പ്രകൃതിയുടെ സർഗകേളിക്കു വിരുന്നൊരുക്കിയ കുടിയേറ്റഭൂമി തേടിയായിരുന്നു ഞങ്ങളുടെ യാത്ര. വഴികളിൽ മഞ്ഞിനും മരങ്ങൾക്കും മൃദുലവികാരഛവി. കർണാടകയുടെ അതിർത്തി ജില്ലയായ കൂർഗിന്റെ (കുടക്) വനശ്യാമ ഹരിതഗോപുരങ്ങൾ തീർത്ത സ്വച്ഛന്ദഭൂമി... ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന, ബ്രിട്ടീഷുകാരുടെ ഇഷ്ടകേന്ദ്രമായിരുന്ന കൂർഗിന്റെ മണ്ണ്. ഇവിടെ മലയാളി കുടിയേറ്റത്തിന്റെ കാർഷിക സാക്ഷ്യം വളർന്നു വലുതായി, നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
ആ ചരിത്രവഴികളറിയാൻ ഞങ്ങൾ എത്തിച്ചേർന്നത് സിദ്ധാപുരത്തെ ഇവോൾവ് ബാക്ക് റിസോർട്ടിൽ. 300 ഏക്കറിൽ കാപ്പിയും കുരുമുളകും വൻവൃക്ഷങ്ങളും. പുഴയും തടാകവും അതിരുകാക്കുന്ന പ്രശാന്തസുന്ദര ഭൂമി. മലയാളി മന്നന്മാർ രചിച്ച കൂർഗ് കൂട്ടുകെട്ടിന്റെ ബ്രിട്ടീഷ് ചാതുര്യം പേറുന്ന പ്രൗഢമായ എസ്റ്റേറ്റ്. കൂർഗ് കുടിയേറ്റത്തിന്റെ നൂറ്റാണ്ട് ചരിതം ഇവിടെ ഉറങ്ങുകയല്ല, ഇന്നും ജീവിക്കുകയാണ്. "രാമപുരം സഹോദരന്മാർ' എന്ന കുടിയേറ്റ സാഹസിക പരന്പരയിലൂടെ...
"If you want to walk fast, walk alone.
But if you want to walk far, walk together'
ഇന്ത്യയുടെ സ്വന്തം രത്തൻ ടാറ്റയുടെ ഈ വാക്കുകൾ അടിവരയിടുന്നതാണ് രാമപുരം ബ്രദേഴ്സിന്റെ പ്രൗഢോജ്വലമായ കഥ. ഒരുമിച്ചു നടന്ന് ഒന്നാമതാകുന്ന വിജയമന്ത്രം. കാലങ്ങളെ അതിജീവിക്കുന്ന കുടിയേറ്റവും കുടുംബവും ബിസിനസും വിശ്വാസവും ഇഴചേർന്ന നിത്യഹരിത സാഹോദര്യത്തിന്റെ മാതൃക... ആ കഥൈ ഇതിന്താ ശുരുവാകുത്തു...*(ആ കഥ ഇവിടെ തുടങ്ങാം.)
നൂറ്റാണ്ടിന്റെ തുടക്കം..
എല്ലായിടത്തെയും പോലെ മീനച്ചിലാറിന്റെ തീരത്തുനിന്നുതന്നെയാണ് കൂർഗിലേക്കുമുള്ള കുടിയേറ്റത്തിന്റെയും തുടക്കം. പാലായിലെ പ്രശസ്തമായ രാമപുരം കുടുംബം. കൂർഗിൽ ആദ്യം കാൽവച്ച രാമപുരം കുടുംബാംഗമായ ഇമ്മാനുവൽ 1889ലാണ് പാലായിൽ ജനിച്ചത്. അദ്ദേഹം പഠനത്തിനു ശേഷം അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ കൂർഗ് മേഖലയുടെ റേഞ്ചറായി ചെറുപ്രായത്തിൽത്തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, കടുത്ത മലേറിയ അദ്ദേഹത്തെ മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുടുംബത്തിലെ ഇളയവനായിരുന്ന ഇമ്മാനുവലിനെ ചേട്ടന്മാരെത്തി നാട്ടിലേക്കു തിരികെ കൊണ്ടുപോയി. തിരിച്ചുപോക്കിനു ശേഷം അദ്ദേഹം എൽഎൽബി പഠിച്ചു വക്കീലായി. ഒപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാലാ കമ്മിറ്റി രൂപീകരിച്ച് ആദ്യ പ്രസിഡന്റായി. ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽനിന്നു വന്ന സമയം. 1920കളിൽ സ്വാതന്ത്ര്യസമരം ശക്തമായി. സമരവുമായി ബന്ധപ്പെട്ട് ഇമ്മാനുവലും പല തവണ ജയിലിലായി.
സമരം ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ നാടുവിട്ടു പോകേണ്ടിവരുമെന്നു ബ്രിട്ടീഷുകാർ മനസിലാക്കി. അതിനു മുന്നോടിയായി സായിപ്പന്മാർ തങ്ങളുടെ എസ്റ്റേറ്റുകൾ വിൽക്കാൻ തുടങ്ങി. ഇതറിഞ്ഞ ഇമ്മാനുവൽ തന്റെ 32-ാമത്തെ വയസിൽ വീണ്ടും കൂർഗിലെത്തി. ബ്രിട്ടീഷുകാരുടെ കൺസോളിഡേറ്റഡ് കോഫി എസ്റ്റേറ്റ്സിന്റെ എംഡിയായിരുന്ന പേഴ്സി ടിപ്പിംഗുമായി പരിചയത്തിലായി. അദ്ദേഹം രണ്ട് എസ്റ്റേറ്റ് വിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഇമ്മാനുവൽ തന്റെ മൂന്നു സുഹൃത്തുക്കളെ പാർട്ണർമാരാക്കി ചിക്കനഹള്ളി, കൈമാകുംബട്ട എസ്റ്റേറ്റുകൾ പേഴ്സിയിൽനിന്നു വാങ്ങി.
ചിക്കനഹള്ളി മുതൽ...
ബ്രിട്ടീഷ് ബംഗ്ലാവോടു കൂടിയതായിരുന്നു ചിക്കനഹള്ളി എസ്റ്റേറ്റ്. അത് ഒരു തുടക്കമായിരുന്നു. പിന്നീട് അദ്ദേഹം വടക്കൻ കേരളത്തിലും കൂർഗിലും കൂടുതൽ എസ്റ്റേറ്റുകൾ വാങ്ങുകയും തരിശു സ്ഥലങ്ങൾ വാങ്ങി പ്ലാന്റേഷനായി രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ രാമപുരം ഗ്രൂപ്പിന് അടിത്തറയിട്ടു. എന്നാൽ, തന്റെ 51-ാമത്തെ വയസിൽ കാൻസർ ബാധിതനായി അദ്ദേഹം ഈ ഹരിതഭൂമിയോടു വിടപറഞ്ഞു. ഭാര്യ അക്കാമ്മ പാലായിലെ സ്കൂളിൽ ആർട്ട് ടീച്ചറായിരുന്നു. ഒപ്പം മൂന്നു ആൺ മക്കളും നാലു പെൺമക്കളും.
പിതാവിന്റെ അകാല മരണത്തെത്തുടർന്ന് മൂത്ത മകൻ തോമസ് ഇ. രാമപുരത്തിന് (സണ്ണി) തന്റെ 21-ാമത്തെ വയസിൽ കുടുംബ ബിസിനസ് ഏറ്റെടുക്കേണ്ടി വന്നു. 25-ാം വയസിൽ അദ്ദേഹം കൂർഗിലെ സാംപിഗക്കോളി എസ്റ്റേറ്റ് വാങ്ങി. അങ്ങനെ 1,500 ഏക്കർ തോട്ടത്തോടുകൂടിയ കൂർഗിലെ പ്രധാനപ്പെട്ട സ്വകാര്യ പ്ലാന്ററായി. സഹോദരങ്ങൾക്കൊപ്പം 1961 വരെ അവർ അവരുടെ തോട്ടങ്ങൾ വികസിപ്പിച്ചുകൊണ്ടിരുന്നു. തുടർന്ന് 1,800 ഏക്കർ തോട്ടം മൂന്നു സഹോദരങ്ങൾക്കുമായി വിഭജിച്ചു.
പിന്നീട് സണ്ണി തന്റെ മക്കൾക്കൊപ്പം ഉഡുപ്പി ജില്ലയിൽ 1,000 ഏക്കറോളം സ്ഥലമെടുത്ത് പ്ലാന്റേഷനാക്കി വികസിപ്പിച്ചു. കേരളത്തിൽ ഒരു കാർഷികാധിഷ്ഠിത വ്യവസായവും ആരംഭിച്ചു. സന്പത്തിനൊപ്പം തന്റെ മക്കൾക്ക് ശരിയായ മൂല്യബോധവും നേരായ മാർഗത്തിൽ അഭിമാനബോധത്തോടെ വളരാനുള്ള പരിശീലനങ്ങളും നൽകി. അദ്ദേഹം സൃഷ്ടിച്ചെടുത്ത മൂല്യാധിഷ്ഠിത ബിസിനസ്- ജീവിത മാതൃക കുടുംബത്തിന്റെ അടിസ്ഥാനമായി മാറി. ഏഴ് ആണും നാലു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് മൂല്യബോധവും ദിശാബോധവും നൽകി വളർത്തിയ അദ്ദേഹം 1997ൽ 75-ാമത്തെ വയസിൽ അന്തരിച്ചു. പിന്നീട് ഭാര്യ ത്രേസ്യാമ്മയായിരുന്ന മക്കളെ പിതാവിന്റെ നേർചിന്തകളിലൂടെ നയിച്ചത്.
സെവൻ ബ്രദേഴ്സ് അഥവാ രാമപുരം ബ്രദേഴ്സ്
തോമസ് ഇ. രാമപുരത്തിന്റെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഏഴ് ആൺമക്കളിലേക്ക് ആ പൈതൃകം കൈമാറ്റം ചെയ്യപ്പെട്ടു. ഇമ്മാനുവൽ, അബി, തോമസ്, ജോർജ്, ചെറിയാൻ, ഡോ. ജോൺ, ജോസ്. ഇവരാണ് രാമപുരം ഗ്രൂപ്പിനെ നയിക്കുന്ന രാമപുരം ബ്രദേഴ്സ്. അമ്മ ത്രേസ്യാമ്മയുടെ ആത്മീയ ലാളനകളേറ്റുവാങ്ങിയും പിതാവിന്റെ അതുല്യമായ മൂല്യവ്യവസ്ഥകൾ മുറുകെപ്പിടിച്ചും കുടുംബത്തിന്റെ ബിസിനസിനെ കെട്ടുറപ്പിൽ പതിറ്റാണ്ടുകൾ വളർത്തി.
പൂർവികരിൽനിന്നു തങ്ങൾക്കു ലഭിച്ച മാതൃകകളും അനുഭവസന്പത്തും കരുത്തായി സപ്തസഹോദരന്മാർ പ്ലാന്റേഷൻ രംഗത്തും മറ്റു വ്യാപാര വൈവിധ്യങ്ങളിലേക്കും ബിസിനസിന്റെ വിശാല ലോകം തുറന്നു. ഇന്ന് ഏഴു സഹോദരങ്ങളും അവരുടെ ആൺമക്കളും രാമപുരം ഹോൾഡിംഗ്സ് എന്ന പ്രസ്ഥാനത്തിന് ഒപ്പം ചേരുന്നു. അങ്ങനെ ഉത്തരവാദിത്വത്തിന്റെ തലമുറ കൈമാറ്റവും അതിന്റെ പാതയിലേക്കു നീങ്ങുന്നു.
വീണ്ടും ഇമ്മാനുവൽ
കുടിയേറ്റത്തിന്റെ കഥകൾ ഞങ്ങളോടു വിവരിക്കുന്നത് രാമപുരം ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ സെവൻ ബ്രദേഴ്സിലെ സീനിയറായ ഇമ്മാനുവൽ തോമസ് രാമപുരമാണ്. നൂറു വർഷം മുന്പ് ബ്രിട്ടീഷുകാർ എഴുതിത്തന്ന ആധാരങ്ങളടക്കം പൂർവികന്മാർ പിന്നിട്ട വഴികളെല്ലാം ഹൃദിസ്ഥമാണ് എഴുപത്തിമൂന്നുകാരനായ ഇമ്മാനുവൽ തോമസിന്. കൂർഗിനെ പ്രണയിച്ച വല്യപ്പന്റെ പേരുകാരനാകാൻ കഴിഞ്ഞതിന്റെ അഭിമാനവും ആ കണ്ണുകളിൽ കാണാം. ബിസിനസിലെന്നപോലെതന്നെ അദ്ദേഹത്തിന്റെ കഥ പറച്ചിലിലുമുണ്ട് ഒരു സിനിമാറ്റിക് ടച്ച്.. ഒപ്പം "കരിസ്മാ’റ്റിക് ഭാവുകത്വവും!
രാമപുരം ഹോൾഡിംഗ്സിന്റെ ആസ്ഥാനം ബംഗളൂരുവിലാണെങ്കിലും വിവാഹശേഷം സിദ്ധാപുരം ചിക്കനഹള്ളി എസ്റ്റേറ്റിലെ ബ്രിട്ടീഷ് ബംഗ്ലാവിലാണ് കുടുംബമായി അദ്ദേഹത്തിന്റെ താമസം. ഏതാനും വർഷങ്ങൾക്ക് മുന്പ് നവീകരിച്ച ഈ ബംഗ്ലാവിന്റെ തനിമ അതേപടി നിലനിർത്തിയിരിക്കുന്നു. ഇവിടെത്തന്നെയാണ് ഇവോൾവ് ബാക്ക് റിസോർട്ടും. ഇപ്പോൾ രാമപുരത്തിന്റെ കുടുംബചരിത്രമെഴുതി പൂർത്തിയാക്കിയിരിക്കുകയാണ് ഇമ്മാനുവൽ.
പൂർവികരുടെ പാലാ-കൂർഗ് യാത്രകളെ അദ്ദേഹം ഒാർമിച്ചെടുക്കുന്നതിങ്ങനെ ""പാലായിൽനിന്നു ഡിന്നർ കഴിഞ്ഞ് കാളവണ്ടിയിൽ കോട്ടയത്തേക്ക്. മണിക്കൂറുകൾ താണ്ടി കോട്ടയത്തെത്തിയാൽ പിന്നെ ബോട്ടാണ് ശരണം. ബോട്ടിൽ കൊച്ചിയിലെത്തും. അവിടെനിന്ന് ട്രെയിൻ കയറിയാൽ തലശേരിയിലിറങ്ങാം. പിന്നെ കരിവണ്ടിയിൽ വീരാജ്പേട്ടയിലേക്ക്. അവിടെനിന്ന് സിദ്ധാപുരത്തിന് ബസ്. സിദ്ധാപുരത്തുനിന്നു പിന്നെ എസ്റ്റേറ്റിലെത്താൻ, പഞ്ചേ എത്തി കട്ടിക്കൊണ്ടു മുണ്ടേ നടേ..*''''.(എന്നുവച്ചാൽ, മുണ്ടും മടക്കിക്കുത്തി ഒറ്റ നടപ്പെന്ന്!).
മുന്പ് ഓറഞ്ച് തോട്ടങ്ങളുണ്ടായിരുന്നെങ്കിലും കാപ്പിയും കുരുമുളകുമാണ് കൂർഗിന്റെ മണ്ണിനിഷ്ടം. കുടക് ജില്ല ഒരു മിനി ഫോറസ്റ്റ് പോലെയാണ്. കാപ്പിത്തോട്ടങ്ങൾക്കു തണൽ ആവശ്യമാണെന്നതിനാൽ ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കും. അതിനാൽത്തന്നെ ആകാശവീക്ഷണത്തിൽ കാപ്പിത്തോട്ടങ്ങൾ വനമേഖലയായേ തോന്നൂ. കുടക് കർണാടകയിലെ രണ്ടാമത്തെ ചെറിയ ജില്ല കൂടിയാണ്.
ബ്രിട്ടീഷുകാർ ആദ്യം കൂർഗിൽ വന്നപ്പോൾ നെല്ല് മാത്രമായിരുന്നു കൃഷി. പ്ലാന്റേഷൻ പദ്ധതി ഉണ്ടായിരുന്ന സായിപ്പന്മാർ ഈ മണ്ണിൽ എന്തു നന്നായി വളരുമെന്നറിയാൻ പരീക്ഷണാടിസ്ഥാനത്തിൽ പകുതി റബറും പകുതി കാപ്പിയും നട്ടു. കാപ്പിയുടെ വിളവിൽ അവർ ഹാപ്പി. രാമപുരം ഗ്രൂപ്പിനു കേരളത്തിൽ തൃശൂരും കണ്ണൂരുമൊക്കെ പ്ലാന്റേഷൻസ് ഉണ്ടായിരുന്നു. പ്ലാന്റേഷൻ വികസിപ്പിച്ചെടുക്കാൻ വെറും സ്ഥലം കിട്ടാതായപ്പോൾ മറ്റു പല വ്യവസായങ്ങളിലേക്കുമിറങ്ങി.
ലൊക്കേഷൻ വണ്ടർ, കുട്ടപ്പനും!
ചെറുകിട വ്യവസായ മേഖലയിലാണ് ആദ്യം കൈവച്ചത്. എൻജിനിയറിംഗ്, റബർ ഫാക്ടറി, കാർട്ടൺ ഫാക്ടറി അങ്ങിനെ പല രംഗങ്ങളിൽ മാറിമാറി പരീക്ഷണം നടത്തി. പിന്നീടിതെല്ലാം നഷ്ടമായി തോന്നി. പുതിയ ബിസിനസ് ആശയങ്ങൾ പങ്കവയ്ക്കുന്ന ശില്പശാലകളിലും മറ്റും ഇമ്മാനുവൽ പങ്കെടുക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ റിസോർട്ട് കോണ്ടമിനിയംസ് ഇന്റർനാഷണൽ എന്ന കന്പനി സംഘടിപ്പിച്ച ഒരു വർക്ക്ഷോപ്പിലെത്തി. അതിന്റെ സാരഥി ശുക്ല ബോസ് റിസോർട്ട് സംരംഭങ്ങളെക്കുറിച്ചു വളരെ മനോഹരമായി വിവരിക്കുന്നത് കേട്ടു. ലൊക്കേഷൻ ആണ് ഒരു റിസോർട്ടിന്റെ വിജയത്തിന്റെ കാതലെന്ന് ശുക്ല പറഞ്ഞത് ക്ലിക്കായി. തങ്ങളുടെ എസ്റ്റേറ്റുകൾ ലോക്കേഷനുകളുടെ സ്വർഗമാണെന്ന് ഇമ്മാനുവൽ തിരിച്ചറിഞ്ഞു. ഒരു വശം പുഴ, മറ്റൊരു വശം വനം, തടാക സാമീപ്യം എന്നിങ്ങനെ ലൊക്കേഷൻ ഗംഭീരം. വീട്ടിലെത്തി സഹോദരങ്ങളുമായി ആലോചിച്ചു.
ആദ്യഘട്ടമായി 10 കോട്ടേജ് പണിയാമെന്നു തീരുമാനിച്ചു. 150 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിതു. 1994ൽ കാപ്പി വെട്ടി കോട്ടേജ് പണിതു. എല്ലാവരും വട്ടാണെന്നു പറഞ്ഞു. അതിനിടെ, ബ്രസീലിൽ കാപ്പിവില കൂടി. അപ്പോൾ മുഴുവട്ടായെന്ന് പറഞ്ഞു. ഇതെല്ലാം കണ്ട് ‘Mad Kuttappan’ എന്നു തലക്കെട്ടിൽ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ വാർത്ത പോലും വന്നു!. (ഇമ്മാനുവലിന്റെ വിളിപ്പേരാണ് കുട്ടപ്പൻ). എന്നാൽ, പിന്നീട് കഥ മാറി. വട്ടുകഥ വണ്ടർ കഥയായി. അന്ന് 950 രൂപ ഡെയ്ലി താരിഫ് ഇട്ടു തുടങ്ങിയ കോട്ടേജുകൾക്ക് ഇന്നു വാങ്ങുന്ന പ്രതിദിന വാടക അന്പതിനായിരം! എല്ലാ തെരഞ്ഞെടുപ്പുകളും ദൈവം ക്ലിക്ക് ചെയ്യുന്നുവെന്നാണ് "ദൈവം കൂടെയുള്ള' കുട്ടപ്പന്റെ ഉറപ്പും വിശ്വാസവും.
അതിനിടെ, കൂർഗിൽത്തന്നെ ഒരുപാട് റിസോർട്ടുകൾ വന്നു. അനാരോഗ്യകരമായ മത്സരങ്ങൾ ഉണ്ടായി. അപ്പോൾ ഓറഞ്ച് കൗണ്ടി എന്ന് അറിയപ്പെട്ടിരുന്ന റിസോർട്ടിനെ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. ഓരോ കോട്ടേജിനും ഓരോ സ്വിമ്മിംഗ് പൂളടക്കം പണിതു. റിസോർട്ടിന്റെ പേര് പ്രകൃതിയോട് ഉൾച്ചേർന്ന ഇവോൾവ് ബാക്ക് എന്നു പരിഷ്കരിച്ചു. സിദ്ധാപുരത്തേതിനു പുറമെ കബനിയിലും ഹംപിയിലുമുള്ള ഇവോൾവ് ബാക്ക് റിസോർട്ടുകൾ ഇന്നു യാത്രികരുടെ ഇഷ്ടലൊക്കേഷനുകളാണ്.
ആഫ്രിക്കയിലും
രാമപുരം ബ്രദേഴ്സിന്റെ ടൂറിസം തീർഥയാത്ര ആഫ്രിക്കയിലെ ബോട്സ്വാനയിലുമെത്തിക്കഴിഞ്ഞു. അവിടെ കാലാഹരിയിൽ 28,000 ഏക്കറിലാണ് ഈ പാലാ മീനച്ചിലുകാരുടെ സഫാരി പാർക്ക് പരന്നുകിടക്കുന്നത്. അടുത്തിടെ സിദ്ധാപുരത്തെ ഇവോൾവ് ബാക്ക് സ്ഥിതി ചെയ്യുന്ന ചിക്കനഹള്ളി എസ്റ്റേറ്റിനോടു ചേർന്നു കിടക്കുന്ന 2,500 ഏക്കർ വരുന്ന എൽഖിൽ എസ്റ്റേറ്റ്സും ഇവർ സ്വന്തമാക്കി. അവിടെ കാപ്പി സംസ്കരണ ഫാക്ടറിയും കൂർഗിന്റെ ഏറ്റവും ഉയരം കൂടിയ എസ്റ്റേറ്റ് നെറുകയിലേക്ക് ഓഫ് റോഡ് സവാരിയും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്ലാ പ്രോജക്ടുകളും നടത്തിവരുന്നു. കല്പറ്റ കൈനാട്ടിയിലുള്ള വില്ലാ പ്രോജക്ടുകൾ പ്രീമിയം ബംഗ്ലാവുകൾ സ്വപ്നം കാണുന്നവർക്കായി ഒരുക്കിയിരിക്കുന്നതാണ്.
ഒരു കുടുംബം, ഒരു ഭരണഘടന
കുടുംബവും ബിസിനസും വലുതായതോടെ രാമപുരം കുടുംബത്തിന്റെയും ബിസിനസിന്റെയും വളർച്ചയും നിലനിൽപ്പും സത്പേരും അന്യംനിന്നുപോകാതിരിക്കാൻ ഒന്നിച്ചു നിൽക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. അതിനായി 2017ൽ ഒരു ഭരണഘടനതന്നെ സൃഷ്ടിച്ചു ഇവർ. എല്ലാവർക്കും എല്ലാറ്റിലും തുല്യത നൽകുന്ന എന്നാൽ ഒരാൾക്കും സ്വന്തമായി ഒന്നുമില്ലാത്ത നിയമസംഹിത. കുടുംബട്രസ്റ്റിനു കീഴിലുള്ള കന്പനിയാണ് എല്ലാം നടത്തുന്നത്. എല്ലാവർക്കും ജോലിക്കനുസരിച്ച് ശന്പളം മാത്രം. ആൺമക്കളും കൊച്ചുമക്കളുമാണ് ഇപ്പോൾ കന്പനിയിൽ പങ്കാളികൾ. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷ സമയങ്ങളിൽ എല്ലാവരും നിർബന്ധമായും ഒത്തുകൂടും. വർഷത്തിലൊരിക്കൽ എല്ലാവരും ഒരു കുടുംബധ്യാനത്തിൽ പങ്കെടുക്കണമെന്നതും രജിസ്റ്റർ ചെയ്ത ഭരണഘടനയിലെ ഒരു നിബന്ധനയാണ്. കുടുംബാംഗങ്ങൾ മാത്രമുൾക്കൊള്ളുന്നതാണ് ഈ ധ്യാനം. ഈ ധ്യാനം കൂടാൻ ആർക്കെങ്കിലും അസൗകര്യമുണ്ടായാൽ ആ വർഷംതന്നെ മറ്റൊരു ധ്യാനത്തിൽ പങ്കെടുത്തിരിക്കണമെന്നതും നിർബന്ധം! വിവാഹം, മക്കളെ വളർത്തൽ എന്നിവയൊക്കെ സംബന്ധിച്ച് രേഖപ്പെടുത്തിയ നിയമങ്ങളുണ്ട്.
നിരീക്ഷണം, പഠനം...
എന്നും നിരീക്ഷണവും പഠനവുമാണ് രാമപുരം സംരംഭകരെ മുന്നോട്ടുനയിക്കുന്നത്. ലളിതമായ ജീവിതവും ഉയർന്ന കാഴ്ചപ്പാടുകളും അടിയുറച്ച വിശ്വാസപാരന്പര്യവും എല്ലാ അടിത്തറകളെയും ശക്തമാക്കുന്നു.
അനുഭവങ്ങളുടെ കഥക്കൂട്ട് പങ്കിട്ട് രാമപുരത്തിന്റെ ഇപ്പോഴത്തെ നാഥൻ ഇമ്മാനുവൽ തന്റെ സഹധർമിണി കാഞ്ഞിരപ്പള്ളി പൊട്ടംകുളം ഫാമിലിയിലെ ഷീലയെയും മക്കളായ തോമസ്, ത്രേസി, ജോർജ് എന്നിവരെയും കൊച്ചുമക്കളെയും സാക്ഷി നിർത്തി പറയുന്നു. "" കുടുംബവും മക്കളുമാണ് എല്ലാറ്റിലും വലുത്. നമ്മൾതന്നെ ഏറ്റവും മിടുക്കനെന്ന് ഒരിക്കലും വിചാരിക്കരുത്. പൊളിഞ്ഞുപോകും! ഒരോ മനുഷ്യനിൽനിന്നും ഓരോ ദിവസവും ഏറെയുണ്ട് നമുക്കു പഠിക്കാനും പ്രാർഥിക്കാനും..”