പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ്ങനെ ചെയ്യുന്പോൾ ദൈവം നമ്മെ എന്നതുപോലെ മറ്റുള്ളവരെയും അനുഗ്രഹിക്കും..
സമയം പാതിരായോടടുക്കുന്നു. ആ ഗ്രാമത്തിലെ എല്ലാവരുംതന്നെ ഉറക്കത്തിലാണ്. അപ്പോഴും ഉണർന്നിരുന്ന് വായനയിലും പഠനത്തിലുമായിരുന്നു ഒരു റബ്ബിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും. പെട്ടെന്ന്, ഒരു ഉൾവിളിയാൽ എന്നപോലെ റബ്ബി തന്റെ ശിഷ്യരെ ഒരുമിച്ചു വിളിച്ചുകൂട്ടി അവരോട് പറഞ്ഞു, ""വരൂ, നമുക്കു പ്രാർഥിക്കാം. അകലെ ഒരിടത്ത് ഒരാൾ ഒരു വലിയ പ്രതിസന്ധി നേരിടുന്നു. അയാൾക്ക് നമ്മുടെ പ്രാർഥന ആവശ്യമുണ്ട്.''
റബ്ബി പറഞ്ഞതനുസരിച്ച്, ശിഷ്യരെല്ലാവരും ഒത്തുകൂടി റബ്ബിയോടൊപ്പം ആ ആൾക്കുവേണ്ടി സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർഥിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ റബ്ബി പറഞ്ഞു, ""ഒരു കുറ്റകൃത്യത്തിനിടയിലായിരുന്ന അയാൾ മാനസാന്തരപ്പെട്ട് ദൈവത്തോടൊപ്പം നടക്കാനും നന്മചെയ്യാനും തീരുമാനിച്ചു. അയാൾ ആ തീരുമാനം നടപ്പാക്കാനുള്ള ശക്തിക്കുവേണ്ടി നമുക്കിപ്പോൾ പ്രാർഥിക്കാം.''
റബ്ബി പറഞ്ഞതുപോലെ, ശിഷ്യരെല്ലാവരും റബ്ബിയോടൊപ്പം വീണ്ടും അയാൾക്കുവേണ്ടി പ്രാർഥിച്ചു. അതിനുശേഷം അവരെല്ലാവരും ഉറങ്ങാൻപോയി. പിറ്റേദിവസം അവരാരുംതന്നെ ആ പ്രാർഥനയെക്കുറിച്ച് ഓർമിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ദിവസങ്ങൾ അങ്ങനെ കടന്നുപോയി.
കുതിരമോഷണം
ഒരു ദിവസം അവരിലൊരാൾ അകലെയൊരു ഗ്രാമത്തിലേക്കു പോകാനിടയായി. അവിടെവച്ച്, മുൻപ് പരിചയമുള്ള ഒരാളെ കാണാനിടയായി. ""നിങ്ങൾ ഇവിടെ എന്തെടുക്കുന്നു? എന്നാണ് ഈ ഗ്രാമത്തിലെത്തിയത്?'' ആഗതൻ അയാളോടു ചോദിച്ചു.
ഉടനെ അയാൾ പറഞ്ഞു: ""നമ്മുടെ ഗ്രാമത്തിൽനിന്ന് ഓടിപ്പോന്ന ഒരാളാണ് ഞാൻ. കാരണം, ഞാൻ ഒരു റിബൽ ആയിരുന്നു. എല്ലാ ചട്ടങ്ങളും നിയമങ്ങളും തെറ്റിച്ച ഒരാൾ. ജീവിക്കാൻവേണ്ടി ഞാൻ ഒരു മോഷ്ടാവായി. കുതിരകളെ മോഷ്ടിക്കുന്നതിലായിരുന്നു എനിക്ക് ഏറെ രസം.''
ആഗതൻ ഈ കഥ കേട്ടുകൊണ്ടിരിക്കുന്പോൾ അയാൾ തുടർന്നു, ""ഒരു ദിവസം ഞാൻ ഒരു ഗ്രാമത്തിലെത്തിയപ്പോൾ ഒരു ജോഡി നല്ല കുതിരകളെ കണ്ടു. എങ്ങനെയെങ്കിലും അവയെ മോഷ്ടിച്ചു വിറ്റാൽ നല്ലൊരു തുക എനിക്കു കിട്ടുമെന്ന് ഞാൻ കണക്കുകൂട്ടി. അതനുസരിച്ച് ഒരു അർധരാത്രി ആ കുതിരകളെ മോഷ്ടിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, കുതിരാലയത്തിലെ കാവൽക്കാരൻ ഉറക്കമുണരുകയും ആളുകളെ വിളിച്ചുകൂട്ടാൻ ബഹളം വയ്ക്കുകയും ചെയ്തു''
അല്പനേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു, ""പെട്ടെന്ന്, എനിക്കു പ്രാർഥിക്കാൻ തോന്നി. ഞാൻ പിടിക്കപ്പെടാതിരിക്കണം എന്നായിരുന്നു എന്റെ പ്രാർഥന. രക്ഷപ്പെടാൻ സാധിച്ചാൽ എന്റെ ജീവിതത്തെ നവീകരിച്ചുകൊള്ളാമെന്നും ഞാൻ വാഗ്ദാനം ചെയ്തു. ദൈവാനുഗ്രഹംകൊണ്ട് അദ്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചു. അതേത്തുടർന്നു, എന്റെ ജീവിതം ഞാൻ നവീകരിച്ചു. ഇപ്പോൾ മറ്റുള്ളവരെ സഹായിക്കുന്നതിലാണ് എന്റെ ശ്രദ്ധ.''
ഈ സംഭവം നടന്നത് എന്നാണെന്ന് ആഗതൻ അയാളോടു ചോദിച്ചു. അപ്പോൾ മോഷണത്തിനു ശ്രമിച്ച ദിവസവും തീയതിയുമൊക്കെ അയാൾ പറഞ്ഞു. ഉടനെ ആഗതന് ഒരു കാര്യം മനസിലായി. തന്റെ റബ്ബിയും സഹപാഠികളും പ്രാർഥിച്ചത് ഈ മനുഷ്യനുവേണ്ടി ആയിരുന്നത്രേ! അവരുടെ പ്രാർഥനമൂലമാണ് ഈ മനുഷ്യൻ രക്ഷപ്പെടാനും അതേത്തുടർന്ന് ജീവിതം നവീകരിക്കാനും ഇടയായത്.
ഒരു യഹൂദ കഥയാണിത്. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കഥ. നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. നമ്മുടെ അനുദിനാവശ്യങ്ങൾക്കുവേണ്ടി എന്നതുപോലെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടിയും നാം പ്രാർഥിക്കാറുണ്ട്.
അതിനു നാം ഫലവും കാണാറുണ്ട്. കാരണം, പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ്ങനെ ചെയ്യുന്പോൾ ദൈവം നമ്മെ എന്നതുപോലെ മറ്റുള്ളവരെയും അനുഗ്രഹിക്കും.
മുകളിലെ കഥയിലേക്കു നമുക്കു മടങ്ങിവരാം. മറ്റുള്ളവർക്കു നമ്മുടെ പ്രാർഥനാസഹായം ആവശ്യമാണെന്ന അവബോധമുള്ളവനായിരുന്നു ആ റബ്ബി. തന്മൂലം ദൈവപ്രചോദനം സ്വീകരിച്ച്, ആ കുതിരമോഷ്ടാവിനു വേണ്ടി പ്രാർഥിക്കാൻ ആ റബ്ബിക്കും ആ റബ്ബിമൂലം അദ്ദേഹത്തിന്റെ ശിഷ്യർക്കും സാധിച്ചു. ദൈവം അവരുടെ പ്രാർഥന സ്വീകരിച്ചു കുതിരമോഷ്ടാവിനെ രക്ഷപ്പെടുത്തുകയും അയാളുടെ ജീവിതനവീകരണത്തിനാവശ്യമായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.
പ്രാർഥിക്കേണ്ടത്
""പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കുവിൻ'' (ഗലാത്തിയ 6:2) എന്നാണ് പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നത്. പരസ്പരം ഭാരങ്ങൾ വഹിക്കുന്നതിനു നമ്മെ ഏറെ സഹായിക്കുന്നതാണ് മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന. തന്മൂലമാണ്, ""നിങ്ങൾ അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ, അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി പ്രാർഥിക്കുവിൻ'' (എഫേസോസ് 6:18) എന്നു പൗലോസ് അപ്പസ്തോലൻതന്നെ നമ്മെ അനുസ്മരിപ്പിക്കുന്നത്.
വിശുദ്ധർക്കുവേണ്ടി പ്രാർഥിക്കാൻ മാത്രമാണോ ദൈവവചനം പഠിപ്പിക്കുന്നത്? അല്ലേയല്ല. പൗലോസ് അപ്പസ്തോലൻതന്നെ പറയുന്നു, ""എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു'' (1 തിമോത്തിയോസ് 2:1).
അതേ, നാം എല്ലാവർക്കും വേണ്ടി പ്രാർഥിക്കണം. പ്രത്യേകിച്ചും നമ്മുടെ പ്രാർഥന ആവശ്യമായ രോഗികൾക്കും പീഡിതർക്കുമെല്ലാം വേണ്ടി പ്രാർഥിക്കണം. തീർച്ചയായും നമ്മുടെ പ്രാർഥനയ്ക്കു ഫലമുണ്ടാകും. നമ്മുടെ പ്രാർഥനയുടെ ഫലം ലഭിക്കുന്നതു നാം ആർക്കുവേണ്ടി പ്രാർഥിക്കുന്നുവോ അവർക്കുവേണ്ടി മാത്രമായിരിക്കുകയില്ല.
നമുക്കും ആ പ്രാർഥനയുടെ ഫലം ലഭിക്കും. കാരണം, തന്നെ അനുസ്മരിക്കുന്നുവർക്ക് എല്ലാ നന്മകളും വാരിക്കോരി കൊടുക്കുന്നവനാണ് ദൈവം. അങ്ങനെയുള്ള ദൈവം നമ്മുടെ ആവശ്യങ്ങൾ ഒരിക്കലും മറക്കില്ല. എല്ലാവർക്കുംവേണ്ടി എപ്പോഴും നമുക്ക് പ്രാർഥിക്കാം. അങ്ങനെ അവരും നമ്മളും എപ്പോഴും അനുഗ്രഹിക്കപ്പെടട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ