കാവൽക്കാരായ നാം ഇന്ത്യക്കാർ
Tuesday, November 26, 2024 12:00 AM IST
മതേതരത്വവും സോഷ്യലിസവും ആമുഖത്തിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടവരോടു പറ്റില്ലെന്നു സുപ്രീംകോടതി പറഞ്ഞത്, ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാർഷികത്തലേന്ന്. എത്ര ആശ്വാസകരം!
ഈ ഭരണഘടന ഇല്ലായിരുന്നെങ്കിൽ തങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കേയാണ്, ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികം രാജ്യം ഇന്ന് ആചരിക്കുന്നത്. മറ്റെല്ലാ നിയമങ്ങളുടെയും ആത്മാവ് ഭരണഘടനയിൽ കുടികൊള്ളുന്നതിനാൽ ഇന്ന് നിയമദിനവുമാണ്.
ഇതുപോലൊരു ജനാധിപത്യ-മതേതര ഭരണഘടനയുണ്ടായിരുന്നെങ്കിൽ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ അയൽരാജ്യങ്ങൾ മത-വംശീയ ഭ്രാന്തുകളുടെ നിത്യനരകത്തിൽ തങ്ങളെയും മറ്റുള്ളവരെയും പൊള്ളിച്ചുകൊണ്ടിരിക്കില്ലായിരുന്നു; ചൈനക്കാർ സർവാധിപതികളുടെ കീഴിൽ സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ ജീവിക്കേണ്ടി വരില്ലായിരുന്നു; നേപ്പാളും ഭൂട്ടാനും, രാജാക്കന്മാർക്കും പാർലമെന്റിനും പട്ടാളത്തിനുമിടയിൽ നട്ടം തിരിയില്ലായിരുന്നു.
അതേ, ദീർഘവീക്ഷണവും വിശാലവീക്ഷണവുമുള്ള ജ്ഞാനികളായ നേതാക്കൾ ഈ നാടിന്റെ വൈവിധ്യപൂർണമായ ചരിത്രത്തെ അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരാനുഭവങ്ങളുമായി ചേർത്തുവച്ച് തയാറാക്കിയ ഭരണഘടന, ആധുനിക ഇന്ത്യയുടെ തിരിച്ചറിയൽ കാർഡായി. നാമതിനെ സംരക്ഷിക്കുന്നതാണ് അതിനായി അധ്വാനിച്ചവർക്കുള്ള സ്മരണാഞ്ജലി.
1946 നവംബറിലാണ് ഭരണഘടനാ നിർമാണ സഭ രൂപീകൃതമായത്. 1947 ഓഗസ്റ്റ് 29ന് ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനയുടെ കരട് തയാറാക്കുന്നതിന് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുണ്ടാക്കി. 1949 നവംബർ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന, ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചു. അതിന്റെ സ്മരണദിവസമാണിന്ന്.
അതിനുമുന്‍പ്, 165 ദിവസത്തോളം ഇതിനായുള്ള ചർച്ചകൾ നടത്തുകയും 2437 ഭേദഗതികൾ വരുത്തുകയും ചെയ്തിരുന്നു. 1950 ജനുവരി 26ന് ലോകത്ത് എഴുതപ്പെട്ട ഭരണഘടനയിൽ ഏറ്റവും വലിയത് എന്ന പ്രത്യേകതയോടെ ഇന്ത്യൻ ഭരണഘടന നിലവിൽവരികയും ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ രാജ്യമാകുകയും ചെയ്തു. ജവഹർലാൽ നെഹ്റുവാണ് ഭരണഘടനയുടെ ആമുഖം തയാറാക്കിയത്.
“നാം, ഇന്ത്യക്കാരായ ജനം...” എന്നു തുടങ്ങുന്ന ആമുഖം വായിക്കുന്നവർ അദൃശ്യമായൊരു ദേശസാഹോദര്യത്താൽ സഹപൗരന്മാരുമായി കൈകോർക്കാൻ വിളിക്കപ്പെടുകയാണ്. വ്യത്യസ്ത മതങ്ങളും വംശങ്ങളും ജാതികളും ഉപജാതികളും ഭാഷയും സംസ്കാരവും ഭക്ഷണരീതികളുമൊക്കെ നിലനിൽക്കുന്പോൾതന്നെ ഈ ഭരണഘടന നമ്മെ രാഷ്ട്രനിർമാണത്തിന് ഒരുക്കിയത് എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടായിരുന്നു.
1976ൽ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 42-ാം ഭേദഗതിയിലൂടെ സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 1948 നവംബർ 15ന് ഭരണഘടനാ നിർമാണ സഭയിൽ ആവശ്യമുയർന്നെങ്കിലും സോഷ്യലിസവും മതേതരത്വവും ഉള്ളടക്കത്തിൽ അന്തർലീനമായതിനാൽ ആമുഖത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം.
ഡോ. അംബേദ്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെ വേണ്ടെന്നുവച്ച വാക്കുകളാണ് പിന്നീട് ഇന്ദിരാഗാന്ധി ഉൾപ്പെടുത്തിയത്. അത് എത്ര നന്നായെന്ന് ആനുകാലിക രാഷ്ട്രീയ സാഹചര്യം സാക്ഷ്യപ്പെടുത്തുന്നു. ഈ വാക്കുകളോടുള്ള അസഹിഷ്ണുത ബിജെപി നിരവധി തവണ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ബിജെപി നേതാക്കളായ സുബ്രഹ്മണ്യന് സ്വാമി, അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ എന്നിവർ കോടതിയെ സമീപിച്ചത്.
ഇന്നലെ സുപ്രീംകോടതി അതിൽ വിധി പറഞ്ഞു. സോഷ്യലിസം എന്നാൽ ക്ഷേമരാഷ്ട്രം എന്നാണെന്നും, മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും എസ്.ആര്. ബൊമ്മെ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആമുഖത്തിൽനിന്ന് മാറ്റേണ്ടതില്ലെന്നുംചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കുന്ന മനുസ്മൃതി കത്തിച്ചയാൾ ആധുനിക ഇന്ത്യയുടെ ഭരണഘടനാ ശില്പിയായത് ചരിത്രത്തിന്റെ അനിവാര്യമായ വിപ്ലവമായി മാറി. 1927 ഡിസംബർ 25നായിരുന്നു മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള മഹാദിൽ ഉച്ചനീചത്വത്തിനെതിരേ നടത്തിയ സത്യഗ്രഹത്തിന്റെ വേദിയിൽവച്ച് അംബേദ്കർ മനുസ്മൃതി കത്തിച്ചത്.
ഭരണഘടന അംഗീകരിച്ചതിന്റെ പിറ്റേന്ന്, ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗത്തിലെഴുതിയത്: “മനുസ്മൃതി ലോകമാകെ അംഗീകരിച്ചതാണെങ്കിലും നമ്മുടെ ഭരണഘടനാ പണ്ഡിതർക്ക് അത് ഒന്നുമല്ല”എന്നാണ്. മനുസ്മൃതിയുടെ ഉച്ചനീചത്വങ്ങളെ, ഭരണഘടനാ നിർമാതാക്കൾ പരിഗണിച്ചുപോലുമില്ല. അങ്ങനെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടന നിലവിൽവന്നു.
അത് എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കി. സർക്കാരുകൾക്കും നിയമവ്യവസ്ഥയ്ക്കും മാർഗനിർദേശക തത്വങ്ങൾ നൽകി. വോട്ടവകാശത്തിന്റെ മാനദണ്ഡം 18 വയസ് എന്നതു മാത്രമായി. രാജ്യത്തിന് ഔദ്യോഗിക മതം നിർദേശിക്കാതെ മതേതരത്വം തത്വമാക്കി. സ്വതന്ത്ര നീതിന്യായ സംവിധാനം ഉറപ്പാക്കി. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അവകാശങ്ങൾ ഉറപ്പാക്കി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജാതിവ്യവസ്ഥയ്ക്കും വിദേശ ആധിപത്യത്തിനുമെതിരേ പൊരുതിയ സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചകൂടിയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന.
ഭരണഘടന സംരക്ഷിക്കാൻ നാം എന്തുകൊണ്ട് ജാഗരൂകരാകണം എന്ന ചോദ്യത്തിന് ഡോ. അംബേദ്കർതന്നെ മറുപടി നൽകുന്നുണ്ട്. “ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പാക്കുന്നവർ നല്ലവരല്ലെങ്കിൽ അതു മോശമാണെന്നു തെളിയും. ഭരണഘടന എത്ര മോശമായാലും അതു നടപ്പിലാക്കുന്നവർ നല്ലവരാണെങ്കിൽ അതു നല്ലതാണെന്നും തെളിയും.” ഭരണഘടനയെ നോക്കുകുത്തിയാക്കാൻ ഭരിക്കുന്നവർക്കു കഴിയുമെന്ന മുന്നറിയിപ്പാണത്.
1975ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും ഇപ്പോൾ ബിജെപി ഭരണത്തിൻകീഴിൽ ആരോപിക്കപ്പെടുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥകളുമൊക്കെ കടന്നാണ് അംബേദ്കറുടെ വാക്കുകൾ ജനസമക്ഷം എത്തുന്നത്. മതേതര ഭരണഘടന നിലനിൽക്കേയാണ് മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും അവരുടെ ആവാസകേന്ദ്രങ്ങളിലേക്ക് ബുൾഡോസറുകൾ ഇരച്ചെത്തുകയും ചെയ്യുന്നത്.
ഇതേ ഭരണഘടന നിലനിൽക്കുന്പോഴാണ് നിയമാനുസൃതം വാങ്ങിയ സ്വന്തം ഭൂമി അന്യാധീനപ്പെട്ടവർ വഖഫ് പോലുള്ള സമാന്തര നിയമവ്യവസ്ഥകളിൽ കുടുങ്ങിക്കിടക്കുന്നത്. തുല്യതയുടെ ഉറപ്പുകളെ കാറ്റിൽ പറത്തിയാണ് ഈ രാജ്യത്ത് സന്പന്നർ കൂടുതൽ സന്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായിക്കൊണ്ടിരിക്കുന്നത്. ഭരിക്കുന്നവർ നല്ലതോ ചീത്തയോ എന്നു ജനം നിരീക്ഷിക്കുകതന്നെ വേണം. തീർച്ചയായും ഭരണഘടനാ സംരക്ഷണം, നിർമിതിയോളം പ്രാധാന്യമുള്ളതാണ്.