ഒടിച്ച പേനകൾ താഴെ വയ്ക്കുക
Wednesday, January 22, 2025 12:00 AM IST
രാജ്യത്ത് നിയമാനുസൃതമായതിനാൽ വധശിക്ഷാ വിധിയെ അംഗീകരിക്കേണ്ടിവരുമ്പോഴും ആഘോഷിക്കരുത്. ലൈക്കുകളുടെയും കമന്റുകളുടെയും കുതിരപ്പുറത്ത് പായുന്നവർ കടിഞ്ഞാൺ വലിക്കുക.
വധശിക്ഷ വിധിക്കുന്ന ന്യായാധിപന്മാർ വിധി വായിച്ച് അടുത്ത നിമിഷം തങ്ങളുടെ പേന കുത്തിയൊടിക്കുന്ന രീതിയുണ്ട്. ഗ്രീഷ്മയെ വധശിക്ഷയ്ക്കു വിധിച്ച ന്യായാധിപൻ ഉൾപ്പെടെ ഏതാണ്ട് എല്ലാവരും അങ്ങനെ ചെയ്തിട്ടുണ്ട്. നിയമാനുസൃതമാണെങ്കിലും, ഒരു വ്യക്തിക്കു വധശിക്ഷ വിധിക്കുന്ന ന്യായാധിപൻ വിധിയെഴുതിയ പേന നശിപ്പിക്കുന്നതിലൂടെ പരോക്ഷമായൊരു വേദന പങ്കുവയ്ക്കുകയാവാം.
പക്ഷേ, ആ ഒടിച്ച പേനയെടുത്ത് വധശിക്ഷയെ ആഘോഷമാക്കി എഴുതാൻ ശ്രമിക്കുന്നവർ സമൂഹത്തിലും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നു. ഗ്രീഷ്മയുടെ വധശിക്ഷയിലും നീതിയോടുള്ള കൂറെന്ന മട്ടിൽ തങ്ങളുടെ അപക്വമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഹിംസയുടെ ഉപേക്ഷിക്കപ്പെടേണ്ട പേനകളാണ് കൈയിലേന്തിയിരിക്കുന്നത്; അത് വലിച്ചെറിയണം.
മറ്റൊരാളുമായി നിശ്ചയിച്ച വിവാഹം നടത്തുന്നതിനു മുന്നോടിയായി കാമുകനെ വിഷക്കഷായം കുടിപ്പിച്ചു കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്കാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കാമുകനായ ജെ.പി. ഷാരോണ് രാജിനെ 2022 ഒക്ടോബര് 14ന് തന്റെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കഷായത്തില് മാരക കളനാശിനി കലര്ത്തിക്കൊടുത്തെന്നാണ് കേസ്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അതിനുവേണ്ടി കൊലപാതകം നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘അപൂർവങ്ങളിൽ അപൂർവം’ എന്നു വിലയിരുത്തിയാണ് പരമാവധി ശിക്ഷ നൽകിയത്. അത് കോടതിയുടെ വിവേചനാധികാരം. ഇനി മേൽക്കോടതികളുണ്ട്. വധശിക്ഷ നൽകിയതിനോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, നീതി നടപ്പായെന്ന തോന്നലിലാണെങ്കിലും അതിനെ ആഘോഷമാക്കുന്നവർ ഇരയോടുള്ള തങ്ങളുടെ ഐക്യദാർഢ്യം ഹിംസകൊണ്ട് പ്രകടിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുമൊക്കെ ഇത്തരം മനോഭാവങ്ങളെ തൃപ്തിപ്പെടുത്തുന്ന ചില വിവരണങ്ങളെങ്കിലും കടന്നുകൂടുന്നുണ്ട്. നിയമാനുസൃതമാണെങ്കിലും വധശിക്ഷയെ റിപ്പോർട്ട് ചെയ്യുന്നതും പ്രകീർത്തിക്കുന്നതും ഒന്നല്ല.
ഈ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പ്രതികരണങ്ങളിൽ പലതും അക്രമോത്സുകമാണ്. ‘ഇതാണു വിധി, ഇതാണു കോടതി’, ‘ആഗ്രഹിച്ച വിധി’, ‘പണക്കാരന്റെ ആലോചന വരുന്പോൾ പഴയ കാമുകനെ ചതിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ’, ‘കോൽക്കത്തയിലെ പീഡനക്കൊലപാതകത്തിൽ വധശിക്ഷ കൊടുത്തില്ല, അംഗീകരിക്കാനാവില്ല’എന്നിങ്ങനെ പോകുന്നു വധശിക്ഷയെ അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങൾ. ചിലരുടെ ആശങ്ക, മേൽക്കോടതികളിലോ രാഷ്ട്രപതിയുടെ ദയാഹർജിയിലോ വധശിക്ഷ റദ്ദാക്കപ്പെടുമോ എന്നതാണ്.
‘ഇവിടെ ഒന്നും നടക്കില്ല, മേൽക്കോടതികൾ വെറുതേ വിടും.’, ‘വിധിച്ചാൽ പോരാ, നടപ്പാക്കണം.’ ഇവിടെ എഴുതാൻ പറ്റാത്തവിധം ക്രൂരതയും അശ്ലീലവുമാണ് പല പ്രതികരണങ്ങളിലുമുള്ളത്. എഴുത്തിലും സിനിമയിലും സമൂഹമാധ്യമങ്ങളിലുമൊക്കെ അക്രമം നിറയുന്നത് കണ്ടില്ലെന്നു നടിക്കരുത്. അതിൽ വിദ്യാഭ്യാസമുള്ളവരും സമൂഹത്തിലെ ഉന്നതരും എഴുത്തുകാരുമൊക്കെ നിർലജ്ജം പങ്കെടുക്കുകയാണ്. അക്രമത്തിനും കൊലപാതകത്തിനുമൊക്കെ സിനിമ പ്രേരകമായെന്നു പറഞ്ഞിട്ടുള്ളതു പ്രതികൾതന്നെയാണ്.
ജനങ്ങൾക്ക് ഇഷ്ടമുള്ളതു കൊടുക്കുന്നുവെന്നാണ് നിലപാടെങ്കിൽ അത്തരം സിനിമകളും മാധ്യമങ്ങളും സാമൂഹികവിരുദ്ധം തന്നെയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ ശ്വാസം മുട്ടുന്ന കേരളത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട്. കഴിഞ്ഞദിവസം അമ്മയെ കൊന്ന മകൻ പറഞ്ഞത്, ജന്മം നൽകിയതിനുള്ള ശിക്ഷയാണ് താൻ കൊടുത്തത് എന്നാണ്. ഇത്തരമൊരു സമൂഹത്തിൽ ഹിംസയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്.
വധശിക്ഷ നിരവധി രാജ്യങ്ങൾ ഒഴിവാക്കിക്കഴിഞ്ഞു. നിയമനിർമാണം പല രാജ്യങ്ങളും പരിഗണിക്കുന്നുമുണ്ട്. അതിനിടെയാണ് കുട്ടികൾപോലും വായിക്കുമെന്ന തിരിച്ചറിവില്ലാത്ത ചിലരുടെ ‘കഴുമര കീർത്തനങ്ങൾ’ കേരളത്തെ അപരിഷ്കൃതമാക്കുന്നത്. ലൈക്കിനും കമന്റിനും വേണ്ടിയാണെങ്കിൽപോലും, മരണത്തിൽ വേദനിക്കുന്നത് സ്വാഭാവികവും സന്തോഷിക്കുന്നത് അസ്വാഭാവികവുമാണ്. രാജ്യത്ത് നിയമാനുസൃതമായതിനാൽ വധശിക്ഷാ വിധിയെ അംഗീകരിക്കേണ്ടിവരുമ്പോഴും ആഘോഷിക്കരുത്. ചോരയൊലിക്കുന്ന പേനകൾ മാറ്റിവയ്ക്കുന്നതാണു നല്ലത്.