ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനായിരുന്ന ആൻഡ്രോജസ് ആഥൻസിൽ നടന്ന പാനഥേനിയ മത്സരങ്ങളിലെ നന്പർവൺ താരമായിരുന്നു. അഥീനിയ ദേവിയുടെ ബഹുമാനാർഥം നടന്നിരുന്ന ഈ മത്സരത്തിൽ ആൻഡ്രോജസ് ഓവറോൾ ചാന്പ്യനായപ്പോൾ ആഥൻസ് രാജാവായിരുന്ന ഈജിയസിന് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ആൻഡ്രോജസിനെ ചതിയിൽ വധിച്ചു.
ഇതേത്തുടർന്ന്, കുപിതനായ മിനോസ് രാജാവ് പ്രതികാരദാഹിയായി മാറി. ആൻഡ്രോജസ് വധിക്കപ്പെട്ടതിനു പരിഹാരമെന്നോണം ഏഴ് വർഷം കൂടുന്പോൾ ഏഴ് യുവാക്കളെ വീതം മിനറ്റോർ എന്ന ഭീകരജന്തുവിനു ഭക്ഷണമായി അയച്ചുകൊടുക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു. ഈ നിബന്ധന ഈജിയസ് രാജാവിന് അംഗീകരിക്കേണ്ടിവന്നു.
ഭീകരജീവി
കാളയുടെ പോലെ തലയും വാലും മനുഷ്യന്റെ പോലെ ഉടലുമുള്ള ഒരു ഭീകരജന്തുവായിരുന്നു മിനറ്റോർ. മിനറ്റോറിനെ തളച്ചിട്ടിരിക്കുന്നത് ഒരു ലാബരിന്തിലായിരുന്നു. ദെദുലസ് എന്ന ശില്പി രൂപകല്പന ചെയ്ത ലാബരിന്ത് ഒട്ടേറെ സങ്കീർണതകൾ നിറഞ്ഞ ഒരു ദുർഘടമാർഗമായിരുന്നു. അതിനുള്ളിൽ കടന്നാൽ പുറത്തുവരിക ഏറെക്കുറെ അസാധ്യമായിരുന്നു. അകത്തു കടക്കുന്നവർ മിനറ്റോറിനാൽ കൊല്ലപ്പെടുകയായിരുന്നു പതിവ്.
മിനോസ് രാജാവുമായുള്ള ഉടന്പടിയനുസരിച്ച് ഏഴ് യുവാക്കളെ ക്രീറ്റിലെ മിനോറ്റർക്കു ഭക്ഷണമായി അയച്ചുകൊടുക്കേണ്ട അവസരം വന്നപ്പോൾ തന്നെയും അവരുടെ കൂടെ ഉൾപ്പെടുത്തണമെന്ന് ഈജിയസ് രാജാവിന്റെ പുത്രനായ തീസിയസ് നിർബന്ധം പിടിച്ചു. ക്രീറ്റിൽ പോയി മിനറ്റോറിനെ വധിച്ചു താൻ മടങ്ങിയെത്തിക്കൊള്ളാമെന്നു രാജകുമാരൻ ഈജിയസ് രാജാവിനു വാക്കുകൊടുത്തു. തന്മൂലം, രാജകുമാരന്റെ നിർബന്ധത്തിനു രാജാവ് വഴങ്ങി.
കപ്പൽ കയറി ക്രീറ്റിലെത്തിയ തീസിയസ് മിനോസ് രാജാവിന്റെ പുത്രിയായ എരിയാഡ്നിയെ കണ്ടുമുട്ടുകയും ആ രാജകുമാരിയുമായി പ്രണയത്തിലാവുകയും ചെയ്തു. ലാബരിന്തിൽ കടന്ന് മിനറ്റോറിനെ വധിച്ചശേഷം പുറത്തുകടക്കുക തീസിയസിന് അത്ര എളുപ്പമായിരിക്കില്ലെന്ന് രാജകുമാരിക്ക് അറിയാമായിരുന്നു. തന്മൂലം, ലാബരിന്തിൽനിന്നു തിരിച്ചു പുറത്തുവരാൻ സഹായിക്കാനായി ഒരു വലിയ ചുരുൾ ചരട് നല്കി അതിന്റെ ഒരറ്റം പ്രവേശനകവാടത്തിൽ ബന്ധിക്കാനും അതിന്റെ സഹായത്തോടെ തിരിച്ചുവരാനുള്ള വഴി കണ്ടെത്താനും രാജകുമാരി നിർദേശിച്ചു.
തീസിയസ്, രാജകുമാരിയുടെ ഉപദേശം സ്വീകരിച്ചു പ്രവർത്തിച്ചു. ലാബരിന്തിൽ കടന്നു മിനറ്റോറിനെ വധിച്ച ശേഷം ചരടിന്റെ സഹായത്തോടെ ലാബരിന്തിൽനിന്നു പുറത്തുകടന്നു. ഇതേത്തുടർന്ന്, എരിയാഡ്നിയെയും കൂടെക്കൂട്ടി തീസിയസ് ആഥൻസിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. യാത്രയ്ക്കിടയിൽ നാക്സോസ് ദ്വീപിൽ അവർ കുറെ സമയം ചെലവഴിച്ചു.
വിജയിച്ചെങ്കിലും...
ഈ അവസരത്തിൽ ഡയനീഷ്യസ് ദേവൻ തീസിയസിനു പ്രത്യക്ഷപ്പെട്ട് രാജകുമാരിയെക്കൂടാതെ യാത്ര നടത്താൻ നിർദേശിച്ചു. കാരണം എരിയാഡ്നിയെ വിവാഹം കഴിക്കാൻ ഡയനീഷ്യസ് ദേവൻ തീരുമാനിച്ചിരുന്നു. ദേവൻ പറഞ്ഞതനുസരിച്ച് മടക്കയാത്ര തുടർന്ന് തീസിയസ് ആഥൻസിലെത്തി. അപ്പോൾ തീരത്തേക്കു കപ്പൽ അടുത്തുവരുന്നത് ഈജിയസ് രാജാവ് കാണുന്നുണ്ടായിരുന്നു.
കപ്പൽ കണ്ടപാടെ പുത്രൻ മരിച്ചെന്നു വിചാരിച്ചു അതീവ ദുഃഖം മൂലം വലിയൊരു പാറക്കൂട്ടത്തിൽ കയറി കടലിലേക്കു ചാടി ജീവനൊടുക്കി. എന്തുകൊണ്ടാണെന്നോ തന്റെ പുത്രൻ മരിച്ചുപോയി എന്നു രാജാവ് വിചാരിച്ചത്? രാജകുമാരൻ തിരിച്ചുവന്ന കപ്പലിൽ വെളുത്ത കപ്പൽപ്പായ് ഒരെണ്ണം പോലും കാണാനില്ലായിരുന്നു. മിനോറ്ററെ വധിച്ചു തിരികെ വരുന്പോൾ വെളുത്ത കപ്പൽപ്പായ ഉപയോഗിച്ചു കപ്പലോടിക്കണമെന്നു രാജാവ് നിർദേശിച്ചിരുന്നു. മിനോറ്ററെ വധിച്ചു വിജയശ്രീലാളിതനായി തീസിയസ് മടങ്ങിയെത്തി എന്നതിന്റെ അടയാളമായിട്ടായിരുന്നു രാജാവ് അപ്രകാരം നിർദേശിച്ചിരുന്നത്.
എന്നാൽ, രാജകുമാരൻ അക്കാര്യം പാടേ വിസ്മരിച്ചുപോയി. തന്മൂലം, കപ്പലിന്റെ ഗതിയെ നിയന്ത്രിക്കാനുപയോഗിക്കുന്ന പായ്കളിലൊന്നു പോലും വെളുത്തത് ഉപയോഗിക്കാൻ രാജകുമാരൻ ഓർമിച്ചില്ല. തന്മൂലമാണ് രാജകുമാരൻ മരിച്ചുപോയി എന്നു തെറ്റായി വിശ്വസിച്ചു സ്വന്തം മരണത്തിലേക്കു രാജാവ് എടുത്തുചാടിയത്. ഈ സംഭവത്തിന്റെ പിന്നാലെയാണത്രെ ആ കടൽ ഈജിയൻ കടൽ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
ഈ പുരാണകഥ യഥാർഥ സംഭവമോ കെട്ടുകഥയോ എന്തുതന്നെയായാലും ഈ കഥയിൽനിന്നു പല പാഠങ്ങളും പഠിക്കാനുണ്ട്. അതിലൊന്ന്, വിവേകവും ക്ഷമയുമില്ലാതെ ഒന്നിലേക്കും എടുത്തുചാടരുത് എന്നുള്ളതാണ്. ഈജിയസ് രാജാവിന്റെ ദുഃഖം നമുക്കു മനസിലാക്കാൻ സാധിക്കും. എങ്കിലും തന്റെ പുത്രൻ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുന്നതിനു പോലും അദ്ദേഹം ശ്രമിച്ചില്ല. കപ്പലിൽ വെളുത്ത പായ കാണാത്തതിനെത്തുടർന്ന് ഏറെ ദുഃഖിതനായി മരണത്തിലേക്കു ചാടുകയാണ് അദ്ദേഹം ചെയ്തത്.
അദ്ദേഹം കാണിച്ചത് എത്ര വലിയ വിഡ്ഢിത്തം എന്നു നാം പറഞ്ഞേക്കാം. എന്നാൽ, നമ്മിൽ ചിലരെങ്കിലും ഇതുപോലെ പല കാര്യങ്ങളും എടുത്തചാടി ചെയ്യാറില്ലേ? കേൾക്കേണ്ടതിൽ പകുതി പോലും കേട്ടുകഴിയുന്നതിനു മുന്പ്, അല്ലെങ്കിൽ അറിയേണ്ടതിൽ അല്പം പോലും അറിയുന്നതിനു മുന്പല്ലേ പലപ്പോഴും പലരും പല തീരുമാനങ്ങളുമെടുക്കുന്നത്? അങ്ങനെയുള്ള തീരുമാനങ്ങൾ എത്രയോ ദുരന്തങ്ങൾക്കാണ് കാരണമാകുന്നത്?
ഇനി, ഒരു കാര്യത്തെക്കുറിച്ച്, ക്ഷമാപൂർവം കേട്ടു എന്നു കരുതുക. എന്നാൽ, അതിന്റെ യഥാർഥ സ്ഥിതി മനസിലാക്കി എന്നതിനു എന്താണുറപ്പ്? പലപ്പോഴും, കേൾക്കുന്നതിന്റെ പകുതി പോലും നാം ശരിക്കും മനസിലാക്കുന്നില്ല എന്നതല്ലേ വസ്തുത? പ്രത്യേകിച്ചും വൈകാരികമായി നാം കാര്യങ്ങളെ നേരിടുന്പോൾ.
ജീവിതത്തിൽ എന്തുതന്നെ സംഭവിക്കട്ടെ. അപ്പോൾ അവയൊക്കെ ദൈവത്തിന്റെ പരിപാലനയിലാണ് സംഭവിക്കുന്നത് എന്ന ബോധ്യം ആദ്യം നമുക്കുണ്ടാകട്ടെ. ഇങ്ങനെയൊരു ബോധ്യം നമുക്കുണ്ടെങ്കിൽ നാം ഒന്നിലേക്കും എടുത്തു ചാടില്ല. നേരേ മറിച്ച്, പ്രാർഥനാപൂർവം ആലോചിച്ചതിനു ശേഷമേ ഏത് ഉറച്ച തീരുമാനവും എടുക്കൂ. ഒരു കാര്യത്തിലും എടുത്തുചാട്ടം ആർക്കും ഗുണം ചെയ്യില്ല. നേരേ മറിച്ച്, അതു കൂടുതൽ ദുഃഖത്തിനേ കാരണമാകൂ. ഈജിയസിന്റെ കഥ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ