മണിപ്പുർ: കെടാതെ സൂക്ഷിക്കുന്നവർ
Monday, November 18, 2024 12:00 AM IST
മണിപ്പുർ കലാപത്തിൽ കുക്കികളും മെയ്തെയ്കളും മാത്രമല്ല പങ്കെടുക്കുന്നത്. രാഷ്ട്രീയ ഇന്ധനം മാറ്റാതെ മണിപ്പുരിലെ അഗ്നി അണയുകയില്ല.
മണിപ്പുർ മുഖ്യമന്ത്രി, താൻ ഉൾപ്പെടുന്ന വംശത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് അക്രമകാരികളെ പിന്തുണയ്ക്കുന്ന പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവരുന്നു. ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി തിരിഞ്ഞുനോക്കുന്നില്ല. മണിപ്പുരിലേതു വംശീയകലാപമെന്ന നിക്ഷിപ്ത ന്യായീകരണങ്ങൾക്കിടെ, കലാപത്തിന്റെ ഒരുവശത്തുള്ള മെയ്തെയ്കൾ സ്വന്തം വംശത്തിലെ ക്രൈസ്തവരെ കൊല്ലുകയും അവരുടെ പള്ളികളും സ്ഥാപനങ്ങളും വീടുകളും കത്തിക്കുകയും ചെയ്യുന്നു. ഈ യാഥാർഥ്യങ്ങൾ മണിപ്പുരിലെ വംശീയ കലാപങ്ങളുടെ ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിയിരിക്കുന്നു.
അതായത്, 2023 മേയ് മൂന്നിനു പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കുക്കികളും മെയ്തെയ്കളും മാത്രമല്ല പങ്കെടുക്കുന്നത്. അതുകൊണ്ടാണ് കലാപം നീണ്ടുപോകുന്നത്. വർഗീയ ഇന്ധനം നിറച്ച രാഷ്ട്രീയ കന്നാസുകൾ അടയ്ക്കാതെ ഈ അഗ്നി അണയുകയില്ല.
കനലടങ്ങാതെ കിടന്ന മണിപ്പുർ വീണ്ടും കത്താൻ തുടങ്ങിയത് ഈ മാസം ഏഴിനാണ്. ജിരിബാം ജില്ലയിലെ സൈറൗൺ എന്ന ആദിവാസി ഗ്രാമത്തിൽ മെയ്തെയ് വിഭാഗം നടത്തിയെന്നു കരുതുന്ന ആക്രമണത്തിൽ കാലിനു വെടിയേറ്റ ഹമാർ ഗോത്രവനിതയെ അക്രമികൾ പരിക്കേറ്റ നിലയിൽ കൂട്ടമാനഭംഗം ചെയ്തശേഷം തീകൊളുത്തി കൊന്നു. മൂന്ന് കുട്ടികളുടെ അമ്മയും 31 കാരിയുമായ സോസാങ്കിം എന്ന അധ്യാപികയെയാണ് ക്രൂരമായി കൊന്നത്.
ഹമാർ ഗോത്രവിഭാഗം കുക്കികളെ പിന്തുണയ്ക്കുന്നവരാണ്. മെയ്തെയ് തീവ്രവാദി സംഘടനയായ അരംബായ് തെങ്കോളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. കുറ്റവാളികൾ പോലീസ് സ്റ്റേഷനിൽ ഒളിവിൽ കഴിയുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ കുക്കി-ഹമാർ വിഭാഗക്കാരായ 11 പേരെ സിആർപിഎഫ് വെടിവച്ചു കൊല്ലുകയും ചെയ്തു.
പിന്നാലെ കുക്കി തീവ്രവാദികൾ മെയ്തെയ് വിഭാഗത്തിലെ 10 പേരെ ദുരിതാശ്വാസ ക്യാന്പിൽനിന്നു തട്ടിക്കൊണ്ടുപോയി. രണ്ടു പേർ രക്ഷപ്പെട്ടു തിരികെയെത്തി. എട്ടുപേരുടെ മൃതദേഹങ്ങൾ ബരാക് നദിയിൽനിന്നു കണ്ടെടുത്തു. എട്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹവും കണ്ടെടുത്തതിലുണ്ട്. ഇത്ര ക്രൂരത എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ വെറുപ്പിനും വിദ്വേഷത്തിനും അതു ക്രൂരതയായി തോന്നുന്നില്ല എന്നേ ഉത്തരമുള്ളൂ. ഇതിനിടെ ജിരിബാമിൽ അഞ്ച് പള്ളികളും ആറ് വീടുകളും മെയ്തെയ്കൾ കത്തിച്ചു.
മണിപ്പുർ കലാപത്തിന്റെ വേരുകൾ വംശീയതയിലാണ്. പക്ഷേ, വർഗീയ രാഷ്ട്രീയം അതിൽ പങ്കെടുത്തു തുടങ്ങിയതോടെ ഗതി മാറി. മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ നിലനിർത്തിക്കൊണ്ട് മണിപ്പുരിൽ സമാധാനം സാധ്യമാകില്ലെന്ന് കലാപത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷവും മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ആവർത്തിച്ചെങ്കിലും ബിജെപി, ബിരേൻസിംഗിനെ മാറ്റാന് തയാറായിട്ടില്ല. കലാപത്തിൽ ബിരേൻസിംഗിന്റെ പങ്കു വെളിപ്പെടുത്തുന്ന ശബ്ദരേഖ കഴിഞ്ഞ ഓഗസ്റ്റിൽ ഓൺലൈൻ മാധ്യമമായ ‘ദ വയർ’ പുറത്തു വിട്ടിരുന്നു.
പോലീസിന്റെ സംഭരണകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ കവർന്നവരെ സംരക്ഷിച്ചത് ഉൾപ്പെടെ താൻ ചെയ്തുകൊടുത്ത സേവനങ്ങൾ അദ്ദേഹം മെയ്തെയ്കളുടെ യോഗത്തിൽ വിവരിക്കുന്നുണ്ട്. ജനത്തിനു നേരേ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചതിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പോലീസിലെ ഉന്നതർക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയതും ശബ്ദരേഖയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബാ കമ്മീഷനു മുന്നിൽ ശബ്ദരേഖ സമർപ്പിച്ചിട്ടുണ്ട്.
ശബ്ദരേഖ പരിശോധിക്കുമെന്ന് ഈ മാസം എട്ടിനു സുപ്രീംകോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ ധരിപ്പിച്ചത്, മുഖ്യമന്ത്രി കുക്കി എംഎൽഎമാരെ കാണുകയും സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ്. എന്നാൽ, ഇതു നുണയാണെന്നും കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നിനുശേഷം ഒരിക്കൽപോലും മുഖ്യമന്ത്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും 10 കുക്കി എംഎൽഎമാർ പറഞ്ഞു. ഇത്രയൊക്കെയായിട്ടും മണിപ്പുരിലേതു വംശീയ കലാപമാണെന്നും വർഗീയത തൊട്ടുതീണ്ടിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കു പങ്കില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്നവർ ‘പരിശ്രമം’ തുടർന്നുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്പോഴും അക്രമികളെ ന്യായീകരിക്കുന്നവരാണ് അവരിലേറെയുമെന്നത് സ്വാഭാവികം.
മണിപ്പുരിൽ സ്ത്രീകൾക്ക് ഇരട്ടമരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്; കൂട്ടമാനഭംഗവും ക്രൂരമായ പ്രാണനെടുക്കലും. സ്ത്രീകളെ നഗ്നരായി തെരുവിലൂടെ നടത്തുന്നതും കൂട്ടമാനഭംഗം ചെയ്യുന്നതുമൊക്കെ കണ്ടും കേട്ടും കലാപകാരികളെ പിന്തുണച്ചും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്? റഷ്യയും യുക്രെയ്നുമൊക്കെ സഹിക്കുന്ന വേദനയിൽ മനസു നൊന്ത് സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി, മണിപ്പുരിലെ മാനഭംഗങ്ങളും കൊലപാതകങ്ങളും നിലവിളിയും കാണുകയോ ഒന്നരവർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പുർ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. ചില പ്രസ്താവനകൾ നടത്തിയതുപോലും നിർബന്ധത്തിനു വഴങ്ങിയാണ്. അതിൽ അസാധാരണമായിട്ടൊന്നുമില്ലെന്ന് മനുഷ്യത്വമുള്ളവർക്കു ചിന്തിക്കാനാകില്ല.
രാഷ്ട്രീയക്കാരല്ലാത്തവരെ മുന്നിൽ നിർത്തിയുള്ള പരിഹാരശ്രമങ്ങളാണ് മണിപ്പുരിൽ ഇനി നടത്തേണ്ടത്. വർഷങ്ങൾ നീളുന്ന അന്വേഷണത്തിനൊടുവിൽ കമ്മീഷനുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ കാത്തിരിക്കാൻ ആ നാടിനാവില്ല. മെയ്തെയ്കളും കുക്കികളും മനുഷ്യർ തന്നെയാണ്. രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ ഒരു സഹായവും കലാപകാരികൾക്കു കിട്ടരുത്.
പട്ടാള-പോലീസ് നടപടികൾക്കു സമാന്തരമായി നടത്തേണ്ട നിരായുധീകരണവും സമാധാന ശ്രമങ്ങളും നടത്തണം. നിഷ്പക്ഷനായ ഒരാളെ മുഖ്യമന്ത്രിയാക്കിയാൽ മാത്രമേ ഇതിനൊക്കെ തുടക്കമിടാനെങ്കിലും സാധിക്കൂ. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പരാജയപ്പെട്ടിടത്ത് സുപ്രീംകോടതിയുടെ ഇടപെടൽ ആശ്വാസമായേക്കും. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ വാക്കുകൾ പ്രസക്തമാണ്. “സ്വാഭാവികമായി പൊട്ടിപ്പുറപ്പെടുന്നതാണ് കലാപം; പദ്ധതിയിട്ടു നടപ്പാക്കുന്നത് യുദ്ധമാണ്.” മണിപ്പുരിൽ നടക്കുന്നത് ഇതിലേതാണെങ്കിലും, യുദ്ധങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു കലാപം പരിഹരിക്കാൻ കഴിയില്ലെന്നു വരുന്നത് അവിശ്വസനീയം തന്നെയാണ്.