ലോസ് ആഞ്ചലസ്:പൊള്ളുന്ന യാഥാർഥ്യം
Thursday, January 16, 2025 12:00 AM IST
കലിഫോർണിയയിലെ വൃക്ഷാലംകൃതമായിരുന്ന മലകളും സമതലങ്ങളും തീഗോളങ്ങളായതു നിമിഷങ്ങൾ കൊണ്ടാണെങ്കിൽ ഭൂമി ഒട്ടും സുരക്ഷിതമല്ലെന്നു തിരിച്ചറിയണം. ലോസ് ആഞ്ചലസിന്റെ നഷ്ടം ലോകത്തിന്റെ പാഠമാണ്.
ലോസ് ആഞ്ചലസ് കത്തിയെരിയുകയാണ്. ശക്തമായ കാറ്റ് തുറന്നുകൊടുക്കുന്ന പുതിയ മേച്ചിൽപ്പുറങ്ങളിൽ അഗ്നി ചുടലനൃത്തമാടുന്നു. സർവ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും തീ അണയ്ക്കാനായിട്ടില്ല. 25 പേർ മരിച്ചു.
നിരവധി പേരെ കാണാതായിട്ടുണ്ട്. ഒരു ലക്ഷത്തിനടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു. അത്രതന്നെ ആളുകൾ ഏതു നിമിഷവും സ്ഥലംവിടാനുള്ള ഉത്തരവ് കാത്തിരിക്കുകയാണ്. കാട് ഉൾപ്പെടെ 50,000 ഏക്കറോളം ചാന്പലായി. അതിൽ 24,000 ഏക്കറും പാലിസേഡ്സിലാണ്. 1.3 കോടി മനുഷ്യരെ ബാധിച്ചു. ആഡംബര വീടുകൾ ഉൾപ്പെടെ 15,000 കെട്ടിടങ്ങൾ കത്തിയമർന്നു.
ആയിരക്കണക്കിനു വാഹനങ്ങൾ ഒരു ഹോളിവുഡ് സിനിമയിലെന്നപോലെ ആളിക്കത്തി. പക്ഷേ, കഥയിലെപ്പോലെയല്ല, തീ അണയുന്നില്ല. സാന്റാ ആന കാറ്റ് കൂടുതൽ പ്രദേശങ്ങളിലേക്കും തീ പടർത്തുമോയെന്ന ആശങ്കയാണുള്ളത്. അണുബോംബിനു മാത്രമല്ല, ഭൂമിയെ ഭസ്മമാക്കാൻ ചെറിയൊരു തീപ്പൊരിക്കുപോലും കഴിഞ്ഞേക്കുമെന്ന പൊള്ളുന്ന യാഥാർഥ്യമാണ് ലോസ് ആഞ്ചലസ് ലോകത്തോടു പറയുന്നത്; ആഗോളമുന്നറിയിപ്പെന്നപോലെ.
മഴക്കാടുകളിൽനിന്നു മരുഭൂമിയിലേക്കുള്ള യാത്രകൂടിയാണ് ഇത്തരം സംഭവങ്ങൾ. കത്തിയെരിഞ്ഞതൊക്കെ ഊഷരഭൂമിയായി. പഴയ പച്ചപ്പിന്റെ കുറച്ചെങ്കിലും വീണ്ടെടുക്കണമെങ്കിൽ കാൽ നൂറ്റാണ്ടെങ്കിലും വേണം. പത്തു ദിവസമായിട്ടും അണയ്ക്കാനാകാത്ത കാട്ടുതീയിൽ അമേരിക്കപോലും വിറയ്ക്കുകയാണെങ്കിൽ ഇത്തരമൊന്നിനുമുന്നിൽ മറ്റു രാജ്യങ്ങൾ എത്ര നിസഹായരായിരിക്കും? കടുത്ത വേനലിൽ വിറകുപുരയായി മാറിയ കാടുകളെയോർത്തെങ്കിലും ലോകം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൂടുതൽ ക്രിയാത്മകമായി ചർച്ച ചെയ്യേണ്ടതുണ്ട്.
ജനുവരി 20ന് അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപിനും ഇതു തിരിച്ചറിവാകണം. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ചർച്ചകൾ ഒഴിവാക്കുകയും പാരീസ് ഉൾപ്പെടെയുള്ള കാലാവസ്ഥാ ഉടന്പടികളിൽനിന്നു പിൻവാങ്ങുകയും സാന്പത്തിക പുരോഗതിയുടെപേരിൽ രാജ്യത്തെ പരിസ്ഥിതി നിയമങ്ങളെ ദുർബലമാക്കുകയും ചെയ്ത പഴയ നയത്തിൽനിന്നു മാറിച്ചിന്തിക്കാൻ ലോസ് ആഞ്ചലസ് അദ്ദേഹത്തിനു പ്രേരണയാകണം.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ വനമേഖലയുടെ 36 ശതമാനവും കാട്ടുതീ സാധ്യതയുള്ളതും നിരന്തരം തീപിടിത്തമുണ്ടാകുന്നതുമാണ്. ബന്ദിപ്പുർ ദേശീയോദ്യാനത്തിൽ 2019 ഫെബ്രുവരിയിൽ കത്തിയമർന്നത് 10,920 ഏക്കർ വനമാണ്. 2018 മാർച്ചിൽ തമിഴ്നാട്ടിലെ കൊരങ്ങിണി വനത്തിലൂടെ കൊളുക്കുമല ട്രക്കിങ്ങിനു പോയ 23 പേരാണ് കാട്ടുതീയിൽ പെട്ടു വെന്തുമരിച്ചത്. 2020 ഫെബ്രുവരിയിൽ തൃശൂർ കൊറ്റന്പലത്ത് വനമേഖലയിൽ കാട്ടുതീയിൽ മരിച്ചത് മൂന്നു വനപാലകർ.
2023 നവംബർ മുതൽ 2024 ജൂൺ വരെ രാജ്യത്തെ 34,562 ചതുരശ്ര കിലോമീറ്റർ വനം കാട്ടുതീയിൽ നശിച്ചെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ. ഒരുവശത്തു വനവത്കരണത്തിനുവേണ്ടി കോടികൾ ചെലവഴിക്കുന്പോൾ മറുവശത്ത്, പൂർണതയിലെത്തിയ വനങ്ങൾ ചാന്പലാകുന്നു. ഇന്ത്യക്കെന്നല്ല, ഒരു രാജ്യത്തിനും കാട്ടുതീ ഒഴിവാക്കാനാകുന്നില്ല. അതിൽനിന്നുയരുന്ന പുകയുടെ വ്യാപ്തിയും വിഷപ്രസരണവും മാത്രമെടുത്താൽപോലും കാട്ടുതീ മനുഷ്യരാശിക്കു ഭീഷണിയാണ്.
കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ഇപ്പോൾ കറുപ്പിക്കുന്നത് ലോസ് ആഞ്ചലസിന്റെ നീലാകാശത്തെയാണ് എന്നേയുള്ളൂ. അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്നും അയൽരാജ്യങ്ങളായ കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമൊക്കെ അഗ്നിശമന സംവിധാനങ്ങളെത്തി. പക്ഷേ, തീവ്രത കുറയ്ക്കുന്നുണ്ടെങ്കിലും തീ അണയുന്നില്ല.
ലോകത്തെവിടെയും ഇത് ആവർത്തിക്കാം. ലോസ് ആഞ്ചലസിലെ വൃക്ഷാലംകൃതമായിരുന്ന മലകളും സമതലങ്ങളും തീഗോളങ്ങളാകാൻ നിമിഷങ്ങൾ മതിയെങ്കിൽ ഭൂമി ഒട്ടും സുരക്ഷിതമല്ലെന്നു തിരിച്ചറിയണം. ലോസ് ആഞ്ചലസിലെ ചടുലജീവിതത്തിന്റെ വർണങ്ങളെല്ലാം കെട്ടുപോയി. അണുബോംബ് വീണ ഹിരോഷിമയുടെയും നാഗസാക്കിയുടെയും നിശ്ചലദൃശ്യങ്ങൾപോലെ അതൊരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രമായിരിക്കുന്നു; അവരുടെ നഷ്ടം ലോകത്തിന്റെ പാഠമാണ്.