അവരുടെ മാറ്റത്തിന് നമ്മുടെ വിവേക്
Thursday, November 14, 2024 12:00 AM IST
അമേരിക്കയിൽ ജനിച്ചുവളർന്ന വിവേക് രാമസ്വാമി എന്ന ബിസിനസുകാരനും ലോകസന്പന്നൻ ഇലോൺ മസ്കിനുമാണ് നിയുക്ത ട്രംപ് സർക്കാരിനെ കാര്യക്ഷമമാക്കാനുള്ള വകുപ്പിന്റെ ചുമതലയേൽക്കുന്നത്. ആഗോള രാഷ്ട്രീയത്തിൽതന്നെ അടിസ്ഥാനപരമായൊരു മാറ്റത്തെ ഈ നിയമനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
അതായത്, ലോകത്തെ മിക്ക രാഷ്ട്രീയക്കാരും അധികാരത്തെ കച്ചവടമാക്കിയപ്പോൾ ട്രംപ് കച്ചവടശൈലിയെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ്. അതിലൊരു സത്യസന്ധതയുണ്ട്. അടിസ്ഥാനപരമായ അമേരിക്കൻ നിലപാടുകളിൽ ട്രംപ് മാറ്റം വരുത്താനിടയില്ല. അതേസമയം, തീരുമാനങ്ങൾ ചടുലമാകും. ഒരുപക്ഷേ, സ്വകാര്യ സംരംഭം പോലെ അലസതയില്ലാത്തതും പരന്പരാഗത സർക്കാരുകളെപ്പോലെ ചുവപ്പുനാടകളാൽ നാടിനെ ബന്ധനസ്ഥമാക്കാത്തതുമായ ഭരണം.
സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഫിഷ്യന്‍സി(കാര്യക്ഷമതാ വകുപ്പ്)യുടെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്. ട്രംപിനു സാന്പത്തികസഹായം നൽകുന്നതിലും പ്രചാരണത്തിലും മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് ഇലോണ്‍ മസ്ക്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള ശ്രമത്തില്‍നിന്നു പിന്മാറി ട്രംപിനുവേണ്ടി രംഗത്തിറങ്ങിയ റപ്പബ്ലിക്കൻ പാർട്ടി നേതാവാണ് വിവേക് രാമസ്വാമി. ഇലോൺ മസ്ക് ലോകസന്പന്നനും വിവേക് രാമസ്വാമി ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെ സഹസ്ഥാപകനുമാണ്.
അതായത്, അമേരിക്കൻ ഭരണകൂടത്തിന്റെ നിയന്ത്രണം ബിസിനസുകാരുടെ കൈയിലായി. പാലക്കാട്ട് വേരുകളുള്ള ഒരാൾ 39-ാമത്തെ വയസിൽ അമേരിക്കൻ ഭരണകൂടത്തിന്റെ മുൻനിരയിലെത്തുന്നതും, ഇന്ത്യൻ വംശജയായ കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചതും, അമേരിക്കക്കാരല്ലാത്ത മറ്റു പലരും അവിടത്തെ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്നതും ആ ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്നും സോണിയ ഗാന്ധിയുടെയും രാഹുലിന്റെയുമൊക്കെ പൗരത്വം തപ്പിനടക്കുന്ന ഇന്ത്യയിലെ ഇടുങ്ങിയ രാഷ്ട്രീയമായിരുന്നു അമേരിക്കയിലെങ്കിൽ വിവേക് രാമസ്വാമിയെ ഓർത്ത് അഭിമാനിക്കാൻ നമുക്ക് അവസരമുണ്ടാകുമായിരുന്നില്ല.
ട്രംപ് അധികാരത്തിലെത്തുന്പോൾ എന്താണു സംഭവിക്കുകയെന്നു ലോകം കാത്തിരിക്കുന്നുണ്ട്. കുടിയേറ്റത്തിന്റെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെയും സൈനിക ഇടപെടലുകളുടെയുമൊക്കെ കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ വ്യത്യസ്തമാണ്. അത്തരമൊരു മാറ്റമാണ് രാമസ്വാമിയുടെയും മസ്കിന്റെയും നിയമനത്തിലും അദ്ദേഹം പ്രദർശിപ്പിച്ചിരിക്കുന്നത്.
വ്യാപാരവിജയം ഭരണവിജയമാകുമോയെന്നത് വേറെ കാര്യം. എന്തായാലും, കാര്യക്ഷമത വർധിപ്പിക്കാൻ ഒരു വകുപ്പുണ്ടാക്കി അതിന്റെ ചുമതല പ്രഫഷണലുകൾക്കു കൊടുക്കുന്നത് നിർണായക പരീക്ഷണമാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ തകര്‍ക്കുകയും അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും പാഴ്ചെലവുകള്‍ ഇല്ലാതാക്കുകയും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിനു വഴിയൊരുക്കുകയാണു ലക്ഷ്യമെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏതൊരു ഭരണസംവിധാനത്തിലെയും പ്രതിസന്ധികളാണ് അവ.
വിദ്യാഭ്യാസകാലം മുതൽ ഇടുങ്ങിയ രാഷ്ട്രീയത്തിൽ പങ്കെടുത്ത് അധികാരത്തിലെത്തിയാലും വരട്ടുതത്വങ്ങളിലും അഴിമതിയിലും വർഗീയതയിലും മെല്ലെപ്പോക്കിലും അഭിരമിക്കുന്നതാണ് ഭരണമെന്നു കരുതുന്നവർക്ക് ഇത്തരം പരീക്ഷണങ്ങൾ ദഹിച്ചെന്നു വരില്ല.
ഉദാഹരണത്തിന്, അര നൂറ്റാണ്ടു മുന്‍പ് അന്നത്തെ സാഹചര്യത്തിൽ രൂപീകരിച്ച വനം-വന്യജീവി നിയമം, ആയിരക്കണക്കിനു മനുഷ്യർ വന്യജീവികളാൽ കൊല്ലപ്പെട്ടിട്ടും മാറ്റാൻ തയാറായിട്ടില്ലാത്ത നമ്മുടെ സർക്കാരുകൾ. മുനന്പം മുതൽ കാഷ്മീർ വരെ അത്തരം എത്രയെത്ര ചട്ടങ്ങളിലാണ് ഈ മഹത്തായ ജനാധിപത്യം മനുഷ്യരെ കുടുക്കിയിട്ടിരിക്കുന്നത്. വിവേക് രാമസ്വാമി എന്ന ഇന്ത്യൻ വംശജൻ അമേരിക്കൻ ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ഇന്ത്യക്കു മാതൃകയാകുകയും ചെയ്യട്ടെ.