ട്രംപാണ് പ്രസിഡന്റ്; തന്ത്രം മാറ്റേണ്ടിവരും
Monday, January 20, 2025 12:00 AM IST
മറ്റേതൊരു റിപ്പബ്ലിക്കൻ-ഡമോക്രാറ്റിക് നേതാക്കളെക്കാളും ബിസിനസുകാരനായ ട്രംപിന്റെ തീരുമാനങ്ങൾ ലാഭ-നഷ്ടാധിഷ്ഠിതവും പ്രവചനാതീതവുമായിരിക്കും എന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ നയങ്ങൾ കൂടുതൽ തന്ത്രപരമാക്കേണ്ടിവരും.
ഇന്നുമുതൽ ഡോണൾഡ് ട്രംപാണ് അമേരിക്കയുടെ പ്രസിഡന്റ്. ലോകം ഇത്ര ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അധികാരമേൽക്കൽ മറ്റൊരു രാജ്യത്തുമില്ല. കാരണം, സാന്പത്തികമായും സൈനികമായും അമേരിക്ക ഏറ്റവും മുന്നിലായതിനാൽ അവരുടെ നയങ്ങളും തീരുമാനങ്ങളും എല്ലാവരെയും ബാധിക്കും.
അതു പൊതുവായ കാര്യം. പക്ഷേ, മറ്റേതൊരു റിപ്പബ്ലിക്കൻ-ഡമോക്രാറ്റിക് നേതാക്കളെക്കാളും ബിസിനസുകാരനായ ട്രംപിന്റെ തീരുമാനങ്ങൾ ലാഭ-നഷ്ടാധിഷ്ഠിതവും പ്രവചനാതീതവുമായിരിക്കും എന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ നയങ്ങൾ കൂടുതൽ തന്ത്രപരമാക്കേണ്ടിവരും.
അമേരിക്കയുടെ ലാഭം നമ്മുടെ നഷ്ടമാക്കാതിരിക്കുന്നതാണ് നയതന്ത്രം. ഇന്ത്യൻ സമയം ഇന്നു രാത്രി 10.30ന് പ്രവചനാതീതമായ സ്വഭാവ പ്രത്യേകതകളുള്ള പ്രസിഡന്റ് അധികാരമേൽക്കുന്പോൾ കാപിറ്റോൾ മന്ദിരത്തിനു പുറത്ത് മഞ്ഞുപെയ്യുകയായിരിക്കും.
കൊടിയ തണുപ്പ് മൂലമാണ് തുറന്ന വേദിയിലെ സ്ഥാനാരോഹണം ഒഴിവാക്കിയതുതന്നെ. പക്ഷേ, അസാധാരണമായ ഈ തണുപ്പ് ഭരണത്തെ ബാധിക്കാത്തവിധമായിരിക്കും തുടക്കംതന്നെ.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കൽ, 2021ൽ ട്രംപിന്റെ പരാജയം അംഗീകരിക്കാതെ കാപിറ്റോൾ കലാപത്തിനു മുതിർന്നവരുടെ മോചനം, കുടിയേറ്റക്കാരുടെ മക്കൾക്ക് ഉൾപ്പെടെ ജന്മനാ ലഭ്യമാകുന്ന പൗരത്വം റദ്ദാക്കൽ, റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച നിർണായക തീരുമാനം, ഇറക്കുമതി തീരുവ പുനഃക്രമീകരണം, ഇലക്ട്രിക് വാഹന വിൽപ്പന വർധിപ്പിക്കുന്നത് ഉൾപ്പെയുള്ള പരിസ്ഥിതി നിയമങ്ങൾ പിൻവലിക്കൽ, അമേരിക്കയിലെ എണ്ണ ഖനനം വർധിപ്പിക്കൽ, കായികമത്സരത്തിൽ ഭിന്നലിംഗക്കാരെ വനിതകളായി ഉൾപ്പെടുത്തുന്ന നിയമം പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആദ്യദിനംതന്നെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യദിനം വലിയ പ്രഖ്യാപനങ്ങളുണ്ടാകുന്നത് അമേരിക്കയിൽ അസാധാരണ കാര്യമല്ല. അധികാരമേറ്റയുടനെ ബൈഡൻ ഒപ്പിട്ടത് 17 ഉത്തരവുകളിലാണ്. അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം തവണ അധികാരമേൽക്കുന്ന ട്രംപ്, രാഷ്ട്രീയക്കാരൻ എന്നതിലുപരി ബിസിനസുകാരനാണ്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും മുൻ ടെലിവിഷൻ അവതാരകനും ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും സന്പന്നനുമായ അദ്ദേഹം തനിക്കൊപ്പം അത്തരക്കാരെ കൂട്ടിയിട്ടുമുണ്ട്. ലോകത്തെ ഏറ്റവും സന്പന്നനും ടെസ്ല മോട്ടോർസ്, റോക്കറ്റ് വിക്ഷേപണ സ്ഥാപനമായ സ്പേസ് എക്സ്, സമൂഹമാധ്യമമായ എക്സ് തുടങ്ങിയവയുടെ ഉടമയുമായ ഇലോൺ മസ്കാണ് അതിൽ പ്രധാനി.
കാര്യക്ഷമത വകുപ്പിന്റെ മേധാവിയായാണ് മസ്കിനെ ട്രംപ് നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത ഒരു പൗരന് ഇത്രയധികം അധികാരം കൊടുക്കാൻ എങ്ങനെ കഴിയുമെന്ന വിമർശനം ഡമോക്രാറ്റിക് പാർട്ടിയുൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്.
ജനാധിപത്യത്തോടുള്ള ട്രംപിന്റെ ബഹുമാനം മുൻപേ ചർച്ചയായിട്ടുള്ളതാണ്. 2021 ജനുവരി ആറിന് ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിൽനിന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ തടയാൻ അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോളിലേക്ക് അക്രമാസക്തരായ ട്രംപ് അനുകൂലികൾ ഇടിച്ചുകയറിയത് ഉദാഹരണം.
ആ കേസിൽ ഉൾപ്പെട്ടവരെയെല്ലാം മോചിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും കേസുകളുടെ ഗൗരവം പരിഗണിച്ചു മാത്രമേ മാപ്പ് നൽകുന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രസ്താവിച്ചിട്ടുണ്ട്.
ഇന്ത്യയും കരുതലോടെ നീങ്ങേണ്ട ഭരണകാലമായിരിക്കും ട്രംപിന്റേത്. കഴിഞ്ഞ ട്രംപ് ഭരണത്തിൽ വലിയ സൗഹൃദത്തിലിരിക്കേ ‘മൈ ഫ്രൻഡ്’ എന്നൊക്കെ അഭിസംബോധന ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ല.
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയിലും റഷ്യയുമായുള്ള ഇന്ധന ഇടപാടുകളിലുമൊക്കെ ട്രംപ് നിലപാട് മാറ്റാനിടയുണ്ട്. ഇന്ത്യ ഉയർന്ന വ്യാപാര താരിഫ് നേരിടേണ്ടി വന്നേക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയെ ‘ബിഗ് ട്രേഡ് അബ്യൂസർ’ (വ്യാപാരത്തെ ഏറെ ദുരുപയോഗിക്കുന്നവർ) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഐടി, ഫാർമസി, ടെക്സ്റ്റൈൽസ് മേഖലകളിലെ കയറ്റുമതി മുടങ്ങാതിരിക്കാൻ ഇന്ത്യ കരുതലോടെ പ്രവർത്തിക്കേണ്ടിവരും.
പ്രമുഖ വ്യാപാര പങ്കാളികളായ അമേരിക്കയെയും ചൈനയെയും ഒരുപോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതേസമയം, ചൈന ഉയർത്തുന്ന ഭീഷണികൾ തടയാൻ ഇന്ത്യക്ക് ഏറ്റവും ആശ്രയിക്കാവുന്നത് അമേരിക്കയെ ആയിരിക്കുമെന്നതിലും സംശയമില്ല.
ദക്ഷിണേഷ്യയിലെ സൈനിക താത്പര്യങ്ങൾക്ക് അമേരിക്കയ്ക്ക് ഇന്ത്യയെയും ആവശ്യമുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതിയിലുൾപ്പെടെ, ട്രംപ് ഭരണത്തിൽ മോദി സർക്കാരിനു ഞാണിന്മേൽകളി നടത്തേണ്ടിവരും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അതാരും പഠിപ്പിക്കേണ്ടതുമില്ല.
അമേരിക്കയ്ക്കു പല കാര്യങ്ങളിലും ലോകത്ത് സർവാധിപത്യമുണ്ടെങ്കിലും ആ രാജ്യത്തിന്റെ അടിത്തറ ജനാധിപത്യത്തിലായതുകൊണ്ട് കമ്യൂണിസ്റ്റ്-ഇസ്ലാമിക-ഏകാധിപത്യ ഭരണകൂടങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ ആഗോള സമാധാനത്തിന് അത്ര ഭീഷണിയായിട്ടുമില്ല.
അമേരിക്കയുടെ സ്ഥാനത്ത്, ചൈനയോ ഉത്തരകൊറിയയോ റഷ്യയോ അഫ്ഗാനിസ്ഥാനോ ഇറാനോ തുർക്കിയോ ഉൾപ്പെടെയുള്ള രാജ്യങ്ങളായിരുന്നെങ്കിൽ ലോകക്രമം എന്താകുമായിരുന്നു എന്നു ചിന്തിക്കുന്പോഴാണ് അതിന്റെ ഗൗരവം മനസിലാകുന്നത്.
എന്നിട്ടും റിപ്പബ്ലിക്കൻ-ഡമോക്രാറ്റിക് പാർട്ടികളിലെ മറ്റേതൊരു നേതാവിനെക്കാളും ട്രംപ് അധികാരമേൽക്കുന്പോൾ ലോകത്തിന് അമിതമായ ആകാംക്ഷയോ ഉത്കണ്ഠയോ ഉണ്ട്. പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ വലതുപക്ഷ ചായ്വും തീവ്രവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും അപക്വ പ്രതികരണങ്ങളുമാകാം.
അതേസമയം, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക തീവ്രവാദത്തോടുള്ള ചെറുത്തുനിൽപ്പാണ് അദ്ദേഹത്തിന്റെ രാജ്യാന്തര പിന്തുണയുടെയും വിജയത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്ന് എന്നതും അവഗണിക്കാനാവില്ല.
എന്തായാലും ട്രംപാണ് അമേരിക്കയുടെ 47-ാമതു പ്രസിഡന്റ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ നയങ്ങൾ കൂടുതൽ തന്ത്രപരമാക്കേണ്ടിവരും.