ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്റോക്ക് ബ്രോക്കർ ആയിരുന്നു നിക്കോളാസ് വിന്റൺ (1909-2015). ജർമനിയിൽനിന്നു കുടിയേറിയ യഹൂദരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ്കൂളിൽ പഠിക്കുന്ന കാലത്തു വാൾപ്പയറ്റിൽ ചാന്പ്യനായിരുന്നു. പിന്നീട്, 1940ലെ സമ്മർ ഒളിംപിക്സിനു വേണ്ടിയുള്ള ബ്രിട്ടന്റെ ഫെൻസിംഗ് ടീമിൽ വിന്റൺ അംഗവുമായിരുന്നു. എന്നാൽ, രണ്ടാം ലോകമഹാ യുദ്ധംമൂലം 1940ലെ ഒളിംപിക്സ് മത്സരങ്ങൾ റദ്ദാക്കപ്പെട്ടു. തന്മൂലം, ഒളിംപിക്സിൽ മെഡൽ നേടാനുള്ള വിന്റണിന്റെ ആഗ്രഹം വിഫലമായി. പഠനം പൂർത്തിയാക്കിയ ശേഷം, 1931 മുതൽ ബാങ്കിംഗ് രംഗത്തായിരുന്നു വിന്റൺ ജോലി ചെയ്തിരുന്നത്.
1938ലെ ക്രിസ്മസിനു മുന്പ് സ്വിറ്റ്സർലൻഡിൽ അവധിക്കു പോകാനായി വിന്റൺ പ്ലാൻ ചെയ്തിരുന്നു. അതിനിടെ, ചെക്കോസ്ലാവാക്യയിൽനിന്നുള്ള അഭയാർഥികളെ സഹായിച്ചിരുന്ന ഒരാൾ വിന്റണെ അവിടേക്കു ക്ഷണിച്ചു. അവധിക്കാല പരിപാടി ഉപേക്ഷിച്ചു വിന്റൺ വേഗം പ്രാഗ് നഗരത്തിലെത്തി. അന്ന് അവിഭക്തമായ ചെക്കോസ്ലാവാക്യയുടെ തലസ്ഥാനമായിരുന്നു പ്രാഗ്. ഇപ്പോഴതു ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവും.
ഹിറ്റ്ലറുടെ നാസികൾ യഹൂദരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയ അവസരമായിരുന്നു അത്. അതിവേഗം അവർ ചെക്കോസ്ലോവാക്യ ആക്രമിച്ചു കീഴടക്കുമെന്ന് ഉറപ്പായിരുന്നു. തന്മൂലമാണ് അവിടെയുള്ള യഹൂദവംശജർ സുരക്ഷിത രാജ്യങ്ങളിലേക്കു കുടിയേറാനുള്ള അവസരങ്ങൾ തേടിയത്. പതിനേഴു വയസിൽ താഴെയുള്ള യഹൂദരെ ബ്രിട്ടനിലേക്ക് അഭയാർഥികളായി സ്വീകരിക്കാൻ 1938 നവംബറിൽ അവിടത്തെ ഗവൺമെന്റ് നിയമം പാസാക്കിയിരുന്നു. അങ്ങനെയാണ് ചെക്കോസ്ലോവാക്യയിലുള്ള യഹൂദരായ കുട്ടികളെ ബ്രിട്ടനിലേക്കു സുരക്ഷിതരായി എത്തിക്കാൻ മനുഷ്യസ്നേഹികൾ മുന്നിട്ടിറങ്ങിയത്.
വിന്റൺ അവരുടെ പരിശ്രമങ്ങൾക്കു പൂർണ പിന്തുണ നൽകി. വിന്റൺ മൂന്നാഴ്ച മാത്രമേ പ്രാഗിൽ തങ്ങിയുള്ളൂ. എന്നാൽ, അതിനിടെ 669 കുട്ടികളെ സുരക്ഷിതരായി എത്തിക്കാനുള്ള സംവിധാനം അദ്ദേഹം ചെയ്തു. ആ കുട്ടികളെ ബ്രിട്ടനിൽ എത്തിക്കുക മാത്രമല്ല ചെയ്തത്. അവരെ ദത്തെടുക്കാൻ സന്നദ്ധതയുള്ള ബ്രിട്ടീഷ് കുടുംബങ്ങളെ കണ്ടെത്താനും അദ്ദേഹത്തിനു സാധിച്ചു. 1939 ജനുവരിയിലാണ് വിന്റൺ പ്രാഗിൽനിന്നു മടങ്ങിയത്. ആറാഴ്ച കഴിഞ്ഞു, മാർച്ച് 15നു ജർമനി ചെക്കോസ്ലോവാക്യ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. തന്മൂലം, അവിടേക്കു തിരിച്ചുപോകാൻ വിന്റണി സാധിച്ചില്ല. എങ്കിലും താൻ രക്ഷപ്പെടുത്തിയവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അദ്ദേഹത്തിനു സാധിച്ചു.
യഹൂദവംശത്തിൽ ജനിച്ചതുമൂലം നാസികളാൽ നിഷ്കരുണം വധിക്കപ്പെടുമെന്നു കരുതപ്പെട്ട 669 കുട്ടികളെ രക്ഷപ്പെടുത്തിയതുമൂലം അദ്ദേഹത്തെ ആരെങ്കിലും അംഗീകരിച്ച് ആദരിച്ചോ? ബ്രിട്ടീഷ് ഗവൺമെന്റും ചെക്ക് ഗവൺമെന്റുമൊക്കെ ആദരിച്ചു. എന്നാൽ, അതിന് അന്പതു വർഷം കഴിയേണ്ടിവന്നു എന്നു മാത്രം! എന്തുകൊണ്ടാണ് ഇത്രയും കാലതാമസം വന്നത്?
വാഴ്ത്തപ്പെടാത്ത ഹീറോ
വിന്റണിന്റെ ഈ സേവനം ആരുംതന്നെ അറിഞ്ഞിരുന്നില്ല എന്നതുതന്നെ. 1952ൽ ഒരു മുനിസിപ്പൽ ഇലക്ഷനിൽ മത്സരിച്ചപ്പോൾ വിന്റൺ തന്റെ ഈ സേവനത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അപ്പോഴല്ലാതെ, ഇതേക്കുറിച്ച് പരസ്യമായി ഒരിക്കലും സംസാരിച്ചിട്ടില്ലത്രേ. എന്നാൽ, 1988ൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹം തയാറാക്കിയ ഒരു നോട്ട്ബുക്ക് കണ്ടെത്തുകയും അത് ഒരു ഗവേഷകയ്ക്കു കൈമാറുകയും ചെയ്തു. വിന്റൺ രക്ഷപ്പെടുത്തിയ കുട്ടികളുടെ വിവരങ്ങളായിരുന്നു ആ നോട്ട്ബുക്കിലുണ്ടായിരുന്നത്.
വിന്റണിന്റെ സേവനത്തെക്കുറിച്ചു പുറംലോകം അറിഞ്ഞപ്പോൾ അദ്ദേഹം വലിയ ഹീറോ ആയി വാഴ്ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ചരിത്രം പറയുന്ന മൂന്നു സിനിമകൾതന്നെ നിർമിക്കപ്പെട്ടു. ചെക്ക് ഗവൺമെന്റ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് നൈറ്റ് പദവിയും നൽകി ബഹുമാനിച്ചു. വേറെ നിരവധി അവാർഡുകൾക്കും അദ്ദേഹം അർഹനായി.
രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ ഹീറോകളായി വാഴ്ത്തപ്പെട്ടവരുടെയിടയിൽ നാസി ഭീകരതയിൽനിന്നു യഹൂദരെ രക്ഷിച്ച പലരും ഉണ്ടായിരുന്നു. ആ ഗണത്തിൽ ഉൾപ്പെട്ടവരായിരുന്നു സ്വീഡനിൽനിന്നുള്ള റാവുൾ വാലൻബർഗും ജർമനിയിൽനിന്നുള്ള ഓസ്കർ ഷിൻഡ്ലറുമൊക്കെ. അവരൊക്കെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടപ്പോഴും വിന്റൺ തന്റെ കഥ പറഞ്ഞ് ആരുടെയും അംഗീകാരവും ആദരവും പിടിച്ചുപറ്റാൻ ശ്രമിച്ചില്ല. എന്തുകൊണ്ടായിരുന്നു അത്? താൻ ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല. അതുതന്നെ കാരണം.
നന്മകൾ ചെയ്യുന്പോൾ
വിന്റണിന്റെ ഈ മനഃസ്ഥിതിയുള്ളവർ എത്രപേർ ഉണ്ടാകും നമ്മുടെയിടയിൽ? നാം എന്തെങ്കിലും നന്മ ചെയ്താൽ അതു കൊട്ടിഘോഷിക്കാനല്ലേ നമ്മിൽ പലരും പലപ്പോഴും ശ്രമിക്കുന്നത്? അതു മാത്രമോ? നന്മപ്രവൃത്തികൾക്ക് എത്രമാത്രം പബ്ലിസിറ്റി കിട്ടിയാലും പലർക്കും മതിവരുമോ?
നമ്മൾ ചെയ്യുന്ന നന്മകൾ മറ്റുള്ളവർ അറിഞ്ഞാൽ മറ്റുള്ളവർക്കു ചിലപ്പോൾ പ്രേരണ നൽകിയേക്കാം. തന്മൂലമാണ് നമ്മിൽ ചിലരെങ്കിലും നമ്മുടെ സത്പ്രവൃത്തികൾക്കു പബ്ലിസിറ്റി നൽകുന്നത്. എന്നാൽ, ""നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായി ഇരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് നിന്റെ ഇടതുകൈ അറിയാതിരിക്കട്ടെ'' (മത്തായി 6:3). എന്ന ദൈവവചനം നാം മറന്നുപോകരുത്.
നമുക്കു സാധിക്കുന്ന നന്മകളെല്ലാം നാം എപ്പോഴും ചെയ്യണം. അതു കാണാനിടയാവുന്നവരിൽ ചിലരെങ്കിലും തീർച്ചയായും സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തും. ഒരുപക്ഷേ, അവർ അറിയാതെയായിരിക്കും അപ്രകാരം ചെയ്യുക. എന്നാൽ, ദൈവത്തിനു കിട്ടേണ്ട മഹത്വം നമുക്കു കിട്ടാൻ വേണ്ടിയാണ് നാം നന്മകൾ ചെയ്യുന്നതെങ്കിൽ അത് ശോചനീയമായിരിക്കുമെന്നതിൽ സംശയം വേണ്ട. നമ്മുടെ നന്മപ്രവൃത്തികൾ വഴി ഉണ്ടാകുന്ന മഹത്വം എപ്പോഴും ദൈവത്തിനായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ