കൊല്ലപ്പെടരുത്, വിദ്യാഭ്യാസരംഗം
Thursday, January 23, 2025 12:00 AM IST
സിദ്ധാർഥനെ സഹപാഠികൾ വളഞ്ഞിട്ടു കൊല്ലാക്കൊല ചെയ്തിട്ടും മാറ്റം വരുത്താത്ത
വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖത്തേക്കു കൈചൂണ്ടി ഒരു പയ്യൻ പറയുന്നു; കൊന്നുകളയും!
വിവര-സാങ്കേതിക കൈമാറ്റത്തിനപ്പുറം സമഗ്രവിദ്യാഭ്യാസത്തിലേക്കു കടക്കാൻ ശേഷിയില്ലാതെപോയ ഒരു വിദ്യാഭ്യാസ സന്പ്രദായത്തിന്റെ ഫല പ്രഖ്യാപനമാണ് പാലക്കാട്ടെ പ്ലസ് വൺ വിദ്യാർഥി നടത്തിയത്. അധ്യാപകനെ കൊല്ലുമെന്ന് ക്വട്ടേഷൻ സംഘാംഗത്തെപ്പോലെ ആക്രോശിച്ച വിദ്യാർഥിയുടെ പ്രായം വെറും പതിനാറോ പതിനേഴോ ആയിരിക്കാം. വളർത്തുദോഷത്തിന്റെ ലക്ഷണങ്ങൾ കാണുന്നവരുണ്ട്.
അതേസമയം, വ്യക്തിത്വരൂപീകരണമോ പൗരബോധമോ വൈകാരിക നിയന്ത്രണങ്ങളോ ഉറപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ കൈവിട്ടതിന്റെയും ആ സ്ഥാനം മൊബൈൽ ഫോണും മയക്കുമരുന്നും അക്രമാസക്ത വിദ്യാർഥിരാഷ്ട്രീയവുമൊക്കെ കൈയേറിയതിന്റെയും ഇരകൂടിയാണ് ആ കുട്ടി. കേരളം തിരിച്ചറിയണം; ദൃശ്യം ചോർന്നതു മാത്രമല്ല, കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽനിന്നു മൂല്യം ചോർന്നതും വിദ്യാഭ്യാസമന്ത്രി അന്വേഷിക്കണം.
ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരാൻ അനുവാദമില്ല. പക്ഷേ, അതുമായി ക്ലാസിലെത്തിയ പ്ലസ് വൺ വിദ്യാർഥിയിൽനിന്ന് അധ്യാപകൻ അതു കണ്ടെടുത്തു. അദ്ദേഹമതു പ്രിൻസിപ്പലിനെ ഏൽപ്പിച്ചതോടെയാണ് വിദ്യാർഥി അദ്ദേഹത്തിന്റെ മുറിയിലേക്കു കടന്നുചെന്നത്. അധ്യാപകരോടുള്ള ബഹുമാനമോ ഭയമോ ഒന്നുമില്ലാതെയാണ് മുഖാമുഖം കസേരയിലിരുന്ന് ഗുണ്ടകളെ വെല്ലുന്ന ശരീരഭാഷയോടെ സംസാരിച്ചത്.
ഈ മുറിയിൽവച്ചു തന്നെ മാനസികമായി പീഡിപ്പിച്ചെന്നു നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യത്തെ മുന്നറിയിപ്പ്. ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്ഥി പറഞ്ഞു. അധ്യാപകൻ വഴങ്ങാതെ വന്നതോടെ പുറത്തിറങ്ങിയാല് കാണിച്ചുതരാമെന്നായി. പുറത്തിറങ്ങിയാല് എന്താണു ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ എഴുന്നേറ്റു നിന്നു കൈചൂണ്ടി പറയുകയായിരുന്നു: “പുറത്തു കിട്ടിയാൽ തീർക്കും ഞാൻ. കൊന്നിടുമെന്നു പറഞ്ഞാൽ കൊന്നിടും.” അങ്ങനെ മരിക്കാനുള്ളതാണോ വിദ്യാഭ്യാസരംഗം?
പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നാണ് വിദ്യാർഥി പോലീസിനോടു പറഞ്ഞത്. ഇങ്ങനെ പെട്ടെന്നുള്ള ദേഷ്യത്തിൽ കൊലവിളി നടത്തുകയും പറഞ്ഞതുപോലെ ചെയ്യാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം നാട്ടിലാകെ വർധിക്കുന്നുണ്ട്. ജീവഭയമുള്ളതിനാൽ നാട്ടുകാരെന്നല്ല അധ്യാപകരും പോലീസും പ്രതികരിക്കാറില്ല. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥ് എന്ന വിദ്യാർഥിയുടെ ചുറ്റും തീവ്രവാദികളെപ്പോലെ നിന്നു ക്രൂരമർദനം നടത്തിയവരോട് സഹപാഠികൾപോലും പ്രതികരിച്ചില്ലല്ലോ. അന്ന് വിദ്യാർഥികളിലെ ക്രൂരത കണ്ട് കേരളം നടുങ്ങി. ഇന്നിപ്പോൾ ഒരധ്യാപകൻ വിദ്യാർഥിയുടെ വധഭീഷണിക്കു മുന്നിൽ നിസഹായനായി ഇരിക്കുന്നു.
ഇത്തരം ദേഷ്യക്കാരായ വിദ്യാർഥികൾ ഒന്നും രണ്ടുമല്ല. കാരണങ്ങൾ പലതുണ്ട്. മൊബൈൽ ഫോണുകളുടെ ദുരുപയോഗം, സ്വാതന്ത്ര്യാവകാശങ്ങളുടെ പേരിൽ പിൻവലിച്ച അച്ചടക്കനടപടികൾ, ലഹരിവ്യാപനം, വിദ്യാർഥികളുടെ അക്രമരാഷ്ട്രീയം, അതിനു കിട്ടുന്ന പാർട്ടി പിന്തുണ, മാതാപിതാക്കളുടെയും അധ്യാപകരുടെയും ദുർമാതൃക, വീടുകളിൽ ലഭിക്കുന്ന അമിത സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാനമാണ്.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്കാരെന്ന നിലയിൽ പണ്ട് കോളജുകളിലെത്തിയവർക്ക് ചട്ടന്പിത്തരം കാണിക്കാൻ ഡിഗ്രി-പിജി വിദ്യാർഥികളുണ്ടായിരുന്നതിനാൽ സാധ്യമായിരുന്നില്ല. ഇന്നത് സ്കൂളിന്റെ ഭാഗമായതോടെ ഹയർ സെക്കൻഡറിക്കാർ മൂപ്പന്മാരായി. ലഹരിയുപയോഗിക്കുന്നവരെയും വിദ്യാർഥിസംഘടനയിലെ അംഗങ്ങളെയും തിരുത്താൻ ശ്രമിച്ചാൽ ‘ചോദിക്കാൻ ആളു’ണ്ടാകും. പാഠ്യപദ്ധതികളും അധ്യാപനശൈലിയും മാറിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കപ്പെട്ടിട്ടില്ല.
ഗുണ്ടാസംഘങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന വിധത്തിലാണ് സിദ്ധാർഥൻ എന്ന വിദ്യാർഥിയെ വളഞ്ഞിട്ടു മർദിച്ചത്. വിദ്യാർഥി രാഷ്ട്രീയം അടിമകളാക്കിയവർക്കു കണ്ടുനിൽക്കാനല്ലാതെ പ്രതികരിക്കാനായില്ല. പൂക്കോട് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ എസ്എഫ്ഐ നേതാവ് പി.എം. ആർഷോ പറഞ്ഞത്, നുണയുടെ പേമാരി പെയ്യിച്ച് എസ്എഫ്ഐക്കു ചരമഗീതമെഴുതാൻ കാത്തിരുന്നവർ അറിയുക, മുഴുവൻ സീറ്റിലും എസ്എഫ്ഐ ജയിച്ചിരിക്കുന്നു എന്നാണ്. സിദ്ധാർഥനെ മർദിച്ചു മരണത്തിലേക്കു തള്ളിയിട്ടതിൽ എസ്എഫ്ഐയുടെ പങ്കും നുണയായിരുന്നില്ല നേതാവേ. എതിരാളികൾക്കു നാമനിർദേശ പത്രിക സമർപ്പിക്കാനാകാത്തതോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതോ ഒക്കെ വിജയമാണെന്നു തെറ്റിദ്ധരിക്കാൻ മാത്രം വിവരക്കേട് കേരളത്തിനില്ല.
സഹപാഠിയെ കൊല്ലാക്കൊല ചെയ്യുന്പോൾ പോലും പ്രതികരിക്കാനാവാത്തവിധം അക്രമരാഷ്ട്രീയത്താൽ വന്ധ്യംകരിക്കപ്പെടുകയോ അടിമകളാക്കപ്പെടുകയോ ചെയ്ത യുവത്വത്തിന്റെ കീഴടങ്ങലാണത്. നിങ്ങളുടെ വിദ്യാർഥിരാഷ്ട്രീയ പശ്ചാത്തലത്തിലും അത്തരം ഓർമപ്പെടുത്തലുണ്ട്. പഴയ എസ്എഫ്ഐ നേതാവ് സുരേഷ് കുറുപ്പ് ദിവസങ്ങൾക്കു മുന്പു പറഞ്ഞിരുന്നു; “കാമ്പസുകളിൽ ചോദ്യം ചെയ്യാൻ ആരുമില്ലാത്തതും ലഹരിയുടെ ഉപയോഗവുമെല്ലാം എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണ്. കെഎസ്യു പൂർവവിദ്യാർഥി സംഘടനപോലെയായി. പണ്ടും കാമ്പസുകളിൽ പലതും നടന്നിട്ടുണ്ടാകാം. പക്ഷേ, ഇപ്പോൾ എല്ലാം പുറംലോകമറിയും.”
കേരളത്തിനു മാറിച്ചിന്തിക്കാൻ പാലക്കാട്ടും ദൃഷ്ടാന്തമുണ്ടായിരിക്കുന്നു. അധ്യാപകനെ കൊല്ലുമെന്നു പറഞ്ഞ വിദ്യാർഥിയെ പുറത്താക്കിയാൽ തീരുന്നത്ര നിസാരമല്ല കാര്യം. പുറത്താക്കൽ ശിക്ഷണനടപടിയുടെ ഭാഗമാണ്. അതിലപ്പുറം, സമഗ്രമായ രക്ഷാനടപടികളുണ്ടാകണം. ലഹരിയും അക്രമരാഷ്ട്രീയവും മൊബൈൽ ഫോൺ ദുരുപയോഗവും ഉൾപ്പെടെ നമ്മുടെ കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളിൽനിന്നും അവരെ മോചിപ്പിക്കേണ്ടതുണ്ട്. അത്തരം നടപടികളിൽനിന്ന് മാതാപിതാക്കളും അധ്യാപകരും സർക്കാരും പിൻവാങ്ങിക്കൂടാ. പിഴച്ച ഭീഷണികൾക്കു മുന്നിൽ പകച്ചിരിക്കാനോ കൊല്ലപ്പെടാനോ ഉള്ളതല്ല കേരളത്തിന്റെ വിദ്യാഭ്യാസരംഗം.