സോളാർ കേസാണ്; പക്ഷേ, അദാനിയാണ്!
Saturday, November 23, 2024 12:00 AM IST
അമേരിക്കൻ കുറ്റപത്രത്തിലെ "വലിയവനും ഒന്നാമനും' അദാനിയാണോയെന്ന് ജനം അറിയണമെങ്കിൽ അദാനി തന്നെ തീരുമാനിക്കേണ്ട സ്ഥിതിയാണ്.
ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരൻ ഗൗതം അദാനി കൊടിയ അഴിമതിക്കാരനാണെന്ന കൂടുതൽ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നു. ഇത്തവണ, അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അറ്റോർണി ഓഫീസുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ അഴിമതിയാരോപണത്തിൽ അറസ്റ്റ് വാറണ്ടുമുണ്ട്.
കുറ്റപത്രത്തിലേത് ആരോപണം മാത്രമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നുമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. എന്നാൽ, കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുന്ന സംസ്ഥാനങ്ങൾ അന്നു ഭരിച്ചിരുന്നത് പ്രതിപക്ഷ പാർട്ടികളാണെന്നും കോൺഗ്രസും സഖ്യകക്ഷികളും വാങ്ങിയ കോഴയെക്കുറിച്ചു പറയണമെന്നുമാണ് ബിജെപി ഐടി സെൽ മേധവ് അമിത് മാളവ്യ എക്സിൽ കുറിച്ചത്.
എങ്കിൽ കോഴ വാങ്ങിയ കോൺഗ്രസിലേത് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ കേസെടുക്കേണ്ടതല്ലേ? അദാനിയെ സംരക്ഷിക്കുന്നത് നരേന്ദ്ര മോദിയാണെന്ന കോൺഗ്രസിന്റെ ആരോപണം ഖണ്ഡിക്കാൻ ഇതല്ലേ അവസരം? അന്വേഷിക്കുമോ?
ഇന്ത്യയിൽ സൗരോർജ ഉത്പാദന-വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങാൻ 25,200 കോടി രൂപയാണ് അമേരിക്കയിലെ നിക്ഷേപകരിൽനിന്നു സമാഹരിച്ചത്. ഈ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിച്ചത്.
ഇത്തരത്തിൽ ലോബിയിംഗ് നടത്തി കരാറുകൾ നടത്തുന്നത് 1977ലെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്സിപിഎ) അനുസരിച്ച് കുറ്റമാണ്. ഇതു മറച്ചുവച്ച്, അത്തരം കരാറുകൾക്കുവേണ്ടി നിക്ഷേപ സമാഹരണം നടത്തി എന്നതാണ് അദാനിക്കെതിരേയുള്ള കുറ്റം. വിദേശ അഴിമതിയാരോപണങ്ങൾക്ക് അമേരിക്കൻ വിപണിയുമായി ബന്ധമുണ്ടെങ്കിൽ അത് അന്വേഷിക്കാൻ യുഎസ് നിയമം അനുവദിക്കുന്നുണ്ട്.
അതനുസരിച്ചാണ്, അദാനിയും അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴു പേർക്കെതിരേ അമേരിക്കൻ നീതിന്യായ വകുപ്പിലെ ക്രിമിനൽ വിഭാഗം കുറ്റം ചുമത്തിയത്. 2020 ജൂണിലാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) 4,667 മെഗാവാട്ട് സൗരോർജ വൈദ്യുതി വിതരണം ചെയ്യുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി കരാറിലേർപ്പെട്ടത്.
പ്രധാനമന്ത്രിയാണ് അദാനിയെ സംരക്ഷിക്കുന്നതെന്നും അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാർ വലിയ പിന്തുണയും സാന്പത്തിക വിട്ടുവീഴ്ചയുമൊക്കെ അദാനിക്കു ചെയ്തുകൊടുത്തെങ്കിലും വിഴിഞ്ഞം തുറമുഖ കരാറിൽ ആരോപണമൊന്നും ഇല്ലാത്തതുകൊണ്ട് എന്ത് അന്വേഷണം വന്നാലും കേരളത്തിനു പേടിക്കാനില്ല.
അഴിമതിക്കെതിരേയുള്ള മോദി സർക്കാരിന്റെ പോരാട്ടം പ്രതിപക്ഷത്തിനെതിരേ മാത്രമാണെന്നാണ് വിമർശനം. അഴിമതിക്കാർ ബിജെപിയിൽ ചേരുന്നതോടെ ആ അന്വേഷണവും നിലയ്ക്കും. റിപ്പോർട്ടുകളനുസരിച്ച്, 121 പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയാണ് 2014നും 2022നുമിടയില്‍ ഇഡി കേസെടുത്തിരിക്കുന്നത്.
ആകെയുള്ള കേസുകളിൽ 95 ശതമാനം. എന്നാല്‍, 2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് 26 രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഇഡി കേസെടുത്തതില്‍ 14 പേരായിരുന്നു പ്രതിപക്ഷത്തുനിന്നുണ്ടായിരുന്നത്; 54 ശതമാനം. അതായത്, മോദി സർക്കാരിന്റെ അഴിമതിവിരുദ്ധത മറ്റൊരു അഴിമതിയോ അധികാര ദുർവിനിയോഗമോ ആയി മാറി. അദാനിക്കെതിരേ ഓഹരി കൃത്രിമം, നികുതിവെട്ടിപ്പുകൾ തുടങ്ങിയവ സംബന്ധിച്ച് 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കോളിളക്കമായതോടെ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ അന്വേഷണം ഏൽപ്പിച്ചു. പലരും മുൻകൂട്ടി കണ്ടതുപോലെ സെബിയുടെ അന്വേഷണം പ്രഹസനമായി. മറ്റൊരന്വേഷണത്തിനുള്ള ഹർജികൾ സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെബിയുടെ ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനും അദാനിയുടെ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്.
കേന്ദ്രസർക്കാർ തന്നെ അന്വേഷണം നടത്തി മാധബി കുറ്റക്കാരിയല്ലെന്നു പ്രഖ്യാപിച്ചു. അതേസമയം, പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ മാധബി ഒളിച്ചുകളിച്ചു. ഒരുപക്ഷേ, അദാനിക്കെതിരായ പുതിയ ആരോപണവും അദ്ദേഹത്തിന്റെ സംരക്ഷകയെന്ന് ആരോപണമുള്ള മാധബി തന്നെയായിരിക്കാം അന്വേഷിക്കുന്നത്. ഇതാണ് രാജ്യത്തെ അഴിമതിവിരുദ്ധത! 21,075 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു പ്രതിപക്ഷം ആരോപിച്ചു റഫാൽ യുദ്ധവിമാന കരാറിന്റെ സ്ഥിതിയും ഇതൊക്കെത്തന്നെ.
മോദി സർക്കാരിനെതിരേയുള്ള നിർണായക അഴിമതി റിപ്പോർട്ടുകൾ പുറത്തുവിട്ടത് വിദേശ മാധ്യമങ്ങളാണ്. നിക്ഷേപകരും പത്രപ്രവർത്തകരും പൗരന്മാരും രാഷ്ട്രീയക്കാരും പോലും സംസാരിക്കാൻ ഭയപ്പെടുന്നതിനാലാണ് അദാനി ഗ്രൂപ്പിന്റെ പകൽക്കൊള്ളയെന്ന് ഹിൻഡൻബർഗ് അദാനിക്കെതിരേയുള്ള ആദ്യറിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദാനി-അംബാനി-മോദി കൂട്ടുകെട്ടിനെതിരേ നിരന്തരം ശബ്ദമുയർത്താറുണ്ടെങ്കിലും പ്രധാനമന്ത്രിയും ബിജെപിയും അതിനെ അവഹേളിച്ച് നിശബ്ദമാക്കാനാണു ശ്രമിക്കുന്നത്. അദാനിയെ സംരക്ഷിക്കുന്നത് മോദിയാണെന്ന് ഇത്തവണയും രാഹുൽ മറയില്ലാതെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ കുറ്റപത്രമനുസരിച്ച്, ജൂലൈ 2021നും 2022 ഫെബ്രുവരിക്കും ഇടയ്ക്കാണ് കൈക്കൂലി ആരോപണമെന്നും ഇക്കാലയളവില്‍ ഈ സംസ്ഥാനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഭരിച്ചിരുന്നതെന്നുമാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്. എങ്കിൽ ഉടൻ അന്വേഷണം പ്രഖ്യാപിച്ച് ബിജെപിയുടെ സത്യസന്ധതയും കോൺഗ്രസിന്റെ കാപട്യവും പുറത്തുകൊണ്ടുവരികയാണു വേണ്ടത്.
പക്ഷേ, സത്യസന്ധമായ അന്വേഷണം ആരും പ്രതീക്ഷിക്കുന്നില്ല. രാജ്യം കണ്ടുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേകതരം "അഴിമതിവിരുദ്ധത'യാണ്. അത്തരം അഴിമതിയോട് ബിജെപി അധികാരത്തിലെത്തിയ കാലത്ത് ഉണ്ടായിരുന്ന അസഹിഷ്ണുത ജനങ്ങൾക്ക് ഇപ്പോഴില്ല.
ഒരുതരം സമരസപ്പെടൽ. "ദി ബിഗ് മാൻ', "നൂമെറോ ഊനോ' (ഒന്നാമൻ) തുടങ്ങിയ സൂചനാനാമങ്ങളാണ് ഗൗതം അദാനിയെക്കുറിച്ച് ഗൂഢാലോചനക്കാർ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആ "വലിയവനും ഒന്നാമനും' അദാനിയാണോയെന്ന് ജനം അറിയണമെങ്കിൽ അദാനിതന്നെ തീരുമാനിക്കേണ്ട സ്ഥിതിയാണ്.
ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ പ്രതികരണങ്ങളും അദാനിയോടുള്ള കരുതലും കാണുന്പോൾ അതാണു തോന്നുന്നത്.