അധ്യാപകരെ പേടിപ്പിച്ച് കുട്ടികളെ നശിപ്പിക്കരുത്
അധ്യാപകനെ തല്ലുകയും മയക്കുമരുന്നടിമകളാകുകയും ഗുണ്ടാസംഘങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെയും വിദ്യാഭ്യാസ സന്പ്രദായത്തിന്റെയും സർക്കാരിന്റെയും പരാജയമാണ്.
അധ്യാപകർക്കു കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയില്ലായിരുന്നെങ്കിൽ, ഈ നാട്ടിൽ ഇത്രയേറെ കുട്ടിക്രിമിനലുകളും കൗമാരക്കാരായ മയക്കുമരുന്നടിമകളും ഉണ്ടാകുമായിരുന്നില്ല. ഒഴിവാക്കിയ ശിക്ഷണം നാടിനു ശിക്ഷയായി മാറിക്കഴിഞ്ഞു.
ഏഴാം ക്ലാസാണ് രംഗം. അധ്യാപിക ഗൗരവത്തിൽ ക്ലാസെടുക്കുന്നതിനിടെ തന്റെ വിദ്യാർഥികളിലൊരാൾ ഡെസ്കിൽ കാൽ കയറ്റിവച്ച് അലസമായി ഇരിക്കുന്നു. അതു ചോദ്യം ചെയ്ത ഗുരുനാഥയെ ആ പന്ത്രണ്ടുകാരൻ അസഭ്യം വിളിച്ചു. അധ്യാപിക വിദ്യാർഥിയെ വടിയെടുത്തു തല്ലി. അധ്യാപികയ്ക്കെതിരേ ക്രിമിനൽ കേസായി.
ഇത് നാടകരംഗമല്ല; കേരളത്തിലെ വിദ്യാലയങ്ങളിലെ മാറിയ കാഴ്ചകളിലൊന്നിന്റെ തൃശൂർ രംഗമാണ്. ബാലനീതി പ്രകാരമുള്ള കേസ് നടപടികൾ റദ്ദാക്കിക്കൊണ്ട് ന്യായാധിപൻ പറഞ്ഞത്, ക്രിമിനല്‍ കേസും ജയിലും ഒഴിവാക്കാൻ അധ്യാപകർ കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ്.
ആ വാക്കുകൾ അതിശയോക്തിയല്ല, അധ്യാപകർക്കു കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയില്ലായിരുന്നെങ്കിൽ, ഈ നാട്ടിൽ ഇത്രയേറെ കുട്ടിക്രിമിനലുകളും കൗമാരക്കാരായ മയക്കുമരുന്നടിമകളും ഉണ്ടാകുമായിരുന്നില്ല. ഒഴിവാക്കിയ ശിക്ഷണം നാടിനു ശിക്ഷയായി മാറിക്കഴിഞ്ഞു.
തൃശൂർ വാടാനപ്പള്ളി പോലീസ് എടുത്ത കേസിന്റെ, സെഷൻസ് കോടതിയിലുള്ള നടപടികൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജഡ്ജി എ. ബദറുദ്ദീൻ പറഞ്ഞ വാക്കുകൾ മുന്നറിയിപ്പാണ്; നാട്ടിൽ നടക്കുന്ന കാര്യവുമാണ്. “എന്തു ചെയ്യണം, എന്തു ചെയ്യരുതെന്ന ഭയപ്പാടിൽ കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുതന്നെ ഭീഷണിയാണ്. അച്ചടക്കത്തിന്റെയും പഠനത്തിന്റെയും ഭാഗമായി നല്കുന്ന നിര്‍ദേശങ്ങളും ശിക്ഷകളും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനല്‍ കേസിനുള്ള അവസരമായി കുട്ടികള്‍ മാറ്റുന്നുണ്ട്.
സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ ഗുരു-ശിഷ്യ ബന്ധംതന്നെ അവതാളത്തിലായി. ദക്ഷിണയായി ഗുരുവിനു പെരുവിരൽ മുറിച്ചു നൽകിയ ഏകലവ്യന്റെ കഥയുണ്ട് മഹാഭാരതത്തിൽ. ഇന്നാകട്ടെ, അധ്യാപകരെ ബഹുമാനിക്കാത്ത ദുഃസ്വഭാവം ചില കുട്ടികള്‍ സ്ഥിരമായി പുലര്‍ത്തുന്നു. ഇതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ഭീഷണിയാണെന്നു മാത്രമല്ല, അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഈ നിലയിൽ അച്ചടക്കമുള്ള പുതിയ തലമുറയെ എങ്ങനെ വാര്ത്തെടുക്കാനാകുമെന്ന കാര്യം ഞെട്ടിക്കുന്നതാണ്.” കോടതി പറഞ്ഞ ഈ ഞെട്ടൽ അധ്യാപകർക്കു മാത്രമല്ല, മാതാപിതാക്കൾക്കും സമൂഹത്തിനുമുണ്ട്.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കു കയറാതെ പുറത്തുനിന്ന വിദ്യാർഥികൾ, ക്ലാസിൽ കയറാൻ പറഞ്ഞ അധ്യാപകനെ ക്രൂരമായി മർദിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ബൈക്കിൽ നാലു പേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്തതിനു വിദ്യാർഥികൾ അധ്യാപകനെ തല്ലിയത് ഓഗസ്റ്റിലാണ്.
ചെന്പഴന്തി എസ്.എൻ. കോളജ് അധ്യാപകൻ ആർ. ബിജുവിനെ മർദിച്ചതിന് എസ്എഫ്ഐക്കാരായ നാലു വിദ്യാർഥികൾക്കെതിരേയാണ് കേസെടുത്തത്. കുറ്റിപ്പുറത്ത് സ്കൂളിൽ കലോത്സവ പരിശീലനസ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകന്റെ കൈ പ്ലസ് വൺ വിദ്യാർഥി ചവിട്ടിയൊടിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഓരോ സംഭവവും കഴിയുന്പോൾ കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്ന അധ്യാപരുടെ എണ്ണം കുറയുകയാണ്. വിദ്യാർഥി സംഘടനകളിലെ അംഗങ്ങളാണെങ്കിൽ തിരിഞ്ഞുനോക്കില്ല; ഭയമാണ്.
അധ്യാപകരെ അസഭ്യം വിളിക്കാനും തല്ലാനും മടിക്കാത്ത വിദ്യാർഥികൾ മാതാപിതാക്കളെയും വെറുതെ വിടില്ല. നാളെ സഹപാഠികളായ സിദ്ധാർഥന്മാരെ വളഞ്ഞിട്ട് ആക്രമിക്കാനും തല്ലിക്കൊല്ലാനും അവർക്കു മടിയുണ്ടാകില്ല. വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്നു വ്യാപാരം കേരളത്തിൽ വാർത്തയല്ലാതായി.
കഴിഞ്ഞ മേയിൽ 1140 സ്കൂളുകളിൽ നടന്ന ലഹരി ഇടപാട് എക്സൈസ് കണ്ടെത്തി. കോളജ് വിദ്യാർഥികളിൽ 31.8 ശതമാനം ലഹരി ഉപയോഗിക്കുന്നു. സ്കൂളുകളിൽ 325 കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തിയെങ്കിലും 183 എണ്ണം മാത്രമാണ് എക്സൈസിനെയോ പോലീസിനെയോ അറിയിച്ചത്. ഇതു വല്ലതും യഥാർഥ കണക്കാണോ? വിദ്യാർഥികളെയും മാതാപിതാക്കളെയും മയക്കുമരുന്നു ഗുണ്ടകളെയും ഭയപ്പെട്ട് ശിക്ഷാനടപടികളിൽനിന്നു പിന്മാറിയ അധ്യാപകർ ഒന്നും കണ്ടില്ലെന്നു നടിക്കാൻ നിർബന്ധിതരായി. ആ ഗുരുനാഥരുടെ ശൂന്യത നികത്താൻ ആരുമില്ല.
കുട്ടികളെ ക്രൂരമായി തല്ലുന്ന അധ്യാപകരുണ്ട്. കുട്ടികളുടെ നല്ല ഭാവിയോർത്ത് ശിക്ഷണനടപടിയെടുക്കുന്ന മഹാഭൂരിപക്ഷം വരുന്ന അധ്യാപകരുടെ ഗണത്തിൽ അവരെ പെടുത്തരുത്. അത്തരം കുറ്റവാളികളെ അധ്യാപന ജോലിയിൽനിന്നുതന്നെ പുറത്താക്കണം. നല്ല അധ്യാപകർക്കു മാതാപിതാക്കളും പിടിഎയും സമൂഹവുമൊക്കെ സംരക്ഷണമൊരുക്കണം.
അധ്യാപകനെ തല്ലുകയും മയക്കുമരുന്നടിമകളാകുകയും ഗുണ്ടാസംഘങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെയും വിദ്യാഭ്യാസ സന്പ്രദായത്തിന്റെയും സർക്കാരിന്റെയും പരാജയമാണ്. വിദ്യാർഥി സംഘടനകളല്ല, വിദ്യാലയങ്ങളെയും കാന്പസുകളെയും നിയന്ത്രിക്കേണ്ടത് അധ്യാപകരാണ്; പാർട്ടി അടിമകളല്ലാത്ത അധ്യാപകർ.