1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികരോഗിയുടെ വെടിയുണ്ടയേറ്റ് അദ്ദേഹം വധിക്കപ്പെട്ടു. തന്മൂലം ഫ്രാൻസിന്റെ പ്രസിഡന്റായി പ്രശോഭിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയില്ല.
എങ്കിലും ഫ്രാൻസിന്റെ കോളനിയായിരുന്ന ഇൻഡോ-ചൈനയിലെ ഗവർണർ ജനറൽ ആയിരുന്നപ്പോൾ അദ്ദേഹം ശരിക്കും പ്രശോഭിക്കുകതന്നെ ചെയ്തിരുന്നു. അങ്ങനെയാണ് പിന്നീടു പടിപടിയായി ഫ്രഞ്ച് രാഷ്ട്രീയത്തിൽ വിവിധ പദവികൾ വഹിച്ച് അവസാനം അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
1895-96ൽ ദോമു ഫ്രാൻസിലെ ധനമന്ത്രിയായിരുന്നു. അക്കാലത്ത് അദ്ദേഹം ഇൻകം ടാക്സ് നടപ്പാക്കാൻ ആരംഭിച്ചത് അദ്ദേഹത്തിനു വലിയ വിനയായിത്തീർന്നു. മന്ത്രിപദം നഷ്ടപ്പെട്ടു. എങ്കിലും അധികം താമസിയാതെ വിയറ്റ്നാം, ലാവോസ്, കന്പോഡിയ എന്നിവ ഉൾപ്പെട്ട ഇൻഡോ-ചൈന എന്ന ഫ്രഞ്ച് കോളനിയുടെ ഗവർണർ ജനറലായി അദ്ദേഹം നിയമിതനായി.
അഴുക്കുചാൽ പ്രശ്നം
വിയറ്റ്നാമിലെ ഹാനോയ് നഗരത്തിലായിരുന്നു ദോമറുടെ ആസ്ഥാനം. അദ്ദേഹം അതിവേഗം ഹാനോയ് നഗരത്തെ ഒരു ആധുനിക നഗരമാക്കി മാറ്റാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി വീതികൂടിയ തെരുവീഥികളും അവയുടെ ഇരുവശങ്ങളിലും മനോഹരമായ വസതികളും അദ്ദേഹം നിർമിച്ചു. നാഗരികതയുടെ അടയാളമായ ഇൻഡോർ ടോയ്ലറ്റുകൾ ആ വസതികളുടെ ഭാഗമായിരുന്നു. ഇൻഡോർ ടോയ്ലറ്റിൽനിന്നു മലിനവസ്തുക്കളും മലിനജലവും ഒഴുകുന്ന അഴുക്കുചാലുകൾ ഭൂമിക്കടിയിലൂടെ നിർമിക്കുകയും ചെയ്തു.
എന്നാൽ, ദോമറും കൂട്ടാളികളും കരുതിയതുപോലെ കാര്യങ്ങൾ ഭംഗിയായി പോയില്ല. ഭൂമിക്കടിയിലെ അഴുക്കുചാലുകളിൽ എലികൾ കൂട്ടംകൂട്ടമായി വളരാൻ തുടങ്ങി. അതിവേഗം അവ പുറത്തുകടന്നു മനുഷ്യർക്കു വലിയ ശല്യമായി മാറി. അതു മാത്രമല്ല, എലികൾ വഴി പ്ലേഗ് രോഗബാധ ഉണ്ടാവുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനു ദോമർ വിദഗ്ധരുടെ ഉപദേശം തേടി. അങ്ങനെയാണ് ഹാനോയിലെ എലിനശീകരണ സംരംഭം ആരംഭിച്ചത്. ’ദ ഗ്രേറ്റ് ഹാനോയ് റാറ്റ് മാസക്കർ 1902’ എന്ന് ഇത് അറിയപ്പെടുന്നു. എലികളെ വ്യാപകമായി നശിപ്പിക്കാനായി എലിവേട്ടക്കാർ എന്ന പേരിൽ ധാരാളമാളുകളെ ഗവണ്മെന്റ് ജീവനക്കാരായി നിയമിച്ചു. അവരുടെ എലിവേട്ട അദ്ഭുതകരമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് എലികളെ അവർ കൊന്നൊടുക്കി.
ഗവണ്മെന്റ് സൂക്ഷിച്ചിരുന്ന കണക്കുകളനുസരിച്ച് 1902 ജൂൺ 21ന് മാത്രം 20,112 എലികളെ എലിവേട്ടക്കാർ നശിപ്പിച്ചു. എങ്കിലും എലിശല്യം രൂക്ഷമായി തുടർന്നു. തന്മൂലം, എലി നശീകരണത്തിനു ഗവണ്മെന്റ് പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു. അതനുസരിച്ച് ഏതു പൗരനും എലിനശീകരണത്തിൽ പങ്കെടുക്കാനും അതിനു പ്രതിഫലം കൈപ്പറ്റാനും അവസരം ലഭിച്ചു.
തീരാത്ത എലിപ്രശ്നം
സാധാരണക്കാരനും പ്രതിഫലം മോഹിച്ച് എലിവേട്ടയിൽ പങ്കുചേർന്നപ്പോൾ കൂടുതൽ എലികൾ നശിപ്പിക്കപ്പെട്ടു. എന്നാൽ, പ്രതിഫലം മോഹിച്ചു ചത്ത എലികളെ ആളുകൾ മുൻസിപ്പൽ ഓഫീസിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ അതു വലിയ ഒരു പ്രശ്നമായി മാറി. അപ്പോൾ, ആ പ്രശ്നത്തിനു പരിഹാരമായി ചത്ത എലികളുടെ വാൽ മുറിച്ച് അതു മാത്രം ഹാജരാക്കി പണം പറ്റാൻ ഓർഡർ വന്നു.
അതേത്തുടർന്ന് വാലില്ലാത്ത എലികൾ പലേടത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. എലി ബിസിനസിൽ കൂടുതൽ പണമുണ്ടാക്കാൻ ചില തന്ത്രശാലികൾ ചെയ്ത പണിയായിരുന്നു അത്. എലികളെ ചാവാതെ വിട്ടാൽ അവ വീണ്ടും പെറ്റുപെരുകി കൂടുതൽ എലികൾ ഉണ്ടാകുമെന്നും അപ്പോൾ അവയെ പിടികൂടി അവയുടെ വാലുകൾ മുറിച്ചുകൊടുത്തു കൂടുതൽ പണമുണ്ടാക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ.
ഇതിനിടയിൽ ഗവണ്മെന്റ് മറ്റൊരു രഹസ്യംകൂടി കണ്ടുപിടിച്ചു. അത് അധികാരികളെ ഞെട്ടിക്കുകതന്നെ ചെയ്തു. അത് എന്തായിരുന്നുവെന്നോ? പട്ടണത്തിൽനിന്ന് അകലെയായി ചിലർ എലിഫാമുകൾ തുടങ്ങിയത്രെ. എലികളെ വളർത്തി അവയുടെ വാലുകൾ മുറിച്ചുവിറ്റു പണം സന്പാദിക്കാനുള്ള അതിമോഹത്തിന്റെ ഫലമായിരുന്നു അത്.
ഈ കഥ വായിക്കുന്പോൾ ഇതു യഥാർഥത്തിൽ നടന്ന സംഭവമാണോ എന്നു നാം സംശയിച്ചേക്കാം. എന്നാൽ, സംശയം വേണ്ട. ചരിത്രകാരന്മാരുടെ പഠനമനുസരിച്ച് ഇതു നടന്ന സംഭവംതന്നെ.
വാലു മുറിച്ചവർ
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്! എലികളെ നശിപ്പിക്കാതെ വാലു മുറിച്ചെടുത്ത് അതു നൽകി പണം വാങ്ങിയവരും എലിഫാം നടത്തി അവയുടെ വാലുകൾ മുറിച്ചുകൊടുത്തു പണം വാങ്ങിയവരുമൊക്കെ പൊതുനന്മ പാടേ മറന്നവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏതു വിധേനയും തങ്ങൾക്കു പണമുണ്ടാക്കണമെന്നു മാത്രമായിരുന്നു ചിന്ത.
എലികൾ മൂലം സമൂഹത്തിനു വ്യാപകമായ തോതിൽ നഷ്ടമുണ്ടാകുന്നതും പ്ലേഗ് ബാധ വ്യാപിക്കുന്നതുമൊന്നും അവർക്കു പ്രശ്നമല്ലായിരുന്നു. അവർക്കു വേണ്ടതു പണമായിരുന്നു. അത് എങ്ങനെയും സന്പാദിക്കാൻ അവർക്കൊരു വൈമനസ്യവുമില്ലായിരുന്നു.
ഇത്തരക്കാരായ മനുഷ്യർ ഇപ്പോഴും ഉണ്ടാവുമോ ഈ ലോകത്തിൽ? സംശയം വേണ്ട. ഇവരാരും എലികളുടെ വാലുകൾ മുറിച്ചുകൊടുത്തായിരിക്കുകയില്ല പണമുണ്ടാക്കുന്നത്.
ഇവരിൽ ചിലർ ചെയ്യുന്നതു പൊതുസമൂഹത്തിന് ഇതിലും ഹാനികരമായ കാര്യങ്ങളായിരിക്കും. കൊള്ളയും ചതിയും മായം ചേർക്കലുമൊക്കെ ഇതിൽപ്പെടും. സ്വന്തം ലക്ഷ്യം നേടുന്നതിനുവേണ്ടി പൊതുസമൂഹത്തിന്റെ നന്മയ്ക്കു കോട്ടം വരുത്തുന്നവർ എലിവാൽ മുറിച്ചു പണമുണ്ടാക്കിയവരിലും നികൃഷ്ടർതന്നെ. നാമാരും ഒരു രീതിയിലും ഈ ഗണത്തിൽപ്പെടുന്നവരാകാതിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ