റഷ്യയുടെ ഭീഷണി
Thursday, November 21, 2024 12:00 AM IST
അണ്വായുധപ്രയോഗം പരിധി കടന്നാൽ പ്രതിയോഗികൾ വെറുതെയിരിക്കില്ലെന്നും റഷ്യ പഴയ റഷ്യയായിരിക്കില്ലെന്നും മറ്റാരേക്കാളും അറിയാവുന്നത് പുടിനുതന്നെയാണ്. പരാജിതന്റെ ശബ്ദം ആ ഭീഷണിയിലുണ്ട്.
വേണ്ടിവന്നാൽ അണ്വായുധം പ്രയോഗിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭീഷണിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലാണ് ലോകം. പുടിന്റെ ഭീഷണിയെ പലരും അത്ര ഗൗരവത്തിലെടുത്തിട്ടില്ലെങ്കിലും, കരുതിയിരിക്കാൻ മുന്നറിയിപ്പു നൽകുന്ന ലഘുലേഖകൾ നാറ്റോ രാജ്യങ്ങൾ പൗരന്മാർക്കു വിതരണം ചെയ്തുതുടങ്ങി.
അതായത്, പുടിന്റെ ഭീഷണി പൂർണമായും തള്ളിക്കളയാൻ സമീപരാജ്യങ്ങൾ തയാറല്ല. പ്രത്യേകിച്ചും അടുത്തിടെ ചൈന-ഉത്തരകൊറിയ-റഷ്യ ബന്ധം ശക്തി പ്രാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ. മൂന്നാം ലോകയുദ്ധത്തിന്റെ പോയിട്ട് ഒരു യുദ്ധസാധ്യതയെയും നിർവീര്യമാക്കാനോ ഒരു തർക്കംപോലും പരിഹരിക്കാനോ ഉള്ള ശേഷി ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇല്ലാതായെന്നതും ചേർത്തുവായിക്കേണ്ടതുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിട്ട വേളയിലാണ്, ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കൂ എന്ന നയം പുടിന് തിരുത്തിയത്. റഷ്യയുടെയോ മിത്രരാജ്യമായ ബലാറൂസിന്റെയോ നിലനിൽപ്പിനു ഭീഷണിയാകുന്ന ആക്രമണം ഉണ്ടായാൽ അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്നതാണു പുതിയ നയം.
അണ്വായുധശേഷി ഇല്ലാത്ത രാജ്യം, അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ ആണവയിതര ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചാൽ അതിനെ സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നുമാണ് ഭീഷണി. യുഎസ് മിസൈലുകൾ റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നല്കുകയും യുക്രെയ്ൻ അവ റഷ്യക്കെതിരേ പ്രയോഗിക്കുകയും ചെയ്തു.
റഷ്യക്കു കാര്യമായ നാശമൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിലും അമേരിക്കയുടെയും നാറ്റോയുടെയും പിന്തുണയോടെ യുക്രെയ്ൻ കൂടുതൽ ശേഷി കൈവരിക്കുന്നതിൽ റഷ്യക്ക് ആശങ്കയുണ്ട്. 2022 ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശം നടത്തിയപ്പോൾ റഷ്യ കരുതിയതല്ല പിന്നീടു സംഭവിച്ചത്. ദിവസങ്ങൾക്കകം യുക്രെയ്ൻ കീഴടക്കാമെന്ന കണക്കുകൂട്ടൽ രണ്ടര വർഷം കഴിഞ്ഞിട്ടും സാധ്യമായില്ല.
റഷ്യയുടെ സൈനിക പരിമിതികൾ ശത്രുരാജ്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇതിനു പുറമേയാണ് റഷ്യക്കെതിരേ യൂറോപ്പിന്റെയും അമേരിക്കയുടെയും ഉപരോധങ്ങൾ. ചൈനയും ഉത്തരകൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയല്ലാതെ റഷ്യക്ക് മറ്റു നിവൃത്തിയില്ല. അതിന്റെ തുടർച്ചയാണ് അണ്വായുധ ഭീഷണി.
ഒരു പക്ഷേ, ഇപ്പോഴത്തെ അണ്വായുധ ഭീഷണി യുദ്ധതന്ത്രമായിരിക്കാം. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കുന്നതിനു തൊട്ടുമുന്പുള്ള നിമിഷത്തിൽപോലും ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ, അവർ ബോംബിട്ടു. ഹിരോഷിമയിലെ ദുരന്തം കണ്ടതിനുശേഷവും നാഗസാക്കിയെ ചുട്ടെരിക്കാൻ അമേരിക്കയ്ക്ക് മടിയുണ്ടായില്ല.
മനുഷ്യാവകാശങ്ങളെക്കുറിച്ച് അത്രപോലും വ്യാകുലതയില്ലാത്തവരാണ് റഷ്യയുടെ വ്ലാദിമിർ പുടിനും ചൈനയുടെ ഷീ ജിൻ പിംഗും ഉത്തരകൊറിയയുടെ കിം ജോങ് ഉന്നും എന്നത് ഉത്കണ്ഠയ്ക്കു കാരണമാണ്. യുക്രെയ്നിൽ വിജയിക്കാനാവാത്തതിന്റെ ക്രോധം പുടിനുണ്ട്. കമ്യൂണിസത്തിന്റെ അടിച്ചമർത്തൽ പ്രവണതയുള്ള മൂന്നു രാജ്യങ്ങളിലും വിയോജിപ്പിനു പ്രതിപക്ഷവുമില്ല.
സ്വീഡനും നോർവെയും ഫിൻലാൻഡുമൊക്കെ ഭക്ഷണം ഉൾപ്പെടെ ഒരാഴ്ചത്തേക്കെങ്കിലുമുള്ള അവശ്യവസ്തുക്കൾ കരുതിവയ്ക്കണമെന്നു ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിജീവിക്കാൻ ഏറ്റവും ചെലവേറിയ മഞ്ഞുകാലവും യൂറോപ്പിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. സമീപകാലത്തെ യുദ്ധങ്ങളിലൊന്നിലും തീരുമാനമെടുക്കാനോ ഫലപ്രദമായൊരു ചർച്ച നടത്താനോപോലും ഐക്യരാഷ്ട്രസഭയ്ക്കു കഴിഞ്ഞിട്ടില്ല.
ആയുധം ഉൾപ്പെടെയുള്ള വ്യാപാരങ്ങൾക്കും സൈനികതാത്പര്യങ്ങൾക്കും വേണ്ടി രൂപീകരിക്കപ്പെട്ട സഖ്യങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നതും ഭയപ്പെടുത്തുന്നതും. നിലവിൽ ഒരു ആണവയുദ്ധമുണ്ടാകുമോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ ഭീഷണി മുഴക്കുന്നവർക്കേ സാധിക്കൂ.
ആണവായുധം ഉപയോഗിക്കുമോയെന്ന ചോദ്യം ഉയർത്തുന്നതിനൊപ്പം, ലോകത്തെ പലമടങ്ങു ചാരമാക്കാനുള്ള ആയുധങ്ങൾ റഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കൈവശം ഇരിപ്പുണ്ട് എന്ന യാഥാർഥ്യവും ഓർമിപ്പിക്കുന്നതാണ് പുടിന്റെ ഭീഷണി. അണ്വായുധ പ്രയോഗം പരിധി കടന്നാൽ പ്രതിയോഗികൾ വെറുതെയിരിക്കില്ലെന്നും റഷ്യ പഴയ റഷ്യയായിരിക്കില്ലെന്നും മറ്റാരേക്കാളും അറിയാവുന്നത് പുടിനുതന്നെയാണ്. പരാജിതന്റെ ശബ്ദം ആ ഭീഷണിയിലുണ്ട്.
കുറ്റവാസനയുള്ള ഒരാൾ വിചാരിച്ചാൽപോലും നശിപ്പിക്കാവുന്ന ഭൂമിയാക്കി മനുഷ്യൻ ഈ ഗ്രഹത്തെ മാറ്റിയിരിക്കുന്നു. എത്ര ദുർബലമാണെങ്കിലും എല്ലാവർക്കും ഒന്നിച്ചിരിക്കാൻ ഐക്യരാഷ്ട്രസഭയിലല്ലാതെ ഇരിപ്പിടവുമില്ല. അതിനുള്ള സാധ്യത ഉപയോഗിക്കുന്നതാണ് പുടിന്റെ മനോനില നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും ലോകത്തിനു നല്ലത്.