പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥമായ താൽമുദിലും ഹസിഡിക് തത്വചിന്തയിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
പല പുസ്തകങ്ങളുടെ കൈയെഴുത്തുപ്രതി അദ്ദേഹം തയാറാക്കിയിരുന്നെങ്കിലും അവയൊന്നും പ്രസിദ്ധീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. എന്നു മാത്രമല്ല, തന്റെ മരണത്തിനു മുൻപായി അവയെല്ലാം അദ്ദേഹം കത്തിച്ചുകളയുകയും ചെയ്തു.
എങ്കിലും അദ്ദേഹത്തിന്റെ ഉദ്ധരണികൾ എന്ന പേരിൽ പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഉദ്ധരണി ഇപ്രകാരമാണ്: "ചിന്തിക്കുന്ന കാര്യങ്ങളെല്ലാം പറയണമെന്നില്ല. പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എഴുതപ്പെടണമെന്നില്ല. എഴുതപ്പെട്ടിട്ടുള്ളവയെല്ലാം പ്രസിദ്ധീകരിക്കപ്പെടണമെന്നില്ല. പ്രസിദ്ധീകരിക്കപ്പെട്ടവ വിലമതിക്കപ്പെടണമെന്നില്ല.'
ചിന്തോദ്ദീപകമായ ഒരു ഉദ്ധരണിയാണിത്. എന്നാൽ, ഈ ഉദ്ധരണിയെക്കുറിച്ചല്ല ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത്. അദ്ദേഹം തന്റെ കൈയെഴുത്തു പ്രതികളെല്ലാം കത്തിച്ചുകളഞ്ഞതിന്റെ പിന്നിലുള്ള ചേതോവികാരം വ്യക്തമാക്കാൻവേണ്ടി അത് ഇവിടെ സൂചിപ്പിച്ചു എന്നു മാത്രം.
മരണത്തിനു മുന്നിൽ
റബ്ബി മെൻഡലിനെക്കുറിച്ചു പല കഥകളുമുണ്ട്. അവയിലൊന്നാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. പണ്ഡിതൻ എന്ന പോലെ നിഷ്കളങ്കനും ഭക്തനുമായിരുന്നു അദ്ദേഹം. വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിനു ധാരാളം ആരാധകരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം നന്നായി മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന അവസരത്തിൽ പെട്ടെന്ന് അദ്ദേഹത്തിന് ഒരു അസുഖം നേരിട്ടു.
ചികിത്സ കൊണ്ടൊന്നും ഫലമുണ്ടായില്ല. അദ്ദേഹം മരണത്തിന്റെ വക്കിലെത്തി. അപ്പോൾ, അദ്ദേഹം എന്തോ പറയുന്നതായി അവിടെ ചുറ്റിലുമുണ്ടായിരുന്നവർ ശ്രദ്ധിച്ചു. ഉടനെ അവരെല്ലാം അദ്ദേഹത്തിന് അടുത്തെത്തി അദ്ദേഹത്തിന്റെ മരണവചസുകൾ കേൾക്കാനായി കാതോർത്തു.
അടുത്ത നിമിഷം അദ്ദേഹം കണ്ണുതുറന്നു ചുറ്റിലും നിന്നിരുന്നവരെ നോക്കി. എന്നിട്ട്, തന്റെ സകല ശക്തിയും സമാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ദുഷ്ടാരൂപി എന്നെ പ്രലോഭിപ്പിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ട്. എന്റെ എല്ലാ നീക്കങ്ങളെയും തകർത്ത് എന്നെ കീഴ്പ്പെടുത്താനാണ് അവന്റെ നീക്കം. അവൻ ഇപ്പോൾ എന്റെ ചെവിയിൽ മന്ത്രിക്കുകയാണ്: "റബ്ബി, ഇതാണ് അങ്ങേക്കുള്ള സുവർണാവസരം! അങ്ങയുടെ അന്തിമവചസുകൾ കേൾക്കാൻ അവരെല്ലാം കാതു കൂർപ്പിച്ചു നിൽക്കുകയാണ്.
ഈ അവസരം മുതലാക്കി മഹാനായ ഒരുവനെപ്പോലെ മരിക്കുക. അതിനുവേണ്ടി, അങ്ങു രാവിലെയും വൈകുന്നേരവും ചെയ്യുന്നതുപോലെ "ഷെമാ പ്രാർഥന ഭക്തിപൂർവം ചൊല്ലുക. അപ്പോൾ, ആളുകൾ ശരിക്കും അങ്ങയെ ആദരിക്കും. അങ്ങയെപ്പോലെ ഭക്തിയും പുണ്യവുമുള്ള മറ്റാരുമില്ലെന്ന് അവർ ഉദ്ഘോഷിക്കും. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, അങ്ങ് "ഷെമാ' പ്രാർഥന ചൊല്ലിയാണ് ചരമമടഞ്ഞതെന്നു പറഞ്ഞു മനുഷ്യർ അങ്ങയെ പുകഴ്ത്തിക്കൊണ്ടിരിക്കും. ചൊല്ലൂ, ആ പ്രാർഥന ഭക്തിപൂർവം ചൊല്ലിക്കൊണ്ട് മരിക്കൂ!'
ഇത്രയും പറഞ്ഞ ശേഷം റബ്ബി കുറെ നിമിഷം നിശബ്ദനായിരുന്നു. പിന്നീട്, നിശബ്ദത ഭേദിച്ചുകൊണ്ട് അവിടെ നിന്നിരുന്നവരോടു പറഞ്ഞു: "എന്നിലുള്ള ദുഷ്ടവിചാരത്തിനു വിജയം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോകൂ! നിങ്ങളെല്ലാവരും എന്റെ ചുറ്റിലുംനിന്നു പോകൂ! ഞാൻ സമാധാനത്തിൽ മരിക്കട്ടെ!' എന്നാൽ, അന്ന് അദ്ദേഹം മരിച്ചില്ല. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സുഖം പ്രാപിച്ചു ജീവിതത്തിലേക്കു തിരിച്ചുവന്നു.
പ്രലോഭനങ്ങളെ നേരിടാൻ
വിശുദ്ധമായ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു റബ്ബി മെൻഡൽ. എന്നാൽ, മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിൽ അദ്ദേഹത്തിനു വലിയ ഒരു പ്രലോഭനം ഉണ്ടായി. തന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതു സംബന്ധിച്ചായിരുന്നു ആ പ്രലോഭനം. എന്നാൽ, അദ്ദേഹം അതിൽ വീണില്ല. അതിനു പ്രധാന കാരണം ദൈവാനുഗ്രഹംതന്നെ എന്നു പറയണം.
എന്നാൽ, ആ ദൈവാനുഗ്രഹം സ്വീകരിക്കുന്നതിന് അദ്ദേഹം തന്നെത്തന്നെ ഒരുക്കിയിരുന്നു എന്നതു വ്യക്തമാണ്. അതായത്, തനിക്കും പ്രലോഭനം ഉണ്ടാകാമെന്നും അതിനെതിരേ കരുതലോടെയിരിക്കണമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. തന്മൂലമാണ്, ദുഷ്ടാരൂപി പ്രലോഭിപ്പിച്ചിട്ടും അദ്ദേഹം ആ പ്രലോഭനത്തിൽ വീഴാതെ പോയത്.
ജീവിതത്തിൽ ഓരോരോ രീതിയിൽ പ്രലോഭനം നേരിടുന്നവരാണു നാമെല്ലാവരും. അവ വരുന്നതു പലപ്പോഴും മാരകമായ പാപങ്ങൾ എന്നു വിളിക്കപ്പെടുന്ന അഹങ്കാരം, അത്യാഗ്രഹം, കാമം, ക്രോധം, അത്യാർത്തി, അസൂയ, അലസത എന്നിവയിൽനിന്നാകാം. എന്നാൽ, ഇവ മാത്രമല്ല നമ്മുടെ ജീവിതത്തിലെ പ്രലോഭനങ്ങൾക്ക് ഉറവിടമായിട്ടുള്ളത്. ജീവിതത്തിലെ ഏതു മേഖലയിൽനിന്നും പ്രലോഭനമുണ്ടാകാം.
റബ്ബി മെൻഡലിനുണ്ടായതു പേരും പെരുമയും നേടാനുള്ള പ്രലോഭനമായിരുന്നു. അതിനു ദുഷ്ടാരൂപി നിർദേശിച്ചുകൊടുത്ത മാർഗമാകട്ടെ ദൈവത്തെ പുകഴ്ത്തിക്കൊണ്ടുള്ള "ഷെമാ' പ്രാർഥന ചൊല്ലി മരിക്കാനും! ആ പ്രാർഥന തുടങ്ങുന്നത് ഇപ്രകാരമാണ്: "ഇസ്രായേലേ കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കണം'(നിയമാവർത്തനം 6: 4-9).
പേരും പെരുമയും ആഗ്രഹിക്കുന്നവർ എളുപ്പത്തിൽ വീണുപോകാമായിരുന്ന പ്രലോഭനമാണ് മെൻഡലിനുണ്ടായത്. എന്നാൽ, അതിലെ ചതിക്കുഴി വിവേചിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചു. അതിനാലാണ് ആ പ്രലോഭനത്തെ ധീരമായി നേരിട്ടു ജയിക്കാനും കഴിഞ്ഞത്. അതിനു സഹായമായതു ദൈവത്തിൽ ആശ്രയം അർപ്പിച്ചുള്ള അദ്ദേഹത്തിന്റെ ജീവിതവും.
പ്രലോഭനങ്ങളുടെ വേലിയേറ്റത്തിൽ തളരുന്നവരും വീണുപോകുന്നവരുമാണോ നമ്മൾ? എങ്കിൽ, ആദ്യം ആശ്രയിക്കേണ്ടതു ദൈവത്തിന്റെ ശക്തിയിലാണ്. പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും നാം ദൈവത്തോട് അടുത്തിരുന്നാൽ ഒരു പ്രലോഭനത്തിനും നമ്മെ തകർക്കാനാവില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ