ഡോണൾഡ് ട്രംപിനെതിരായ അന്വേഷണം: ഗ്രാന്‍റ് ജൂറി നടപടികൾ റദ്ദാക്കി
Thursday, March 23, 2023 8:11 AM IST
പി പി ചെറിയാൻ
ന്യൂയോർക്ക് : മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച നടക്കാനിരുന്ന ഗ്രാൻഡ് ജൂറി യോഗം മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്‍റെ ഓഫീസ് റദ്ദാക്കിയതായി ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചു.

ഗ്രാൻഡ് ജൂറി ബുധനാഴ്ച യോഗം ചേർന്ന് കുറഞ്ഞത് ഒരു സാക്ഷിയിൽ നിന്നെങ്കിലും വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബ്രാഗിന്‍റെ ഓഫീസ് നടപടികൾ "റദ്ദാക്കിയതായി ബുധനാഴ്ച രാവിലെ ഗ്രാൻഡ് ജൂറിയെ അറിയിക്കുകയായിരുന്നു.

മുൻ പ്രസിഡന്‍റ് കുറ്റാരോപണങ്ങളെക്കുറിച്ച് ഗ്രാൻഡ് ജൂറിയെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ അറ്റോർണിക്ക് പ്രശ്‌നമുള്ളതായി ഒരു ഉറവിടം അവകാശപ്പെട്ടു. ബ്രാഗ് യഥാർഥത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ട്രംപിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വാർത്താമാധ്യമങ്ങളോട് പറഞ്ഞു.