ഈ പാർട്ടിവളർത്തലൊന്നും രാഷ്ട്രനിർമാണമല്ല
Friday, November 8, 2024 12:00 AM IST
തൊഴിലില്ലായ്മ, പിൻവാതിൽ നിയമനം, പട്ടിണി, സാന്പത്തിക പ്രതിസന്ധി, അക്രമം, ക്രമസമാധാനഭംഗം... എല്ലാത്തിനെയും പെറ്റുകൂട്ടിയത് ഭരണ അഴിമതിയാണ്. അതുതന്നെയാണ് പിഎസ്സിയെ പിഴപ്പിച്ചതും.
സംസ്ഥാന സർക്കാർ തൊഴിൽരഹിതരായ യുവാക്കളോടു ചെയ്യുന്നത് റബർബോർഡ് കർഷകരോടു ചെയ്യുന്നതുപോലെയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷ(പിഎസ്സി)നെ സർക്കാർ നോക്കുകുത്തിയാക്കി. പിഎസ്സി മുഖേനയുള്ള നിയമനങ്ങൾ പേരിനു മാത്രമാകുകയും റാങ്ക് ലിസ്റ്റുകൾ ഒന്നിനുപിറകെ മറ്റൊന്നായി കാലഹരണപ്പെടുകയും ചെയ്യുന്പോൾ മറ്റു നിയമനങ്ങൾ പതിന്മടങ്ങായി നടത്തുന്നു.
സ്വാഭാവികമായും, രാഷ്ട്രീയ പിൻവാതിൽ നിയമനങ്ങളും അഴിമതിയും ആരോപിക്കപ്പെടും. ഇല്ലെന്നു തെളിയിക്കാൻ നിയമനങ്ങൾ സുതാര്യമാക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തിന്റെ ഔദ്യോഗിക തൊഴിൽമേഖലയിൽ നടക്കുന്നത് എന്താണെന്നറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ കൊടുത്ത ഒരു വിവരാവകാശ അപേക്ഷയെക്കുറിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹി സിജുമോൻ ഫ്രാൻസിസ് ദീപികയിൽ എഴുതിയിരുന്നു.
അതനുസരിച്ച് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016-17 കാലത്ത് 2,432 പേർക്ക് സർക്കാർ സർവീസിൽ നേരിട്ടു ജോലി കൊടുത്തപ്പോൾ അർധസർക്കാർ സ്ഥാപനങ്ങളിൽ 25,392 പേർക്കും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി 9,336 പേർക്കും ജോലികൊടുത്തു.
ആ വർഷം മാത്രം ആകെ 657 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടപ്പോൾ അതിൽ 11 റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒരാൾക്കുപോലും നിയമന ഉത്തരവ് നൽകിയിരുന്നില്ല. പിന്നീടുള്ള വർഷങ്ങളിലും ഏതാണ്ട് സമാനമായ നിയമന ശൈലിയാണ് അനുവർത്തിച്ചത്. 2021-22ൽ 814 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടപ്പോൾ 2022-23ൽ 453 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടു. ഒരാളെപ്പോലും നിയമിക്കാതെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ എണ്ണം 25.
ഇക്കാലയളവിൽ 1,354 പേർക്ക് സർക്കാർ സർവീസിൽ നേരിട്ട് ജോലി കൊടുത്തപ്പോൾ അർധസർക്കാർ സ്ഥാപനങ്ങളിൽ 17,437 പേർക്കും സർക്കാർ നിയന്ത്രിത കമ്പനികളിലും കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിലുമായി 4,491 പേർക്കും ജോലി കൊടുത്തു. അതായത്, ഉള്ള തൊഴിലവസരങ്ങളും സുതാര്യമായല്ല നികത്തുന്നത്. മാനദണ്ഡങ്ങളിൽ മായം ചേർത്തെന്നും പാർട്ടിക്കാരെ തിരുകിക്കയറ്റിയെന്നുമുള്ള ആരോപണം സ്വാഭാവികമാണ്.
നിസാരമായ ചില നിയമനങ്ങൾക്കുവേണ്ടി എന്തിനാണ് പിഎസ്സിയെ നിലനിർത്തുന്നത്? സംസ്ഥാന-ജില്ല-മേഖല ഓഫീസുകളുടെ നടത്തിപ്പു ചെലവ്, ചെയർമാനും ഇരുപതോളം കമ്മീഷൻ അംഗങ്ങൾക്കും വേണ്ടിവരുന്ന സാന്പത്തിക ചെലവ്, ജീവനക്കാർക്കുള്ള ശന്പളവും ആനുകൂല്യങ്ങളും... ഖജനാവിലെ ചോർച്ച എത്ര ഭീമമാണ്. ഒരു ഭരണഘടനാ സ്ഥാപനമായ പിഎസ്സി പിരിച്ചുവിടണമെന്നല്ല, അത് ഈ സംസ്ഥാനത്തിന് നിലവിൽ ചെയ്യുന്ന സേവനം എന്താണെന്ന് അറിയണം.
സർക്കാരിന്റെ വിവിധ പദ്ധതികളുടെയും കോർപറേഷനുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്ത് ഐഎഎസ്, ഐപിഎസ് സർവീസിൽനിന്ന് വിരമിച്ച എത്ര പേർക്ക് സർക്കാർ പുനർനിയമനം നൽകി നിയമിച്ചിട്ടുണ്ടെന്നും അവരുടെ ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല കൊടുത്ത അപേക്ഷയുടെ മറുപടിയും അന്പരപ്പിക്കുന്നതാണ്. സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിയുടെ യാതൊരു ലക്ഷണവും അതിലില്ല.
വിരമിച്ച ഈ ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥർക്കു കൊടുക്കുന്ന ലക്ഷങ്ങളുടെ മാസശന്പളവും ആനുകൂല്യങ്ങളും ഖജനാവിനെ വെളുപ്പിക്കുകയല്ല, കുളിപ്പിച്ചു കിടത്തുകയാണ്. അഖിലേന്ത്യ സർവീസിൽനിന്നുള്ളവരെ മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കാവൂ എന്നു നിയമമൊന്നുമില്ലെങ്കിലും രാഷ്ട്രീയ താത്പര്യങ്ങൾ തീരുമാനങ്ങളാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ പിഎസ്സിക്കു പങ്കില്ലാത്ത ആയിരക്കണക്കിനു നിയമനങ്ങൾ വേറെ. രാഷ്ട്രനിർമാണത്തെ അപായപ്പെടുത്തുന്ന പാർട്ടി വളർത്തൽ!
രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഇക്കഴിഞ്ഞ മേയിൽ പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. അതനുസരിച്ച് 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായിരുന്നു.
അതിനർഥം കേരളം കൂടുതൽ തൊഴിലവസരമുണ്ടാക്കണമെന്നാണ്. മാത്രമല്ല, ഉള്ള തൊഴിലിന്റെ വിതരണം സുതാര്യമാകുകയും വേണം. തൊഴിലില്ലായ്മ, പിൻവാതിൽ നിയമനം, പട്ടിണി, സാന്പത്തിക പ്രതിസന്ധി, അക്രമം, ക്രമസമാധാനഭംഗം... എല്ലാത്തിനെയും പെറ്റുകൂട്ടിയത് ഭരണ അഴിമതിയാണ്. അതുതന്നെയാണ് പിഎസ്സിയെ പിഴപ്പിച്ചതും.