സിസ തോമസിനോടുള്ള പകപോക്കൽ അന്യായം
Tuesday, October 29, 2024 12:00 AM IST
സിസയുടെമേൽ ചുമത്തിയിരിക്കുന്ന അന്യായമായ കുറ്റങ്ങൾ പിൻവലിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി അവരുടെ വിശ്രമജീവിതം വ്യവഹാര രഹിതമാക്കാൻ സർക്കാർ അമാന്തിക്കരുത്.
നെറികെട്ട രാഷ്ട്രീയക്കാരുടെ വഴിവിട്ട ഇടപാടുകൾക്കു കൊടിപിടിക്കാതിരുന്നതിന്റെ പേരിൽ നവീൻ ബാബു എന്ന ഉന്നത ഉദ്യോഗസ്ഥന് ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവന്നു. തന്റെ മേലധികാരിയുടെ ഉത്തരവ് അനുസരിക്കേണ്ടി വന്ന മറ്റൊരു ഉന്നത ഉദ്യോഗസ്ഥയ്ക്ക് ഭരണകൂടവും രാഷ്ട്രീയ ദുർനടപ്പുകാരും ചേർന്ന് കുരുക്കു മുറുക്കുകയാണ്.
സിസ തോമസ് എന്ന പ്രഗല്ഭയായ അധ്യാപികയാണ് ഇപ്പോൾ ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ 2022 നവംബറിൽ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ആക്കിയതോടെയാണ് സംസ്ഥാന സർക്കാരിന്റെ കണ്ണിലെ കരടായത്.
ഗവർണറുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥയായ സിസ തോമസ് ആ ചുമതല ഏറ്റെടുത്തതിനെത്തുടര്ന്ന് ഭരണകൂടം പ്രതികാരദാഹിയായി. സംസ്ഥാന സർക്കാരുമായി കൊന്പുകോർത്തു നിൽക്കുന്ന ഗവർണറുടെ ഉത്തരവ് അനുസരിച്ചതാണ് സിസ തോമസ് ചെയ്ത ഏക ‘കുറ്റം’. ആ നിമിഷം വരെ മികച്ച പ്രവർത്തനത്തിന്റെ പേരിൽ സർക്കാർതന്നെ പലവട്ടം പ്രശംസിച്ച അധ്യാപികയായിരുന്നു സിസ തോമസ്. നിരവധി ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക നേട്ടങ്ങളും സ്വന്തം പേരിൽ എഴുതിയ പ്രഗല്ഭ. എൻജിനിയറിംഗ് കോളജുകളിലും പോളിടെക്നിക്കുകളും കെ ബേസ് പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2010ൽ കേരള സർക്കാർ പ്രശംസിച്ച വ്യക്തി. 2014ൽ മികച്ച പ്രവർത്തനത്തിന് വീണ്ടും പ്രശംസ നേടിയ ഉദ്യോഗസ്ഥ.
മികവും പ്രവർത്തനപരിചയവുമൊന്നുമല്ല, രാഷ്ട്രീയ ഏമാൻമാരുടെ സങ്കുചിത താത്പര്യങ്ങൾക്ക് ഏറാൻ മൂളി നിൽക്കുന്നതാണ് ഒരു ഉദ്യോഗസ്ഥയ്ക്കു വേണ്ട അടിസ്ഥാന യോഗ്യതയെന്ന് അടയാളപ്പെടുത്തുകയാണ് സിസയ്ക്കെതിരേയുള്ള പ്രതികാര നടപടികൾ. അവർ വിരമിച്ചിട്ടുപോലും വെറുതെ വിടാതെ കുരുക്കു മുറുക്കുന്നു. സിസ സാങ്കേതിക സർവകലാശാലയിലെ ഫയലുകൾ മോഷ്ടിച്ചു എന്നതാണ് ഒടുവിൽ ചുമത്തിയിരിക്കുന്ന കേസ്. യാതൊരു പേരുദോഷവും കേൾപ്പിക്കാത്ത, ഈ സർക്കാർതന്നെ പലവട്ടം പ്രശംസിച്ച ഉദ്യോഗസ്ഥയ്ക്കെതിരേയുള്ള ഈ കുറ്റംചാർത്തൽ പ്രതികാരനടപടിയെന്നു പകൽപോലെ വ്യക്തം.
ഗവർണർ എല്പിച്ച നിയമപരമായ ഉത്തരവാദിത്വം നിറവേറ്റാൻ എത്തിയ ഉദ്യോഗസ്ഥയെ ഏറാൻമൂളികളായ സിൻഡിക്കറ്റ് അംഗങ്ങളെ ഉപയോഗിച്ചു വരുതിയിലാക്കാമെന്നാണ് ഭരണകൂടം കരുതിയത്. എന്നാൽ, ഏറ്റെടുക്കുന്ന ജോലി ഭംഗിയായി ചെയ്യണമെന്നു നിർബന്ധമുണ്ടായിരുന്ന സിസ തോമസ് എതിർപ്പ് വകവയ്ക്കാതെ ദൗത്യം ഏറ്റെടുത്തു. കലികയറിയ ഭരണകൂടം, വിരമിക്കുന്നതിന് ഒരു മാസം മുമ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ചുമതലയിൽനിന്ന് പകരം ചുമതല കൊടുക്കാതെ നീക്കി.
എന്നാൽ, തലസ്ഥാനത്തുതന്നെ നിയമനം നൽകാനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. നിവൃത്തിയില്ലാതെ ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലാക്കി. തൊട്ടുപിന്നാലെ, സർക്കാർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തെന്നു മെമ്മോ. സിസയുടെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചെങ്കിലും വിശദീകരണം ചോദിക്കാൻ സർക്കാരിനെ അനുവദിച്ചു.
കാത്തിരുന്ന സർക്കാർ വിരമിക്കുന്ന ദിവസംതന്നെ 2023 മാർച്ച് 31ന് അഡീഷണൽ സെക്രട്ടറിയുടെ മുന്നിൽ ഹിയറിംഗിനു ഹാജരാകണമെന്ന് കത്തു കൊടുത്തു, അതും ഓഫീസ് സമയശേഷം ഇ മെയിൽ വഴി. എന്നാൽ, വിരമിക്കുന്ന ദിനമാണെന്നും മാർച്ച് 31ന് ബിൽ മാറുന്ന ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി അവർ അസൗകര്യം അറിയിച്ചു. അച്ചടക്കനടപടിയുടെ പേരിൽ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചായിരുന്നു അടുത്ത നീക്കം. പ്രതികാരനടപടി പാടില്ലെന്നു സുപ്രീംകോടതി പോലും പറഞ്ഞതു വകവയ്ക്കാതെയാണ് ഒടുവിൽ മോഷണക്കേസുകൂടി ചുമത്തിയിരിക്കുന്നത്.
എത്ര കടുത്ത പകയോടെയാണ് ഇവർ നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പിന്തുടർന്നു വേട്ടയാടുന്നതെന്നു നോക്കുക. ഞങ്ങൾ വരച്ച വരയിൽ മുട്ടുകുത്തി നിൽക്കാത്തവരുടെ അനുഭവം ഇതായിരിക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പും ഭീഷണിയുംകൂടിയാണിത്. ഇതാണോ തൊഴിലാളിസ്നേഹത്തെക്കുറിച്ചു മേനി പറയുന്ന ഒരു സർക്കാരും പാർട്ടിയും ചെയ്യേണ്ടത്.
മറ്റു സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി കൊടി പിടിക്കുന്നവർ സ്വന്തം സർക്കാരിനുവേണ്ടി പണിയെടുക്കുന്നവരുടെ അവകാശങ്ങൾകൂടി മാനിക്കാനുള്ള മര്യാദ കാണിക്കേണ്ടേ. ഗവർണറും സർക്കാരും തമ്മിലുള്ള ഗുസ്തിയിൽ മേലധികാരിയുടെ ഉത്തരവ് പാലിക്കാൻ ബാധ്യസ്ഥയായ ഒരു ഉദ്യോഗസ്ഥ എന്തു പിഴച്ചു? സിസയുടെമേൽ ചുമത്തിയിരിക്കുന്ന അന്യായമായ കുറ്റങ്ങൾ പിൻവലിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി അവരുടെ വിശ്രമജീവിതം വ്യവഹാര രഹിതമാക്കാൻ സർക്കാർ അമാന്തിക്കരുത്.