അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്രതിപാദിക്കുന്നതിനു മുന്പ് മായയുടെ ചരിത്രം പറയാം.
മിസൂറി സംസ്ഥാനത്തെ സെന്റ് ലൂയീസിലാണു കറുത്ത വംശജയായ മായയുടെ ജനനം. മായയ്ക്കു മൂന്നു വയസുള്ളപ്പോൾ മായയുടെ മാതാപിതാക്കളായ ബെയ്ലിയും വിവിയനും അവരുടെ ബന്ധം പിരിഞ്ഞു. തന്മൂലം, ബെയ്ലിയുടെ അമ്മയുടെ സംരക്ഷണത്തിലാണ് മായ വളർന്നത്. മായയ്ക്ക് ഏഴു വയസുള്ളപ്പോൾ അവളുടെ സംരക്ഷണം വിവിയന്റെ ചുമതലയിലായി.
എന്നാൽ, ഈ കാലഘട്ടത്തിൽ മായ ബലാത്സംഗത്തിനിരയായി. മായ ഈ ഭീകരരഹസ്യം സഹോദരനോടു വെളിപ്പെടുത്തി. അവൻ അതു കുടുംബാംഗങ്ങളെ അറിയിച്ചു. അതേത്തുടർന്ന്, കുറ്റവാളിയെ മായയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തി.
ഈ കൊലപാതകത്തെത്തുടർന്ന്, മായ ഊമയായി മാറി. അതിന്റെ കാരണമായി മായ ഇപ്രകാരമാണ് പിന്നീട് പറഞ്ഞത്: "എന്റെ സ്വരം ഒരാളെ വധിച്ചു. ഞാൻ അയാളെ കൊന്നു. കാരണം, ഞാൻ അയാളുടെ പേരു പറഞ്ഞു. അതേത്തുടർന്ന്, സംസാരിക്കേണ്ട എന്നു ഞാൻ തീരുമാനിച്ചു. കാരണം, ഇനിയും ഞാൻ സംസാരിച്ചാൽ അതു വേറെ മരണങ്ങൾക്കു കാരണമായേക്കും.'
മായ ഊമയായി മാറിയപ്പോൾ അവളുടെ ശ്രദ്ധ വായനയിലേക്കു തിരിഞ്ഞു. കവിതകൾ അവളെ ഏറെ ആകർഷിച്ചു. സ്കൂളിലെ ഒരു ടീച്ചർ സംസാരിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു: "നീ കവിത ഉറക്കെ ചൊല്ലുന്നില്ലെങ്കിൽ നിനക്കു കവിതയോടു ശരിക്കും താത്പര്യമില്ല എന്നാണതിന്റെ അർഥം.'
തിരിച്ചുപിടിച്ച സംസാരം
കവിതയെ സ്നേഹിച്ച മായ കവിത ഉറക്കെ വായിക്കാൻ ശ്രമിച്ചു. അങ്ങനെ അവൾ സംസാരശക്തി വീണ്ടെടുത്തു. പഠനത്തോടൊപ്പം മായ കവിതയും ചെറുകഥകളുമൊക്കെ വായിച്ചു. എന്നാൽ, ഹൈസ്കൂൾ പഠനം പൂർത്തിയായപ്പോഴേക്കും അവൾ ഒരു ആൺകുഞ്ഞിന്റെ അമ്മയായി മാറിയിരുന്നു. അപ്പനില്ലാതെ ജനിച്ച ആ കുട്ടിയെ വളർത്താനുള്ള ശ്രമമായിരുന്നു അതിനിടയിൽ.
അങ്ങനെയാണ് മായ വേശ്യാവൃത്തിയിലേക്കും നിശാക്ലബുകളിലേക്കുമൊക്കെ കടന്നത്. എങ്കിലും, ആ ചെളിക്കുണ്ടിൽ നടക്കാൻ അവൾ ആഗ്രഹിച്ചില്ല. അവൾ അതിൽനിന്നു പുറത്തു കടന്നു സാവധാനം അഭിനയത്തിലേക്കും തിരക്കഥാ രചനയിലേക്കും സംവിധാനത്തിലേക്കുമൊക്കെ പടിപടിയായി നീങ്ങി. അതിനിടയിൽ, ആത്മകഥകളും കവിതകളുമൊക്കെ എഴുതി പ്രസിദ്ധീകരിച്ചു.
അപ്പോൾ, അവാർഡുകൾ ഒന്നിനു പിറകെ ഒന്നായി മായയെ തേടിയെത്തി. അവയിൽ അൻപതു ഓണററി ബിരുദങ്ങളും ഉൾപ്പെടുന്നു. ഈ കാലഘട്ടത്തിലൊക്കെ പൗരാവകാശ സംരക്ഷണത്തിനായി മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെകൂടെ മായ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1990 മുതൽ പ്രസംഗപര്യടനത്തിലും മായ മുൻപന്തിയിലുണ്ടായിരുന്നു. 2014ൽ മായ അന്തരിക്കുന്പോൾ കറുത്തവംശജരുടെ ഇടയിലെന്നപോലെ മറ്റുള്ളവരുടെയിടയിലും ഏറെ ആദരിക്കപ്പെടുന്നവളായി മാറിയിരുന്നു.
തകർക്കാനാവില്ല
ഇനി മായയുടെ കവിതയിലേക്കു കടക്കട്ടെ. "സ്റ്റിൽ ഐ റൈസ്' എന്ന കവിതയിൽ മായ ഇപ്രകാരം എഴുതുന്നു: "നിങ്ങളുടെ വാക്കുകൾകൊണ്ട് നിങ്ങൾ എന്നെ തകർത്തേക്കാം. നിങ്ങളുടെ നോട്ടംകൊണ്ട് നിങ്ങൾ എന്നെ അരിഞ്ഞുവീഴ്ത്തിയേക്കാം. നിങ്ങളുടെ വിദ്വേഷംകൊണ്ട് എന്നെ നിങ്ങൾ വധിച്ചേക്കാം. എന്നാലും, വായു പോലെ, ഞാൻ ഉയിർത്തെഴുന്നേൽക്കും!'
ഒരു കാലത്ത് വാക്കുകൾകൊണ്ടും നോട്ടംകൊണ്ടും വിദ്വേഷംകൊണ്ടും ആളുകൾ മായയെ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, തകർക്കപ്പെട്ടവളായ മായ വീണ്ടും ഉയിർത്തെഴുന്നേറ്റു. ലോകത്തിലെ ഒരു ശക്തിക്കും തന്നെ നശിപ്പിക്കാൻ അവർ അനുവദിച്ചുകൊടുത്തില്ല.
ഈ കവിതയിൽനിന്നും വീണ്ടും ഉദ്ധരിക്കട്ടെ: "ഭയത്തിന്റെയും ഭീകരതയുടെയും രാത്രികളെ പിന്തള്ളിക്കൊണ്ട്, തെളിമയുള്ള സൂര്യോദയത്തിലേക്ക് ഞാൻ ഉയിർത്തെഴുന്നേൽക്കുന്നു.' മായ കവിതയിൽ വിവരിക്കുന്നതുപോലെ, പരാജയത്തിന്റെയും കയ്പുനീരിന്റെയും പടുകുഴിയിൽനിന്നാണ് ഉയിർത്തെഴുന്നേറ്റത്.
മായയുടെ കഥ കേൾക്കുന്പോൾ നമുക്ക് അദ്ഭുതവും ആദരവും തോന്നുക സ്വാഭാവികമാണ്. എന്നാൽ, ഈ കഥ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുകതന്നെ വേണം. നരകസമാനമായ ജീവിതത്തിലൂടെ ഒരിക്കൽ കടന്നുപോയവളാണ് മായ. അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ അവൾക്കു സാധിച്ചു. അതിന്റെ കാരണം, അതിൽനിന്നു പുറത്തു കടക്കാനുള്ള അതിയായ ആഗ്രഹവും അതിനുള്ള നിശ്ചയദാർഢ്യവും അതോടൊപ്പമുള്ള കഠിനാധ്വാനവുമായിരുന്നു.
ജീവിതത്തിലെ പരാജയങ്ങളിൽ ഉയിർത്തെഴുന്നേൽക്കാൻ നമുക്കു സാധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം, നാം വേഗം പരാജയം സമ്മതിച്ചു മുട്ടുമുടക്കുന്നു എന്നതാണ്. നാം എപ്പോഴെങ്കിലും പരാജയപ്പെട്ടു പോകുന്നുവെങ്കിൽ ആ പരാജയത്തിൽനിന്നായിരിക്കണം നമ്മുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കേണ്ടത്. അതു സാധിക്കണമെങ്കിൽ, "എന്നാലും ഞാൻ ഉയിർത്തെഴുന്നേൽക്കും' എന്ന ആത്മവിശ്വാസം ഉണ്ടാവുകയെന്നതാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ