ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയും സഹായംകൂടാതെയാണ് 1950 മുതൽ 2000 വരെ അദ്ദേഹം ഈ കാർട്ടൂൺ പരന്പര പ്രസിദ്ധീകരിച്ചത്. ഈ പരന്പരയുടെ ഒറിജിനൽ കാർട്ടൂണുകൾ രണ്ടായിരാമാണ്ടിൽ അവസാനിക്കുന്പോൾ ലോകവ്യാപകമായി 2,600 പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അക്കാലത്ത് 75 രാജ്യങ്ങളിലായി 35 കോടിയിലധികം വായനക്കാർ ഈ കാർട്ടൂൺ പരന്പരയ്ക്കുണ്ടായിരുന്നു.
പീനട്ട്സ് ഇപ്പോഴും ലോകവ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാൽ, അവയൊന്നും പുതുതായി സൃഷ്ടിക്കപ്പെടുന്നവയല്ല. ആവർത്തിക്കപ്പെടുന്നവ മാത്രം. എങ്കിലും വായനക്കാർ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്. എന്നു മാത്രമല്ല, അവയെല്ലാം ഏറെ പ്രചോദനാത്മകമാണുതാനും. അങ്ങനെയൊരെണ്ണത്തെക്കുറിച്ച് ഇവിടെ വിവരിക്കട്ടെ.
പീനട്ട്സിലെ രണ്ടു പ്രധാന കഥാപാത്രങ്ങളാണു കുട്ടികളായ ചാർളി ബ്രൗണും ലൂസിയും. രണ്ടു പേരും ഒരു വേലിയുടെ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുകയാണ്. അപ്പോൾ ചാർളി ബ്രൗൺ പറയുന്നു: "അതെ, എനിക്ക് നല്ല തീർച്ചയാണ്. '' അടുത്ത നിമിഷം ലൂസി ചോദിക്കുന്നു: "ആരെങ്കിലും നിന്നെ ഇഷ്ടപ്പെടുന്നു എന്നു വെറുതെ പറഞ്ഞാൽ അതു നിന്നെ സന്തോഷവാനാക്കുമെന്നോ? ഇത്രയും നിസാരമായ ഒരു കാര്യം പറഞ്ഞു നിന്നെ സന്തോഷവാനാക്കാനുള്ള കഴിവ് മറ്റൊരാളിൽ ഉണ്ടെന്നാണോ നീ അർഥമാക്കുന്നത്?''
അപ്പോൾ ആവേശത്തോടെ ചാർളി ബ്രൗൺ പറയുന്നു: "അതെ, അതുതന്നെയാണു ഞാൻ അർഥമാക്കുന്നത്.'' ഉടനെ ലൂസിയുടെ മറുപടി: "അതു മറ്റൊരാളിൽനിന്നു കൂടുതൽ ചോദിക്കുന്നതു പോലെ എനിക്കു തോന്നുന്നില്ല.'' ആ സമയം ചാർളി ബ്രൗണിനെ മുഖാമുഖം നോക്കിക്കൊണ്ട് ലൂസി ചോദിക്കുന്നു: "ഇതേക്കുറിച്ച് നിനക്കു തീർച്ചയാണോ? നിന്നെ ഇഷ്ടമാണ് ചാർളി ബ്രൗൺ എന്ന് ആരെങ്കിലും നിന്നോടു പറഞ്ഞാൽ അപ്പോൾ നിനക്കു സന്തോഷമുണ്ടാകുമെന്നാണോ നീ പറയുന്നത് ?''
ഉടനെ ചാർളി ബ്രൗൺ പറയുന്നു: "അതെ, അപ്പോൾ എനിക്കു സന്തോഷമാകും.'' അപ്പോൾ ലൂസി പുറംതിരിഞ്ഞു നടന്നകന്നുകൊണ്ട് പറയുകയാണ്: "ഇല്ല, എന്നെക്കൊണ്ട് അതു ചെയ്യാൻ പറ്റില്ല.''
സന്തോഷത്തിന്റെ കാരണം
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അന്വേഷിച്ച ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ വിക്ടർ ഹ്യൂഗോ (1802-1885) എഴുതുന്നു: "ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നാം സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമാണ്.'' ചാർളി ബ്രൗണിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു ബോധ്യംപോലും വേണമെന്നില്ല.
ആരെങ്കിലും തന്നെ ഇഷ്ടപ്പെടുന്നുവെന്നു വെറുതെ പറഞ്ഞാൽപോലും അവനെ അതു സന്തോഷഭരിതനാക്കുമത്രേ. പക്ഷേ, അങ്ങനെ വെറുതെ പറയാൻ പോലും ആളുണ്ടായില്ല എന്നതാണ് അവന്റെ ദുഃഖം. ചാർളി ബ്രൗണിനെ സന്തോഷവാനാക്കാനുള്ള കഴിവ് തനിക്കുണ്ടെന്നു ലൂസിക്കു മനസിലായിട്ടും അതിനു തയാറാകാതെ ലൂസി നടന്നകലുകയല്ലേ ചെയ്തത്.
ഇതു ചാർളി ബ്രൗണിന്റെയും ലൂസിയുടെയും മാത്രം കഥയല്ല. ഇതു നമ്മിൽ പലരുടെയും കഥയാണ്. മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടണമെന്നും സ്നേഹിക്കപ്പെടണമെന്നും ആഗ്രഹിക്കുന്പോൾ അങ്ങനെ പലപ്പോഴും സംഭവിക്കുന്നതായി കാണുന്നില്ല. അതുപോലെ മറ്റുള്ളവരെ ഇഷ്ടപ്പെട്ടുകൊണ്ടും സ്നേഹിച്ചുകൊണ്ടും അവരെ സന്തോഷഭരിതരാക്കാനുള്ള കഴിവ് നമുക്കുണ്ടെന്നറിഞ്ഞിട്ടും അതിനു തയാറാകാതെ പലപ്പോഴും നാം മാറിപ്പോകുന്ന സ്ഥിതിവിശേഷവുമുണ്ട്.
നമ്മൾ ചെയ്യേണ്ടത്
ഈ സാഹചര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? ആരും നമ്മെ ഇഷ്ടപ്പെടുന്നില്ലെന്നും സ്നേഹിക്കുന്നില്ലെന്നും തോന്നുന്ന അവസരത്തിൽ മറക്കരുതാത്ത ഒരു കാര്യമുണ്ട്. അതായത്, നമ്മെ സൃഷ്ടിച്ച ദൈവം അഗാധമായി നമ്മെ സ്നേഹിക്കുന്നുണ്ട് എന്ന വസ്തുത. പ്രവാചകനിലൂടെ ദൈവം പറയുന്നു: ""മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാകുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ നിന്നെ ഞാൻ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു''(ഏശയ്യ 49:15-16).
ദൈവം നമ്മെ ഇഷ്ടപ്പെടുന്നതുകൊണ്ടും സ്നേഹിക്കുന്നതുകൊണ്ടുമല്ലേ അവിടന്നു തന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ബോധ്യം നമുക്കുണ്ടാകണം. അപ്പോൾ വിക്ടർ ഹ്യൂഗോ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
അതോടൊപ്പം മറ്റൊരു അനുഗ്രഹവും നമുക്കു ലഭിക്കും. അതു മറ്റുള്ളവരെ ഇഷ്ടപ്പെടാനും അവരെ സ്നേഹിക്കാനും അവർക്കു നന്മചെയ്യാനുമുള്ള കൃപയാണ്. അതുവഴി മറ്റുള്ളവരും സന്തോഷമുള്ളവരായി മാറും. അപ്പോൾപ്പിന്നെ ചാർളി ബ്രൗണിനെപ്പോലെ നാം വിലപിക്കുകയോ ലൂസിയെപ്പോലെ മറ്റുള്ളവരെ ഇഷ്ടപ്പെടാതെയും സ്നേഹിക്കാതെയും നടന്നകലുകയോ ചെയ്യുകയില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ