13-ാമത്തെ വയസിൽ പാടത്ത് പണിക്കിറങ്ങിയ ചിന്ന പറിച്ചുനീക്കിയ കളകൾക്കും കൊയ്തുകൂട്ടിയ കറ്റകൾക്കും മെതിച്ച നെല്ലിനും കണക്കില്ല. പക്ഷേ, ആറേഴു പതിറ്റാണ്ടു മുന്പ്, പാടത്തിന്റെ കരയ്ക്ക് മുതലാളി കൊടുത്ത ആറര സെന്റ് സ്ഥലവും ചെറിയ വീടുമല്ലാതെ മറ്റൊന്നും ആസ്തിയായില്ല. എന്നിട്ടും, ജീവിതം സംതൃപ്തവും സുഖകരവുമാണെന്നേ അവർ പറയുന്നുള്ളു.
വാക്കുകളിൽ പീഡാനുഭവ ചരിത്രങ്ങളില്ല, ആനന്ദഭാരവുമില്ല. പക്ഷേ, വയലോരത്തെ കൊച്ചു വീട്ടിലിരുന്ന് ചിന്ന സ്വന്തം ജീവിതം പറയുന്പോൾ തെളിയുന്നത് നമ്മിൽ പലരുടെയും ജീവിതമാണ്. പെണ്ണാർതോടും അറബിക്കടലും പോലെ സാമ്യങ്ങളില്ലാത്ത രണ്ടു ലോകം, രണ്ടുതരം മനുഷ്യർ.
പാടത്തിന്റെ കരയിലാണ് ചിന്നയുടെ വീട്. തൊട്ടുമുന്നിൽ ചെറിയൊരു കായൽ പോലെ കിടക്കുന്നത് വെള്ളം കയറിയ പാടമാണ്. പെണ്ണാർതോടിന്റെ കൈവഴിയോടു ചേർന്നുള്ള ഈ പാടത്താണ് അര നൂറ്റാണ്ടോളം ചിന്നയും ഭർത്താവ് പത്രോസും പണിയെടുത്തത്. പത്രോസ് മരിച്ചിട്ട് 21 വർഷം. മക്കളിൽ മൂന്നാമൻ ജോയിയും കുടുംബവുമാണ് തറവാട്ടിൽ ഇപ്പോഴുള്ളത്. ചിന്ന ദളിതയാണ്, ആജീവനാന്ത തൊഴിലാളിയാണ്, 87 വയസുണ്ട്. പക്ഷേ, പണിക്കുപോയിട്ടാണ് ഇപ്പോൾ വീട്ടിലേക്കെത്തിയത്. ഈ മാവൻ ചുവട്ടിൽനിന്നു ചിന്ന പറയുന്നതു കേട്ടാൽ സംഭവബഹുമായിട്ടൊന്നുമില്ല. പക്ഷേ, ഈ ചിന്ന ജീവിതം പെരിയ ജീവിതങ്ങളെ തുറന്നുകാട്ടുന്നതാണ്. വർണാഭമായ ദേശീയ പാതയ്ക്കു സമാന്തരമായി കടന്നുപോകുന്ന നാട്ടുവഴികൾപോലെയാണ് ചില സമാന്തരജീവിതങ്ങൾ. ഈ ആണ്ടറുതിയിൽ അത്തരമൊരു വഴിയിലൂടെ നടക്കാം.
ആമുഖത്തിൽ ഇതുകൂടി പറയട്ടെ, ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും വലിയ നേട്ടങ്ങളുണ്ടാക്കാത്ത, എന്നിട്ടും പരാതികളില്ലാത്ത, ദളിത് ജീവിതത്തിന്റെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലാത്ത വിവേചനങ്ങളെ യാഥാർഥ്യങ്ങളായി അംഗീകരിച്ച, വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ കൊണ്ടുനടക്കാത്ത ഈ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരിൽ ഒരാൾ മാത്രമാണ് ചിന്ന. അതു കേൾക്കുന്പോൾ പലർക്കും മനസിലാകും സമൂഹത്തിൽ രണ്ടുതരം മനുഷ്യരുണ്ടെന്ന്. പെണ്ണാർതോടും അറബിക്കടലും പോലെ സമാനതകളില്ലാത്ത രണ്ടു ലോകം, രണ്ടുതരം മനുഷ്യർ. അതിൽ അനീതിയുണ്ടോ വിവേചനമുണ്ടോ സാന്പത്തികാസമത്വമുണ്ടോ രാഷ്ട്രീയമുണ്ടോയെന്നൊക്കെ വായനക്കാർ തീരുമാനിച്ചാൽ മതി. ചിന്നയ്ക്കും അതിലൊന്നും താത്പര്യമില്ല.
ചിന്നയെന്നും ചിന്നാമ്മയെന്നും പരിചയക്കാർ വിളിക്കുമെങ്കിലും ഔദ്യോഗിക പേര് അന്ന പത്രോസ് എന്നാണ്. കുടികിടപ്പുകാരെപ്പോലുള്ളവരുടെ വീട്ടുപേര്, ഭൂവുടമയുടെ വീട്ടുപേരുമായി ചേർത്താണ് പറയാറ്. അതുകൊണ്ട് ചിന്നയുടെ വീട്ടുപേര് പുറക്കരിച്ചിറ. കോട്ടയം ജില്ലയിലെ കോതനല്ലൂരാണ് ജനിച്ചത്. ഉലഹന്നാന്റെയും മറിയത്തിന്റെയും നാലു മക്കളിൽ മൂത്തവൾ. നാലാം ക്ലാസ് വരെ പഠിച്ചു. 13 വയസുള്ളപ്പോൾ കൂലിപ്പണിക്കു പോകാൻ തുടങ്ങി.
കൂലി അന്പതു പൈസയുടെ വിലയുള്ള എട്ടണ. അതുകൊണ്ട് അത്യാവശ്യ ചെലവു കഴിയാം. കൊയ്ത്തിനു കൂലിയായി നെല്ലു കിട്ടും. റേഷനുണ്ട്. പാട്ടത്തിനു സ്ഥലമെടുത്ത് ചാച്ചൻ കപ്പയിടുമായിരുന്നു. അതുകൊണ്ട് കടുത്ത ദാരിദ്ര്യമൊന്നുമില്ല. 40 വയസുള്ളപ്പോൾ അമ്മ മരിച്ചു. ഇച്ചാച്ചൻ പിന്നീടു കല്യാണം കഴിച്ചില്ല. 17-ാമത്തെ വയസിൽ അതിരന്പുഴയിൽനിന്നുള്ള പത്രോസിനെ കല്യാണം കഴിച്ച്, ലിസ്യു ആശ്രമ പള്ളിയുടെ താഴെയുള്ള പള്ളിച്ചിറയിൽ താമസം തുടങ്ങി. പിന്നീടാണ് പുറക്കരിക്കാരുടെ പാടത്ത് പണി തുടങ്ങിയത്.
കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതോടെ ചിന്നയും പാടത്ത് പണിക്കിറങ്ങി. പത്രോസ് നെല്ലു വിതച്ചും ചക്രം ചവിട്ടിയും കട്ട കുത്തി മട കെട്ടിയും വരന്പു തീർത്തുമൊക്കെ മുഖ്യപണികൾ ചെയ്തു. ചിന്ന മറ്റു പണിയാളുകൾക്കൊപ്പം ഞാറു നട്ടും കളപറിച്ചും കൊയ്ത്തിനിറങ്ങിയും പതിരു പാറ്റിയും കറ്റ ചുമന്നും ക്ലേശങ്ങൾ ലഘൂകരിക്കാൻ പാട്ടുപാടിയും ഒപ്പത്തിനൊപ്പം നിന്നു. ഭൂവുടമയെക്കുറിച്ച് ചിന്നയ്ക്കു നല്ലതേ പറയാനുള്ളു. സ്ഥിരം പണിക്കാരായതുകൊണ്ട് പാടത്തോടു ചേർന്നുള്ള ആറര സെന്റ് മണ്ണ്, വയലിന്റെ ഉടമ കൊടുത്തതാണ്.
കൂടുതൽ സ്ഥലം വേണമെങ്കിൽ കട്ട കുത്തി പിടിച്ചോളാൻ പറഞ്ഞെങ്കിലും ആറര സെന്റ് ധാരാളമെന്ന് പത്രോസ് പറഞ്ഞു. നമുക്കെന്തിനാണ് കൂടുതലെന്ന് ചിന്നയും സമ്മതിച്ചു. അവിടെ കയറിക്കിടക്കാൻ തെങ്ങോലകൊണ്ടു മേഞ്ഞ മാടം പണിതു. പണിയെടുത്ത പാടത്തെ നെല്ല് കുത്തിയ ചോറും പത്രോസ് പിടിച്ചുകൊണ്ടുവന്ന മീനിന്റെ കറിയുമൊക്കെ സന്തോഷത്തിന്റെ രഹസ്യങ്ങളിൽ പെടുന്നു. ഇതിനിടെ മക്കൾ ആറു പേരായി. മേരി, അപ്പച്ചൻ, ജോയി, ലിസി, മോളി, സാലി. എല്ലാവരും കല്യാണം കഴിച്ച് ചിന്നയെപ്പോലെ സംതൃപ്തരായി ജീവിക്കുന്നു.
പുറക്കരിയിലെ കൊച്ചുമക്കളൊക്കെ വിദേശത്തുനിന്നു നാട്ടിലെത്തുന്പോൾ അടുത്തുള്ള പറന്പിലും ചിന്നയുടെ വീട്ടിലുമെത്തും. എല്ലാവർക്കും നല്ല സ്നേഹമാണെന്നാണ് ചിന്ന പറയുന്നത്. ചിന്നയും പത്രോസും പതിറ്റാണ്ടുകൾ പണിയെടുത്ത പാടമൊക്കെ നെൽകൃഷി നഷ്ടമായതോടെ തരിശുകിടന്നു. വർഷങ്ങൾക്കു ശേഷം അടുത്തകാലത്ത് തരിശുനിലങ്ങൾ പാട്ടത്തിനെടുത്ത് ആളുകൾ കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവുമുണ്ട്.
പുറക്കരിച്ചിറയിലെ ജീവിതത്തിലും മുറ്റത്തോടു ചേർന്നുള്ള പാടത്തെ പണികളിലും ചിന്നയുടെ ജീവിതം മാത്രമല്ല, അന്നത്തെ കേരള സമൂഹത്തിന്റെ പരിച്ഛേദവുമുണ്ട്. ദളിതരോടുള്ള മനോഭാവം ക്രൈസ്തവരിൽ താരതമ്യേന കുറവാണെന്നാണ് ചിന്ന പറയുന്നത്. കഠിനമായ വിവേചനമോ വിദ്വേഷമോ അനുഭവിച്ചിട്ടില്ല. പണിക്കാർക്കു ഭക്ഷണം വീടിനകത്തല്ല, പുറം വരാന്തയിലായിരുന്നു. വീടിനകത്തു കയറിയിട്ടുണ്ടെങ്കിലും അപൂർവമായിരുന്നു. രോഗമോ ആശുപത്രിക്കേസോ വന്നാൽ സഹായിക്കാൻ അവർക്കു യൊതൊരു മടിയുമില്ലായിരുന്നു. പക്ഷേ, ചില ഭൂവുടമകൾ അത്രയ്ക്കു വിശാലമനസ്കരല്ലായിരുന്നെന്നു കേട്ടിട്ടുണ്ട്. എങ്കിലും അസഹനീയമായ ദ്രോഹമില്ലായിരുന്നു.
ചിന്നയുടെ ജീവിതം, ലഭ്യമായ സന്പത്തിനെയും സാമൂഹിക സാഹചര്യങ്ങളെയും യാഥാർഥ്യബോധത്തോടെ അംഗീകരിക്കുന്നതിലൂടെ രൂപപ്പെട്ടതാണ്. ഭൂമിയുടെ അളവിനെക്കുറിച്ചോ വീടിന്റെ വലിപ്പത്തെക്കുറിച്ചോ വിലകൂടിയ ഭക്ഷണത്തെക്കുറിച്ചോ ചിന്തിക്കാറില്ല. കല്യാണം കഴിച്ച് ഒന്നു രണ്ടു വീടുകളിൽ വിരുന്നിനു പോയതാണ് പഴയ യാത്രകളിൽ പ്രധാനപ്പെട്ടത്. പാടത്തും പറന്പിലും വീട്ടിലുമൊക്കെ ആയിരക്കണക്കിനു മൈലുകൾ ഓടിത്തീർത്തെങ്കിലും 12 കിലോമീറ്റർ അകലെയുള്ള കോട്ടയത്തേക്കു നടത്തിയിട്ടുള്ളതാണ് ഏറ്റവും ദൈർഘ്യമേറിയ യാത്ര.
വിനോദയാത്രകളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. മക്കളെ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടില്ലാത്ത, കൊച്ചു മക്കളെ പഠിക്കാൻ വിദേശത്തു വിട്ടിട്ടില്ലാത്ത, ബാങ്കിൽ നയാപൈസ ബാലൻസില്ലാത്ത, എന്നിട്ടും ആരോടും വ്യവസ്ഥിതിയോടുപോലും പരിഭവമില്ലാത്ത, ആർത്തിയില്ലാത്ത ജീവിതം. 87 വയസിലും ചിന്ന ചെറിയ ജോലികൾക്കു പോകും. തന്റെ ആവശ്യത്തിനുള്ളത് കിട്ടാൻ മാത്രം. ചിലയിടത്ത് കൂലി കൂടുതൽ കിട്ടിയാൽ ആവശ്യത്തിനുള്ളതെടുത്ത് ബാക്കി തിരിച്ചുകൊടുക്കും.
മുഖ്യധാരയ്ക്കു സമാന്തരമായി നിലനിൽക്കുന്ന ഇത്തരം ജീവിതങ്ങൾ വർത്തമാനങ്ങളിലോ വാർത്തകളിലോ ഇടം പിടിക്കില്ല. പക്ഷേ, അധ്വാനത്തിനനുസരിച്ച് മികച്ച ജീവിതം ഇന്നും സാധ്യമല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ ചരിത്രം, എഴുതപ്പെട്ടാലും ഇല്ലെങ്കിലും ഇതാണ്. ചിന്നയുടെയും പത്രോസിന്റെയും ആവശ്യങ്ങളും ആഗ്രഹങ്ങളും കുറവായതുകൊണ്ടു മാത്രമാണ് അവർ സംതൃപ്തരായി ജീവിച്ചത്. അവർക്ക് അതൊക്കെ മതിയെന്ന് സമൂഹം മാത്രമല്ല, സർക്കാരുകളും തീരുമാനിച്ചു. അങ്ങനെ ഈ രാജ്യത്തും രണ്ടുതരം മനുഷ്യർ ജീവിക്കുന്നു. ചിന്നയുടേത് അത്യന്തം ലളിത ജീവിതമാണ്. പക്ഷേ, അസമത്വത്തിന്റെ ഒരു സമൂഹക്രമം കെട്ടിയേൽപ്പിച്ച ലാളിത്യമാണത്.
അധ്വാനം നിങ്ങളെ സ്വതന്ത്രരാക്കും എന്നത് ജർമൻ പഴഞ്ചൊല്ലാണ്. പിന്നീടത് നാസി തടങ്കൽ പാളയങ്ങളുടെ വാതായനങ്ങളിൽ എഴുതിവച്ചതോടെ അർഥം നഷ്ടമാകുകയോ ഭയജനകമായ ദുഃസൂചന സൃഷ്ടിക്കുകയോ ചെയ്തു. അതെന്തായാലും, സാന്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നൽകുന്നില്ലാത്ത അധ്വാനം നമ്മുടെ രാജ്യത്തും കുമിഞ്ഞുകൂടുന്നുണ്ട്. പൊതുവിൽ ദരിദ്രർ ദരിദ്രരായും സന്പന്നർ സന്പന്നരായും ദളിതർ അവരുടെ പരിമിതികളിലും തുടരേണ്ടിവരുന്പോൾ അധ്വാനം മാത്രമല്ല കാര്യമെന്ന് വ്യവസ്ഥിതി അടിവരയിട്ടു പറയുകയാണ്. ആ വ്യവസ്ഥിതി ഉടനെയൊന്നും സമത്വം കൊണ്ടുവരില്ല. ചിന്ന അവരുടെ കഥയേ പറഞ്ഞുള്ളു.
പക്ഷേ, അത് സമൂഹത്തിനും സർക്കാരിനും നേർക്കു പിടിച്ച കണ്ണാടിയാണ്. ചിന്നയുടെ വീടിന്റെ മുറ്റത്തോടു ചേർന്ന് വെള്ളം നിറഞ്ഞ പാടമാണ്. മുറ്റത്തെ മാവിന്റെ നിഴൽ മാത്രമല്ല അതിലുള്ളത്. ജലവിതാനത്തിനു താഴെ, ഉള്ളതുകൊണ്ടു ജീവിക്കാൻ പരിശീലിച്ച മീനുകളും ജലജീവികളും പായലുകളും ഉൾപ്പെടെ അസംഖ്യം ജീവസാന്നിധ്യങ്ങൾ..! ചിന്നയുടെ നിഴലും അതിൽ വീണ് മത്സ്യങ്ങൾക്കൊപ്പം നീന്തുകയാണ്.
ജോസ് ആൻഡ്രൂസ്