ഓട്ടയടയ്ക്കാനാകരുത് കമ്മീഷനുകൾ
Wednesday, November 27, 2024 12:00 AM IST
ഭൂമി വഖഫിന്റേതാണെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നാൽ പിന്നെന്തിനാണ് ഈ കമ്മീഷൻ? ആർക്കുമറിയില്ല. കേരളത്തിലെ വോട്ടുബാങ്കുകളിൽ വഖഫ് അഴിച്ചുപണി തുടങ്ങിയെന്നു തിരിച്ചറിയാത്തവർ ഇതെങ്ങനെ അറിയാനാണ്?
വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനും പ്രശ്നപരിഹാരം വലിച്ചുനീട്ടിക്കൊണ്ടുപോകാനും, സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നലുണ്ടാക്കാനും ഏർപ്പെടുത്തുന്ന ചില അന്വേഷണ കമ്മീഷനുകൾ ഒളിച്ചോട്ട രാഷ്ട്രീയത്തിന്റെ സൃഷ്ടിയായി മാറിയെന്നത് അനുഭവമാണ്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുപോലും ഒന്നര വർഷമായി.
ഏതോ പത്തായത്തിൽ പൂട്ടിവച്ചിട്ടുണ്ട്. മുനന്പം വിഷയം പഠിക്കാൻ കഴിഞ്ഞദിവസം ഏർപ്പെടുത്തിയതാണ് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനെ. മുനന്പത്തെ വഖഫ് ഇരകൾ ഉറ്റുനോക്കുന്നത് ഈ കമ്മീഷനെയല്ല, പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതിയെ ആണ് എന്നതു സർക്കാരിനും അറിയാം. ഭേദഗതി പാസായാൽ മുനന്പം പ്രശ്നത്തിന്റെ അടിസ്ഥാന തടസങ്ങൾ നീങ്ങും. ആ വഴിക്കു കാര്യങ്ങൾ പരിഹരിക്കപ്പെട്ടാൽ, വഖഫ് നിയമത്തെയും അതുവച്ച് കളിക്കുന്ന ബോർഡിനെയും മതമൗലികവാദ സമിതികളെയുമൊന്നും എതിർത്തെന്ന പഴി സിപിഎമ്മിനും മുന്നണിയിലെ മിണ്ടാപ്പാർട്ടികൾക്കും കേൾക്കേണ്ടിവരികയില്ല.
കമ്മീഷനെ വച്ചു രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് മുനന്പംകാരോടും പറയുകയും ചെയ്യാം. വേട്ടക്കാർക്കും ഇരയ്ക്കുമൊപ്പം! വഖഫ് നിയമത്തിൽ അധിനിവേശ വകുപ്പുകൾ ഉൾപ്പെടുത്തുകയും, ജനം തിരിച്ചറിഞ്ഞിട്ടും അതു സംരക്ഷിക്കാൻ നിയമനിർമാണസഭകളെ നിർലജ്ജം ഉപയോഗിക്കുകയും ചെയ്യുന്ന ഈ കപടരാഷ്ട്രീയം കക്ഷത്തിൽ വച്ചുകൊണ്ട് ഇവർക്കൊക്കെ എങ്ങനെയാണ് മതേതരത്വത്തെയും ജനാധിപത്യത്തെയും കൈയെത്തി പിടിക്കാനാകുന്നത്?
കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ 2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ കേരള സർക്കാർ നിയമിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലിം വിഭാഗങ്ങൾ കൈയടക്കുന്നെന്ന പരാതി ഉയർന്നതോടെയായിരുന്നു കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
ഒരു വർഷത്തിനുള്ളിൽ വിശദമായ റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞെങ്കിലും 2023 മേയ് 17നാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ച്, പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിക്കുകയും ചെയ്തു. ഇതുവരെ റിപ്പോർട്ട് പൂർണമായി പുറത്തുവിടുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അഭിപ്രായം സ്വരൂപിച്ച് റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്നും അതോടെ ന്യൂനപക്ഷത്തോടുള്ള സർക്കാരിന്റെ കരുതലായി ഇതു മാറുമെന്നും ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിട്ട് ഈ ഡിസംബറിൽ ഒരു വർഷമാകും. തീർപ്പുണ്ടാക്കാനാണെങ്കിലും ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണെങ്കിലും കമ്മീഷനുകളെ നിയോഗിക്കാനാകും. കേരളത്തിൽ മിക്ക കമ്മീഷനുകളുടെയും ചുമതല ഏൽപ്പിക്കുന്നത് ജസ്റ്റീസ് സി.എൻ. രാമചന്ദ്രനെയാണ്.
പോലീസ് പർച്ചേസ്, വൃദ്ധസദന അന്തേവാസി പ്രശ്നം, പത്താം ശമ്പളപരിഷ്കരണം, പോലീസ്/ജയിൽ പരിഷ്കരണം, മുന്നാക്കവിഭാഗത്തിലെ സാന്പത്തിക പിന്നാക്കക്കാരുടെ ക്ഷേമം, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളവർധന, വിഴിഞ്ഞം കരാറിലെ ക്രമക്കേട്, ബസ് ചാർജ് വർധന, ഓട്ടോ ടാക്സി നിരക്ക് വർധന തുടങ്ങിയവയെക്കുറിച്ചൊക്കെ അന്വേഷിച്ചത് രാമചന്ദ്രൻ കമ്മീഷനാണ്. അതുപോലെയല്ല മുനന്പം ഭൂമിയിലെ വഖഫ് കൈയേറ്റ വിഷയം.
കമ്മീഷന്റെ അന്വേഷണവിഷയങ്ങൾ തീരുമാനിച്ചിട്ടില്ലെങ്കിലും പ്രശ്നബാധിതര്‍ അവരുടെ പ്രശ്നങ്ങള്‍ കമ്മീഷനെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വഖഫ് ഇരകൾ ഉൾപ്പെടെ പറയുന്നത്, വർഷങ്ങളായി കരമടയ്ക്കുന്ന ഭൂമിയുടെ രേഖ പരിശോധിക്കുകയല്ല, പ്രശ്നം വഷളാക്കിയ നിസാർ കമ്മീഷനെക്കുറിച്ചും വഖഫിന്റെ അവകാശവാദത്തിന്റെ പിൻബലമായ വഖഫ് നിയമത്തെക്കുറിച്ചും മുനന്പത്തെ സ്ഥലം വഖഫല്ലെന്ന ഫാറൂഖ് കോളജിന്റെ അവകാശവാദത്തെക്കുറിച്ചുമൊക്കെയാണെന്നാണ്.
യഥാർഥ ചോദ്യം അവശേഷിക്കുകയാണ്. നിയമാനുസൃത രേഖകളില്ലാത്തതാണോ ഇപ്പോഴത്തെ പ്രശ്നം? അല്ലേയല്ല. വഖഫ് നിയമത്തിലെ അധിനിവേശ വകുപ്പ് ഉപയോഗിച്ച് വഖഫ് ബോർഡ് കൈയേറ്റത്തിനു മുതിർന്നു എന്നതു മാത്രമാണ്. ഭരണഘടനാവിരുദ്ധമെന്ന് വിമർശനമുയർന്നിരിക്കുന്ന, 1995ലെ വഖഫ് നിയമത്തിന്റെ 40-ാം വകുപ്പില്ലായിരുന്നെങ്കിൽ ബോർഡിന് അതു സാധിക്കുമായിരുന്നില്ല.
തുടർന്ന്, വഖഫ് ബോർഡിന്റെ നിർദേശപ്രകാരം കരം അടയ്ക്കുന്നതിനുള്ള അവകാശം ഉടമയ്ക്ക് റവന്യു വകുപ്പ് നിഷേധിച്ചതും അതേ വകുപ്പിനെ മുൻനിർത്തിയാണ്. അതേ വകുപ്പിനെ പേടിച്ചാണ്, കമ്മീഷൻ അന്വേഷിക്കുന്നതിനിടെ വീണ്ടും ആർക്കും നോട്ടീസ് അയയ്ക്കരുതേയെന്ന് മുഖ്യമന്ത്രിക്കു വഖഫ് ബോർഡിനോടു യാചിക്കേണ്ടിവന്നത്. ഇന്നലെ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിച്ച രാജ്യത്തിന്റെ ഗതികേട്! ഈ ദുർഗതി വരുത്തിവച്ച കോൺഗ്രസ് ഇപ്പോഴും അതു ഭേദഗതി ചെയ്യരുതെന്ന് നിയമസഭയിലും ലോക്സഭയിലും അലറിവിളിക്കുകയാണ്.
അതിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷമാണ് രാമചന്ദ്രൻ കമ്മീഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമി വഖഫിൽപ്പെട്ടതാണെന്നു കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമല്ലെന്നു ജസ്റ്റീസ് രാമചന്ദ്രൻ തന്നെ സൂചിപ്പിച്ചുകഴിഞ്ഞു. ഭൂമി വഖഫിന്റേതാണെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നാൽ പിന്നെ എന്തിനാണ് ഈ കമ്മീഷൻ? ആർക്കുമറിയില്ല. കേരളത്തിലെ വോട്ടുബാങ്കുകളിൽപോലും വഖഫ് അഴിച്ചുപണി തുടങ്ങിയെന്നു തിരിച്ചറിയാത്തവർ ഇതെങ്ങനെ അറിയാനാണ്?
അതായത്, വഖഫ് നിയമമാണു വില്ലനെന്ന് ചില രാഷ്ട്രീയക്കാർക്കൊഴികെ സകലർക്കും മനസിലായി. പക്ഷേ, വഖഫുമായി മുനന്പം പ്രശ്നത്തിനു ബന്ധമില്ലെന്ന മുസ്ലിം മതമൗലികവാദികളുടെ ഭാഷ്യത്തിന്റെ പ്രചാരകരും പാർലമെന്റിൽ സംരക്ഷകരുമായി മാറിയിരിക്കുകയാണ് കോൺഗ്രസും ഇടതുപക്ഷവും. മുനന്പത്തേതു വഖഫ് ഭൂമിയല്ലെന്നും വേണമെങ്കിൽ സർക്കാരിനു പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്നതാണ് പ്രശ്നമെന്നും പ്രതിപക്ഷനേതാവ് പറയുന്നു.
ഭൂമി തങ്ങളുടേതാണെന്ന് വഖഫ് ബോർഡും പറയുന്നു. കോൺഗ്രസ് സമ്മാനിച്ച നിയമവും വകുപ്പുകളുമാണ് ബോർഡിന്റെ ധാർഷ്ട്യത്തിനു കാരണമെന്നു മാത്രം അദ്ദേഹം സമ്മതിക്കുന്നില്ല. പാർലമെന്റിൽ വഖഫ് നിയമ ഭേദഗതി വരികയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ നിയമം സൃഷ്ടിച്ചവർ തെറ്റു തിരുത്തുമോയന്നറിയാൻ കേരളത്തിനും താത്പര്യമുണ്ട്. ഒരു അന്വേഷണ കമ്മീഷൻകൊണ്ട് ഓട്ടയടയ്ക്കാവുന്ന വിള്ളലല്ല വഖഫ് നിയമം ഈ മതേതര രാജ്യത്തിനു വരുത്തിവച്ചത്. ഉപദേശമല്ലാതെ മറ്റൊന്നും വഖഫ് നിയമം നിലനിൽക്കുവോളം ഒരന്വേഷണ കമ്മീഷനും സാധിക്കുകയുമില്ല.
എത്ര വലിയ മനുഷ്യാവകാശ ലംഘനമാണെങ്കിലും വേട്ടക്കാരുടെ മതം നോക്കാതെ നീതി നടപ്പാക്കാനാവാത്ത ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് അറിയാനാണ് ഇവിടെ അന്വേഷണ കമ്മീഷനെ വയ്ക്കേണ്ടത്. ഇരയുടെ കൈവശാവകാശ രേഖയല്ല, വേട്ടക്കാരന്റെ കൈയേറ്റാവകാശ രേഖയാണ് നിങ്ങൾ പരിശോധിക്കേണ്ടത്. അത് വഖഫ് നിയമമല്ലാതെ മറ്റൊന്നുമല്ല.