സമാധാനം തകർക്കാന് ‘കുഴിയെടുക്കരുത്’
Saturday, November 30, 2024 12:00 AM IST
ആരാധനാലയങ്ങളുടെ തത്സ്ഥിതി നിലനിർത്താനും സമാധാനം തകരാതിരിക്കാനുമാണ്
1991ലെ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്. പക്ഷേ, അതിനു വിരുദ്ധമായ ഹർജികൾ കോടതികൾ ഫയലിൽ സ്വീകരിക്കുന്പോൾ മതേതരത്വം കേവലം ആമുഖപ്രസംഗമാകില്ലേ?
ഇന്ത്യയിൽ ആരാധനാലയങ്ങൾക്കുമേൽ വർധിച്ചുവരുന്ന അവകാശവാദങ്ങൾ, രാജ്യത്തിന്റെ ഭാവിയെ കലാപകലുഷിതമായി നിലനിർത്താനും മതവൈകാരികതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുമുള്ള ഉപകരണമാകുകയാണ്. ബാബറി മസ്ജിദ് കേസിലൊഴികെയുള്ള ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ തത്സ്ഥിതി നിലനിർത്തണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിനും ആപത്കരമായ ഈ പ്രവണതയെ തടയാനാകുന്നില്ല.
കോടതികൾതന്നെ ഇത്തരം അവകാശത്തർക്കങ്ങളിലുള്ള ഹർജികൾ ഫയലിൽ സ്വീകരിക്കുകയും തുടർനടപടികൾക്കു നിർദേശിക്കുകയും ചെയ്തുതുടങ്ങിയതോടെ പുതിയ അവകാശവാദങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ അജ്മീർ ദർഗ, ശിവക്ഷേത്രമായിരുന്നെന്ന അവകാശവാദമാണ് ഏറ്റവും പുതിയത്. ഈ പോക്ക് എവിടെച്ചെന്ന് അവസാനിക്കുമെന്ന് രാജ്യം ചിന്തിക്കേണ്ടതുണ്ട്.
മറ്റുള്ളവരും ഈവിധം അവകാശവാദമുന്നയിച്ചു തുടങ്ങിയാൽ നിരവധി ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളുമൊക്കെ പൊളിക്കേണ്ടിവന്നേക്കാം. അതോടൊപ്പം പൊളിയുന്നത് ഉദാത്തമായ ദൈവസങ്കൽപ്പങ്ങളും മതബോധവും രാജ്യത്തിന്റെ ഐക്യവുമായിരിക്കുമെന്നതു മറന്നാണ് ഈ കളി. ശിവലിംഗം അന്വേഷിച്ച് നിങ്ങൾ എത്രകാലം മോസ്കുകൾ കുഴിച്ചുകൊണ്ടിരിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നാഗ്പുരിൽ പ്രവർത്തകരോടു ചോദിച്ച് രണ്ടര വർഷത്തിനിടെ പല കേസുകളും കോടതിയിലെത്തി.
പ്രസംഗിച്ചതല്ലാതെ ഒരു കേസിലും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. അയോധ്യയിൽ നേട്ടങ്ങൾ മാത്രമുണ്ടാക്കിയ ബിജെപിയും കേന്ദ്രസർക്കാരും കണ്ണടച്ചിരിക്കുന്നു. ഈ പരന്പരയിൽ ഏറ്റവും പുതിയതാണ് രാജസ്ഥാനിലെ അജ്മീർ ദർഗ. ദർഗയ്ക്ക് അടിയിൽ ശിവക്ഷേത്രമുണ്ടെന്നും ഹിന്ദുക്കളെ പൂജ ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേനാ തലവൻ വിഷ്ണു ഗുപ്തയാണ് സെപ്റ്റംബറിൽ അജ്മീർ കോടതിയെ സമീപിച്ചത്.
ഇതിന്റെ തുടർച്ചയായി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും ദർഗ കമ്മിറ്റിക്കും ജഡ്ജി മൻമോഹൻ ചന്ദേൽ വ്യാഴാഴ്ച നോട്ടീസ് അയച്ചു. ഡിസംബർ 20ന് കേസ് വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശിലെ സംബാലിൽ സമുദായ സംഘർഷമുണ്ടായി നാലുപേർ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അജ്മീറിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. സംബാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേയ്ക്ക് ഉത്തരവിട്ടതിനെത്തുടർന്നായിരുന്നു സംഘർഷം. പുരാതനമായ ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് അവിടെയും പരാതി.
വാരാണസിയിലെ ഗ്യാൻവാപി മോസ്ക്, യുപിയിലെ മഥുര ഷാഹി ഈദ്ഗാഹ്, മധ്യപ്രദേശ് കമാൽ മൗല മസ്ജിദ് എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പല ആരാധനാലയങ്ങളും കേസിലായിക്കഴിഞ്ഞു. 2019ലെ ബാബറി മസ്ജിദ് വിധിയിൽ വിയോജിപ്പുകളുണ്ടായിരുന്നവരും രാജ്യത്ത് സമാധാനം കൈവരുമെന്ന ആശ്വാസത്തിലായിരുന്നു. പക്ഷേ, വാരാണാസിയിലെ ഗ്യാൻവാപി മോസ്കിൽ സർവേ നടത്താൻ കീഴ്കോടതി നൽകിയ അനുമതി 2023 ഓഗസ്റ്റിൽ സുപ്രീംകോടതിയും ശരിവച്ചതോടെ കൂടുതൽ കേസുകൾ സംഘപരിവാർ സംഘടനകൾ ഉയർത്തിക്കൊണ്ടുവന്നു.
അയോധ്യ കേസിൽ വിധി പറഞ്ഞ ജഡ്ജിമാരിൽ ഉണ്ടായിരുന്ന ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഗ്യാൻവാപിയിൽ സർവേയ്ക്ക് അനുവദിച്ചത്. അജ്മീർ ഒടുവിലത്തേതായിരിക്കില്ല.
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള ഹിന്ദുത്വ താത്പര്യങ്ങൾക്കായി കേസ് നടത്തിയ ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ, ആരാധനാലയ സംരക്ഷണ നിയമം 1991ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2020ൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമം റദ്ദാക്കണമെന്ന് ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യസഭയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും ചരിത്രത്തിന്റെ കുഴി മാന്തിയെടുക്കലും പുനഃസ്ഥാപനവും മറ്റുള്ളവരും തുടർന്നാൽ മസ്ജിദുകളുടെ മാത്രമല്ല, മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെയും തത്സ്ഥിതി ചോദ്യം ചെയ്യപ്പെടും. തകർക്കപ്പെട്ടതോ രൂപമാറ്റം വരുത്തിയതോ ആയ ബുദ്ധ-ജൈന വിഹാരങ്ങളും ചരിത്രത്തിലുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ 2022 സെപ്റ്റംബറിലെ വിധിയിൽ, തമിഴ്നാട്ടിലെ സേലത്ത് കോട്ടൈ റോഡിലുള്ള ക്ഷേത്രത്തിൽ ഹിന്ദു ദൈവമായി ആരാധിച്ചിരുന്ന തലവെട്ടി മുനിയപ്പന്റേതു ശ്രീബുദ്ധന്റെ പ്രതിമയായിരുന്നെന്ന് വ്യക്തമാക്കി. ആരാധനാലയങ്ങൾ മാത്രമല്ല, ഭാഷയും സംസ്കാരവും വസ്ത്ര-ഭക്ഷണ രീതികളുമൊക്കെ പരസ്പരം കൈമാറിയാണ് നാം ഇവിടെയെത്തിയത്.
ചരിത്രത്തിന്റെ അവശേഷിക്കുന്ന നിർമിതികളെ സംരക്ഷിക്കുകയല്ലാതെ അവയ്ക്കു പിന്നിലെ ചരിത്രവും ഐതിഹ്യങ്ങളും അന്വേഷിച്ച് എല്ലാറ്റിനെയും പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുന്നതു വിധ്വംസക പ്രവർത്തനമാണ്. ഇസ്രയേലിൽ യഹൂദർ സംരക്ഷിക്കുന്നത് അവരുടെ സിനഗോഗുകൾ മാത്രമല്ല, മോസ്കുകളും പള്ളികളുമൊക്കെയാണ്. അത് എല്ലാവരുടെയും വിശുദ്ധ നാടായി സംരക്ഷിക്കപ്പെടുന്നു.
തുർക്കിയിൽ ക്രൈസ്തവ കത്തീഡ്രലുകളായിരുന്ന ഹാഗിയ സോഫിയയും കോറ പള്ളിയും ഉൾപ്പെടെ നിരവധി പള്ളികൾ മോസ്കാക്കി മാറ്റിയ എർദോഗനെപ്പോലുള്ള മുസ്ലിം ഭരണാധികളായിരുന്നു ഇസ്രയേലിൽ ഭരണം കൈയാളുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അത്തരം മതഭ്രാന്തരല്ല നമ്മുടെ മാതൃക. അതേ മാതൃക പിന്തുടരാൻ ഇന്ത്യയിൽ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ തീർച്ചയായും തടയപ്പെടേണ്ടതുണ്ട്.
ഇന്ത്യ മതേതര രാജ്യമാണ്. ആ വാക്ക് ഭരണഘടനയുടെ ആമുഖത്തിൽനിന്നു നീക്കംചെയ്യാനുള്ള വർഗീയ-രാഷ്ട്രീയ നീക്കത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. 1947 ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആരാധനാലയങ്ങളുടെ സ്ഥിതി എന്തായിരുന്നോ അതു നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം.
ഏറെക്കാലമായി കോടതികളിൽ നിലനിന്നിരുന്നതിനാൽ ബാബറി മസ്ജിദ്-രാമജന്മഭൂമി കേസിൽ മാത്രമാണ് അതിന് ഒഴിവുണ്ടായിരുന്നത്. മതേതര ഭരണഘടനയും 1991ലെ ആരാധനാലയ സംരക്ഷണ നിയമവും നിലനിർത്തിക്കൊണ്ട്, എങ്ങനെയാണ് നമ്മുടെ മതേതര നിലനിൽപ്പിനെ ചോദ്യം ചെയ്യാനാകുന്നത്? എങ്ങനെയാണ് കോടതികൾക്ക് ഇത്തരം കേസുകളെ പ്രോത്സാഹിപ്പിക്കാനാകുന്നത്?
ഈ രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാർദത്തിനും സുസ്ഥിര സമാധാനത്തിനും തുരങ്കം വയ്ക്കുന്ന ‘ചരിത്രം കുഴിക്കൽ’ സമാധാനകാംക്ഷികളായ പൗരന്മാരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. ആ അസ്വസ്ഥത ഭരണകൂടങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിയമസംവിധാനങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾക്ക് ആഗ്രഹിക്കേണ്ടിവരുന്നത് വിധിവൈപരീത്യമാണ്. അതായത്, കാവൽക്കാർ ഉറങ്ങാതിരിക്കാൻ വീട്ടുകാർ ഉണർന്നിരിക്കേണ്ട വിചിത്ര സ്ഥിതി.