ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ഒരു വെബ്സൈറ്റിൽ കണ്ട രണ്ടു കഥകൾ. ആദ്യത്തെ കഥ, ഒരു മനുഷ്യൻ തെരുവീഥിയിലൂടെ നടന്നുപോവുകയാണ്. നേരം ഇരുട്ടിയിരുന്നതുകൊണ്ടും ആ തെരുവീഥി സുരക്ഷിതമല്ലാതിരുന്നതുകൊണ്ടും തിടുക്കത്തിലായിരുന്നു അയാളുടെ നടപ്പ്. പെട്ടെന്ന്, ഒരു കൈത്തോക്കുമായി അയാളുടെ മുന്പിൽ ഒരാൾ ചാടിവീണു.
""എന്നെ വെടിവയ്ക്കരുത്, എന്റെ കൈയിലുള്ള പണം മുഴുവൻ ഞാൻ തരാം.''- ആ കാൽനടക്കാരൻ പറഞ്ഞു.
അപ്പോൾ, കൈത്തോക്കുധാരി പറഞ്ഞു, ""എനിക്കു നിന്റെ പണം വേണ്ട. എന്റെ കൂടെയിരുന്ന് എന്നെ കേൾക്കാൻ തയാറുള്ള ഒരാളെ അന്വേഷിച്ച് ഏറെക്കാലമായി ഞാൻ നടക്കുകയായിരുന്നു. എന്നാൽ, ഒരുവനും അതിനു തയാറായില്ല. ഇന്നു നീ എന്നെ ഒരു മണിക്കൂർ കേൾക്കണം. അതിനു ശേഷം ഞാൻ നിന്നെ വിട്ടയയ്ക്കാം.”
ഇതൊരു സംഭവകഥയല്ല, ആരുടെയോ ഭാവനാ സൃഷ്ടിയാണ്. എങ്കിലും അർഥപൂർണമാണ് ഈ കഥ. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ആർക്കും ഒന്നിനും സമയമില്ലാത്ത കാലക്രമത്തിലാണു നാം ജീവിക്കുന്നത്. ഇനി, അല്പം സമയമുണ്ടെങ്കിൽത്തന്നെ അതു സൗഹൃദസംഭാഷണത്തിനോ മറ്റുള്ളവരെ കേൾക്കാനുള്ള സമയമായിട്ടോ അല്ല നമ്മിൽ പലരും കരുതുന്നത്. ആ സമയം നമുക്ക് മാത്രമായിട്ടുള്ളതാണെന്നതാണു നമ്മുടെ ഭാവം- നമ്മുടെ വിനോദത്തിനും വിശ്രമത്തിനും മാത്രമായിട്ടുള്ള സമയം.
അവരുടെ സമയം
നമ്മുടെ വിനോദത്തിനും വിശ്രമത്തിനും പണ്ടുണ്ടായിരുന്നതിലധികമായ സൗകര്യങ്ങൾ ഇപ്പോൾ നമുക്കുണ്ട്. ടെലിവിഷനും സോഷ്യൽ മീഡിയയുമൊക്കെ ആസൗകര്യങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. അപ്പോൾപിന്നെ, സ്വാഭാവികമായും അവയുടെ പിന്നാലെ നാം പോകുന്നു. നമ്മുടെ സമയം മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്നോ അവരെ നാം കേൾക്കാൻ തയാറാകണമെന്നോ നാം ചിന്തിക്കുകപോലും ചെയ്തെന്നുവരില്ല.
നമ്മുടെ ഒരു ആവശ്യം വരുന്പോൾ മറ്റുള്ളവർ നമ്മെ കേൾക്കണമെന്നും അങ്ങനെ നമ്മെ മനസിലാക്കി പ്രവർത്തിക്കണമെന്നും നമുക്ക് ആഗ്രഹമുണ്ട്. എന്നാൽ, മറ്റുള്ളവരുടെ കാര്യം വരുന്പോൾ അതു നാം പലപ്പോഴും ഒഴിവാക്കുകയാണ് പതിവ്. കൊച്ചുകുട്ടികൾക്ക് അവരുടെ മാതാപിതാക്കളോട് എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്. ആദ്യമൊക്കെ മാതാപിതാക്കൾ അതു കേൾക്കാൻ തയാറായേക്കും. എന്നാൽ, പിന്നീട് തിരക്കിന്റെ കാര്യം പറഞ്ഞ് പലപ്പോഴും അവരെ ഒഴിവാക്കുകയല്ലേ പതിവ്?
മക്കൾ വളർന്നു വലതാകുന്പോൾ ആദ്യമൊക്കെ മാതാപിതാക്കൾക്കു പറയാനുള്ളതു കേൾക്കാൻ തയാറായേക്കും. എന്നാൽ, സാവധാനം ഓരോരോ കാരണം പറഞ്ഞ് അവരെ കേൾക്കുന്നത് ഒഴിവാക്കുന്നതായി നാം കാണാറില്ലേ? ഭാര്യാഭർത്താക്കന്മാരുടെ കാര്യത്തിലും സഹോദരങ്ങളുടെ കാര്യത്തിലും സുഹൃത്തുക്കളുടെ കാര്യത്തിലും ഈ സ്ഥിതിവിശേഷത്തിനു വലിയ മാറ്റമില്ല എന്നതാണ് വാസ്തവം.
പലപ്പോഴും മറ്റുള്ളവരെ കേൾക്കാൻ നാം തയാറാകാത്തതിനു കാരണം സമയക്കുറവല്ല. പ്രത്യുത, അവർക്കു പറയാനുള്ള കഥയിൽ നമുക്കു താത്പര്യമില്ല എന്നതാണ്. നമുക്കു കേൾക്കാൻ താത്പര്യമുള്ള കഥയായിരിക്കില്ല അവർക്കു പറയാനുണ്ടാവുക. നേരേമറിച്ച്, സമയത്തിന്റെ കാര്യത്തിലും മറ്റു കാര്യങ്ങളിലും നമ്മുടെ ത്യാഗം വേണ്ടിവരുന്ന കാര്യങ്ങളാവും അവ.
അവരെ കേൾക്കുക
ഇനി രണ്ടാമത്തെ കഥ, വലിയ തിരക്കുള്ള ഒരു നഗരവീഥിയിലൂടെ രണ്ടുപേർ നടന്നുപോകുന്നു. തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. അവയുടെ ശബ്ദകോലാഹലം കൂടാതെ അകലെനിന്ന് ഉച്ചഭാഷി ണിയിലൂടെ ആരുടെയോ പ്രസംഗവും മുഴങ്ങുന്നുണ്ട്. അപ്പോൾ ആ രണ്ടു പേരിലൊരാൾ മറ്റേയാളോട് പറയുകയാണ്, ""നിൽക്കൂ! ഒരു ചീവീട് കരയുന്ന ശബ്ദം ഞാൻ കേൾക്കുന്നു.''
""താൻ എന്താണു പറയുന്നത്.'' -അപരന്റെ ചോദ്യം.
ഉടൻ ആദ്യത്തെയാൾ പറയുന്നു: ""ഇവിടെ വഴിയരികിലുള്ള കുറ്റിച്ചെടികൾക്കിടയിൽ ഒരു ചീവീടുണ്ട്. വരൂ, നമുക്കതിനെ കണ്ടുപിടിക്കാം.''
അയാൾ വേഗം പോയി കുറ്റിച്ചെടികൾക്കിടയിൽനിന്ന് ഒരു ചീവീടിനെ കണ്ടുപിടിച്ചു.
""ഇത്രയും വലിയ ശബ്ദകോലാഹലങ്ങൾക്കിടയിൽ താൻ എങ്ങനെയാണ് ചീവീടിന്റെ ശബ്ദം കേട്ടത്?''- അപരൻ ചോദിച്ചു.
ഉടൻ ആദ്യത്തെയാൾ തന്റെ പോക്കറ്റിൽ കിടന്ന കുറെ നാണയത്തുട്ടുകളെടുത്ത് നടപ്പാതയിലെ കോൺക്രീറ്റ് തറയിലേക്ക് ഇട്ടു. അപ്പോൾ വഴിപോക്കർ പെട്ടെന്ന് അവയുടെ സ്വരം കേട്ടു തിരിഞ്ഞുനോക്കി.
അപ്പോൾ ആദ്യത്തെയാൾ പറഞ്ഞു, ""കണ്ടില്ലേ, പണത്തിന്റെ ശബ്ദമാണെങ്കിൽ ആരും കേട്ടുനിന്നുപോകും. മറ്റു സ്വരങ്ങളാണെങ്കിൽ പലരും ശ്രദ്ധിച്ചെന്നുവരില്ല.'' അതായത്, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ നാം കേൾക്കൂ എന്നു സാരം. അല്ലെങ്കിൽ, അതിനു മാത്രമേ നാം സമയം കൊടുക്കൂ. മറ്റുള്ള കാര്യങ്ങൾ നാം പരിഗണിക്കാറുപോലുമില്ല.
""ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല'' എന്ന് അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഏണസ്റ്റ് ഹെമിംഗ്വേ പറഞ്ഞിരിക്കുന്നതു വെറുതേയല്ല. ഏറെപ്പേർക്കും കേൾക്കുന്നതിലേറെ സംസാരിക്കുന്നതിനാണ് താത്പര്യം.
എന്നാൽ, ആരെങ്കിലും ശ്രദ്ധാപൂർവം മറ്റുള്ളവരുടെ ഹൃദയത്തിൽനിന്നുള്ള പങ്കുവയ്ക്കൽ കേട്ടിരുന്നാൽ അതുവഴി പങ്കുവയ്ക്കുന്ന ആളിനു ലഭിക്കുന്ന ആശ്വാസവും നന്മയും എത്രയധികമാണെന്നോ? പറയുന്നതു ദുഃഖകഥയാണെങ്കിൽ അത് ഒരാൾ കേൾക്കാൻ തയാറാകുന്നതുവഴി ആ ദുഃഖത്തിനു വലിയ ശമനം കിട്ടും.
""താത്പര്യപൂർവം ശ്രവിക്കുന്നയാൾ ഏറെ ഉത്തേജനം പകരുന്നു''എന്നാണ് ബ്രിട്ടീഷ് കുറ്റാന്വേഷണ നോവലിസ്റ്റായ ആഗതാ ക്രിസ്റ്റി എഴുതിയിരിക്കുന്നത്. താത്പര്യപൂർവം മറ്റൊരാളെ കേട്ടിരിക്കുന്ന ആൾ കാര്യങ്ങൾ വ്യക്തമായി മനസിലാക്കുന്നു, മറ്റുള്ളവരുടെ വീക്ഷണകോണിൽകൂടി കാര്യങ്ങൾ കാണാൻ തയാറാകുന്നു. അതു നമ്മുടെ നന്മയ്ക്കു മാത്രമേ സഹായിക്കൂ. കാരണം, അപ്പോഴാണ് നമുക്കു നല്ല തീരുമാനങ്ങളെടുക്കാൻ സാധിക്കുക.
ദൈവവചനം പറയുന്നു, ""നിങ്ങൾ കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും ആയിരിക്കണം'' (യാക്കോബ് 1:19). ആര് ഈ വചനം പാലിക്കുന്നുവോ അവർ അനുഗ്രഹിക്കപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ