മാനംമുട്ടെ അഭിമാനം
Friday, January 17, 2025 12:00 AM IST
തളരാത്ത നിശ്ചയദാർഢ്യവും കഠിനാധ്വാനത്തിന്റെ ഉത്തമമാതൃകയുമായി ബഹിരാകാശ ശാസ്ത്രരംഗം കുതിക്കുന്പോൾ വലിയ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ രാജ്യം ചിറകുവിരിക്കുമെന്നു പ്രത്യാശിക്കാം.
ബഹിരാകാശ ശാസ്ത്രജ്ഞരുടെ മികവിൽ രാജ്യത്തിന്റെ അഭിമാനം വീണ്ടും മാനംതൊട്ടു. ബഹിരാകാശത്തുവച്ച് രണ്ടു പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ ശാസ്ത്രജ്ഞർ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രയാൻ-4, ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുക, സ്വന്തമായി ഒരു മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നിങ്ങനെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാവിസ്വപ്നങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ നേട്ടം. ഇന്നലെ രാവിലെയാണ് ചരിത്രംകുറിച്ച പരീക്ഷണവിജയം ഐഎസ്ആർഒ ലോകത്തോടു പ്രഖ്യാപിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നിവർക്കുശേഷം ഈ നേട്ടം ഇന്ത്യക്കു മാത്രം സ്വന്തം.
എസ്ഡിഎക്സ് 01 അഥവാ ചേസർ, എസ്ഡിഎക്സ് 02 അഥവാ ടാർജറ്റ് എന്നീ രണ്ടു പേടകങ്ങളാണ് സ്പേഡെക്സിൽ (സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ്) ഉണ്ടായിരുന്നത്. 220 കിലോഗ്രാം വീതം തൂക്കമുള്ള പേടകങ്ങൾ വിക്ഷേപണത്തിനുശേഷം ശ്രദ്ധാപൂർവം തെരഞ്ഞടുത്ത വേഗത്തിലായിരുന്നു ബഹിരാകാശത്തു സഞ്ചരിച്ചിരുന്നത്. സംയോജനം ഈ മാസം ഏഴിനു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് സാങ്കേതിക കാരണങ്ങളാൽ ഒന്നിലേറെത്തവണ മാറ്റിവയ്ക്കുകയായിരുന്നു.
ശ്രീഹരിക്കോട്ടയിൽനിന്ന് ഡിസംബർ 30നാണ് സ്പേഡെക്സ് പദ്ധതിയുടെ കുതിപ്പു തുടങ്ങിയത്. ഒരേ റോക്കറ്റിൽ വിക്ഷേപിച്ച പേടകങ്ങൾ ബഹിരാകാശത്തുവച്ചു വേർപിരിയുകയായിരുന്നു. തുടർന്ന് പേടകങ്ങൾ തമ്മിലുള്ള അകലം ആദ്യം 15 മീറ്ററായും പിന്നീട് മൂന്നു മീറ്ററായും കുറച്ചു. പിന്നീടാണ് കണക്ടറുകൾ ഉപയോഗിച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിച്ചത്.
ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിനുള്ള യാത്രയയപ്പു സമ്മാനമായും ഈ ചരിത്രനേട്ടത്തെ വിശേഷിപ്പിക്കാം. പദ്ധതിയുടെ മുന്നൊരുക്കങ്ങളിലും വിക്ഷേപണസമയത്തും അദ്ദേഹമായിരുന്നു ബഹിരാകാശസംഘടനയുടെ തലപ്പത്ത്. ബഹിരാകാശരംഗത്തെ പ്രവർത്തനങ്ങളെ ജനകീയവത്കരിച്ച ശാസ്ത്രജ്ഞൻ കൂടിയായിരുന്നു സോമനാഥ്. അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ വി. നാരായണനും അഭിമാനിക്കാൻ വകയായി.
പദ്ധതികളുടെ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി സ്പേഡെക്സിനെ ബഹിരാകാശത്തെത്തിച്ച റോക്കറ്റ് മറ്റു പ്രധാന പരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. സാധാരണ ഇത്തരം റോക്കറ്റുകൾ ബഹിരാകാശത്തെ ചവറായി മാറുകയാണു പതിവ്. 24 പേലോഡുകൾ വിക്ഷേപിച്ചതിൽ രണ്ടു പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു. ബഹിരാകാശത്ത് വിത്തുകൾ മുളപ്പിക്കുന്നതായിരുന്നു ഒന്ന്. റോബോട്ടിക് ഹസ്തവുമായി ബന്ധപ്പെട്ടതായിരുന്നു രണ്ടാമത്തെ പരീക്ഷണം. രണ്ടും ഭാവിയിലേക്കുള്ള വലിയ നേട്ടമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടേതാണ് സ്പേഡക്സ് ദൗത്യത്തിന്റെ ആശയം. എന്നാൽ ഉപഗ്രഹത്തിന്റെ അന്തിമസങ്കലനം, പരീക്ഷണം എന്നിവ അനന്ത് ടെക്നോളജീസ് എന്ന കമ്പനിയാണ് നടത്തിയത്. ബഹിരാകാശരംഗത്ത് ഇന്ത്യയുടെ സമീപകാല നേട്ടങ്ങളെ ലോകരാജ്യങ്ങൾ പ്രശംസിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 23ന്, ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിലൂടെ ചരിത്രം സൃഷ്ടിച്ചു. ഇതുവരെ പരീക്ഷിച്ചറിയപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം എത്തുന്ന ആദ്യത്തെ രാഷ്ട്രമായി ഇന്ത്യ മാറി. ആദിത്യ-എൽ1 ബഹിരാകാശ പേടകം ഹാലോ ഭ്രമണപഥത്തിലേക്കു വിക്ഷേപിച്ചതാണ് നാഴികക്കല്ലായ മറ്റൊരു നേട്ടം.
നിലവിൽ 36,000 കോടി അമേരിക്കൻ ഡോളറിന്റെ ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ രണ്ടുശതമാനത്തോളം വിഹിതം ഇന്ത്യയുടേതാണ്. ഐഎസ്ആർഒയുമായി ബഹിരാകാശമേഖലയിൽ കൈകോർക്കുന്ന നാനൂറിലധികം സ്ഥാപനങ്ങളുണ്ട്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. തദ്ദേശീയമായ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണ പരിഹാരങ്ങൾ, പരിക്രമണ മാനേജ്മെന്റ് പരിഹാരങ്ങൾ മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹിരാകാശ മേഖലയിലെ നിർമാണവിഭാഗം ഭാവിയിൽ ഇന്ത്യയെ ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഏറെ മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തളരാത്ത നിശ്ചയദാർഢ്യവും കഠിനാധ്വാനത്തിന്റെ ഉത്തമമാതൃകയുമായി ബഹിരാകാശ ശാസ്ത്രരംഗം കുതിക്കുന്പോൾ വലിയ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ രാജ്യം ചിറകുവിരിക്കുമെന്നു പ്രത്യാശിക്കാം. സമർപ്പിതരായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാം.