മനഃപൂർവമുള്ള നരഹത്യകൾ
Friday, November 29, 2024 12:00 AM IST
മദ്യപിച്ചു വാഹനമോടിക്കുന്നവർ മനഃപൂർവമുള്ള നരഹത്യക്ക് ഇറങ്ങുന്നവരാണ്; പ്രമുഖരാണെങ്കിൽ പോലീസിനും തടയാനാവാത്ത ക്വട്ടേഷൻ സംഘം.
തൃശൂരിൽ മദ്യപാനികൾ ഓടിച്ച ലോറിക്കടിയിൽ പെട്ട് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവം സാവകാശം പിന്നിലേക്കോടിച്ചു നോക്കിയാൽ ശ്രദ്ധേയമായ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, മദ്യത്തിനു വിലക്കുറവുള്ള മാഹിയിൽനിന്ന് കുടിച്ചിറങ്ങിയവർ വിവിധ ദിക്കുകളിലേക്ക് ഓടിച്ചുകൊണ്ടുപോയ വാഹനങ്ങളിലൊന്നാണ് തൃശൂരിൽ അഞ്ചുപേരുടെ പ്രാണനെടുത്തത്. മറ്റുള്ളവ ആരുടെയോ ഭാഗ്യത്തിന് അപകടത്തിൽ പെട്ടില്ലെന്നേയുള്ളൂ.
രണ്ട്, മാഹി മുതൽ തൃശൂർ വരെ 180 കിലോമീറ്ററോളം വഴിയിൽ, ആറോ ഏഴോ മണിക്കൂറിനുള്ളിൽ ഒരിടത്തും പോലീസിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ മദ്യപിച്ചു വാഹനമോടിച്ചതോ ഓടിച്ചയാൾക്ക് ലൈസൻസ് ഇല്ലാത്തതോ കണ്ടെത്തുമായിരുന്നു. അഞ്ചു മനുഷ്യർ പതിവുപോലെ ഉറങ്ങി എഴുന്നേൽക്കുമായിരുന്നു.
മറ്റൊന്നുകൂടി പറയേണ്ടതുണ്ട്. അത്, മദ്യപിച്ചശേഷം വാഹനം ഓടിക്കുന്നവരോടാണ്. അപകടസാധ്യതയുണ്ടെന്ന് ഉറപ്പുണ്ടായിട്ടും മദ്യപിച്ചു വാഹനമോടിക്കുന്നവർ പുറപ്പെടുന്നത് മനഃപൂർവമുള്ള നരഹത്യക്കാണ്; പ്രമുഖരാണെങ്കിൽ പോലീസിനും തടയാനാവാത്ത ക്വട്ടേഷൻ സംഘം.
തൃശൂർ, നാട്ടികയില്‍ റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു തടിലോറി പാഞ്ഞുകയറിയാണ് രണ്ടു കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.50നായിരുന്നു സംഭവം. കണ്ണൂരിൽനിന്നു മരംകയറ്റി വന്ന ലോറി മദ്യപാനികളുടെ കൈയിൽ നിൽക്കാതെ ബൈപാസിലേക്കു പാഞ്ഞുകയറുകയായിരുന്നു. ജോലികഴിഞ്ഞ് തെരുവുകളിലും കടത്തിണ്ണകളിലും കുഞ്ഞുങ്ങളുമായി ഉറങ്ങേണ്ടിവരുന്ന ദരിദ്രരുടെ ഉപകഥകൂടിയാണിത്.
തെരുവിലുറങ്ങുന്നവർ വാഹനം കയറി മരിക്കുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാകുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയായ ഇന്ത്യയിലുണ്ട്! ആക്രി സാധനങ്ങൾ ശേഖരിച്ചു വില്പന നടത്തിവന്നിരുന്നവരാണ് തൃശൂരിൽ ദുരന്തത്തിനിരയായത്. അപകടത്തിൽപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അച്ഛൻ മറ്റു വീടുകളിൽ പോയി വാഹനം അഭ്യർഥിക്കേണ്ടിവന്നതും കിട്ടാതെപോയതും ദയനീയ കാഴ്ചയായി.
മോഷണസംഘങ്ങളുടെ ആക്രമണഭീതിയിൽ കഴിയുന്നവർ വാതിൽ തുറന്നില്ല. ഒടുവിൽ ആ പിതാവ് റോഡിനു നടുവിൽ കയറി നിന്നതോടെയാണ് വാഹനങ്ങൾ നിർത്തിയത്. എല്ലാറ്റിന്റെയും തുടക്കം മദ്യപിച്ചു വാഹനമോടിച്ചതിൽനിന്നാണ്. സംഭവിച്ചതു തിരിച്ചെടുക്കാനാകില്ല. പക്ഷേ, മനസുവച്ചാൽ ആവർത്തിക്കാതിരിക്കാനാകും. സർക്കാരും പോലീസും വാഹനമോടിക്കുന്നവരും തീരുമാനിക്കണം.
രാജ്യത്തു നടക്കുന്ന ഓരോ അപകടത്തിനും ഓരോ കാരണമായിരിക്കും. പക്ഷേ, മദ്യപിച്ചു വാഹനമോടിച്ചുള്ള അപകടത്തിന് ഒരേയൊരു കാരണമേയുള്ളു; ലക്കുകെട്ടയാൾ വാഹനമോടിച്ചു. പോലീസ് പരിശോധന കർശനമാക്കണം. ആർക്കും ഒഴിവു കൊടുക്കരുത്.
2019ൽ തിരുവനന്തപുരത്തു മദ്യപിച്ചു വാഹനമോടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനുവേണ്ടി സർക്കാരും ഉദ്യോഗസ്ഥരും നടത്തിയ അട്ടിമറിയിൽ കേരളം നടുങ്ങിയതാണ്. എല്ലാ തെളിവകളും ഇല്ലാതാക്കി മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുകയും ചെയ്തെന്നാണ് ആരോപണമുയർന്നത്.
സർക്കാരിലോ പാർട്ടിയിലോ പിടിപാടുള്ള ഉന്നതരുടെ വാഹനം പരിശോധിക്കുന്നത് കേരളത്തിൽ എളുപ്പമല്ല. അത്തരം സ്വാധീനമൊന്നുമില്ലെന്നു കരുതുന്നതിനാൽ നാട്ടികയിൽ അപകടമുണ്ടാക്കിയവർ ശിക്ഷിക്കപ്പെട്ടേക്കും. ട്രെയിൻ ലോക്കോ പൈലറ്റുമാർ, കെഎസ്ആർടിസി, സ്വകാര്യബസ്, സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവർക്കൊക്കെ ലഹരിപരിശോധന തുടങ്ങിയതോടെ മദ്യപിച്ചു വാഹനമോടിക്കൽ കുറഞ്ഞിട്ടുണ്ട്.
മാഹിക്കും തൃശൂരിനുമിടെ ഒരു പരിശോധനയെങ്കിലുമുണ്ടായിരുന്നെങ്കിൽ തൃശൂരിലെ കൂട്ടക്കൊലപാതകം ഉണ്ടാകുമായിരുന്നില്ല.
സർക്കാർ സംവിധാനങ്ങൾ അവിടെ നിൽക്കട്ടെ. അഞ്ചു മരണങ്ങളും പരിക്കേറ്റ മനുഷ്യരും ആശുപത്രിയിൽ പോകാൻ ഒരു വാഹനത്തിനായി ഓടിനടന്ന അച്ഛന്റെ നിസഹായതയുമൊക്കെ നമ്മെ വേദനിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, അതിൽ ആത്മാർഥയില്ല. ഉണ്ടെങ്കിൽ മദ്യപിക്കുന്നവർ ഒരു തീരുമാനമെടുത്താൽ മതി, കൊല്ലപ്പെടാനിരിക്കുന്ന നിരവധി മനുഷ്യർ ആയുസെത്തുവോളം ജീവിക്കും. മദ്യപിച്ച് വാഹനമോടിക്കില്ലെന്നു പ്രതിജ്ഞയെടുക്കാൻ നാട്ടികയിലെ ചോരപ്പുഴയ്ക്കു കഴിയുന്നില്ലെങ്കിൽ നമ്മുടെ സഹതാപം ആർക്കു വേണം?