പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ ജനിച്ച അദ്ദേഹം തന്റെ പിതാവിനെപ്പോലെ മികച്ച ചിത്രകാരനായിരുന്നു. അങ്ങനെയാണ് വിയന്നയിലെയും പ്രാഗിലെയും രാജകൊട്ടാരങ്ങളിൽ ആസ്ഥാന ചിത്രകാരനായി അദ്ദേഹം ശോഭിച്ചത്.
ആദ്യമൊക്കെ പോർട്രേറ്റ് ചിത്രകാരനായിരുന്ന ആർച്ചിംബോൾദോ മതപരമായ ചിത്രങ്ങൾ വരയ്ക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കിയത് പലതരം പഴങ്ങളുടെയും പൂക്കളുടെയും വെജിറ്റബിളുകളുടെയുമൊക്കെ ചിത്രങ്ങൾ കൂട്ടിയിണക്കി ആളുകളുടെ പോർട്രേറ്റുകൾ തയാറാക്കിയതാണ്.
ഉദാഹരണമായി ഹോളി റോമൻ ചക്രവർത്തിയായിരുന്ന റുഡോൾഫ് രണ്ടാമന്റെ പോർട്രേറ്റ് ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത് മത്തങ്ങയും ആപ്പിളും കാരറ്റും മുന്തിരിയും സവോളയും സ്ട്രോബറിയും ഗോതന്പ് കതിരും റോസപ്പൂവും കാബേജും തുടങ്ങിയ വിവിധതരം വെജിറ്റബിളുകളും പഴവർഗങ്ങളും പൂക്കളുമൊക്കെ കൂട്ടിക്കലർത്തിയാണ്.
ചിത്രങ്ങളുടെ അർഥം
എന്താണ് ഇങ്ങനെയൊരു ചിത്രീകരണത്തിന്റെ അർഥം? ചിത്രകലയിൽ പുതുമയ്ക്കു വേണ്ടി ആർച്ചിംബോൾദോ ഇങ്ങനെയൊരു ചിത്രീകരണരീതി പരീക്ഷിച്ചതാണോ? അങ്ങനെ കരുതുന്നവരുണ്ട്. എന്നാൽ, ഈ ചിത്രീകരണത്തിന് ഏറെ ആഴമേറിയ ഒരു അർഥമുണ്ടെന്നു ചില ചിത്രവിമർശകർ വാദിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ആർട്ടിസ്റ്റ് അർഥമാക്കുന്നതു നാമെല്ലാവരും നമ്മുടെ ചുറ്റുപാടുകളുടെയുംകൂടി സൃഷ്ടിയാണെന്നത്രേ.
അതു വ്യക്തമാക്കാനാണ് ആർച്ചിംബോൾദോ ഇങ്ങനെയൊരു ചിത്രീകരണരീതി തെരഞ്ഞെടുത്തതെന്ന് അവർ വാദിക്കുന്നു. വാസ്തവമെന്തായാലും അദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചിട്ടുള്ളത് പുതുമ നിറഞ്ഞ ഈ ചിത്രീകരണരീതി ഉള്ളവയാണ്. നാം നമ്മുടെ ചുറ്റുപാടുകളുടെ സൃഷ്ടികളാണോ? ഒരു പരിധിവരെ അങ്ങനെയാണെന്നു വേണം പറയാൻ.
കാരണം, നാം അധിവസിക്കുന്ന സംസ്കാരവും അനുദിനം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളും നമ്മുടെ മുന്പിലുള്ള മറ്റുള്ളവരുടെ മാതൃകയുമൊക്കെ നമ്മുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയുമൊക്കെ ഏറെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് അമേരിക്കൻ മനഃശാസ്ത്ര പണ്ഡിതനായിരുന്ന വില്യം ജയിംസ് പറഞ്ഞത്, "നമ്മുടെ ജീവിതപശ്ചാത്തലം നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നു' എന്ന്.
ഇങ്ങനെയൊരു സാഹചര്യത്തിൽ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ആയിരിക്കുന്ന ജീവിതപശ്ചാത്തലം നമ്മുടെ സ്വഭാവരൂപീകരണത്തിൽ എന്തു മാത്രം സ്വാധീനിക്കുന്നു എന്നുള്ളതാണ്. അതോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യവുമുണ്ട്. നമ്മുടെ ജീവിതപശ്ചാത്തലം എന്തുതന്നെയായാലും നമുക്ക് ആയിത്തീരാവുന്ന ഏറ്റവും നല്ല വ്യക്തിത്വത്തിന്റെ ഉടമയായിത്തീരാൻ നാം ശ്രമിക്കുന്നുണ്ടോ എന്നതാണത്.
നമ്മുടെ ചുറ്റിലും നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലപ്പോഴും അത്ര മെച്ചപ്പെട്ടവയായിരിക്കില്ല. എന്നാൽ, നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തെരഞ്ഞെടുക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടെന്നതു മറന്നുകൂടാ. ഭക്ഷിക്കാൻ നല്ല ഭക്ഷണവിഭവങ്ങൾ തെരഞ്ഞെടുക്കുന്നതുപോലെ, ആധ്യാത്മികവും മാനസികവുമായ പോഷണത്തിനു നാം നല്ല വിഭവങ്ങൾ തെരഞ്ഞെടുക്കുന്നുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം.
പ്രായോഗികമായി പറഞ്ഞാൽ വായിക്കുന്ന പത്രമാസികകളും പുസ്തകങ്ങളും ഏതു തരത്തിലുള്ളവയാണ്? സിനിമയിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമൊക്കെ തെരയുന്നത് ഏതു രീതിയിലുള്ള വിനോദമാണ്? ഉപഭോഗ സംസ്കാരത്തിന്റെ അടിമകളായിട്ടാണോ ജീവിക്കുന്നത്? ഈ മാതിരിയുള്ള ചോദ്യങ്ങൾക്ക് ആത്മാർഥമായ ഉത്തരം കണ്ടെത്താൻ സാധിച്ചാൽ നമ്മുടെ വ്യക്തിത്വവളർച്ച ഏതു രീതിയിലുള്ളതാണെന്നു വ്യക്തമാകും.
മാറ്റാൻ കഴിയുന്ന നമ്മൾ
ആയിത്തീരാൻ സാധിക്കുന്ന ഏറ്റവും നല്ല വ്യക്തിത്വത്തിന്റെ ഉടമകളാകാനാണോ നാം ആഗ്രഹിക്കുന്നത്? എങ്കിൽ ജീവിതസാഹചര്യം എത്ര മോശമാണെങ്കിലും ഒരു വലിയ അളവു വരെ നമ്മുടെ ലക്ഷ്യം നേടാനാവുമെന്നതാണു വസ്തുത. നാസികളുടെ കൊടുംക്രൂരതയിൽനിന്നു രക്ഷപ്പെട്ട മനഃശാസ്ത്രപണ്ഡിതനായ വിക്ടർ ഫ്രാങ്കൽ എഴുതുന്നു: "നാം ആയിരിക്കുന്ന ജീവിതസാഹചര്യം മാറ്റാനാവാത്തതാണെങ്കിൽ അവയോടു നാം പ്രതികരിക്കുന്ന രീതിയിൽ നമുക്കു മാറ്റം വരുത്താനാവും.'
അതായത് നമ്മുടെ ഓരോ ജീവിതസാഹചര്യത്തോടും എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് നമുക്കു സ്വാതന്ത്ര്യം ഉണ്ടെന്നു സാരം. ആർച്ചിംബോൾദോയുടെ ഭാവനാസന്പന്നമായ ചിത്രങ്ങൾ നമ്മുടെ ജീവിതസാഹചര്യങ്ങളുടെ സൃഷ്ടികളാണ് എന്നു നമ്മെ അനുസ്മരിപ്പിച്ചേക്കാം. എന്നാൽ, സാഹചര്യത്തിന്റെ സൃഷ്ടികൾ മാത്രമല്ല നമ്മൾ, നമ്മുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തിൽ നമുക്കും വലിയൊരു പങ്കുണ്ടെന്ന് ആ ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
ആർച്ചിംബോൾദോ തന്റെ ചുറ്റിലും കണ്ട മനോഹരങ്ങളായ വിവിധ വസ്തുക്കൾ തെരഞ്ഞെടുത്തു പോർട്രേറ്റ് ചിത്രീകരണത്തിനു വിനിയോഗിച്ചതുപോലെ,നമ്മുടെ ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ തെരഞ്ഞെടുത്തു നമ്മുടെ വ്യക്തിത്വത്തെ മെച്ചമാക്കാൻ സാധിക്കും.
ജർമൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന ഗൊയ്ഥേ എഴുതി: "ലോകത്തിലെ പ്രക്ഷുബ്ധമായ തിരമാലകൾക്കിടയിലാണു സ്വഭാവം രൂപംകൊള്ളുന്നത്.' ഈ യാഥാർഥ്യം എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ. അങ്ങനെയെങ്കിൽ, ജീവിതസാഹചര്യം എന്തുതന്നെയായാലും നാം നമ്മെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി മാറ്റാൻ ശ്രദ്ധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ