പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പുസ്തകമാണ് "ടുവേർഡ് എ മീനിംഗ്ഫുൾ ലൈഫ്.' ഈ ഗ്രാന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്ന പ്രധാന ആശയങ്ങൾ താഴെപ്പറയുന്നവയാണ്.
ജീവിതമാകുന്ന യാത്രയിൽ ഓരോ വ്യക്തിക്കും ഒരു അനന്യമായ റോളും പ്രത്യേകമായ ദൗത്യവുമുണ്ട്. ഈ യാത്രയുടെ അർഥം കണ്ടുപിടിക്കണമെങ്കിൽ അതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവവുമായി ആത്മബന്ധം ഉണ്ടായിരിക്കണം എന്നതാണ്. ഈ ആത്മബന്ധമാണ് ജീവിതത്തിനു ദിശാബോധവും ലക്ഷ്യവും നൽകുക. അപ്പോൾ അനുദിനം ആത്മപരിശോധന നടത്താനും വ്യക്തിത്വവികസനത്തോടെ നല്ല സ്വഭാവത്തിന്റെ ഉടമകളാകാനും നമുക്കു സാധിക്കും.
തത്ഫലമായി ഭൗതികകാര്യങ്ങളുടെ ഉന്നമനത്തിനെന്നപോലെ നമ്മുടെ ആധ്യാത്മിക ജീവിതത്തിന്റെ ഉന്നമനത്തിനും അതു സഹായിക്കും. കുടുംബബന്ധങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഏറെ മെച്ചപ്പെടും. മറ്റുള്ളവരുടെ നന്മയും ഉന്നമനവും നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായി മാറും. നാം ചെയ്യുന്ന ജോലി ഒരു വരുമാനമാർഗമെന്നതിലുപരിയായി അതു നമ്മുടെ നന്മയ്ക്ക് എന്നപോലെ, മറ്റുള്ളവരുടെയും നന്മയ്ക്കുള്ള സ്രോതസായിത്തീരും.
സമയവും കഴിവുകളും സന്പാദ്യവുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കുകൂടി ഉപകരിപ്പിക്കുന്പോൾ നമ്മുടെ ജീവിതയാത്രയുടെ അർഥം ആഴമായി മനസിലാകും. അപ്പോൾ നമ്മുടെ ജീവിതംകൊണ്ട് ഏറെക്കാലം നീണ്ടുനിൽക്കുന്ന സ്വാധീനം ചുറ്റിലും സൃഷ്ടിക്കാൻ സാധിക്കും.
മറ്റുള്ളവർ സഹായിക്കുന്നത്
റബ്ബി ജേക്കബ്സണിന്റെ ഈ ആശയങ്ങൾ വായിക്കാനിടയായ ഒരു പണക്കാരനായിരുന്നു ടെഡ് ഡോൾ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിരുദധാരിയും ന്യൂജഴ്സിയിലെ സമ്മിറ്റ് ബാങ്കിന്റെ ഉടമകളിലൊരാളുമാണ് അദ്ദേഹം. ഡോൾ ഒരിക്കൽ ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായി വലിയൊരു തുക ചെലവഴിച്ചു. ആരും അറിയാതെയായിരുന്നു അദ്ദേഹം ഇതു ചെയ്തത്.
എന്നാൽ, "ന്യൂജഴ്സി സ്റ്റാർ ലെഡ്ജർ' എന്ന പത്രത്തിന്റെ ഒരു റിപ്പോർട്ടർ ഈ കാരുണ്യപ്രവൃത്തിയുടെ പിന്നിലുള്ളതു ഡോൾ ആണെന്നു കണ്ടുപിടിച്ചു. അതേത്തുടർന്ന് ആ റിപ്പോർട്ടർ ഒരു ഇന്റർവ്യൂവിനായി ഡോളിനെ സമീപിച്ചു. അപ്പോൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്നുള്ള നിബന്ധനയോടെ ഡോൾ ഇന്റർവ്യൂ നൽകി.
ഇന്റർവ്യൂവിനിടെ റിപ്പോർട്ടർ ഡോളിനോടു ചോദിച്ചു, ""ഇത്രയും വലിയ തുക ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായി മാറ്റിവയ്ക്കാൻ എന്താണ് അങ്ങയെ പ്രേരിപ്പിച്ചത്?'' അപ്പോൾ, അദ്ദേഹം റബ്ബി ജേക്കബ്സണിന്റെ പുസ്തകത്തിൽനിന്നുള്ള ഒരു വാക്യം ഉദ്ധരിച്ചു. അത് ഇപ്രകാരമായിരുന്നു, ""ദൈവം ഓരോരുത്തർക്കും ഈ പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗം നൽകിയിട്ടുണ്ട്. അങ്ങനെ നൽകിയിരിക്കുന്നത്, നമുക്കു ലഭിച്ചിരിക്കുന്ന ചെറിയഭാഗം ദൈവത്തിനുള്ള ഒരു ഭവനമായി നാം മാറ്റാൻവേണ്ടിയാണ്.''
ഡോൾ ചെയ്തത് അതാണ്. ഒരു കാലത്ത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം പണസന്പാദനമായിരുന്നു. എന്നാൽ, ആ കാഴ്ചപ്പാടെല്ലാം മാറി തനിക്കു സാധ്യമാകുന്ന രീതിയിൽ ദൈവത്തിന് ഒരു ഭവനം സൃഷ്ടിക്കാനാണ് അദ്ദേഹം പിന്നീടു ശ്രമിച്ചത്. കല്ലും കന്പിയും കോൺക്രീറ്റുംകൊണ്ടുള്ള ദൈവഭവനമായിരുന്നില്ല അത്. തന്റെ കാരുണ്യപ്രവൃത്തിയിലൂടെ ദൈവത്തിനു വസിക്കാൻ അനുകൂല സാഹചര്യം തന്റെ ചുറ്റുപാടുകളിൽ ഉണ്ടാക്കുക എന്നതായിരുന്നു അത്.
ദൈവം വസിക്കുക എവിടെയാണ് എന്ന് നമുക്കറിയാം. അതു സ്നേഹവും കരുണയും ക്ഷമയും പരസ്പര സഹകരണവും സഹായവുമൊക്കെയുള്ള ഇടങ്ങളിലാണ്. അങ്ങനെയുള്ള ഒരു ഭവനമാണ് ഡോൾ ദൈവത്തിനുവേണ്ടി ഒരുക്കാൻ ശ്രമിച്ചത്. നാം ചെയ്യേണ്ടതും അങ്ങനെതന്നെയാണ്.
ബൈബിളിലെ വെളിപാട് പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു, ""ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെ കൂടെ. അവിടന്ന്, അവരോടൊത്തു വസിക്കും'' (21-3). നാം എവിടെയൊക്കെ ആയിരിക്കുന്നുവോ അവിടെയൊക്കെ നമ്മോടുകൂടെ വസിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതായത് നമുക്ക് ദൈവം നൽകിയിരിക്കുന്ന സ്ഥലം എവിടെയായിരിക്കുന്നുവോ അവിടെയൊക്കെ ദൈവത്തിനു വാസയോഗ്യമായ രീതിയിൽ അതു മാറ്റിയെടുക്കണമെന്നു സാരം. അപ്പോൾ മാത്രമേ, ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന കടമ നാം പൂർത്തീകരിക്കൂ.
എളുപ്പമല്ല, എങ്കിലും
ദൈവത്തിനു വാസയോഗ്യമായ ഭവനമായി നമ്മുടെ ഭവനത്തെയും പ്രദേശത്തെയും മാറ്റിയെടുക്കുക അത്ര എളുപ്പമായ കാര്യമല്ല എന്നു നമുക്കറിയാം. എന്നാൽ, ദൈവത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് അതിനായി പ്രവർത്തിക്കാൻ നാം തയാറായാൽ അതിനുള്ള വഴി അവിടന്നു കാണിച്ചുതരുമെന്നു തീർച്ചയാണ്. അതോടൊപ്പം, ആ വഴിയേ നടക്കാനുള്ള ധൈര്യവും ശക്തിയും അവിടന്നു പ്രദാനം ചെയ്യുകയും ചെയ്യും.
നാം ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ആയിക്കൊള്ളട്ടേ, എവിടെ ആയിരിക്കുന്നുവോ ആ സ്ഥലം ദൈവത്തിന്റെ ആലയമായി മാറ്റണമെന്നുള്ള അവിടത്തെ ആഗ്രഹം ഒരിക്കലും മറന്നുപോകരുത്. അങ്ങനെയായാൽ, നമ്മുടെ ജീവിതയാത്ര അർഥപൂർണവും സന്തോഷഭരിതവുമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ