മാണ് കോൺഗ്രസിൽ ചേർന്നതോടെ അദ്ദേഹത്തെ വർഗീയവാദിയാക്കിയത്. എത്ര ജുഗുപ്സാവഹമാണ് രാഷ്ട്രീയത്തിന്റെ വർഗീയവിരുദ്ധ കാപട്യങ്ങൾ! എന്തായാലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, സാന്പത്തിക കെടുകാര്യസ്ഥതകൾ തുടങ്ങിയവയൊക്കെ മത-വിഭാഗീയ വികാരങ്ങളാൽ മറച്ചുവയ്ക്കപ്പെട്ടു.
ദൂഷിത രാഷ്ട്രീയം പ്രകടമാണ്; ജനജാഗ്രതയേ പരിഹാരമുള്ളൂ. അതിനുള്ള ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ചുമതല നല്ല രാഷ്ട്രീയം കൈവിടാത്തവർക്കും മാധ്യമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായകർക്കുമൊക്കെ ഉണ്ടാകണം. അധികാരികളെയും ജനത്തെയും ഒരുപോലെ സേവിക്കുന്നത് ഏതാണ്ട് അസാധ്യമായിരിക്കുന്ന കാലത്ത് വിമർശനങ്ങളും തുറന്നുപറച്ചിലുകളും എളുപ്പമല്ല.
സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നേടുകയും നിലനിർത്തുകയും ചെയ്ത നമ്മുടെ മുൻഗാമികൾ, അത് എളുപ്പമായതുകൊണ്ടല്ല, വൈവിധ്യമാർന്ന സംസ്കാരങ്ങളിലും സ്വത്വങ്ങളിലും വർണങ്ങളിലും രൂപീകൃതമായ ഒരു രാജ്യത്തിന് അവ ആവശ്യമായതുകൊണ്ടാണ് ജീവിതത്യാഗങ്ങളും ജീവത്യാഗങ്ങളും നടത്തിയത്. ഓർമകളുണ്ടായിരിക്കണം.