വനപാലകരുണ്ട്, ജനപാലകരില്ല
കൊല്ലാനെത്തുന്ന പന്നികളിൽനിന്നും പട്ടികളിൽനിന്നും രക്ഷപ്പെടാൻ ജനം ഓട്ടം തുടങ്ങിയിട്ട് എത്ര കാലമായെന്നു കണക്കെടുത്താൽ മതി, ഈ നാട് നശിക്കുകയാണെന്നറിയാൻ; ആരെയാണ് ജനം ചുമക്കുന്നതെന്നറിയാൻ.
തെരുവുനായകൾ കടിച്ചുകീറിയ മനുഷ്യരെക്കുറിച്ച് എത്രയെത്ര വാർത്തകളും പ്രതിഷേധങ്ങളും ചർച്ചകളുമുണ്ടായി. വാചകമടികളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടതല്ലാതെ പ്രശ്നം പരിഹരിക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
തെരുവുകളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം ഇപ്പോഴും അവ യഥേഷ്ടം വിലസുകയാണ്. അതുപോലെ വന്യജീവിശല്യം കേരളത്തിന്റെ മനഃസമാധാനം കെടുത്തി. ഒരു പ്രതിവിധിയും ഉണ്ടായില്ല.
ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്നും കൊല്ലപ്പെടാമെന്നുമുള്ള തിരിച്ചറിവിൽ ദുരന്തങ്ങൾക്കൊപ്പം ജീവിക്കാൻ മലയാളി നിർബന്ധിതരായി. തെരുവുപന്നികളാണ് പുതിയ ഇനം. എരുമേലിയിൽ പണമെടുക്കാൻ ചെന്ന മുതിർന്ന പൗരനെ എടിഎമ്മിന്റെ ഉള്ളിൽ കയറി കാട്ടുപന്നികൾ ആക്രമിച്ചു.
സർക്കാർ പരിഹരിക്കാത്തതിനാൽ ജനം സഹിക്കേണ്ടിവരുന്ന അടിസ്ഥാന ദുരിതങ്ങളുടെ അഴുക്കുതടാകങ്ങൾക്കു മുകളിൽ ലാൻഡ് ചെയ്യുന്ന സീ പ്ലെയിനല്ല വികസനം. നേട്ടത്തെ വിലകുറച്ചു കാണുകയല്ല, വികസനവുമായി കൂട്ടിക്കുഴയ്ക്കുന്നില്ല എന്നേയുള്ളൂ.
തെരുവുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എടിഎം... എവിടെനിന്നു വേണമെങ്കിലും തുടങ്ങാം. തിങ്കളാഴ്ച രാവിലെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലെ എടിഎം കൗണ്ടറിലാണ് കാട്ടുപന്നി വാതിൽ തകർത്ത് അകത്തു കയറിയത്.
കൗണ്ടറിൽ പണമെടുക്കുകയായിരുന്ന ഗോപാലൻ ഓടി രക്ഷപ്പെടുകയായിരുന്നു. അരഡസൻ കുഞ്ഞുങ്ങളുമായി കാട്ടുപന്നികൾ പട്ടാപ്പകൽ എരുമേലിയിൽ കൂട്ടത്തോടെ റോഡിലിറങ്ങിയതും തിങ്കളാഴ്ചയാണ്. ശബരിമല തീർഥാടനം തുടങ്ങാനിരിക്കെയാണ് ഈ സംഭവങ്ങളൊക്കെ.
പന്പയിൽ അലഞ്ഞുനടക്കുന്ന കാട്ടുപന്നികളെ ലോറിയില്‍ കയറ്റി വനപാലകർ എരുമേലിയിലോ പരിസരത്തോ ഇറക്കിവിട്ടതാണെന്ന് നാട്ടുകാർ സംശയിക്കുന്നു. നാലു മാസം മുമ്പ് വനപാലകര്‍ നൂറിലേറെ കാട്ടുപന്നികളെ ലോറിയില്‍ എത്തിച്ച് മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഇറക്കിവിട്ടിരുന്നു. ഇവ തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ ഇപ്പോഴും നാശം വിതയ്ക്കുകയാണ്.
പന്പയിൽനിന്നു പന്നികളെ മുന്‍പ് നിലയ്ക്കലിലും എത്തിച്ചിരുന്നു. അവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടനപാതയിൽ അലഞ്ഞുതിരിയുകയാണ്. നമുക്ക് വനപാലകരുണ്ട്, ജനപാലകരില്ല.
ദിവസങ്ങൾക്കു മുന്‍പാണ് കേരളത്തിൽ വിനോദസഞ്ചാരത്തിനെത്തിയ ജർമൻ വനിതയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ കടിച്ചത്. വന്ദേഭാരതിൽ കയറാൻ നിൽക്കുന്പോൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഓഫീസിനു മുന്നിലായിരുന്നു സംഭവം.
സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ പുതിയ നാഴികക്കല്ലാണ് സീ പ്ലെയിൻ എന്നും ഫ്ലൈയിംഗ് ടാക്സി പോലും അതിവിദൂരമല്ലാത്ത കാലഘട്ടത്തിലാണ് നമ്മളുള്ളതെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്.
ബഹുമാനപ്പെട്ട മന്ത്രീ, ചില്ലുപാലവും സീ പ്ലെയിനും ഫ്ലൈയിംഗ് ടാക്സിയുമൊക്കെ താരതമ്യേന എളുപ്പമുള്ള കാര്യങ്ങളാണ്. നല്ല പ്രചാരവും കിട്ടും. പക്ഷേ, അലഞ്ഞുതിരിയുന്ന നായ്ക്കളെയും കാട്ടുപന്നികളെയും പേടിക്കാതെ വഴിയിലിറങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഈ സർക്കാരിനാകുമോ?
ദിവസങ്ങൾക്കു മുന്‍പാണ് ഫോർട്ട് കൊച്ചിയിൽ ഓടനിർമാണത്തിനെടുത്ത കുഴിയിൽ വീണ് വിനോദസഞ്ചാരിയായ ഫ്രഞ്ച് പൗരൻ അലക്സാണ്ടർ ലാൻഡന്റെ തുടയെല്ലു പൊട്ടിയത്. മലിനമായ പരിസരങ്ങളും പ്ലാസ്റ്റിക് ദ്വീപുകളൊഴുകുന്ന ജലാശയവും മൂക്കുപൊത്താതെ കയറാനാവാത്ത ശുചിമുറികളുമൊക്കെ അതിജീവിച്ചെത്തിയ വിനോദസഞ്ചാരികളാണ് പട്ടികടിയേറ്റും മൂടാത്ത ഓടയിൽ വീണുമൊക്കെ തിരികെ അവരുടെ നാടുകളിലെത്തുന്നത്. ഈ സഞ്ചാരത്തിൽ എന്തു വിനോദമാണുള്ളത്?
കെട്ടുകാഴ്ചകളിൽ അഭിരമിക്കുന്ന ഹ്രസ്വദൃഷ്ടിയിൽനിന്ന് കഠിനാധ്വാനം ആവശ്യമുള്ള വികസനത്തിന്റെ ദീർഘവീക്ഷണത്തിലേക്കു കടക്കേണ്ടതുണ്ട് സംസ്ഥാനം. പട്ടിയെയും പന്നിയെയും ഭയന്ന് ജനങ്ങൾക്കു വഴിയിലിറങ്ങാൻ പറ്റുന്നില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടെന്താണ്?
നായസംരക്ഷണത്തിന്റെ നിയമം നിർമിക്കുന്ന സഭകളിൽനിന്നും അവയെ സംരക്ഷിക്കുന്ന സർക്കാർ കാര്യാലയങ്ങളിൽനിന്നും പരിസ്ഥിതി-വനം വകുപ്പുകളിൽനിന്നും മൃഗസ്നേഹ കേന്ദ്രങ്ങളിൽനിന്നും കോടതികളിൽനിന്നുമുള്ള ഒരാൾക്കും പട്ടികടിയേറ്റതായി നാം കേട്ടിട്ടില്ല.
അവരൊക്കെ സുരക്ഷിതരായി മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. അതുതന്നെയാണ് കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാൻ വൈകുന്നതിന്റെ കാരണം. അതുകൊണ്ടാണ് കാടുവിട്ടു നാട്ടിൽ പെറ്റുപെരുകുന്ന പന്നികളെയും കാട്ടുപന്നികളായിത്തന്നെ സംരക്ഷിച്ചു താലോലിക്കുന്നത്. ഒരു രക്ഷയുമില്ല. ജനങ്ങളുടെ പീഡാനുഭവങ്ങൾ അവരുടേതു മാത്രമാണ്; അധികാരികളുടെ സുഖങ്ങൾ അവരുടേതു മാത്രമാകുന്നതുപോലെ.