അസ്ഥാനത്തെ ആലിനു പിന്നിൽ ഒളിക്കുന്നവരോട്
Saturday, January 25, 2025 12:00 AM IST
ഇവിടെ മനുഷ്യർക്ക് ജോലി ചെയ്ത്, കൃഷി ചെയ്ത് അന്തസോടെ ജീവിക്കണം. അന്തസോടെ മരിക്കുകയും വേണം. അല്ലാതെ കടുവയും പുലിയും കടിച്ചുവലിച്ചും ആനയുടെ ചവിട്ടേറ്റു ശരീരം ചതഞ്ഞരഞ്ഞും മരിക്കേണ്ടവരല്ല ആരും. കാട്ടുപന്നി കുത്തിമറിച്ചിട്ട് പിടയേണ്ടവരുമല്ല.
കാടിറങ്ങുന്ന വന്യജീവികൾക്കും നാണംകെട്ട ഭരണകൂടത്തിനുമിടയിൽ ആർത്തനാദംപോലെ പായുകയാണു കേരളത്തിലെ നരജീവിതം. വീണ്ടുമൊരു മനുഷ്യജീവനിതാ ദാരുണമായി പിടഞ്ഞുതീർന്നിരിക്കുന്നു.
വയനാട് മാനന്തവാടി താലൂക്കിൽ പഞ്ചാരക്കൊല്ലിയിലെ താത്കാലിക വനം വാച്ചർ അച്ചപ്പന്റെ ഭാര്യ താറാട്ട് ഉന്നതിയിലെ രാധ (45)യെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ കടുവ ആക്രമിച്ചു കൊന്നുതിന്നത്. പ്രിയദർശിനി എസ്റ്റേറ്റിനു സമീപം വനത്തോടു ചേർന്ന സ്വകാര്യ കൃഷിയിടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാധയെ കടുവ വനത്തിലേക്കു വലിച്ചിഴയ്ക്കുകയും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് മരിച്ച രാധ.
നരഭോജിക്കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. കടുവയെ പിടികൂടാൻ പതിവുപോലെ കൂടുമൊരുങ്ങി. വനംവകുപ്പിന്റെ ദ്രുതകർമസേന കടുവയെത്തേടി പരക്കംപാച്ചിലിലാണ്. ഇത്രയുമാണ് നടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ. അസ്ഥാനത്ത് ആലു മുളച്ചാൽ അതും വെട്ടി വിറ്റു കാശാക്കാമെന്നു കരുതി കുലുങ്ങിച്ചിരിച്ചു നാടു വാഴുന്ന ഏമാന്മാരോടാണ് ഇനി പറയാനുള്ളത്. പുതിയ കാര്യങ്ങളൊന്നുമല്ല. സങ്കടവും രോഷവും തിങ്ങിനിറഞ്ഞ് ഗദ്ഗദകണ്ഠരായി എത്രയോ പേർ കൈകൂപ്പി പറഞ്ഞ കാര്യങ്ങൾതന്നെ.
പക്ഷേ, പറയാതെ വയ്യ. ഇവിടെ മനുഷ്യർക്ക് ജോലി ചെയ്ത്, കൃഷി ചെയ്ത് അന്തസോടെ ജീവിക്കണം. അന്തസോടെ മരിക്കുകയും വേണം. അല്ലാതെ കടുവയും പുലിയും കടിച്ചുവലിച്ചും ആനയുടെ ചവിട്ടേറ്റു ശരീരം ചതഞ്ഞരഞ്ഞും മരിക്കേണ്ടവരല്ല ആരും. കാട്ടുപന്നി കുത്തിമറിച്ചിട്ട് പിടയേണ്ടവരുമല്ല.
ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഒരു ഭരണകൂടം ഇവിടെയുണ്ട്. മുഖ്യമന്ത്രിയുണ്ട്. മന്ത്രിസഭയുണ്ട്. അതിലൊരു വനംമന്ത്രിയുണ്ട്. അദ്ദേഹത്തിനു കീഴിൽ വനംവകുപ്പുണ്ട്. അതുക്കുംമേലെ കേന്ദ്രഭരണമുണ്ട്. കേന്ദ്രനിയമങ്ങളുണ്ട്. അവിടെയും മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ട്. മരിച്ചുവീഴുന്ന മനുഷ്യരുടെ നിലവിളി ഇവരെയാരെയും അസ്വസ്ഥരാക്കുന്നില്ല. അവരുടെയെല്ലാം മണിമന്ദിരങ്ങൾക്കു ചുറ്റും ശക്തമായ ബന്തവസുണ്ട്. കടുവയും ആനയും പോയിട്ട് ഈച്ച പോലും കടക്കില്ല. പിന്നെയവരെന്തിനു വേവലാതിപ്പെടണം?
ഇന്നയിന്ന വർഷങ്ങളിൽ ഇത്രയിത്ര പേർ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മരിച്ചെന്നും ഇത്ര പേർക്കു പരിക്കേറ്റെന്നും ഇത്ര ഏക്കർ കൃഷിയിടം നശിച്ചെന്നുമൊക്കെയുള്ള കണക്കുകളുണ്ട്. ദീപികയും മറ്റുള്ളവരുമെല്ലാം പലവട്ടം പറഞ്ഞുകഴിഞ്ഞതാണ്. എത്ര കണക്കുകൾ വേണമെങ്കിലും ഇനിയും നിരത്താം. എത്ര നിലവിളികൾ വേണമെങ്കിലും പെറുക്കിക്കൂട്ടി ഭരണാധികാരികൾക്കു മുന്നിൽ ചൊരിയാം. അതുകൊണ്ടെന്തു കാര്യം? കഴിഞ്ഞദിവസം വനംമന്ത്രി നിയമസഭയിൽ പറഞ്ഞതു നമ്മളെല്ലാം കേട്ടതാണ്.
വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന കാര്യം പറയുന്പോൾ, ആ സ്വരത്തിലെ പുച്ഛവും പരിഹാസവും നമ്മളെ പൊള്ളിച്ചതാണ്. വന്യമൃഗ ആക്രമണങ്ങൾ സർക്കാർ കുറച്ചുകൊണ്ടുവന്നു എന്ന അവകാശവാദം കേട്ടു കരയണോ ചിരിക്കണോ എന്നറിയാതെ വശംകെട്ടതാണ്. വനത്തിനുള്ളിൽ കയറി കാട്ടുമൃഗങ്ങളെ ഇളക്കിവിടുന്ന അരാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള "അറിവിന്റെ ആഴം’ കണ്ട് അന്തംവിട്ടതാണ്.
ഇതൊക്കെ എഴുന്നള്ളിക്കാൻ മന്ത്രിക്കു നാണമില്ലെങ്കിലും, കേൾക്കുന്ന ജനത്തിന്, ഇരകളായ പാവം മനുഷ്യർക്ക്, കർഷകർക്ക്, ആദിവാസികൾക്ക് നാണമുണ്ട്. കാരണം, അവർ പണിയെടുത്ത് അന്തസോടെ ജീവിക്കാൻ ശീലിച്ചവരാണ്. അന്തസില്ലാത്ത ന്യായീകരണങ്ങളിലൂടെ തരംതാഴ്ന്ന രാഷ്ട്രീയക്കളിക്കൊന്നും അവർക്കു നേരമില്ല. കാര്യങ്ങൾ പഠിക്കാൻ മുട്ടിനു മുട്ടിനു വിദേശത്തേക്കു പറക്കുന്നവർ ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളിൽ എന്താണു നടക്കുന്നതെന്നറിയാൻ മെനക്കെടാറില്ല. വിവരമുള്ളവർ പറയുന്നതു ചെവിക്കൊള്ളാറുമില്ല.
പെറ്റുപെരുകി കാടു തികയാതെ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വേട്ടയാടാനും തിന്നാനും അവിടെ ജനങ്ങൾക്കു അധികാരം നല്കും. അങ്ങനെയാണു മൃഗബാഹുല്യം നിയന്ത്രിക്കുന്നത്. പ്രകൃതിയുടെ സന്തുലനം നിലനിർത്തുന്നത്. ഇന്ത്യയിലാകട്ടെ 1971ൽ പാസാക്കിയ പഴഞ്ചൻ വനനിയമത്തെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. കടുവ നൂറു പേരെ കൊന്നാലും കടുവയെ കൊല്ലാൻ നോക്കുന്പോൾ നൂറു മർമങ്ങളാണ്. ഒന്നിലും തൊടാൻ വയ്യ.
എല്ലാ നിയമങ്ങളും കാലാനുസൃതം പരിഷ്കരിക്കേണ്ടതാണെന്ന പ്രാഥമികവിവരം പോലുമില്ലാത്ത ഭരണാധികാരികളെ സഹിക്കേണ്ട ഗതികേടിലാണ് നാം. സ്വന്തം ആനുകൂല്യങ്ങൾ ഉയർത്താൻ മാത്രം പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ജനാധിപത്യം!
വനത്തെയും വന്യജീവികളെയും സംരക്ഷിക്കാനാണ് വനംവകുപ്പ്. ശരിതന്നെ. എന്നാൽ, വനത്തിലുള്ള മൃഗങ്ങളുടെ എണ്ണം നിജപ്പെടുത്താനും അവ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നില്ലെന്നുറപ്പുവരുത്താനും അവർക്കു ബാധ്യതയുണ്ട്. കഷ്ടപ്പെട്ടു ചെയ്യുന്ന കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെയെങ്ങാൻ കൊല്ലാനിടയായാൽ വൻ "ഓപ്പറേഷനി’ലൂടെ അവരെ പിടികൂടി ഞെളിഞ്ഞുനിന്നു ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന വനംവകുപ്പുദ്യോഗസ്ഥരും അവരെ നിലയ്ക്കുനിർത്താനറിയാത്ത മന്ത്രിയുമുള്ള നാട്ടിൽ ഇതൊക്കെ ആരോടു പറയാൻ!
ആന ചവിട്ടിക്കൊന്ന, കടുവയും പുലിയും വലിച്ചുകീറിയ മനുഷ്യരുടെ ഓരോ തുള്ളി ചോരയിൽനിന്നും പ്രതിഷേധത്തിന്റെ ഒരായിരം വാരിക്കുന്തങ്ങൾ ഉയർന്നെന്നുവരാം. കഴിഞ്ഞ ഡിസംബറിൽ കോതമംഗലം കുട്ടന്പുഴയിൽ ആന ചവിട്ടിക്കൊന്ന എൽദോസിന്റെ സഞ്ചിയിലുണ്ടായിരുന്ന നക്ഷത്രം ചുട്ടുപഴുത്തു പലരെയും പൊള്ളിച്ചെന്നുവരാം. മാറ്റത്തിനു മാത്രമാണു മാറ്റമില്ലാത്തതെന്നു പറഞ്ഞതാരെന്നു കേരളത്തിലെ ഭരണക്കാർ മറക്കരുത്.